സിനിമയിലേക്കല്ല, ജീവിതത്തിലേക്കുതന്നെ തിരിച്ചുവരുമോ എന്ന് ഉറപ്പില്ലായിരുന്നു


അനുരഞ്ജ് മനോഹർ

3 min read
Read later
Print
Share

ദുരന്തം റോഡ് അപകടത്തിന്റെ രൂപത്തിലെത്തി ജീവിതത്തിനു വെല്ലുവിളിയുയര്‍ത്തിയപ്പോഴും നിര്‍മലിനായി ദൈവം കരുതിയിരുന്നത് വെള്ളിത്തിരയിലെ ഒരുപിടി മികച്ച വേഷങ്ങളായിരുന്നു

ദൈവം ചിലപ്പോഴങ്ങനെയാണ്. ദുരന്തത്തിന്റെ കയങ്ങളിലേക്ക് ചിലരെ തള്ളിയിടും. എന്നിട്ട് രക്ഷകനായി അവതരിച്ച് അവര്‍ക്ക് സൗഭാഗ്യങ്ങളുടെ ലോകം സമ്മാനിക്കും. സിനിമാനടനും മിമിക്രി കലാരംഗത്തെ നിറസാന്നിധ്യവുമായ നിര്‍മല്‍ പാലാഴിയുടെ ജീവിതത്തിലും സംഭവിച്ചത് മറ്റൊന്നല്ല. ദുരന്തം റോഡ് അപകടത്തിന്റെ രൂപത്തിലെത്തി ജീവിതത്തിനു വെല്ലുവിളിയുയര്‍ത്തിയപ്പോഴും കലയെ തന്റെ നെഞ്ചോട് ചേര്‍ത്ത് പൊരുതിയ നിര്‍മലിനായി ദൈവം കരുതിയിരുന്നത് വെള്ളിവെളിച്ചത്തിലെ ഒരു പിടി മികച്ച വേഷങ്ങളായിരുന്നു. സിദ്ദിക്ക് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ഫുക്രിയിലെ കുഞ്ഞാപ്പ എന്ന ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നിര്‍മലിനെയും കാത്ത് നിരവധി സിനിമകളാണ് അണിയറയിലൊരുങ്ങുന്നത്. മലയാളസിനിമയില്‍ സജീവമാകാനൊരുങ്ങുന്ന നിര്‍മലിന് ഏറെ പ്രതീക്ഷകളാണ് പങ്കുവെക്കാനുള്ളത്

അപകടത്തിനുശേഷം സിനിമയിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നോ?

സിനിമയിലേക്കല്ല ജീവിതത്തിലേക്കുതന്നെ തിരിച്ചുവരുമോ എന്ന കാര്യം തുലാസിലായിരുന്നു. എന്നെ ജീവനോടെ തിരിച്ചുകിട്ടിയാല്‍ മതി എന്നാണ് കുടുംബവും സുഹൃത്തുക്കളും ആഗ്രഹിച്ചത്. 2014-ലാണ് എനിക്ക് അപകടം സംഭവിക്കുന്നത്. അതിനുശേഷം പല സിനിമകളിലും അവസരങ്ങള്‍ ലഭിച്ചെങ്കിലും ശാരീരിക വിഷമതകള്‍ മൂലം അഭിനയിക്കാന്‍ സാധിച്ചില്ല. മിമിക്രിയും സ്റ്റേജ് ഷോകളും സിനിമയുമില്ലാതെ വീട്ടില്‍ മാത്രമായി ഒതുങ്ങിയപ്പോള്‍ ഞാനാകെ തളര്‍ന്നുപോയിരുന്നു. എന്തിനാണ് ജീവന്‍ ബാക്കി നല്‍കി ദൈവം എന്നെ ഇങ്ങനെ നരകിപ്പിക്കുന്നത് എന്നുവരെ തോന്നിയിട്ടുണ്ട്. പക്ഷേ, കുടുംബവും കൂട്ടുകാരും നല്‍കിയ പിന്തുണയാണ് എനിക്ക് തിരിച്ചുവരാനുള്ള ആര്‍ജവം നല്‍കിയത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഫുക്രിയിലെ വേഷം എന്നില്‍ വന്നണഞ്ഞത്. കുഞ്ഞാപ്പ എന്ന കഥാപാത്രത്തെ എന്റെ മുന്നിലേക്ക് സിദ്ദിക്ക് സാര്‍ (സംവിധായകന്‍) നീട്ടിയപ്പോള്‍ അദ്ദേഹത്തെ ദൈവത്തിന്റെ പ്രതിരൂപമായാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തോടുള്ള നന്ദി വാക്കുകളിലൊതുങ്ങുന്നതല്ല.

കുഞ്ഞാപ്പയാകാനുള്ള വെല്ലുവിളികള്‍ എത്രത്തോളമായിരുന്നു?

കുഞ്ഞാപ്പയെക്കുറിച്ച് സിദ്ദിക്ക് സാര്‍ വിവരിച്ചപ്പോള്‍ ആ കഥാപാത്രം അദ്ദേഹം എനിക്കായി മെനഞ്ഞെടുത്തതാണോ എന്നുവരെ ഞാന്‍ ചിന്തിച്ചുപോയി. കാരണം എന്റെ അഭിനയത്തിനും ശരീരഭാഷയ്ക്കും നൂറുശതമാനമിണങ്ങുന്ന കഥാപാത്രമായിരുന്നു കുഞ്ഞാപ്പ. അതുകൊണ്ടുതന്നെ കുഞ്ഞാപ്പ എനിക്ക് അത്ര വെല്ലുവിളി ഉയര്‍ത്തിയില്ല. ചെറിയ വേഷങ്ങളില്‍ മുന്‍പ് സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ കഥാപാത്രം ആദ്യമായിട്ടാണ്. അതിന്റെ അങ്കലാപ്പും ആവേശവുമെല്ലാം എന്നില്‍ പ്രകടമായിരുന്നു. എന്നാല്‍ ലൊക്കേഷനില്‍ സിദ്ദിക്ക് സാറും ജയേട്ടനും മറ്റു പ്രവര്‍ത്തകരും നല്‍കിയ പിന്തുണ മറക്കാനാവില്ല. കോഴിക്കോടന്‍ ശൈലി ആവശ്യമായിരുന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി പല സംശയങ്ങളും സിദ്ദിക്ക് സാര്‍ എന്നോടാണ് ചോദിച്ചിരുന്നത്. ഇത്രയും വലിയ സംവിധായകനായ അദ്ദേഹത്തിന്റെ എളിമയും സ്‌നേഹവും എന്നെ ആശ്ചര്യപ്പെടുത്തി. ജയേട്ടനെ ആദ്യമായി ഫുക്രിയുടെ ലൊക്കേഷനില്‍വെച്ചാണ് കാണുന്നത്. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹത്തിന് അതേ രംഗത്തുനിന്നെത്തിയ എന്നോട് പ്രത്യേക സ്‌നേഹമുണ്ടായിരുന്നു.

ബാബ്വേട്ടന്‍ ഉണ്ടായ കഥ?

കോഴിക്കോട്ടെ ഒരു നാട്ടിന്‍പുറത്തെ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുമാണ് ആ സ്‌കിറ്റിന്റെ ആശയം ഞങ്ങളുടെ ട്രൂപ്പിലെ അംഗമായ ദേവരാജന് ലഭിക്കുന്നത്. പിന്നീട് ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അത് വികസിപ്പിച്ചെടുക്കുകയായിരുന്നു. എന്താണ് ബാബുവേട്ടാ എന്ന പോലുള്ള പ്രയോഗങ്ങള്‍ കോഴിക്കോടന്‍ ഭാഷയില്‍ സര്‍വസാധാരണമാണ്. പക്ഷേ, അത് പ്രേക്ഷകശ്രദ്ധ നേടി. ഇപ്പോഴും എന്നെക്കാണുമ്പോള്‍ 'ബാബുവേട്ടാ സുഖാണോ','ബാബുവേട്ടാ ഫുക്രിയില്‍ തകര്‍ത്തുട്ടോ' എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. അത് വലിയൊരംഗീകാരമാണ്.

പുതിയ സിനിമകള്‍?

ഫുക്രിയുടെ ഷൂട്ടിങ്ങിനിടയിലാണ് രഞ്ജിത്ത് സാര്‍ സംവിധാനം ചെയ്യുന്ന പുത്തന്‍ പണത്തില്‍ എനിക്ക് ഒരു വേഷമുണ്ടെന്നറിഞ്ഞത്. മമ്മൂട്ടിയാണ് നായകന്‍ എന്നറിഞ്ഞതോടുകൂടി സന്തോഷം അണപൊട്ടി. മലയാള സിനിമയില്‍ പിച്ചവെച്ചു തുടങ്ങിയ ഏതൊരു നടന്റെയും ആഗ്രഹമാണ് ഈ രണ്ട് പ്രതിഭകളുടെ കൂടെ അഭിനയിക്കാന്‍ കഴിയുക എന്നത്. ചിത്രത്തില്‍ ഞാന്‍ കോഴിക്കോടന്‍ ഭാഷ കൈകാര്യം ചെയ്യുന്ന ഒരു ജോലിക്കാരന്റെ വേഷമാണ് ചെയ്യുന്നത്. പുത്തന്‍പണത്തോടൊപ്പം ലാല്‍ സാറിന്റെ ഹണിബീ 2.5, ജിസ് ജോയ്യുടെ സണ്‍ഡേ ഹോളിഡേ, വി.എം. അനിലിന്റെ ഒമ്പതാം വളവിനപ്പുറം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.

കോഴിക്കോടന്‍ ഭാഷ തന്നെയാണോ താങ്കളുടെയും കൈമുതല്‍?

കോഴിക്കോടന്‍ ഭാഷ സംസാരിച്ചാണ് ഞാന്‍ ജനപ്രീതി നേടിയത്. അതുകൊണ്ടാവണം ആ ഭാഷയില്‍ സംസാരിക്കുന്ന കഥാപാത്രങ്ങള്‍ എന്നെത്തേടിയെത്തിയത്. ഈ ഭാഷയ്ക്ക് കേരളത്തിലുടനീളം മികച്ച സ്വീകാര്യതയുണ്ട്. എന്നാല്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഏതു വേഷവും ഭാഷയും കൈകാര്യം ചെയ്യാന്‍ ഞാനൊരുക്കമാണ്.

മിമിക്രിക്കും സ്‌കിറ്റുകള്‍ക്കും പ്രേക്ഷക സ്വീകാര്യത കുറയുന്നതായി തോന്നിയിട്ടുണ്ടോ?

എന്നും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കലയാണ് മിമിക്രി. ഈയിടെയായി ടെലിവിഷന്‍ റിയാലിറ്റിഷോകളിലൂടെ മിമിക്രിയും സ്‌കിറ്റും കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതായാണ് എനിക്ക് തോന്നിയത്. എന്നെപ്പോലുള്ള കലാകാരന്‍മാര്‍ക്ക് സിനിമയിലേക്കെത്താന്‍ സാധിച്ചത് ആ കല ഒന്നുകൊണ്ടുമാത്രമാണ്. ഇപ്പോഴും ഞാന്‍ സ്റ്റേജ് ഷോകളില്‍ സജീവമാണ്. അപ്പോള്‍ കിട്ടുന്ന ജനപിന്തുണ കണക്കിലെടുത്താല്‍ തന്നെ മിമിക്രി സാധാരണക്കാരില്‍ ഉണ്ടാക്കുന്ന സ്വാധീനവും തരംഗവും മനസ്സിലാകും. സ്റ്റേജ് ഷോകള്‍തന്നെയാണ് എനിക്ക് പ്രധാനം. മിമിക്രി എനിക്ക് പ്രാണവായുവിനേക്കാള്‍ വിലപ്പെട്ടതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ഒരിക്കല്‍ മമ്മൂക്ക എന്നോട് ചോദിച്ചു. ''നീ എന്നെ എവിടേലും കണ്ടോ...?

Jun 24, 2019


mathrubhumi

6 min

ഇന്ത്യൻ സിനിമയിലെ അത്ഭുതങ്ങളാണ് മമ്മൂട്ടി സാറും മോഹൻലാൽ സാറും - കമൽഹാസൻ

Nov 7, 2017