സംവിധാനമായിരുന്നു മോഹിച്ചത്. ആയിത്തീര്‍ന്നത് അഭിനേതാവും. പിന്നീട് കോറിയോഗ്രാഫറായും തിരക്കഥാകൃത്തായുമെല്ലാം നീരജ് മാധവ് എന്ന ചെറുപ്പക്കാരന്‍ മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ചെറിയ വേഷങ്ങളില്‍ നിന്ന് തുടങ്ങിയ നീരജിന്റെ യാത്ര ഇപ്പോള്‍ 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിലൂടെ നായകസ്ഥാനത്ത് വരെ എത്തിനില്‍ക്കുന്നു. എന്നാല്‍, നായകനായത് അത്രവലിയ നേട്ടമായൊന്നും നീരജ് കാണുന്നില്ല. 'കഥാപാത്രമാണ് പ്രധാനം. ചെയ്യാനുള്ളത് വില്ലനോ അതിഥിവേഷമോ ആയാലും അത് പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കുന്നതാകണം എന്നാണ് ആഗ്രഹം. അതുതന്നെയാകും ഇനിയും കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡവും', നീരജ് മനസ്സുതുറക്കുകയാണ്..
രണ്ട് സീനില്‍ തുടങ്ങി നായകനിലേക്ക്
നമ്മുടെ കരിയറില്‍ വളര്‍ച്ച ഉണ്ടാകുമ്പോഴാണ് നമുക്ക് അത് ചെയ്യാന്‍ ആത്മവിശ്വാസം ഉണ്ടാവുന്നത്. ഒരു സ്ലോ ആന്റ് സ്റ്റഡിയായ വളര്‍ച്ച തന്നെയാണ് എനിക്ക് ഉണ്ടായിരിക്കുന്നത് എന്നാണ് തോന്നുന്നത്. രണ്ട് സീനില്‍ നിന്ന് തുടങ്ങി, അത് നാല് സീനായി, പത്ത് സീനിയായി, ഒരു മുഴുനീള കഥാപാത്രമായി പിന്നീട് നായകന്‍.. അങ്ങനെ വരുമ്പോള്‍ നമുക്ക് അടുത്ത സ്റ്റെപ്പ് എന്നൊരു ഫീലിങ്ങുണ്ട്. ആദ്യ സിനിമയില്‍ തന്നെ നായകനായാല്‍ ഇനി അടുത്തത് എന്തുചെയ്യും എന്നതൊരു വെല്ലുവിളിയാണ്. ഓരോ ഘട്ടമായുള്ള വളര്‍ച്ച കൂടുതല്‍ പാകപ്പെടാനുള്ള ഒരു അവസരമായിരുന്നു.
നായകനാകാന്‍ മുമ്പും അവസരങ്ങളുണ്ടായിരുന്നു
ഒരു സിനിമയില്‍ നായകനാവുക എന്നാല്‍ അതിന്റെ മൊത്തം ഉത്തരവാദിത്തവും വഹിക്കുക എന്നാണര്‍ത്ഥം. ഇതിനു മുമ്പും അവസരങ്ങളുണ്ടായിട്ടും നായകനാവാന്‍ ശ്രമിക്കാതിരുന്നത് പ്രചോദിപ്പിക്കുന്ന കഥാപാത്രങ്ങളൊന്നും വരാതിരുന്നത് കൊണ്ടാണ്. ഒന്നര വര്‍ഷം മുമ്പാണ് സംവിധായകന്‍ ഡോമിന്‍ ഈ സിനിമയുമായി എന്റെയടുത്ത് വരുന്നത്. കേട്ടപ്പോള്‍ തന്നെ എന്നെങ്കിലും ഞാന്‍ ഒറ്റയ്‌ക്കൊരു നായകനായി പടം ചെയ്യുകയാണെങ്കില്‍ അത് ഇത് തന്നെയായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു. പിന്നീട് തിരക്കഥ പൂര്‍ത്തിയാക്കുന്നതിനും മറ്റും സമയമെടുത്തു. തിരക്കഥ പൂര്‍ത്തിയായ ശേഷവും നമ്മള്‍ എല്ലാവരും റെഡിയാണ് എന്ന് തോന്നിയ ശേഷം മാത്രം ഈ സിനിമ എടുത്താല്‍ മതി എന്ന് ഡോമിനോട് പറഞ്ഞിരുന്നു.
ഇത് ശരിയായ സമയം
സിനിമ ചെയ്യാനായി ഇത്രയും കാത്തിരുന്നത് ഗുണകരമായി എന്നുതന്നെയാണ് കരുതുന്നത്. ഡോമിന്‍ ഈ സിനിമയുമായി വന്ന സമയത്ത് ഉള്ളതിനേക്കാള്‍ വാണിജ്യമൂല്യവും ഒരു നടനെന്ന നിലയിലുള്ള ക്യാന്‍വാസുമെല്ലാം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. ആ സിനിമ ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയത്താണ് അതെടുത്തിരിക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.
കഥാപാത്രമാണ് വലുത്
നായകനാവുക എന്നതാണ് ഏറ്റവും വലിയ നേട്ടമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെ സംബന്ധിച്ച് കഥാപാത്രമാണ് വലുത്. അത് വില്ലനോ അതിഥി വേഷമോ ആകാം. എന്റെ കഥാപാത്രത്തിന് വ്യത്യസ്തമായി എന്താണ് ചെയ്യാനുള്ളത്, അല്ലെങ്കില്‍ ആ കഥാപാത്രം സിനിമ വിട്ട് പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കുമോ എന്നതാണ് എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നത്. ഇനിയും കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം അതുതന്നെയാകും.
കോറിയോഗ്രഫിയ്ക്കില്ല, തിരക്കഥയെഴുതും, സംവിധായകനായേക്കാം
ഒരു സിനിമയില്‍ കോറിയോഗ്രഫി ചെയ്തത് യാദൃച്ഛികമായി സംഭവിച്ചതാണ്. അത് ഒരിക്കലും തുടരാനാഗ്രഹിക്കുന്ന കാര്യമല്ല. ഡാന്‍സിങ് പാഷനാണ്. സ്ഥിരമായി പ്രാക്ടീസ് ചെയ്യാറൊന്നുമില്ല. ഇഷ്ടമുള്ളപ്പോള്‍ ചെയ്യുമെന്ന് മാത്രം. അഭിനയം തന്നെയാണ് കരിയറായിട്ട് മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നത്. തിരക്കഥ ഇനിയും എഴുതിയേക്കാം. സംവിധാനം ഉണ്ടാവില്ല എന്ന് പറയുന്നില്ല. എന്നാല്‍, അത് സമീപഭാവിയില്‍ സംഭവിക്കുമോ എന്ന് ഉറപ്പുപറയാനാവില്ല.
Content Highlights : Neeraj Madhav, Interview, Paipin chuvattile pranayam, Neeraj about passion, acting, dance, direction