ആമസോണ്‍ പ്രൈം ഹിന്ദി സീരീസായ ദി ഫാമിലിമാന്‍ എന്ന ചിത്രത്തിലൂടെ യുവതാരം നീരജ് മാധവ് ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയനാകുന്നു. മനോജ് വാജ്പേയി നായകനായ പരമ്പരയില്‍ മൂസ റഹ്മാന്‍ എന്ന തീവ്രവാദിയായാണ് നീരജ് എത്തിയത്. ആദ്യമായാണ് മലയാള മുഖ്യധാരാ സിനിമയില്‍നിന്നൊരു നടന്‍ ആമസോണ്‍ വെബ് സീരീസില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. മനോജ്് വാജ്പേയിക്കൊപ്പം അഭിനയത്തിന്റെ മാറ്റുരയ്ക്കുന്ന ഈ ചെറുപ്പക്കാരന്‍ ബോളിവുഡില്‍ ചര്‍ച്ചയാകുകയാണ്. നടനെന്ന നിലയിലെ വലിയ പ്രൊമോഷനായാണ് പുതിയ അഭിനയമേഖലയിലേക്കുള്ള മാറ്റത്തെ നീരജ് കാണുന്നത്.
''ഞാന്‍ അഭിനയിച്ച പൈപ്പിന്‍ചുവട്ടിലെ പ്രണയം എന്ന സിനിമയുടെ ക്‌ളിപ്പിങ് കണ്ടാണ് സ്റ്റാര്‍ കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ചാബ്ര ഈ വെബ് സീരീസിലേക്ക് വിളിച്ചത്. ഇന്ന്് വെബ് സീരീസിനുള്ള സാധ്യത എനിക്ക് നന്നായറിയാം. സിനിമയുടെ സാറ്റ്ലൈറ്റ് റേറ്റിനെക്കാള്‍ എത്രയോ ഇരട്ടിയിലാണ് അത് വിറ്റുപോകുന്നത്. പക്ഷേ, അന്നത്തെ എന്റെ സിനിമയുടെ ജോലികള്‍ ബാക്കിയുള്ളതിനാല്‍ ആദ്യം അവസരം വന്നപ്പോള്‍ പിറകോട്ടടിച്ചിരുന്നു. കഥകേട്ട് തീരുമാനിക്കാം എന്നുപറഞ്ഞ് അന്ന് ഞാന്‍ പിന്‍മാറി. അടുത്തദിവസംതന്നെ സംവിധായകന്‍ ഡി.കെ. വിളിച്ച് കഥ പറഞ്ഞു. അദ്ദേഹത്തിന്റെ ഷോര്‍ ഇന്‍സിറ്റി, ഗോ ഗോവ ഗോനെ, ഹാപ്പി എന്‍ഡിങ്, സ്ത്രീ എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. കഥ കേട്ടപ്പോള്‍ അതില്‍നിന്ന് പിന്‍മാറുന്നത് ബുദ്ധിമോശമാണെന്നുതോന്നി. ചിത്രത്തിലെ നായകന്‍ മനോജ് വാജ്പേയി ആണെന്നുകൂടി കേട്ടപ്പോള്‍ ഞാന്‍ ത്രില്ലടിച്ചു. അടുത്ത ദിവസംതന്നെ ഓഡിഷന്‍ ക്‌ളിപ്പ് റെക്കോഡുചെയ്ത് അയച്ചു. അങ്ങനെയാണ് ആ സൗഭാഗ്യത്തിലേക്ക് ഞാന്‍ എത്തുന്നത്.''
പുതിയ മീഡിയത്തില്‍, പുതിയ ഭാഷയില്‍ എത്തിയപ്പോള്‍...
ഭാവിയിലെ വ്യവസ്ഥാപിത സിനിമാരീതി മത്സരിക്കേണ്ടത് ഈ മീഡിയയോടായിരിക്കും. കരാര്‍ പ്രകാരം കുറെ മാസങ്ങള്‍ ഇത്തരം സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുവേണം എന്നതാണ് ബുദ്ധിമുട്ട്. എനിക്ക് കാര്യമായി പരിചയമില്ലാത്ത ഭാഷയാണ് ഹിന്ദി. സത്യം പറഞ്ഞാല്‍ പത്താം ക്‌ളാസ് പരീക്ഷയ്ക്കുശേഷം അത് കാര്യമായി ഉപയോഗിച്ചിട്ടില്ല. ലൈവ് സൗണ്ട് റെക്കോഡിങ് ആയതിനാല്‍ പ്രോംപ്റ്റ് ചെയ്യാനും കഴിയില്ല. ആദ്യത്തെ ദിവസങ്ങളില്‍ ബ്‌ളാക്ക് ബോര്‍ഡില്‍ ഹിന്ദി മലയാളത്തിലെഴുതി വായിച്ചായിരുന്നു അഭിനയിച്ചത്. അത്തരം സന്ദര്‍ഭങ്ങളില്‍ നോട്ടം ബോര്‍ഡിലായിപ്പോകുന്ന പ്രശ്‌നം വന്നപ്പോള്‍ പിന്നീട് ഡയലോഗ് മനഃപാഠമാക്കേണ്ടിവന്നു. അങ്ങനെ എട്ടുമാസക്കാലം കഠിനമായ പ്രയത്‌നത്തിലാണ് ഞാന്‍ ചിത്രം പൂര്‍ത്തിയാക്കിയത്.
അതിനിടയില്‍ ദങ്കല്‍ സംവിധായകന്റെ ബോളിവുഡ് ചിത്രത്തിലേക്ക് നീരജിന് അവസരം വന്നിരുന്നതായി വാര്‍ത്തകേട്ടിരുന്നു...
ദി ഫാമിലി മാനില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോളാണ് നിതേഷ് തിവാരിയുടെ ചിച്ചോരെ എന്ന ചിത്രത്തിന്റെ പണി തുടങ്ങിയത്. അതിലേക്ക് നിവിന്‍പോളിയെയായിരുന്നു ആദ്യം സമീപിച്ചത്. എന്നാല്‍, മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ കാരണം നിവിന് ആ ചിത്രം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അവര്‍ എന്നെ സമീപിച്ചത്. ഓഡിഷന്‍ കഴിഞ്ഞ് നിതേഷ്ജിയില്‍നിന്ന് ഞാന്‍ കഥയും കേട്ടു. അവര്‍ ഉടന്‍തന്നെ ചിത്രീകരണം തുടങ്ങാന്‍ പ്‌ളാന്‍ ചെയ്തു. പക്ഷേ, ആമസോണിന് കൊടുത്ത ഡേറ്റും മലയാളത്തിലെ മറ്റ് സിനിമകളുടെ കമ്മിറ്റ്‌മെന്റും കാരണം എനിക്ക് ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഈ നഷ്ടത്തിന്റെ കഥകേട്ടപ്പോള്‍ അതിലും മികച്ച അവസരം വരുമെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്, ഞാന്‍ അതിനായി കാത്തിരിക്കുകയാണ്.
പൈപ്പിന്‍ചുവട്ടിലെ പ്രണയത്തിനുശേഷം മലയാളത്തില്‍ വലിയൊരു ഗ്യാപ്പ് നീരജിന്റെ കരിയറിലുണ്ടായിട്ടുണ്ട്...
നായകന്‍ കളിക്കാനല്ല, കൂട്ടത്തില്‍ ഒതുങ്ങിപ്പോകാതെ ഒരു നടന്‍ എന്നനിലയില്‍ കഴിവുതെളിയിക്കാനുള്ള അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. സ്‌കൂള്‍ ഡ്രാമയില്‍നിന്ന് പഠിച്ചിറങ്ങിയതാണെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളൊന്നും കിട്ടിയിരുന്നില്ല. ആ കാത്തിരിപ്പിലാണ് വെബ് സീരീസിലെ മൂസ റഹ്മാന്‍ എന്നെത്തേടിവന്നത്. അതിനിടയില്‍ ഗൗതമന്റെ രഥം, കാ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. കാറിനെ പ്രണയിക്കുന്ന ചെറുപ്പക്കാരന്റെ കഥപറയുന്ന ചിത്രമാണ് ഗൗതമന്റെ രഥം. അതില്‍ മൂന്ന് വ്യത്യസ്ത ലുക്കില്‍ ഞാന്‍ എത്തുന്നുണ്ട്. അതുപോലെ പ്രണയവും തമാശയും ചേര്‍ന്ന ചിത്രമാണ് കാ. അവയെല്ലാം റിലീസിനൊരുങ്ങുകയാണ്.
വരാനിരിക്കുന്ന എന്നിലെ വില്ലന്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നീരജാണ്, എപ്പോഴാണ് എഴുത്തിന് സമയം കണ്ടെത്തുന്നത്...
സംവിധായനാകാനുള്ള ആഗ്രഹവുമായി സിനിമയില്‍ എത്തിയയാളാണ് ഞാന്‍. അപ്പോള്‍ മനസ്സില്‍ സൂക്ഷിച്ച കഥകളാണ് പിന്നീട് ഞാന്‍ എഴുതിയത്. എന്നിലെ വില്ലന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ ആദ്യപകുതി പൂര്‍ത്തിയായി. ബാക്കി സമയം കിട്ടുമ്പോള്‍ ഇരിക്കണം. എഴുത്തിനെക്കാള്‍ അഭിനയത്തിലാണ് എന്റെ ഫോക്കസ്, അതിനിടയില്‍ക്കിട്ടുന്ന സമയങ്ങളില്‍ മാത്രമാണ് എഴുത്ത്
Content Highlights : Neeraj Madhav Interview On New Web Series The Family Man