പ്രിയ വാര്യര്‍, റോഷന്‍, നൂറിന്‍ എന്നീ പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിന്റെ ക്ലൈമാക്സില്‍ മാറ്റം വരുത്തുന്നു. സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരില്‍ പലര്‍ക്കും ക്ലൈമാക്സിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്നും അതിനാലാണ് മറ്റൊരു ക്ലൈമാക്സ് പുതുതായി ഷൂട്ട് ചെയ്തെന്നും മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.
"നിരവധി പോരാണ് സിനിമ കണ്ട് ഇഷ്ടപ്പെട്ട് പ്രതികരണം അറിയിച്ചത്. പക്ഷേ അവര്‍ക്കെല്ലാം ക്ലൈമാക്‌സിനെച്ചൊല്ലിയായിരുന്നു അഭിപ്രായ വ്യത്യാസം. ഒരു റിയലിസ്റ്റിക് ക്ലൈമാക്സ് ആയിരുന്നു അത്, യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവം ആയിരുന്നു. ആകെ മൊത്തം ഒരു കോമഡി പടമായിരുന്നു, പക്ഷേ നൂറിനും റോഷനും കൊല്ലപ്പെടുന്നതായിരുന്നു ക്ലൈമാക്‌സില്‍. അത് പ്രേക്ഷകര്‍ക്ക് താങ്ങാന്‍ പറ്റിയില്ല. അത് അവരെ വല്ലാതെ ഹര്‍ട്ട് ചെയ്തു എന്ന് അറിയാന്‍ സാധിച്ചു. കുറേ ആളുകള്‍ വിളിച്ചിട്ട് അങ്ങനെ അഭിപ്രായം പറഞ്ഞു. അതുകൊണ്ടാണ് റീഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്..ചൊവ്വാഴ്ച്ച സെന്‍സറിങ് കഴിഞ്ഞ് ബുധനാഴ്ച്ച നൂണ്‍ ഷോയ്ക്ക് പുതിയ ക്ലൈമാക്‌സുമായി ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.".ഒമര്‍ പറഞ്ഞു.
ചിത്രത്തിനെതിരേ വ്യാപകമായി നടക്കുന്ന ഡീഗ്രേഡിങ്ങിനെക്കുറിച്ചും സംവിധായകന്‍ പ്രതികരിച്ചു. ഈ ഡീഗ്രേഡിങുകള്‍ കരുതിക്കൂട്ടിയുള്ളതാണെന്നും നായിക പ്രിയയോടും തന്നോടുമൊക്കെ ഉള്ള ദേഷ്യം ചിത്രത്തോട് തീര്‍ക്കുകയാണെന്നും ഒമര്‍ ആരോപിക്കുന്നു.
"ഈ ഡീഗ്രേഡിങ്ങുകള്‍ കരുതിക്കൂട്ടിയുള്ളതാണ്. റിലീസിന് മുന്‍പേ ഡീഗ്രേഡിംഗ് നേരിട്ട സിനിമയാണിത്. പ്രിയാ വാര്യരോടുള്ള ദേഷ്യമാണെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്റുകളിലെ കമന്റുകളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. അവരാണ് നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത ഒരു വിഭാഗം. തീയേറ്ററില്‍ ആളില്ലെന്നും കുടുംബവുമായി കാണാന്‍ കൊള്ളാവുന്ന ചിത്രമല്ലെന്നുമൊക്കെ പലരും പറഞ്ഞ് പരത്തി. കാണാതെയാണ് പലരും ഇത്തരം ആരോപണങ്ങളുമായി രംഗത്ത് വരുന്നത്.
പക്ഷേ ഇപ്പോള്‍ അതൊക്കെ മാറി വരുന്നുണ്ട്. നല്ലപോലെ മൗത്ത് പബ്ലിസിറ്റിയിലൂടെ ആളുകള്‍ ചിത്രം കാണാന്‍ വരുന്നുണ്ട്. അവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. പിന്നെ പ്രിയയോടും മറ്റും ദേഷ്യം കാണിക്കുന്നവരോട് പറയാനുള്ളത് ഇതാണ്, അവരെല്ലാം ചെറിയ കുട്ടികളാണ്, സംസാരത്തിലും ആ പക്വതക്കുറവുണ്ട്. പെട്ടെന്ന് പ്രശസ്തിയിലെത്തി എങ്കില്‍ പോലും അവരുടെ പ്രായവും കണക്കിലെടുക്കണം. അതൊന്ന് മനസിലാക്കാന്‍ ശ്രമിക്കണം. എനിക്കാണെങ്കില്‍ പോലും പക്വത കുറവുണ്ടെന്നേ ഞാന്‍ പറയൂ. ഇപ്പോഴും പല അഭിമുഖങ്ങളിലും പല ചോദ്യങ്ങള്‍ക്കും എന്താണ് പറയേണ്ടത് എന്ന് അറിയാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ട്രോളന്മാര്‍ അതിന് കാത്തിരിക്കുയാണ്, വ്യക്തിഹത്യയാണ് പലപ്പോഴും നടക്കുന്നത്.
പിന്നെ ചിത്രത്തിന്റെ ടീസറില്‍ കാണിച്ച ലിപ് ലോക്കിനെതിരേയാണ് മറ്റൊരു ആരോപണം. 96 കാലഘട്ടത്തെ അതായത് ഒരു ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തെ സ്‌കൂള്‍ ജീവിതവുമായാണ് പലരും ഇതിനെ താരതമ്യം ചെയ്യുന്നത്. പക്ഷേ ഇന്നത്തെ കാലത്തെ പത്ത് പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഈ ലിപ് ലോക്ക് ഒന്നും നടക്കുന്നില്ല എന്ന് ഈ വിമര്‍ശിക്കുന്നവര്‍ക്ക് ഉറപ്പ് പറയാനൊക്കുമോ? തെളിയിക്കാന്‍ പറ്റുമോ? എല്ലാ കുട്ടികളും നന്മമരങ്ങള്‍ ആകണമെന്നില്ല, പലപ്പോഴും തെറ്റായ പല കാര്യങ്ങളില്‍ നിന്നാകും ഒരു കഥ വികസിക്കുക.
ഈ ചിത്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ നായകനും നായികയും ലിപ് ലോക്ക് ചെയ്തത് കൊണ്ട് കേരളത്തിലെ മുഴുവന്‍ പിള്ളേരും അങ്ങനെയാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ലിപ് ലോക്ക് ചെയ്തത് ശരിയായില്ല എന്നതാണ് മറ്റൊരു ആരോപണം. അവർ കുട്ടികളാണ്. ആരും കാണാതെ കാമുകിക്ക് ഒരു ഉമ്മ കൊടുക്കുകയാണ്. അതിനിത്രയ്ക്കല്ലേ പെർഫെക്ഷൻ ഉണ്ടാവുകയുള്ളൂ പിന്നെ ചിത്രത്തില്‍ ദ്വയാര്‍ഥപ്രയോഗങ്ങളും അശ്ലീലവും ഉണ്ടെന്ന് പറയുന്നത് സന്ദര്‍ഭത്തിന് അനുസരിച്ചുള്ള പ്രയോഗങ്ങളെ അതില്‍ ഉള്ളൂ. കണ്ടവര്‍ക്ക് അത് അറിയാം. കുടുംബമായി തന്നെ കാണാന്‍ കഴിയുന്ന ചിത്രമാണ്.
ഫെയ്‌സ്ബുക്കിലും മറ്റുമുള്ള സിനിമാകൂട്ടായ്മകളിലും ഇത്തരം ചര്‍ച്ചകള്‍ നടക്കാറുണ്ട്. അവര്‍ക്കിടയിലൊക്കെ ചില വിഭാഗം ആളുകള്‍ എന്ത് ചെയ്താലും കുറ്റം മറ്റ് ചിലര്‍ എന്ത് ചെയ്താലും നല്ലത് എന്നാണ്. അവര്‍ക്ക് പ്രിയപ്പെട്ട് നടന്മാര്‍ എന്ത് ചെയ്താലും അത് മികച്ചത്. മറ്റുളളവര്‍ എന്ത് ചെയ്താലും അത് മഹാമോശം എന്നാണ്. അങ്ങനെയൊരു മുന്‍ധാരണയാണ്. അത്തരത്തിലുള്ള ചര്‍ച്ചകളില്‍ ഒക്കെയാണ് ഈ ഡീഗ്രേഡിങ് ഒക്കെ നടക്കുന്നത്.
ഇന്ന് റിവ്യൂ എന്ന് പറഞ്ഞ് സിനിമാ നിരൂപണവുമായി പലരും ഇറങ്ങിത്തിരിച്ചിട്ടുണ്ട്. പിന്നെ ഈ വിമര്‍ശിക്കുന്നവരൊക്കെ ഒരു കാര്യം മനസിലാക്കണം ആവിഷ്‌കാര സ്വാതന്ത്ര്യം എന്നൊന്നുണ്ട്. ഈ റിവ്യൂ ചെയ്യുന്നവരും വിമര്‍ശിക്കുന്നവരും പറയുന്ന രീതിയില്‍ സിനിമ ചെയ്യാനൊക്കില്ല. അങ്ങനെയെങ്കില്‍ അവര്‍ ഒരു പടം എടുക്കട്ടെ. ഒമര്‍ പറഞ്ഞ് നിര്‍ത്തി.
Content Highlights : Oru adar Love New Climax Omar Lulu Priya Varrier Noorin Roshan Oru Adaar Love Omar Lulu Interview