ഒറ്റ സൈറ്റടിയില്‍ സോഷ്യല്‍ മീഡിയ കീഴടക്കിയ പ്രിയ വാര്യര്‍ മാത്രമല്ല, പ്രിയയുടെ കണ്ണിറുക്കലില്‍ വീണു പോയ, ഫയറിങ് കിസ്സില്‍ തലകറങ്ങിപ്പോയ റോഷനുമിപ്പോള്‍ ഡബിള്‍ ഹാപ്പിയാണ്. സോഷ്യൽ മീഡിയയിലെ താരമാണ്. ആദ്യ സിനിമയിലെ ഒറ്റപ്പാട്ടിലൂടെ, ഒരു സീനിലൂടെ, ഒരേയൊരു എക്‌സ്പ്രഷനിലൂടെ പ്രിയയ്‌ക്കൊപ്പം റോഷനും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുമ്പോള്‍ പ്രതീക്ഷിക്കാതെ വന്നു ചേര്‍ന്ന ഭാഗ്യത്തെ കുറിച്ച് റോഷന്‍ അബ്ദുള്‍ റഹൂഫ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു തുടങ്ങുന്നു..
ഫീലിങ് കട്ട സന്തോഷം
സന്തോഷമെന്നല്ലാതെ എന്താ ഇപ്പോള്‍ പറയേണ്ടത്. ഒന്നോ രണ്ടോ ദിവസം കൊണ്ടാണ് വീഡിയോ ഇത്ര വൈറലായത്. ഞാനൊട്ടും പ്രതീക്ഷിച്ചില്ല. ഇതൊക്കെ കാണുമ്പോഴുള്ള ഫീലിങ്ങിനെ എന്താ പറയേണ്ടതെന്നും പോലും എനിക്കിപ്പോ മനസ്സിലാവുന്നില്ല. അതാണ് സത്യം. ഞാന്‍ മാത്രമല്ല, കുടുംബവും കൂട്ടുകാരും പ്രിയപ്പെട്ടവരും സന്തോഷത്തിലാണ്.
എല്ലാം ഒമറിക്കയുടെ കഴിവ്
ആ എക്‌സ്പ്രഷന്‍ ഇത്രയും ഹിറ്റാവുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. എല്ലാം ആ സ്‌പോട്ടില്‍ വന്നതാണ്. അങ്ങനെ പുരികം ഉയര്‍ത്താമോ എന്ന് ഒമറിക്ക ചോദിച്ചപ്പോള്‍ ഒന്നു ട്രൈ ചെയ്തു നോക്കി. അത് ഇത്ര പെര്‍ഫക്ടായി വരുമെന്നോ ഇത്ര ഹിറ്റാവുമെന്നോ വിചാരിച്ചില്ല.
സിനിമയിലോ ഷോര്‍ട്ട്ഫിലിമിലോ ഏതെങ്കിലും ആല്‍ബത്തിലോ പോലും അഭിനയിച്ച മുന്‍പരിചയം എനിക്കില്ല. ഏറ്റവും ആദ്യത്തെ സിനിമയാണ് ഇത്. നേരത്തെ സഹോദരനൊപ്പം ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ടെന്നത് മാത്രമാണ് എനിക്കുള്ള എക്‌സ്പീരിയന്‍സ്. അങ്ങനെയുള്ള എന്നെ ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചത് ഒമറിക്ക തന്നെയാണ്. സംവിധായകനെന്ന കനം വിട്ട് ഞങ്ങളിലൊരാളായി കൊണ്ടാണ് ഒമറിക്ക കാര്യങ്ങള്‍ പറഞ്ഞുതന്നത്. അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. അതുകൊണ്ട് ഇതിന്റെ ക്രെഡിറ്റും ഞങ്ങളുടെ ഒമറിക്കയ്ക്ക് തന്നെയാണ്.
ഒറ്റ ടേക്കില്‍ ഒ.കെ ആയ ഹിറ്റ് എക്‌സ്പ്രഷന്‍
നേരത്തെ കുറേ ഡബ്‌സ്മാഷുകള്‍ ചെയ്തിരുന്നു. അതില്‍ പുരികം ഉയര്‍ത്തിക്കൊണ്ടുള്ള ഒരു വീഡിയോ ഒമറിക്ക കണ്ടു. ഇതുപോലെ എന്തെങ്കിലും ചെയ്തു നോക്കാമോ എന്നാണ് ഒമറിക്ക് എന്നോടും പ്രിയയോടും ചോദിച്ചത്. ചെയ്തു നോക്കിയപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നി. പിന്നെയാണ് പ്രിയയെ കൊണ്ട് ചെയ്യിപ്പിച്ചത്. അപ്പോഴല്ലേ പ്രിയ ഇതില്‍ എക്‌സ്‌പേര്‍ട്ട് ആണെന്ന് മനസ്സിലായേ..! പിന്നെ രണ്ടാളും കൂടി ചെയ്തു നോക്കിയപ്പോള്‍ അത് മതിയെന്ന് ഒമറിക്ക പറഞ്ഞു. ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും കുഴപ്പമില്ല പറ്റുന്നത് പോലെ ചെയ്തു നോക്കിയാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ആ സാധനം കൈയ്യില്‍ നിന്നിട്ടത്. അത് ഒറ്റ ടേക്കില്‍ ഒകെ ആയി. ടീസറിലുള്ള ആ സീനും ഇതുപോലെ സ്‌പോട്ടില്‍ ഉണ്ടായ എക്‌സ്പ്രഷനാണ്.
ഓഡിഷനിലെ പ്രൊപ്പോസല്‍ സീന്‍
കാസ്റ്റിങ് കോള്‍ കണ്ടാണ് ഞാന്‍ സിനിമയിലേക്ക് ട്രൈ ചെയ്തത്. തൃശൂരിലെ സംഗീത നാടക അക്കാദമിയില്‍ വെച്ചായിരുന്നു ആദ്യ ഓഡിഷന്‍. അതില്‍ കിട്ടി ഫൈനല്‍ ഓഡിഷന് പോയി. കുട്ടിക്കാലം മുതല്‍ പരിചയമുള്ള ഒരു പെണ്‍കുട്ടിയെ പ്രൊപ്പോസ് ചെയ്യാനാണ് അന്ന് ഒമറിക്ക പറഞ്ഞത്. പ്രൊപ്പോസ് ചെയ്ത് നേരത്തെ പരിചയമൊന്നും ഇല്ല..! എന്നാലും ചെയ്തു. തിരിച്ച് കൗണ്ടര്‍ വന്നു. അതിനനുസരിച്ച് അഭിനയിച്ചു കാണിച്ച് വീട്ടിലേക്ക് തിരിച്ചു വന്നു. സെലക്ട് ആയെന്നു പറഞ്ഞൊരു കോള്‍ വരുമെന്നൊന്നും അന്ന് പ്രതീക്ഷിച്ചതേ ഇല്ല. സെലക്ട് ആയെന്നും പറഞ്ഞ് ഒമറിക്കയുടെ കോള്‍ വന്നപ്പോള്‍ ശരിക്കും അമ്പരന്നു. പിന്നെ ഷൂട്ടിങ് ലൊക്കേഷനില്ലെത്തിയപ്പോഴാണ് എന്നെ പോലെയുള്ള കുറേ പേരുണ്ടെന്ന് മനസ്സിലായത്. പിന്നെ എല്ലാം അങ്ങ് സെറ്റായി.. ഇപ്പോള്‍ ദാ ഇവിടെ വരെയെത്തി.
കണ്ണിറുക്കി പ്രിയ നേടിയ ഇന്റര്‍നാഷണല്‍ ഹൈപ്പ്
നാഷണല്‍ ക്രഷ് ഓഫ് ഇന്ത്യ എന്നു പോലും പ്രിയയെ കുറിച്ച് റിപ്പോര്‍ട്ട് വന്നത് കണ്ടു. കൂടെ അഭിനയിച്ച് ഒരാള്‍ ഇത്രയും ഹിറ്റായത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നുണ്ട്. എന്നാല്‍ പ്രിയയ്ക്ക് കിട്ടിയ ഹൈപ്പ് റോഷന് കിട്ടീലേ അതില്‍ സങ്കടമുണ്ടോ അസൂയയുണ്ടോ എന്ന് ചോദിക്കുന്നവരോട് ഇല്ല എന്ന് തന്നെയാണ് എന്റെ മറുപടി. ഒന്നുല്ലേലും ആ കണ്ണിറുക്കുകാരി, അവളെന്റെ ഹീറോയിനല്ലേ..!
ഇതൊക്കെ ചെര്‍ത്...വെടിക്കെട്ട് സാധനങ്ങള്‍ വരാനിരിക്കുന്നേ ഉള്ളൂ..
അഡാറ് ലവ്വിലെ പത്ത് താരങ്ങളില്‍ രണ്ട് പേര്‍ മാത്രമാണ് ഞാനും പ്രിയയും. ഞങ്ങളെ പോലെ ഇനിയും കുറച്ച് താരങ്ങള്‍ ഉണ്ട്. ഇതിലും നല്ല എക്‌സ്പ്രഷന്‍ ഇടുന്ന കുറേ സന്ദര്‍ഭങ്ങളുണ്ട്. അതൊക്കെ ഇനി സിനിമ ഇറങ്ങുമ്പോള്‍ കാണാം. ഞങ്ങള്‍ക്കുറപ്പാണ് ഇതിലും കിടിലന്‍ സാധനങ്ങള്‍ തന്നെയാണ് സിനിമയിലും ഉള്ളത്. സിനിമ ഇറങ്ങാന്‍ നിങ്ങളെ പോലെ തന്നെ ഞങ്ങളും കാത്തിരിക്കുകയാണ്. പ്രേക്ഷകര്‍ ഇപ്പോള്‍ തരുന്ന സപ്പോര്‍ട്ട് തുടര്‍ന്നും ഉണ്ടാവണേ എന്നാണ് ഇപ്പോഴത്തെ പ്രാര്‍ഥന.
സത്യായിട്ടും എനിക്ക് പ്രേമമില്ല..!
എക്‌സ്പ്രഷനൊക്കെ പെര്‍ഫെക്ട് ആയത് കണ്ടപ്പോള്‍ ഇങ്ങനെ പുരികം ഉയര്‍ത്തി പരിചയമുണ്ടോ എന്നായി പിന്നെയുള്ള ചോദ്യങ്ങള്‍. ഡാന്‍സിനു വേണ്ടി ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെന്നല്ലാതെ, സിനിമയ്ക്ക് വേണ്ടി നായികയെ പ്രേമിച്ചുവെന്നല്ലാതെ സത്യമായും എനിക്ക് പ്രണയമില്ല. പാട്ട് കണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. പ്രണയാഭ്യര്‍ഥനയൊന്നും ഇല്ല, എല്ലാവരുടേയും സ്‌നേഹത്തെ ഞാന്‍ സ്വീകരിക്കുന്നു.
ഒരു അഡാറ് ലവ്വെന്ന സിനിമ
പേര് പോലെ തന്നെ പ്ലസ് ടു ക്ലാസ്സിലെ സൗഹൃദവും പ്രണയവും തമാശയുമെല്ലാം നിറഞ്ഞ ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നറാണ് ഈ സിനിമ. നിങ്ങള്‍ക്കിഷ്ടപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രധാന കഥാപാത്രങ്ങളായ ഞങ്ങള്‍ പത്ത് പേര്‍ക്കൊപ്പം മലയാളത്തിലെ കുറേ നല്ല താരങ്ങളും ഈ ചിത്രത്തിലുണ്ട്. സ്വന്തം പേര് തന്നെയാണ് എനിക്കും പ്രിയയ്ക്കും സിനിമയിലും ഉള്ളത്. ബാക്കിയൊക്കെ സിനിമ വരുമ്പോള്‍ കാണാം.
അല്ലുവിന്റെ ഷെയര്‍, ഞങ്ങളുടെ സന്തോഷം
പാട്ടിന് നല്ല അഭിപ്രായമാണ് കിട്ടുന്നത്. സോഷ്യല്‍ മീഡിയയുടെ പിന്തുണ വളരെ വലുതാണ്. പാട്ട് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ ഷെയര്‍ ചെയ്തുകണ്ടു. വളരെ സന്തോഷം തോന്നി. സന്തോഷത്തേക്കാള്‍ മറ്റൊരു എക്‌സൈറ്റ്‌മെന്റിലാണ് ഇപ്പോള്‍ ഞങ്ങളുള്ളത്. പാട്ടിനും ഞങ്ങളിട്ട എക്‌സ്പ്രഷന്റെ പേരിലുമുള്ള കുറേ ട്രോളുകളും കണ്ടു. എല്ലാം വളരെ ക്രിയേറ്റീവ് ആണ്. ഞങ്ങള്‍ അതൊക്കെ ശരിക്കും ആസ്വദിക്കുന്നുണ്ട്.
ഞാന്‍ പ്ലസ്ടുക്കാരനല്ല..
സിനിമയില്‍ പ്ലസ് ടു വിദ്യാര്‍ഥി ആയിട്ടാണ് അഭിനയിക്കുന്നെങ്കിലും ഞാന്‍ ശരിക്കും കോളേജ് വിദ്യാര്‍ഥിയാണ്. ഗുരുവായൂര്‍ ഐസിജെ കോളേജില്‍ ബിസിഎ ചെയ്യുകയാണ് ഇപ്പോള്‍. സിനിമയ്ക്ക് പുറത്ത് ഡാന്‍സിനോടും പാട്ടിനോടും താല്‍പര്യമുണ്ട്.
കുടുംബം എന്റെ സന്തോഷം
ഗുരുവായൂരാണ് എന്റെ സ്ഥലം. അച്ചന്‍ അബ്ദുള്‍ റഹൂഫ് ഖത്തറിലാണ്. അമ്മ ഹഫ്‌സത്ത് റഹൂഫ്, പിന്നെ ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമാണ് എനിക്കുള്ളത്. ചേട്ടനൊപ്പമാണ് ഞാന്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. പാട്ട് ഹിറ്റായതിലും ഇത്രയും ഹൈപ്പ് ഉണ്ടായതിലും എന്നേക്കാള്‍ എന്റെ കുടുംബവും സന്തോഷിക്കുകയാണ് ഇപ്പോള്‍.
ഇനി എല്ലാം നിങ്ങളുടെ കയ്യില്‍..
പാട്ട് ഹിറ്റാക്കി തന്നതും ടീസര്‍ ഹിറ്റാക്കി തന്നതും നിങ്ങളാണ്..സിനിമയും ഉടന്‍ പുറത്തിറങ്ങും..ഞങ്ങളെ സ്വീകരിച്ചതു പോലെ സിനിമയേയും സ്വീകരിക്കണമെന്നാണ് ഇപ്പോള്‍ പറയാനുള്ളത്. ഇനിയെല്ലാം നിങ്ങളുടെ കയ്യില്‍..