നാദിര്‍ഷായും ദിലീപും ചേര്‍ന്നാല്‍ എന്നും എപ്പോഴും ചിരിയുടെ പൂക്കളാണ്. 'ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം' നടത്തിയും 'മാവേലിയെ കൊമ്പത്ത്' കയറ്റിയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച 'നാദ് സഖ്യം' ഇപ്പോഴിതാ വെള്ളിത്തിരയിലും ഒന്നിക്കുന്നു. ദിലീപിനെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വര്‍ഷങ്ങളുടെ സൗഹൃദമുള്ള പ്രിയസുഹൃത്തുക്കള്‍ ഇതാദ്യമായി സംവിധായക-നായകവേഷങ്ങളില്‍ ഒന്നിക്കുന്ന ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങള്‍ നാദിര്‍ഷാ പങ്കുവയ്ക്കുന്നു.
ഇതാണ് ഞങ്ങളുടെ സമയം
ഞാന്‍ സംവിധായകനായശേഷം ഇതുവരെ ദിലീപിനെവെച്ച് സിനിമ ചെയ്യാത്തതിനെപ്പറ്റി പലരും ചോദിച്ചിരുന്നു. ദിലീപ് എന്റെ ഏറ്റവും അടുത്ത സുഹൃത്തായതുകൊണ്ടുമാത്രം ഒരു ചിത്രത്തില്‍ അവനെ നായകനാക്കാന്‍ സാധിക്കില്ല. ദിലീപ് എന്ന നടന് പറ്റുന്ന കഥാപാത്രം വരുമ്പോഴാണ് അവനെവെച്ച് ഒരു സിനിമ ചെയ്യാന്‍കഴിയുന്നത്.
ഇപ്പോഴാണ് ദിലീപിന് പറ്റിയ കഥാപാത്രം എന്റെ മുന്നിലേക്ക് വന്നത്. ആ സമയത്ത് അവനെ നായകനാക്കി ഞാന്‍ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് മാത്രം. സിനിമയും കഥാപാത്രങ്ങളും അതത് സമയങ്ങളില്‍ സംഭവിക്കേണ്ടതാണ്. ഇതാണ് ഞങ്ങളുടെ സമയം.
പേരുകള്‍ യാദൃച്ഛികം
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍, മേരാ നാം ഷാജി എന്നിങ്ങനെ എന്റെ ആദ്യ മൂന്നുസിനിമകളുടെയും പേര് അല്പം നീണ്ടതായിരുന്നു. അത് അങ്ങനെ നീണ്ടതാകണമെന്ന് ആലോചിച്ച് ഇട്ട പേരുകളായിരുന്നില്ല. കേശു ഈ വീടിന്റെ നാഥന്‍ എന്ന പേരും യാദൃച്ഛികമായി നീണ്ടുപോയതാണ്. യാദൃച്ഛികമായിത്തന്നെ ഈ പേരിലും മറ്റുള്ളതിലേതുപോലെ മൂന്ന് ഭാഗങ്ങളുമുണ്ട്. ഇതെല്ലാം നല്ലതിനാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ദിലീപും ഉര്‍വശിയും
വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ദിലീപും ഉര്‍വശിയും ഈ ചിത്രത്തില്‍ ഒന്നിക്കുന്നത്. ഷഷ്ടിപൂര്‍ത്തിപോലും ആഘോഷിച്ചുകഴിഞ്ഞ ഒരു വൃദ്ധകഥാപാത്രമായാണ് ദിലീപ് അഭിനയിക്കുന്നത്. ദിലീപിന്റെ ചില സിനിമകളില്‍ വൃദ്ധവേഷം വളരെക്കുറച്ച് സീനുകളില്‍ വന്നിട്ടുണ്ടെങ്കിലും ഈ സിനിമയിലെ അപ്പിയറന്‍സ് വളരെ വ്യത്യസ്തമാണ്. പ്രായമായ ദിലീപിന്റെയും ഉര്‍വശിയുടെയും കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പുതുമയാകുമെന്നാണ് കരുതുന്നത്.
ആണ്‍പക്ഷം മാത്രമല്ല
എന്റെ സിനിമകളുടെപേരില്‍ ആണ്‍കഥാപാത്രങ്ങളാണ് ഇതുവരെ വന്നിട്ടുള്ളതെല്ലാം. അമറും അക്ബറും അന്തോണിയും ഋത്വിക് റോഷനും ഷാജിയുമെല്ലാം അങ്ങനെ സംഭവിച്ചതാണ്. എന്നുകരുതി എന്റെ സിനിമകള്‍ ആണ്‍പക്ഷമാണെന്ന് കരുതുന്നില്ല. ശക്തമായ സാന്നിധ്യമുള്ള പെണ്‍കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. പുതിയ സിനിമയിലും ശക്തമായ പെണ്‍കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കഥാപാത്രത്തിന്റെ കരുത്തിനും ആഴത്തിനുമാണ് ഞാന്‍ പ്രധാന്യം നല്‍കുന്നത്.
പെങ്ങളും അളിയനും
മൂന്ന് പെങ്ങന്മാരും അളിയന്മാരും നിറഞ്ഞ വീട്ടിലാണ് കേശു താമസിക്കുന്നത്. സലീംകുമാര്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍ എന്നിവരാണ് അളിയന്മാരുടെ വേഷത്തിലെത്തുന്നത്. സമകാലീന മലയാളസിനിമയില്‍ കുടുംബബന്ധങ്ങളുടെ കഥകള്‍ വളരെ കുറവാണ്. കുടുംബപശ്ചാത്തലത്തില്‍ നര്‍മത്തില്‍ ചാലിച്ച കഥയാണ് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. കൊച്ചി, പളനി, രാമേശ്വരം, കാശി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എഴുതിയ സജീവ് പാഴൂരാണ് ഈ സിനിമയുടെ തിരക്കഥയെഴുതുന്നത്. ഹരി നാരായണന്‍, ജ്യോതിഷ് എന്നിവരുടെ വരികള്‍ക്ക് ഞാന്‍തന്നെയാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. അനില്‍ നായരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 'കേശു ഈ വീടിന്റെ നാഥന്‍' തമാശകള്‍ നിറഞ്ഞ ഒരു കുടുംബചിത്രമായി ഒരുക്കാനാണ് ഞങ്ങളെല്ലാം ശ്രമിക്കുന്നത്.
Content Highlights : Nadirshah New Movie Kesu Ee veedinte Nathan, Dileep In Lead Role