പക്ഷേ ഒന്നും എന്റെ മാത്രം തീരുമാനങ്ങളായിരുന്നില്ല - നീരജ് മാധവ്


ആമി അശ്വതി

4 min read
Read later
Print
Share

ഒരു പടം ചെയ്ത് അത് കണക്ട് ചെയ്ത് അടുത്ത പടം വരുന്നു, അത് ചെയ്യുന്നു എന്നല്ലാതെ ഞാനീ ചെയ്യുന്നത് ശരിയാണോ എന്നുപോലും എനിക്ക് അറിയില്ലായിരുന്നു.

2013ലാണ് നീരജ് മാധവ് സിനിമയിലെത്തുന്നത്. വീട്ടിലെ സിനിമാതാരം അതുവരെ മറ്റൊരാളായിരുന്നു, അനുജന്‍ നവനീത്. നീരജ് നടനാകുമെന്ന് വീട്ടുകാരോ എന്തിന് നീരജ് പോലും വിചാരിച്ചിരുന്നില്ല. സംവിധാനമോഹം മനസ്സില്‍ കൊണ്ടു നടന്നിരുന്ന ചെറുപ്പക്കാരന്‍ ആദ്യമായി ഒരു ഓഡിഷന് പോയതാണ്. ഒരു ഭാഗ്യപരീക്ഷണം. അങ്ങനെ നീരജ് മാധവ്, ബഡ്ഡി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി. മലയാളസിനിമയുടെ 'ആസ്ഥാന ബഡ്ഡി'യായി. മെല്ലെയായിരുന്നു നീരജ് എന്ന നടന്റെ വളര്‍ച്ച. ചെറുതും വലുതുമായ കഥാപാത്രങ്ങള്‍.

പക്ഷേ, ഓരോ ചിത്രവും നീരജിനെ അടയാളപ്പെടുത്തി. ദൃശ്യത്തിലെ മോനിച്ചനും 1983-ലെ പ്രഹ്ലാദനും അപ്പോത്തിക്കിരിയിലെ ഷിനോയിയും സപ്തമശ്രീ തസ്‌കരയിലെ നാരായണന്‍കുട്ടിയെയുമൊക്കെ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തു. നാലുവര്‍ഷത്തിനുള്ളില്‍ ഇരുപതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു നീരജ്. 2015-ല്‍ പുറത്തിറങ്ങിയത് എട്ട് ചിത്രങ്ങള്‍.

വഴിമാറി നടക്കാന്‍ തീരുമാനിച്ചിടത്തുനിന്നാണ് നീരജ് എന്ന നടന്റെ മാറ്റം തുടങ്ങുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നീരജ് അഭിനയിച്ചത് മൂന്ന് ചിത്രങ്ങളില്‍ മാത്രം. ഊഴത്തില്‍ പൃഥ്വിരാജിനൊപ്പം മുഴുനീള വേഷം. സ്ഥിരം കൂട്ടുകാരന്‍ വേഷങ്ങളില്‍ നിന്ന് മാറി സീരിയസായ, പ്രാധാന്യമുള്ള വേഷമായിരുന്നു മെക്സിക്കന്‍ അപാരതയിലേത്. നീരജ് തിരക്കഥയെഴുതി അജു വര്‍ഗീസിനൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ലവകുശ. ആദ്യമായി നായകനാകുന്ന പൈപ്പിന്‍ ചോട്ടിലെ പ്രണയവും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി.. കരിയറിലെ പുതിയ ചുവടുമാറ്റത്തെക്കുറിച്ച് നീരജ് മാധവ് മനസ്സു തുറക്കുന്നു.

'തുടക്കകാലത്തുണ്ടായിരുന്ന സിനിമകളൊന്നും എന്റെ ചോയ്‌സ് ആയിരുന്നില്ല. സപ്തമശ്രീ വരെയുള്ള വേഷങ്ങളെല്ലാം എന്റെയടുത്തേക്ക് വന്നുപെട്ടതാണ്. വന്നതില്‍നിന്നുള്ള തിരഞ്ഞെടുപ്പായിരുന്നു ചെയ്ത കഥാപാത്രങ്ങളൊക്കെയും. പക്ഷേ ഒന്നും എന്റെ മാത്രം തീരുമാനങ്ങളായിരുന്നില്ല. കാരണം ചോയ്‌സുകള്‍ വളരെ കുറവായിരുന്നു. സപ്തമശ്രീയ്ക്ക് ശേഷമാണ് എന്റെ ചോയ്‌സിനൊത്ത് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ കുറച്ചെങ്കിലും ശ്രമിച്ചു തുടങ്ങിയത്. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറഞ്ഞതും ചെയ്യുന്ന കഥാപാത്രങ്ങളില്‍ മാറ്റം വന്നതും ബോധപൂര്‍വം തന്നെയാണ്. ഊഴത്തിലാണ് അതിന്റെ തുടക്കം. പക്ഷേ, മെക്സിക്കന്‍ അപാരത എനിക്കു തന്നെ ഒരു ബോധോദയമായിരുന്നു. സീരിയസ് വേഷങ്ങള്‍ ചെയ്യാന്‍ പറ്റും എന്നു തോന്നിത്തുടങ്ങിയത് ആ ചിത്രം മുതലാണ്.'

അനിയന്‍ ശ്രദ്ധേയനായ ബാലതാരമായിരുന്നു. നീരജിന്റെ മനസ്സില്‍ സിനിമയുണ്ടായിരുന്നില്ലേ?

അനിയനാണ് ആദ്യം സിനിമയില്‍ വന്നത്. ഞാനൊരു നടനാകുമെന്ന് ഞാനോ വീട്ടുകാരോ ഒന്നും വിചാരിച്ചിട്ടില്ല. ഞാന്‍ നൃത്തത്തിലാണ് ശ്രദ്ധിച്ചിരുന്നത്. സംവിധാനമായിരുന്നു മനസ്സില്‍. ചെന്നൈ എസ്.ആര്‍.എമ്മില്‍ നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദം എടുത്തതും തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പി.ജി.ക്ക് ചേര്‍ന്നതുമൊക്കെ സംവിധാനം മുന്‍പില്‍ കണ്ടാണ്. സിനിമ ആഗ്രഹം തന്നെയായിരുന്നു. പക്ഷേ, എന്റെ ഒരു 'കപ്പ് ഓഫ് ടീ' ആണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു.

ഒരു പടം ചെയ്ത് അത് കണക്ട് ചെയ്ത് അടുത്ത പടം വരുന്നു, അത് ചെയ്യുന്നു എന്നല്ലാതെ ഞാനീ ചെയ്യുന്നത് ശരിയാണോ എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. ദൃശ്യം വരെ അതായിരുന്നു അവസ്ഥ. എന്റെ രണ്ടാമത്തെ ചിത്രമായിരുന്നു 1983. അത് ഇറങ്ങാന്‍ വൈകി. മെമ്മറീസും ദൃശ്യവും കഴിഞ്ഞാണ് അത് വരുന്നത്. ദൃശ്യത്തിലൂടെ കിട്ടിയ സ്വീകാര്യത വലുതായിരുന്നു. അപ്പോഴാണ് അഭിനയം കരിയറാക്കാം എന്ന് തോന്നുന്നത്. ഇപ്പോള്‍ അഭിനയം തന്നെയാണ് ഇഷ്ടം. വളരെ സീരിയസായാണ് ഇന്ന് അഭിനയത്തെ കാണുന്നത്. സംവിധാനം ഒരു ആഗ്രഹമാണ്. പക്ഷേ, ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് എക്സ്‌പ്ലോര്‍ ചെയ്യാനുണ്ട് എന്നു തോന്നുന്നു.

ലവകുശയിലൂടെ തിരക്കഥാകൃത്തായി. സംവിധാനം മനസ്സിലുണ്ടോ?
ഞാനങ്ങനെ ഒന്നും പ്ലാന്‍ചെയ്ത് ചെയ്യുന്ന ആളല്ല. അടുത്ത ഒരു ആറുമാസത്തിനപ്പുറമുള്ള പ്ലാനിങ് ഒന്നും മനസ്സില്‍ ഇല്ല. ഒരു പടം വരുമ്പോള്‍ പെട്ടെന്നു ചെയ്യാവുന്നതാണെങ്കിലേ കമ്മിറ്റ് ചെയ്യാറുള്ളൂ. ആറുമാസം കഴിഞ്ഞാല്‍ നമ്മുടെ ചിന്തകളില്‍ എത്ര മാറ്റം വരും?

വടക്കന്‍ സെല്‍ഫിയില്‍ കൊറിയോഗ്രഫി ചെയ്യുന്നതും വളരെ പെട്ടെന്ന് സംഭവിച്ചതാണ്. അതുപോലെ എന്റെ മനസ്സിലെ കഥകളും ത്രഡ്ഡുകളും അജു വര്‍ഗീസുമായി ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെയാണ് അജുവേട്ടനെയും എന്നെയുംവെച്ച് ഒരു സിനിമ ചെയ്യാന്‍ താല്പര്യമുണ്ടെന്ന് നിര്‍മാതാവ് പറയുന്നതും അജുവേട്ടന്‍ എന്റെ പക്കല്‍ കഥയുണ്ടെന്ന് പറയുന്നതും ഞങ്ങള്‍ അത് വര്‍ക്ക് ചെയ്തു തുടങ്ങുന്നതും. സംവിധാനം എന്തായാലും സമീപഭാവിയില്‍ ഉണ്ടാകില്ല. പിന്നെ പ്ലാനിങ്ങില്ലെങ്കിലും കൃത്യമായ തീരുമാനങ്ങളുണ്ട്. ആ ധാരണകള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.

പൈപ്പിന്‍ചുവട്ടിലെ പ്രണയത്തിലൂടെ ആദ്യമായി നായകനാകുന്നു. കരിയറിലെ പുതിയ മാറ്റത്തെ എങ്ങനെ കാണുന്നു?

പൈപ്പിന്‍ചുവട്ടിലെ പ്രണയം സംവിധാനം ചെയ്യുന്നത് ഡോമിന്‍ ഡിസില്‍വയാണ്. ദുബായില്‍ ക്രിയേറ്റീവ് ഡയറക്ടറായി വര്‍ക്കു ചെയ്യുകയായിരുന്നു അദ്ദേഹം. എന്നെ വിളിച്ച് വളരെ ആവേശത്തോടെ ഈ കഥ പറഞ്ഞു. ആ ആവേശം എനിക്ക് മനസ്സിലായെങ്കിലും പിന്നെയാണ് മനസ്സിലായത് എന്നെയാണ് നായകനായി ഉദ്ദേശിക്കുന്നതെന്ന്. കുഞ്ഞിരാമായണത്തിന്റെ ഡബ്ബിങിന്റെ സമയമായിരുന്നു. ഞാന്‍തന്നെ വേണോ മറ്റാരെങ്കിലും പോരെ എന്നാണ് ചോദിച്ചത്. പക്ഷേ, ഡോമിന്‍ ഉറച്ചുനിന്നു.

പിന്നീട് നിര്‍മാതാവ് വിജയകുമാറിനൊപ്പമാണ് കാണാന്‍ വരുന്നത്. സാറ്റലൈറ്റ് റൈറ്റോ ഒന്നും ഇല്ലാത്ത സമയത്ത് ഒരു നിര്‍മാതാവ് നമ്മളെ വെച്ച് സിനിമയെടുക്കാം എന്ന തീരുമാനമെടുത്തതിനെ ഒരുപാട് ബഹുമാനിക്കുന്നു. ഞാന്‍ നായകനാകാന്‍ ഡോമിന്‍തന്നെയാണ് കാരണം. ഡോമിന്‍ നിര്‍മാതാവിനോട് പറഞ്ഞത്, എനിക്ക് നീരജിനെ അല്ലെങ്കില്‍ ധനുഷിനെ തരണമെന്നാണ്. ഞാന്‍ ഞെട്ടിപ്പോയി. അങ്ങനെയെങ്കില്‍ ഈ കഥാപാത്രത്തില്‍ എന്തെങ്കിലും ഉണ്ടാകണമല്ലോ എന്നു തോന്നി. നടനെന്നനിലയില്‍ റോള്‍മോഡലായി കാണുന്ന ആളാണ് ധനുഷ്. സമയമെടുത്ത് ചെയ്യാം എന്ന് തീരുമാനിച്ചു. മൂന്നുനാലുതവണയെങ്കിലും തിരക്കഥയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. മെക്‌സിക്കന്‍ അപാരത കാണാന്‍ ഞങ്ങള്‍ രണ്ടുംകൂടിയാണ് തിയേറ്ററില്‍ പോകുന്നത്. നമ്മള്‍ ആദ്യമായി ഒരു പഞ്ച് ഡയലോഗ് പറയുന്നു, അതിന് ആള്‍ക്കാര്‍ കൈയടിക്കുന്നു. അതുകണ്ടപ്പോള്‍ ഡോമിന്‍ പറഞ്ഞു, സമയമായി. അങ്ങനെ ഞാനും മാനസികമായി തയ്യാറായ ഒരു സമയത്താണ് പൈപ്പിന്‍ചുവട്ടിലെ പ്രണയം തുടങ്ങുന്നത്.

കൂട്ടത്തിലൊരാള്‍ എന്ന മട്ടിലുള്ള കഥാപാത്രങ്ങളായിരുന്നു ചെയ്തതിലേറെയും. സൗഹൃദങ്ങള്‍ സിനിമയുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടോ?
ആളുകള്‍ക്ക് അടുപ്പം തോന്നാന്‍ ഇത്തരം വേഷങ്ങള്‍ സഹായിച്ചിട്ടുണ്ട്. സൗഹൃദങ്ങള്‍ സിനിമയില്‍ ആദ്യകാലത്തൊന്നും സഹായിച്ചിട്ടില്ല. വടക്കന്‍ സെല്‍ഫി മുതലാണ് ഫ്രന്റ്സിന്റെ കൂടെ സിനിമ ചെയ്യാന്‍ തുടങ്ങിയത്. അങ്ങനെ നമ്മുടെതായ കംഫര്‍ട്ട് സോണില്‍ നിന്ന് ചിത്രങ്ങള്‍ ചെയ്യാനുള്ള ഒരു ടെന്‍ഡന്‍സി ഉണ്ടായി. അങ്ങനെയാണ് അടുത്തടുത്ത് അടി കപ്യാരേ കൂട്ടമണി, കുഞ്ഞിരാമായണം പോലുള്ള ചിത്രങ്ങള്‍ സംഭവിച്ചത്. പിന്നീട് ലവകുശയില്‍ വന്നതും അത് സംഭവിക്കാന്‍ കാരണമായതും സുഹൃത്തുക്കള്‍ തന്നെയാണ്.

നടന്‍ എന്ന നിലയില്‍ മുന്നോട്ടുള്ള കരുത്ത് എന്താണ്?

എന്റെ ഫ്ളെക്‌സിബിലിറ്റിയാണ്. എന്തു കാരക്ടര്‍ ചെയ്യാനുമുള്ള ആത്മവിശ്വാസം ഉണ്ട് എനിക്ക്. അതൊക്കെ എത്രമാത്രം സ്വീകാര്യമാണ് എന്നറിയില്ല. ഒന്നും ചെയ്യാന്‍ പറ്റില്ല എന്നുതോന്നിയിട്ടില്ല. എന്തിനും ശ്രമിക്കാം എന്ന ധൈര്യമാണല്ലോ ആദ്യത്തെ കോണ്‍ഫിഡന്‍സ്. ചെറുതായാലും വലുതായാലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അപ്പോത്തിക്കിരിയിലെ ഷിനോയ് ആണെങ്കിലും സപ്തമശ്രീയിലെ നാരായണന്‍ കുട്ടിയായാലും വടക്കന്‍സെല്‍ഫിയിലെ തങ്കപ്രസാദ് ആയാലുമൊക്കെ ഒന്നില്‍നിന്ന് വേറിട്ട വേഷങ്ങളായിരുന്നു. നമുക്ക് എന്തൊക്കെ പറ്റും എന്ന് പയറ്റിനോക്കാനുള്ള ഒരു പഠനകാലമായിരുന്നു ആ കാലഘട്ടം.

ഞാനൊരു നടനെക്കാള്‍ നല്ല സംവിധായകനായിരിക്കും എന്ന് തോന്നുന്നു. കാരണം ഒരു സംവിധായകന്റെ കാഴ്ചപ്പാടില്‍നിന്നുകൊണ്ടാണ് ഞാനെന്നെതന്നെ ഡയറക്ട് ചെയ്യുന്നത്. ഞാനാണ് സംവിധാനം ചെയ്യുന്നെങ്കില്‍ എന്നു മനസ്സില്‍ കണ്ടാണ് ഓരോ രംഗവും ചെയ്യുന്നത്. സ്വയം ഇംപ്രൂവ് ചെയ്യാന്‍ അത് സഹായിക്കാറുണ്ട്.

ചേട്ടന്‍ താരമായപ്പോള്‍ അനിയന്‍ എന്തു പറയുന്നു?

നവനീത് മാണിക്യക്കല്ല്, ശിക്കാര്‍ തുടങ്ങി കുറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. അവനിപ്പോള്‍ ബെംഗളൂരു ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രി കഴിഞ്ഞു. എഡിറ്റിങ്ങും സിനിമാട്ടോഗ്രഫിയുമാണ് താത്പര്യം. പി.ജി. ചെയ്യണം എന്നുപറയുന്നു. ഒക്കെ അവന്റെ തീരുമാനങ്ങളാണ്.
ബിജു മേനോനൊപ്പം റോസാപ്പൂ ആണ് നീരജിന്റെ പുതിയ ചിത്രം. രാജീവ് രവിയുടെ അസിസ്റ്റന്റ് ആയിരുന്ന വിനു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ 2017 ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചത്
സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ പുതിയ ലക്കം വാങ്ങിക്കാം :

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram