കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ്ബോള്‍ ടീമിനെ നയിച്ച സുന്ദരി. സൗത്ത് ഏഷ്യന്‍ ബീച്ച് ഗെയിംസിലെ വെള്ളിമെഡല്‍ നേട്ടത്തോടെ നെറ്റ്ബോളില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ചരിത്രത്തിലെ ആദ്യ മെഡല്‍ നേടിക്കൊടുത്ത നായിക. ബാസ്‌കറ്റ്ബോളിലും ദേശീയതലത്തില്‍ കളിച്ചശേഷം വെള്ളിത്തിരയിലേക്ക് കടന്നുവന്നു.
കായികരംഗത്തും സിനിമാരംഗത്തും വിജയത്തിന്റെ മേല്‍വിലാസങ്ങള്‍ മാത്രം കുറിച്ച പ്രാചി ടെഹ്ലാന്‍ എന്ന ഡല്‍ഹിക്കാരി ഇപ്പോഴിതാ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് പറന്നെത്തിയിരിക്കുന്നു. മമ്മൂട്ടി നായകനായ 'മാമാങ്കം' എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ നായികയായി മലയാളത്തിലേക്കെത്തുന്ന പ്രാചി ടെഹ്ലാന്‍ ചിത്രഭൂമിയുമായി വിശേഷങ്ങള്‍ പങ്കിടുന്നു.
മാമാങ്കം എന്ന ചിത്രത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?
എന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ ഭാഗ്യം എന്നാണ് അതിനെ വിശേഷിപ്പിക്കേണ്ടത്. ടി.വി. സീരിയലില്‍ അഭിനയിക്കുന്നതിനിടയിലാണ് 'മാമാങ്ക'ത്തിന്റെ ഓഡിഷന് വിളിക്കുന്നത്. ഓഡിഷന്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞെങ്കിലും ഇത്രയും വലിയ ഒരു ചിത്രത്തില്‍ ഉണ്ണിമായയെപ്പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടുമെന്ന് വിചാരിച്ചതല്ല. പക്ഷേ, ഒടുവില്‍ ആ ഭാഗ്യം എന്നെത്തേടിയെത്തി.
എന്റെ കരിയറിലെ ഏറ്റവും അനുഭവസമ്പത്ത് സമ്മാനിച്ച കഥാപാത്രമാണിത്. ശാരീരികമായും മാനസികമായും ആ കഥാപാത്രത്തിലേക്ക് കൂടുമാറല്‍ വലിയ വെല്ലുവിളിയായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാലഘട്ടത്തിലെ കഥാപാത്രമാകാന്‍ ഒരുപാട് ഒരുക്കങ്ങള്‍ വേണ്ടിവന്നു. കഥാപാത്രത്തെക്കുറിച്ചും കഥയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയുന്നതാകും നല്ലത്.
മമ്മൂട്ടി എന്ന മെഗാ സ്റ്റാറിനൊപ്പം അഭിനയിച്ചതിനെപ്പറ്റി?
നേരത്തെതന്നെ മമ്മൂട്ടിയുടെ ഫാനാണ് ഞാന്‍. അദ്ദേഹത്തെ മമ്മൂക്ക എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. ജീവിച്ചിരിക്കുന്ന ഇതിഹാസം എന്നുതന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. മാമാങ്കം സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഞാന്‍ എന്തു ചെയ്യുകയായിരുന്നെന്നും എന്റെ ഹോബീസ് എന്തൊക്കെയായിരുന്നെന്നുമൊക്കെ അദ്ദേഹം ചോദിച്ചിരുന്നു. സിനിമയില്‍ ഓരോ രംഗവും എങ്ങനെ ചെയ്യണമെന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നിരുന്നു. നടന്‍ എന്നതിലുപരി അദ്ദേഹം വലിയൊരു മനുഷ്യസ്‌നേഹിയും നല്ല വ്യക്തിത്വത്തിന്റെ ഉടമയുമാണ്. മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു റംസാന്‍ വന്നത്. എനിക്ക് ബിരിയാണി കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ പെരുന്നാളിന് മമ്മൂക്ക വീട്ടില്‍ ഉണ്ടാക്കിയ ബിരിയാണി കൊണ്ടുവന്നു തന്നു. അദ്ദേഹത്തെപ്പോലെയുള്ള മഹാനടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കരുതുന്നത്.
മലയാള സിനിമയിലേക്കെത്തിയപ്പോള്‍ ഭാഷ പ്രശ്‌നമായിരുന്നില്ലേ?
മലയാളഭാഷ പഠിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. ഉണ്ണിമായ പറയുന്ന ഓരോ ഡയലോഗിലും മലയാളഭാഷയുടെ കാഠിന്യം എത്രയാണെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഡയലോഗിനൊപ്പം അഭിനയിക്കാന്‍ പറ്റിയത്. മലയാളത്തിലെ ചില അടിസ്ഥാന വാക്കുകള്‍ പഠിച്ചുവെച്ചിട്ടുണ്ട്. ബാക്കി കൂടി പഠിക്കണമെന്ന് ആഗ്രഹമുണ്ട്. മലയാളപഠനം തുടരണമെന്നാണ് വിചാരിക്കുന്നത്.
മലയാളത്തില്‍നിന്ന് പഠിച്ച കുറച്ച് വാക്കുകള്‍ പറയാമോ?
മലയാളം ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ചേട്ടാ, ചേച്ചീ, സുഖമാണോ, നമസ്‌കാരം, നിങ്ങള്‍ക്ക് നന്ദി, വെള്ളം കുടിച്ചു... തുടങ്ങിയ മലയാളം വാക്കുകളാണ് ഇപ്പോള്‍ പറയാന്‍ പഠിച്ചത്. ചില വാക്കുകള്‍ പറയാന്‍ അറിയില്ലെങ്കിലും മറ്റുള്ളവര്‍ പറയുമ്പോള്‍ അതിന്റെ അര്‍ഥം മനസിലാകുന്നുണ്ട്.
പ്രാചിയുടെ പഠനവും കായികനേട്ടങ്ങളും എങ്ങനെയായിരുന്നു?
ഡല്‍ഹിയിലെ മോണ്ട്ഫോര്‍ട്ട് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ഡല്‍ഹി ജീസസ് ആന്‍ഡ് മേരി കോളേജില്‍നിന്ന് ബി.കോം. ബിരുദം നേടിയശേഷം ജി.ജി.എസ്.ഐ.പി.യില്‍നിന്ന് എം.ബി.എ.യും നേടി. പിന്നീട് സിംഗപ്പൂര്‍ ഡെവലപ്മെന്റ് ബാങ്കില്‍ ചില പ്രോജക്ടുകളും ചെയ്തു. സ്‌കൂള്‍ പഠനകാലത്ത് ബാസ്‌കറ്റ്ബോളിലായിരുന്നു എനിക്ക് താത്പര്യം. ബാസ്‌കറ്റ്ബോളില്‍ ദേശീയതലത്തില്‍ കളിക്കുന്നതിനിടെയാണ് നെറ്റ്ബോളിലേക്ക് വന്നത്. നെറ്റ്ബോളില്‍ ഇന്ത്യക്കായി ചരിത്രത്തിലാദ്യത്തെ അന്താരാഷ്ട്ര മെഡല്‍ നേടിക്കൊടുക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.
മലയാളം സിനിമയിലേക്ക് ഇനിയും പ്രാചിയെ പ്രതീക്ഷിക്കാമോ?
ടി.വി. സീരിയലുകള്‍ക്കിടയില്‍ പഞ്ചാബി ചിത്രമായ അര്‍ജാനും ബൈലാറസും ചെയ്തതിന്റെ അനുഭവസമ്പത്തിലാണ് മാമാങ്കത്തിലേക്കെത്തുന്നത്. മാമാങ്കത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവസരങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ഇനിയും മലയാളത്തിലേക്ക് വരും.
Content Highlights : Prachi Tehlan actress in Mamangam movie interview