നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നസ്രിയ മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. മലയാളികള്‍ക്ക് ജനപ്രിയ സിനിമകള്‍ സമ്മാനിച്ച അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'കൂടെ' എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. ബന്ധങ്ങളുടെ കഥപറയുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ് 'കൂടെ' എന്നു നസ്രിയ പറയുന്നു. ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. ക്ലബ് എഫ് എം യുഎഇയില്‍ ആര്‍ജെ നീനയ്‌ക്കൊപ്പം നസ്രിയ പങ്കുവച്ച 'കൂടെ'യുടെ വിശേഷങ്ങള്‍ ഇങ്ങനെ.
'എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒരു ഫില്‍ഗുഡ് മൂവിയാണ് കൂടെ. വ്യത്യസ്ത ബന്ധങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. സിനിമയില്‍ പൃഥ്വിരാജിന്റെ സഹോദരിയാണ് ഞാന്‍. കൂടെയുടെ ആദ്യ ദിവസം എനിക്കും അഞ്ജുചേച്ചിക്കു(അഞ്ജലി മേനോന്‍)മായിരുന്നു ഏറ്റവും ടെന്‍ഷന്‍. ഞങ്ങള്‍ രണ്ടുപേരുമാണ് നാലുവര്‍ഷത്തിനു ശേഷം ഒരുമിച്ച് ഒരു പടം ചെയ്യുന്നത്. ഞങ്ങളുടെ ജന്മദിനവും ഒരേ ദിവസമാണ്. എല്ലാ വര്‍ഷവും ഞങ്ങള്‍ ജന്മദിനത്തിന് പരസ്പരം വിളിക്കും. ഈ നാലു വര്‍ഷത്തിനിടയില്‍ ഒരുപാട് കഥകള്‍ ഒന്നും കേട്ടിട്ടില്ല. ഞാന്‍ എന്റെ ജീവിതം ആസ്വദിക്കുകയായിരുന്നു. സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ സിനിമ മാത്രമായിരുന്നു ചെയ്യുന്നത്. അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം അഞ്ജുച്ചേച്ചി വിളിച്ചിട്ട് എന്റെ മനസിലൊരു കാര്യമുണ്ട്, പറയട്ടേ എന്നു പറഞ്ഞു. അങ്ങനെയാണു കൂടെ സംഭവിക്കുന്നത്.
ഓറിയോ എന്റെ ബെസ്റ്റ്ഫ്രണ്ട്
ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്. ഓറിയോ വന്നതിനു ശേഷം എന്റെ പേടി മാറി. ഓറിയോയുടെ നിറം ബ്ലാക്കും വൈറ്റും കൂടിയതാണ്. ഓറിയോയെന്നുള്ള പേര് ഫഹദിന്റെ സഹോദരി അമ്മു സെലക്റ്റ് ചെയ്തതാണ്. കാരണം ഒാറിയോ ബിസ്‌ക്കറ്റിന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറം അല്ലെ.
ഒറ്റയ്ക്കിരിക്കണം എന്ന് എനിക്ക് ഒരിക്കലും തോന്നിട്ടില്ല. എപ്പോഴും എനിക്കൊപ്പം ആരെങ്കിലും വേണം. ഒന്നുകിൽ എന്റെ സഹോദരന്‍ അല്ലെങ്കില്‍ ഫഹദിന്റെ സഹോദരന്‍. അങ്ങനെ ആരെങ്കിലും. ഇല്ലെങ്കില്‍ ഫഹദ് ഒപ്പം കാണും.
'കൂടെ'യിലെ നായകൻ
റോഷന് ഒപ്പം ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. വര്‍ക്ക്‌ഷോപ്പിന്റെ സമയത്തും റോഷന്‍ കുറച്ചു ടെന്‍ഷനിലായിരുന്നു. പിന്നെ അതുമാറി. അഞ്ജു ചേച്ചി അത്രയ്ക്ക് നല്ല ഒരു അന്തരീക്ഷമാണ് സെറ്റില്‍ ഒരുക്കിയത്.
ഫഹദ് എപ്പോഴും ചോദിക്കും എന്താ ഇങ്ങനെ മടിപിടിച്ചിരിക്കുന്നത്...
ഫഹദ് തന്നെയായിരുന്നു അഭിനയിക്കാനായി പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നത്. എന്താ ഇങ്ങനെ മടിപിടിച്ചിരിക്കുന്നത് എന്നു ഫഹദ് എപ്പോഴും എന്നോടു ചോദിക്കും. ഫഹദ് ഒരിക്കലും എന്നോട് സിനിമ ചെയ്യരുതെന്നു പറഞ്ഞിട്ടില്ല. ഇതിനിടയില്‍ ഫഹദ് സിനിമയില്‍ നിന്ന് ഒരു വര്‍ഷം ഇടവേളയെടുത്തു. എന്നാല്‍ ആരും അതിനെക്കുറിച്ചു ചോദിച്ചില്ല. കഴിഞ്ഞ നാലുവര്‍ഷം എങ്ങനെ പോയെന്നു പോലും എനിക്ക് അറിയില്ല. ഞങ്ങള്‍ ഒരുമിച്ച് യാത്രകള്‍ ചെയ്തു, സമയം ചെലവഴിച്ചു. കല്യാണത്തിനു മുമ്പും കല്യാണത്തിനു ശേഷവും എന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നു പ്ലാന്‍ ചെയ്തിട്ടു സംഭവിച്ചതല്ല.
ലൈഫില്‍ ചേര്‍ത്തു പിടിക്കേണ്ട മൂന്നു മൂല്ല്യങ്ങള്‍
സത്യസന്ധത, കഠിനാധ്വാനം, സ്‌നേഹം.
എപ്പോഴും കൂടെയുണ്ടാകുന്ന കാര്യങ്ങള്‍
എന്‍െ ഫോണും എന്റെ വിവാഹമോതിരവും.
ആരുടെ കൂടെ സിനിമയ്ക്കു പോകാനാണ് ഇഷ്ടം.
ഫഹദിന്റെ കൂടെ പോകാനാണ് ഇഷ്ടം. പക്ഷേ അതു പലപ്പോഴും നടക്കാറില്ല. ഓഡിയന്‍സും ഡിസ്ട്രാക്ഷനുമൊക്കെയായിരിക്കും. ഫഹദിന് ആള്‍ക്കുട്ടം വലിയ ടെന്‍ഷനാണ്. ഞാന്‍ എല്ലാ പടങ്ങളും തിയേറ്ററില്‍ തന്നെ പോയിരുന്നു കാണുന്നായാളാണ്. മാതാപിതാക്കളുടെയോ കുടുംബത്തൊടെ ഒപ്പം പോകും.
സിനിമാ രംഗത്ത് കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന രണ്ടുപേര്‍
അതു പാര്‍വതിയും പൃഥ്വിയുമാണ്.
ഇനിയാരുടെ കൂടെ അഭിനയിക്കാനാണ് ഇഷ്ടം?
അങ്ങനെ ഒരുപാട് ആള്‍ക്കാര്‍ ഇല്ല. അതില്‍ ഒരാള്‍ മമ്മൂട്ടി അങ്കിളാണ്.
ഫഹദിന്റെ കൂടെ എന്നാണ് ബിഗ്‌സ്‌ക്രിനില്‍ കാണുമോ
വെയ്റ്റ് ആന്‍ഡ് വാച്ച്...
പാര്‍വതി ഹെയ്‌റ്റേഴ്‌സിനെകുറിച്ച്
എനിക്ക് നല്ല വിശ്വാസമുണ്ട് നിങ്ങളെല്ലാവരും പടം നന്നായാല്‍ തിയേറ്റില്‍ പോയി കാണും. അഭിനേതാക്കള്‍ ആരെന്നു നോക്കാതെ നിങ്ങള്‍ പ്രോത്സഹിപ്പിക്കും.
Content Highlights: nazriya about anjali menon koode movie