കേരളത്തിലെ തിയേറ്ററിലേക്ക് നാദിര്‍ഷയുടെ അമര്‍ അക്ബര്‍ അന്തോണി എത്തി. ക്ലാസ്‌മേറ്റിന് ശേഷം പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് ടീം ഒന്നിച്ച ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ നാദിര്‍ഷ.
എന്താണ് അമര്‍ അക്ബര്‍ അന്തോണി പറയുന്നത്?
ഉത്തരവാദിത്വബോധമില്ലാതെ, ഓരോ നിമിഷവും ആഘോഷത്തോടെ ജീവിക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണിത്. നല്ല വേഷം, ഭക്ഷണം, ആഘോഷം... അത് മാത്രമായിരുന്നു അവരുടെ ചിന്ത. അവരുടെ ജീവിതത്തില്‍ വന്ന സംഭവം മൂവരുടെയും ചിന്തകളെയും സ്വഭാവത്തെയും മാറ്റിമറിക്കുന്നു. ഇന്നത്തെ തലമുറയെ ഈ ചിത്രം ചിന്തിപ്പിക്കും. 'ഏറെ സാമൂഹികപ്രസക്തിയുള്ള ചിത്രം' എന്ന അഭിപ്രായമാണ് സെന്‍സര്‍ കഴിഞ്ഞപ്പോള്‍ ബോര്‍ഡില്‍ നിന്ന് കിട്ടിയത്.
നാദിര്‍ഷ ഒരു ചിത്രം ഒരുക്കുമ്പോള്‍ അതൊരു കോമഡി ചിത്രമായാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്?
അത് തെറ്റില്ല. പ്രേക്ഷകര്‍ എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നതെല്ലാം ഈ ചിത്രത്തിലുണ്ട്. സിനിമ കണ്ട് തിയേറ്ററില്‍നിന്നിറങ്ങുന്ന പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാനുള്ള ഒരു കഥയുള്ള, ഹ്യൂമറിന് പ്രാധാന്യമുള്ള എന്റര്‍ടെയ്‌നറാണിത്.
ഈ ചിത്രത്തിന്റെ ടൈറ്റില്‍ ഒരു സൂപ്പര്‍ ഹിറ്റ് ഹിന്ദി ചിത്രത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. അതുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ഞാന്‍ കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ കണ്ട ഹിന്ദി ചിത്രമാണ് 'അമര്‍ അക്ബര്‍ ആന്റണി.' മൂന്ന് കഥാപാത്രങ്ങള്‍ തുല്യപ്രാധാന്യത്തോടെ ഒന്നിക്കുന്ന ചിത്രത്തിന്, ഞാന്‍ അറിഞ്ഞുകൊണ്ടിട്ട പേരാണത്. അതിലപ്പുറം സാമ്യമൊന്നുമില്ല.
നാദിര്‍ഷ ഒരു സംവിധായകനാകുമ്പോള്‍ ഒരുപാട് ബാധ്യതകളുണ്ട്. മിമിക്‌സ് രംഗത്തെ കൂട്ടായ്മ ചിത്രത്തിലുണ്ടോ?
മിമിക്‌സ് രംഗത്തെ കൂട്ടുകാരാരും ഈ ചിത്രത്തിലില്ല. പക്ഷേ, അവരുടെ പ്രാര്‍ഥന എനിക്കൊപ്പമുണ്ട്. അഞ്ച് പ്രധാന കഥാപാത്രങ്ങളേ ഈ ചിത്രത്തിലുള്ളൂ. അതുകൊണ്ട് വെറുതെ വന്നുപോകുന്ന കഥാപാത്രങ്ങളായി കൂട്ടുകാരെ വിളിക്കാന്‍ തോന്നിയില്ല. അവരോടുള്ള ആദരവുകൊണ്ടാണത്.
എന്തുകൊണ്ട് ദിലീപ് ഈ ചിത്രത്തില്‍ വന്നില്ല എന്നത്, അതിനോട് ചേര്‍ത്ത് പലരും ചോദിക്കുന്ന ചോ
ദ്യമാണ്.
സിനിമ കണ്ടുകഴിയുമ്പോള്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടും. ഈ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ കോമ്പിനേഷനാണിപ്പോള്‍. 'എടാപോടാ' എന്ന് വിളിക്കാവുന്ന സൗഹൃദമുള്ള മൂന്ന് കൂട്ടുകാരെയാണ് ഈ ചിത്രത്തിന് വേണ്ടിയിരുന്നത്. ദിലീപിന്റെ ഓപ്പണ്‍ ഡേറ്റും പിന്തുണയും എനിക്കൊപ്പമുണ്ടായിരുന്നു. ഗസ്റ്റ് റോളില്‍ വരാന്‍ വരെ ദിലീപ് തയ്യാറായിരുന്നു.
മലയാള സിനിമയിലേക്ക് ഏറ്റവും പ്രായം കുറഞ്ഞ തിരക്കഥാകൃത്തുക്കളെ നാദിര്‍ഷ അവതരിപ്പിച്ചു. അതൊരു ഹണ്ടിങ് ആയിരുന്നോ?
മനസ്സിനിണങ്ങുന്ന ഒരു കഥയ്ക്കുവേണ്ടി പത്തുവര്‍ഷത്തോളമായി ഞാന്‍ കാത്തിരിക്കുകയാണ്. പക്ഷഭേദമില്ലാതെ എല്ലാതരം തിരക്കഥാകൃത്തുക്കളില്‍നിന്നും നവാഗതരില്‍നിന്നും ക്ഷമയോടെ ഞാന്‍ കഥ കേട്ടിരുന്നു. ആ കാത്തിരിപ്പില്‍നിന്നാണ് യുവതിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജിനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കണ്ടെത്തിയത്. ഞാനൊരു യാത്രയ്ക്ക് ഇറങ്ങിയപ്പോഴാണ് അവര്‍ എന്നെ കാണാന്‍ ഫഌറ്റിലെത്തിയത്. കഥ പത്തുമിനുട്ടുകൊണ്ട് പറയാന്‍ ഞാന്‍ പറഞ്ഞു. രണ്ട് മണിക്കൂര്‍കൊണ്ട് കഥ കേട്ടാലേ അത് മനസ്സിലാക്കാന്‍ പറ്റൂ എന്നുപറഞ്ഞ് അവര്‍ തിരിച്ചുപോകാന്‍ ഒരുങ്ങി. അതില്‍ എന്തോ കാര്യമുണ്ടെന്ന് എനിക്ക് തോന്നി. യാത്ര മാറ്റിവെച്ച് ഞാന്‍ കഥ കേട്ടു. എന്റെ തോന്നല്‍ ശരിയായിരുന്നെന്ന് ഈ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്കും തോന്നും.
സംവിധാനത്തില്‍ കാര്യമായ മുന്‍പരിചയമില്ല... എന്നിട്ടും എന്തായിരുന്നു ധൈര്യം?
പത്തുവര്‍ഷം മുന്‍പ് ദിലീപ്, കിരീടം ഉണ്ണി, ഗുഡ്‌നൈറ്റ് മോഹന്‍, മിലന്‍ ജലീല്‍ എന്നിവര്‍ ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കാന്‍ മുന്നോട്ടുവന്നവരാണ്. ശക്തമായ തിരക്കഥയുടെ അഭാവത്തില്‍ ആ ഓഫറുകള്‍ ഞാന്‍ നിരസിക്കുകയായിരുന്നു. ഇത്രയും കാലം ഓരോ ദിവസവും മാറുന്ന സിനിമ ഞാന്‍ പഠിക്കുകയായിരുന്നു.
സംവിധാനത്തിലെ 'മാനസഗുരു' ആരാണ്?
കോമഡി ട്രാക്കില്‍ സംവിധായകന്‍ സിദ്ധിഖ് സാറിനെയും ആക്ഷനിലും ടെക്‌നിക്കല്‍ പെര്‍ഫെക്ഷനിലും ജോഷിസാറിനെയുമാണ് ഞാന്‍ മാതൃകയാക്കുന്നത്.മലയാള സിനിമയില്‍ എന്നെ വിസ്മയിപ്പിച്ച സംവിധായകരാണവര്‍
അഭിനയം, മിമിക്‌സ്, പാരഡിഗാനങ്ങള്‍... അതായിരുന്നു നാദിര്‍ഷയുടെ ട്രാക്ക്. സംവിധാനം ഒരു സ്വപ്‌നമായിരുന്നോ?
അതെ. വലിയ കാത്തിരിപ്പ് ആ സ്വപ്‌നത്തിന് പുറകിലുണ്ട്. കുടുംബസമേതം തിയേറ്ററിലിരുന്ന് കാണാന്‍ പറ്റിയ ഒരു സിനിമയാണ് എന്റെ സങ്കല്പം. പക്ക എന്റര്‍ടെയ്‌നര്‍. അത് പൊലിപ്പിക്കാന്‍ വേണ്ടതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്.