സ്റ്റാർട്ട് ആക്ഷൻ ക്യാമറ പറഞ്ഞാൽ മനുഷ്യരെപ്പോലെ, ചിലപ്പോൾ മനുഷ്യരേക്കാൾ മികച്ച അഭിനേതാക്കളാണ് മൃഗങ്ങൾ. വമ്പൻ താരങ്ങളെപ്പോലും ഞെട്ടിച്ച് തകർത്തഭിനയിച്ച പട്ടികൾ അനവധിയുണ്ട് ലോക സിനിമയിൽ. പട്ടികൾ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രങ്ങളും പലകുറി വന്നു. അവയൊക്കെ ബോക്സ് ഓഫീസിൽ നന്നായി പണം വാരുകയും ചെയ്തു. ചെറുതും വലുതുമായി മലയാളത്തിലും ഉണ്ടായിട്ടുണ്ട് പട്ടികൾ മിന്നിത്തിളങ്ങിയ നിരവധി ചിത്രങ്ങൾ. അതില്‍ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു വിക്കി, സിദ്ധിഖ് പ്രധാന വേഷത്തിലെത്തിയ പോ പ്രിന്റ്‌സ് തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ.
ക്യാമറയ്ക്ക് മുന്നിൽ മനുഷ്യരും പട്ടികളും തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. സെറ്റിലായാലും പട്ടികളുടെ ബോസ് സംവിധായകനല്ല, അതിന്റെ ട്രെയിനറാണ്. സംവിധായകരുടെയല്ല, ഈ പരിശീലകരുടെ സ്റ്റാർട്ട് ആക്ഷൻ കട്ട് ആജ്ഞയ്ക്ക് അനുസരിച്ചു മാത്രമേ അവർ അഭിനയിക്കൂ. ചുരുക്കത്തിൽ സംവിധായകരേക്കാൾ കൈയടി നേടുന്നത് ഇവിടെ ട്രെയിനർമാരാണ്. അത്തരത്തിലുള്ളൊരു സെലിബ്രിറ്റി ഡോഗ് ട്രെയിനറാണ് പ്രണവ് പ്രഭാകരന്‍. ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ മറഡോണയിലാണ് പ്രണവ് പരിശീലിപ്പിച്ച പട്ടി അവസാനമായി അഭിനയിച്ചത്. ബീഗിൾ ഇനത്തിൽപ്പെട്ട സാം മറഡോണയിൽ ഒരു നിര്‍ണായവേഷമാണ് ചെയ്തത്. പട്ടികളുമായുള്ള കൂട്ടിനെക്കുറിച്ചും അവയെ സംവിധാനം ചെയ്യുന്നതിന്റെയും അനുഭവങ്ങൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് പ്രണവ്.
എന്നെ സംബന്ധിച്ച് പട്ടികള്‍ പെറ്റല്ല, കൂടെയുള്ള ഒരാള്‍ തന്നെയാണ്
ഞാൻ ഡോഗ് ട്രെയിനിങ്ങിലേക്ക് വരുന്നത് രസകരമായൊരു കഥയാണ്. ഡിഗ്രി ചെയ്യുന്ന സമയത്ത് വീഡിയോ എഡിറ്റിങ് ചെയ്യുമായിരുന്നു. ചേതന മീഡിയ സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്. അവിടെയുള്ള എന്റെ സുഹൃത്ത് വഴിയാണ് ക്രിസ് വൂള്‍ഫ് എന്ന ഡോഗ് ട്രെയിനറെ പരിചയപ്പെടുന്നത്. സുഹൃത്തിന്റെ സഹോദരനാണ് അദ്ദേഹം. ജര്‍മനിയില്‍ നിന്നാണ് അദ്ദേഹം ഡോഗ് ട്രെയിനിങ് പഠിച്ചത്. എനിക്ക് പട്ടികളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോള്‍ എന്നെ ഒരു ഇന്റര്‍വ്യൂവിന് വിളിച്ചു. ബെംഗളൂരുവിൽ സെക്യൂരിറ്റി ഡോഗ്‌സിനെ ട്രെയിന്‍ ചെയ്യുന്ന ഒരു പ്രോഗ്രാമിന് വേണ്ടിയായിരുന്നു അത്. ആ പ്രോഗ്രാം കഴിഞ്ഞപ്പോഴാണ് ഡോഗ് ട്രെയിനറാകണമെന്ന് തോന്നിയതും അതേക്കുറിച്ച് പഠിക്കുന്നതും. 2013 ന്റെ അവസാനത്തിലാണ് ഞാന്‍ ആല്‍ഫാ 8 ഡോഗ് ട്രെയിനിങ് ആൻഡ് കെ 9 സര്‍വീസ് തുടങ്ങുന്നത്.
എനിക്ക് പട്ടികളെ ഒരു പെറ്റ് ആയി കണക്കാക്കി മടിയിലിരുത്തി ഓമനിക്കുന്നതല്ല അവയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതും അവരുടെ ആക്ടിവിറ്റീസ് കാണുന്നതുമാണ് ഇഷ്ടം. അവർ എനര്‍ജറ്റിക്കായി ഇരിക്കുന്നത് കാണാനാണ് ഇഷ്ടം.
സിനിമയിലേക്ക്
സിനിമയില്‍ വിക്കി എന്ന ഷോര്‍ട്ട് ഫിലിമിലേക്ക് വേണ്ടിയാണ് ആദ്യമായി പട്ടിയെ പരിശീലിപ്പിച്ചത്. എന്നെ വീഡിയോ എഡിറ്റിങ് പഠിപ്പിച്ച മാര്‍ട്ടിന്‍ എന്നൊരു അധ്യാപകന്‍ വഴിയായിരുന്നു അത്. അവര്‍ തിരഞ്ഞെടുത്ത ഡോഗിനെ ഒരുമാസം പരിശീലിപ്പിച്ചു. ഒരോ ആഴ്ച ഇടവിട്ടായിരുന്നു ഷൂട്ടിങ്. പിന്നീട് ഉത്തര ഉണ്ണി സംവിധാനം ചെയ്ത പോ പ്രിന്റ് എന്ന ഷോര്‍ട്ട് ഫിലിം ചെയ്തു. ജോമോന്റെ സുവിശേഷത്തിലും വിക്കിയിലെ പട്ടി ഒരു ചെറിയ സീനിലുണ്ട്. അതിനുശേഷം മറഡോണയ്ക്കു വേണ്ടി ഡോഗിനെ പരിശീലിപ്പിച്ചു. മറഡോണയില്‍ ബീഗിള്‍ വിഭാഗത്തില്‍പ്പെട്ട ഒരു നായയെയാണ് ഉപയോഗിച്ചിരിക്കുന്നത്. സാം എന്നതാണ് അതിന്റെ പേര്. കാലടിയിലുള്ള ഒരു ജ്യോതിഷ് എന്ന ഒരാളുടെ നായയാണ്. വിക്കിയിലെ ഡോഗ് കാലടിയില്‍ നിന്നു തന്നെയുള്ള ഡോ. സുനിലിന്റേതാണ്. റെക്‌സ് എന്നാണ് അവന്റെ ശരിക്കുമുള്ള പേര്.
ഒരോരുത്തരും അവരുടെ ആവശ്യങ്ങള്‍ വിളിച്ചു പറയും. അതിന് അനുസരിച്ചാണ് ട്രെയിൻ ചെയ്തു കൊടുക്കുന്നത്. ഒന്നുകില്‍ നമ്മള്‍ തിരഞ്ഞെടുക്കും. അല്ലെങ്കില്‍ അവര്‍ കൊണ്ടുവരുന്ന പട്ടിയെ പരിശീലിപ്പിച്ചു കൊടുക്കും.
പട്ടിക്കു മാത്രമല്ല ഉടമസ്ഥനും വേണം പരിശീലനം
പപ്പി സെലക്ഷന്‍ പ്രോഗ്രാം എന്നൊരു സംഗതിയുണ്ട്. അത് ചെയ്തു കൊടുക്കാറുണ്ട്. ഒരിക്കലും നമ്മള്‍ നല്ല എനര്‍ജിയുള്ള പട്ടിയെ മടിയുള്ള ഒരാള്‍ക്ക് കൊടുക്കാന്‍ പാടില്ല. അതുപോലെ തിരിച്ചും. പട്ടിക്കു മാത്രമല്ല ഉടമസ്ഥനും പരിശീലനം നല്‍കണം. അയാളുടെ മനഃശാസ്ത്രവും നമ്മള്‍ മനസ്സിലാക്കണം. കാരണം ഞാന്‍ ഇപ്പോള്‍ ഒരു പട്ടിയെ പരിശീലിപ്പിക്കുമ്പോള്‍ ഞാനും അതും തമ്മിലുള്ള കെമിസ്ട്രിയാണ് വളരുന്നത്. അതുകൊണ്ടാണ് ഉടമസ്ഥനും പരിശീലനം വേണമെന്ന് പറയുന്നത്.
ഉപദ്രവിക്കരുത്, മനസ്സറിഞ്ഞു നല്‍കണം
ഉപദ്രവിച്ചും ശിക്ഷിച്ചും പട്ടിയെ പരിശീലിപ്പിക്കുന്നത് ശരിയായ ഒരു രീതിയല്ല. ജര്‍മന്‍ മെത്തേഡാണ് ഞാന്‍ പിന്തുടരുന്നത്. വിശദീകരിച്ചു മനസ്സിലാക്കിത്തരാന്‍ എനിക്ക് കഴിയുമോ എന്ന് അറിയില്ല. എല്ലാ പട്ടികള്‍ക്കും അവരുടേതായ അഭിരുചികളും ഇഷ്ടങ്ങളുമുണ്ട്. അത് മനസ്സിലാക്കണം. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന പോലെ ആ ഇഷ്ടങ്ങള്‍ നിറവേറ്റി കൊടുക്കണം. നല്ല കാര്യങ്ങള്‍ക്ക് സമ്മാനം നല്‍കില്ലേ? അതുപോലെ തന്നെ. പട്ടി നമ്മളെ ചലഞ്ച് ചെയ്യും നമ്മള്‍ തിരിച്ചും. അപ്പോള്‍ അവയ്ക്ക് മനസ്സിലാകും എന്തു ചെയ്യണമെന്നും എന്തു ചെയ്യാന്‍ പാടില്ലെന്നും. ഒരുപാട് സമയമെടുക്കുന്ന പരിശീലന രീതിയാണെങ്കിലും ഇതില്‍ രണ്ടു കൂട്ടര്‍ക്കും വേദനയുണ്ടാകില്ല. ഒരു വീഡിയോ ഗെയിം കളിക്കുന്ന പോലെയാണ്.
നാടന്‍ നായ സൂപ്പറാണ്
രജനികാന്തിന്റെ കാലയിൽ നാടന്‍ നായയെ ഉപയോഗിച്ചിട്ടുണ്ട്. ഞാന്‍ ഡോഗ് ട്രെയിനിങ് പഠിക്കുന്നത് നാടന്‍ നായയിലാണ്. ഏറ്റവും ബുദ്ധിയുള്ള ഒരു ഇനമാണ്. അതുകൊണ്ടു തന്നെ പെട്ടന്ന് ഓടിപ്പോകും. സ്വാതന്ത്ര്യം വളരെ ആഗ്രഹിക്കുന്ന ഒരു ബ്രീഡാണത്. ഒരിക്കലും പിടിച്ചുവച്ചു പരിശീലിപ്പിക്കാന്‍ കഴിയില്ല. ഭയങ്കര സ്‌നേഹവുമാണ്. അതിന് ആവശ്യമായ സ്വാതന്ത്ര്യം നാം നല്‍കണം. ഞാന്‍ വീട്ടില്‍ വളര്‍ത്തുന്നതൊന്നില്‍ നാടന്‍ നായയുണ്ട്. എന്നെ ഏറ്റവും അധികം ചലഞ്ച് ചെയ്തതും നാടന്‍ നായ്ക്കളാണ്.
സെക്യൂരിറ്റി ഡോഗ്‌സിന് പ്രിയമേറുന്നു
സെക്യൂരിറ്റി ഡോഗ്‌സിനെ പരിശീലിപ്പിക്കുന്നത് ഏറെ വെല്ലുവിളിയുള്ള സംഗതിയാണ്. മയക്കുമരുന്നും കഞ്ചാവുമൊക്കെ പിടിക്കാന്‍ വൈദഗ്ധ്യം നല്‍കുന്ന ഒരു പരിശീലന പരിപാടിയാണ്. ബെംഗളൂരു മ്യൂസിക് ഫെസ്റ്റിലേക്ക് ഇത്തരത്തില്‍ സെക്യൂരിറ്റി ഡോഗ്‌സിനെ പരിശീലിപ്പിച്ച് നല്‍കിയിട്ടുണ്ട്. അതുപോലെ പോലീസ് സേനയിലേക്കും.
Content Highlights: pranav prabhakaran dog trainer dogs about maradona tovino movie vicky paw prints short film