പരസ്യചിത്ര രംഗത്ത്നിന്ന് ഫീച്ചര്‍ ഫിലിമിലേക്ക് എത്തിയ സംവിധായകരില്‍ പുതുക്കക്കാരനാണ് ടോം ഇമ്മട്ടി. കാമ്പസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന മെക്സിക്കന്‍ അപാരതയാണ് ടോമിന്റെ ആദ്യ ചിത്രം. പേരിലെ കൗതുകം കൊണ്ട് ഇപ്പോള്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ടോം.
മെക്സിക്കന്‍ വിശേഷങ്ങള്‍ എന്തൊക്കെയാണ് ?
കാമ്പസ് രാഷ്ട്രീയത്തിന്റെ കഥ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനുള്ളൊരു ശ്രമമാണ് മെക്സിക്കന്‍ അപാരതയിലൂടെ നടത്തിയിരിക്കുന്നത്. ക്ലാസ്മേറ്റ്സ് ഉള്‍പ്പെടെയുള്ള കാമ്പസ് രാഷ്ട്രീയം പ്രമേയമായ ചിത്രങ്ങളില്‍ പ്രണയത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ ചിത്രത്തിലും പ്രണയത്തിന് സ്ഥാനമുണ്ടെങ്കിലും, പ്രാധാന്യം നല്‍കിയിരിക്കുന്നത് കാമ്പസ് രാഷ്ട്രീയത്തിന് തന്നെയാണ്. ഇടതു, വലതു രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ഒരു മെക്സിക്കന്‍ അപാരത. ടോവിനോ തോമസ്, നീരജ് മാധവ് എന്നിവര്‍ ഇടതുസഹചാരികളും സംവിധായകന്‍ കൂടിയായ രൂപേഷ് പീതാംബരന്‍ വലതുരാഷ്ട്രീയത്തിന്റെ വക്താവുമാണ്. മഹാരാജാസ് കോളജ് പ്രമേയമായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കഥ പറയുന്നതിനായി ഫ്ലാഷ്ബാക്കും ഉപയോഗിച്ചിട്ടുണ്ട്.
എന്തു കൊണ്ട് ടോവിനോയും നീരജും രൂപേഷും ?
എന്നെ സംബന്ധിച്ച് കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന ആളുകളായിരിക്കണം അഭിനയിക്കുന്നത്. എന്നാല്‍ മാത്രമെ സിനിമ ചെലവ് കുറച്ച് കൃത്യസമയത്ത് തീര്‍ക്കാന്‍ സാധിക്കുകയുള്ളു. 20 ദിവസം കൊണ്ട് ഷൂട്ട് തീര്‍ക്കാനായിരുന്നു ആദ്യം പദ്ധതിയെങ്കിലും ഫൈറ്റ് സീക്വന്‍സ് ഷൂട്ട് ചെയ്തപ്പോള്‍ കുറച്ച് വൈകി. തങ്ങള്‍ താരങ്ങളാണെന്ന തലക്കനമില്ലാതെ ചിത്രത്തിന് വേണ്ടി പ്രയത്നിച്ചവരാണ് ടോവിനോയും നീരജും രൂപേഷും. അവരുടെ സഹകരണം കൊണ്ടാണ് ചിത്രം പ്രതീക്ഷിച്ച പോലെ ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ സാധിച്ചത്. രൂപേഷ് പീതാംബരനുമായി എനിക്ക് നേരത്തെ നല്ല അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിനിമയില്‍ ഞാന്‍ നേരത്തെ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്. ആ ചിത്രത്തില്‍ ടോവിനോ നായകനായിരുന്നു. അങ്ങനെ ഞങ്ങളെല്ലാം തമ്മില്‍ നല്ലൊരു ബന്ധമുണ്ടായിരുന്നു. അത് മെക്സിക്കന്‍ അപാരതയ്ക്ക് വലിയ രീതിയില്‍ പ്രയോജനപ്പെട്ടു.
രാഷ്ട്രീയം മാത്രമാണോ സിനിമ ?
രാഷ്ട്രീയത്തിനാണ് പ്രാധാന്യം. ചിത്രത്തില്‍ പ്രണയവും കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ, ഒരിക്കല്‍ പോലും പ്രണയത്തെ സിനിമാറ്റിക്കായി അവതരിപ്പിച്ചിട്ടില്ല. ഇപ്പോള്‍ പുറത്തിറങ്ങിയ ഒരു പാട്ടില്‍ മാത്രമാണ് പ്രണയത്തെ സിനിമാറ്റിക്കായി സമീപിച്ചിരിക്കുന്നത്. പ്രണയം പറയുന്ന മറ്റ് സ്ഥലങ്ങളിലെല്ലാം റിയലിസ്റ്റിക്കായ സമീപനമാണ് നടത്തിയിരിക്കുന്നത്. കോളജ് കാമ്പസുകളിലെ പ്രണയം എങ്ങനെയാണോ അങ്ങനെ തന്നെയാണ് അതിനെ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ വിപ്ലവമാണ് സിനിമയുടെ സബ്ജെക്ട്. സിനിമയിലെ ഒരു പ്രധാനപ്പെട്ട ടേണിങ് പോയിന്റിലാണ് ഏമാന്മാരെ എന്ന ഗാനം വരുന്നത്. പ്രണയത്തില്‍നിന്ന് വിപ്ലവത്തിലേക്കുള്ളൊരു വഴിത്തിരിവാണത്.
ഏമാന്മാരെ എന്തുകൊണ്ടാണ് സിനിമയിലേക്ക് എടുക്കാന്‍ തീരുമാനിച്ചത് ?
സിനിമയിലെ നിര്‍ണായകമായൊരു ഘട്ടത്തിലാണ് ഈ പാട്ട് വരുന്നത്. നടന്നൊരു സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ട് ഒരുപറ്റം ആക്ടിവിസ്റ്റുകള്‍ വരികളെഴുതി ഈണമിട്ടൊരു പാട്ടാണിത്. ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അത് സിനിമയിലേക്ക് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അവരുടെ വേര്‍ഷന്‍ പാട്ടു തന്നെയാണിത്. മഹാരാജാസ് കോളജില്‍ പഠിക്കുന്ന ചിലരാണ് മുടിവളര്‍ത്തിയ ആളുകളായി ഇതില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരുടെ പ്രകടനം കണ്ടിട്ട് നീരജിന്റെ അടുത്ത ചിത്രം പൈപ്പിന്‍ചോട്ടിലെ പ്രണയത്തിലേക്ക് അദ്ദേഹത്തെ കാസ്റ്റ് ചെയ്തിട്ടുണ്ട്. ആ പാട്ട് പറയുന്നത് വ്യക്തമായ രാഷ്ട്രീയമാണ്. മുടി വളര്‍ത്തുകയും താടി വളര്‍ത്തുകയും ചെയ്യുന്നവരെല്ലാം ലഹരിക്ക് അടിമകളാണെന്ന പൊതുധാരണയെയും പോലീസ് ബോധ്യത്തെയും ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നൊരു രാഷ്ട്രീയ ഗാനമാണത്.
എങ്ങനെയുണ്ടായി മെക്സിക്കന്‍ അപാരത എന്ന പേരും കഥയും ?
അഞ്ച് വര്‍ഷത്തോളമായി ഈ സിനിമയ്ക്ക് പിന്നാലെയായിരുന്നു. ജൂഡ് ആന്റണി ജോസഫിന്റെ കഥ അദ്ദേഹത്തിന്റെ അറിവോടെ തന്നെ പരിഷ്‌ക്കരിച്ച് രാഷ്ട്രീയമൊക്കെ ഉള്‍പ്പെടുത്തിയാണ് സിനിമയെ ഇപ്പോഴത്തെ രൂപത്തിലാക്കിയിരിക്കുന്നത്. അന്നേ ഈ പേര് സിനിമയ്ക്കുണ്ടായിരുന്നു. ആ പേരിട്ടത് ആരാണെന്ന് ഞാന്‍ പറയുന്നില്ല. ഞാനത് പറയുന്നത് ശരിയല്ല എന്ന് തോന്നലുള്ളത് കൊണ്ടാണ് പറയാത്തത്. ആദ്യം കൈയില്‍ കിട്ടിയപ്പോഴുള്ള കഥയല്ല ഇപ്പോള്‍ സിനിമ പൂര്‍ത്തിയാകുമ്പോഴുള്ളത്. തിരക്കഥ മുഴുവനായി മാറ്റി എഴുതി. ജൂഡിന്റെ അനുവാദത്തോടെയാണ് ഇത് ചെയ്തത്. അദ്ദേഹത്തിനും അതില്‍ കുഴപ്പമില്ലായിരുന്നു.
ഇപ്പോള്‍ സിനിമയുടെ സബ്ജക്ടിന് കാലിക പ്രസക്തിയുണ്ട്
സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഈ സബ്ജക്ട് പഴയതായി പോകുമോ എന്നൊരു ആശങ്ക എനിക്കുണ്ടായിരുന്നു. പക്ഷെ, സിനിമ പുറത്തിറങ്ങാറായപ്പോള്‍ കാമ്പസ് രാഷ്ട്രീയം വീണ്ടും സജീവ ചര്‍ച്ചയാവുകയും വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹോട്ട് ഡിസ്‌ക്കഷന്‍ നടക്കുന്ന ഒരു വിഷയത്തില്‍ സിനിമ വരുമ്പോള്‍ അത് കാണാന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംക്ഷയുണ്ടാകും. കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയമുള്ള കോളജുകളില്‍ പഠിച്ചിട്ടുള്ള ആളുകള്‍ക്ക് സിനിമയുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കും.
കാമ്പസുകളില്‍ രാഷ്ട്രീയം ആവശ്യമാണെന്നാണോ നിലപാട് ?
കാമ്പസുകളില്‍ രാഷ്ട്രീയം വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. രാഷ്ട്രീയമുള്ള കാമ്പസുകളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് അതിന്റെ കാരണങ്ങള്‍ കുറച്ചുകൂടി വ്യക്തമായി മനസ്സിലാകും. അടിയും ഇടിയും മാത്രമല്ല രാഷ്ട്രീയം. അതിനപ്പുറമുള്ള രാഷ്ട്രീയ സര്‍ഗാത്മകതള്‍ കാമ്പസുകളില്‍ നടത്താന്‍ സാധിക്കും. കാമ്പസ് രാഷ്ട്രീയത്തില്‍ പങ്കാളികളായവര്‍ക്ക് എല്ലാ കാര്യത്തിലും സ്വന്തമായി നിലപാടുള്ളവരും കാഴ്ച്ചപ്പാടുകളില്‍ വ്യക്തതയുള്ളവരുമായിരിക്കും.