ഭീമന് വേണ്ടി എല്ലാം ത്യജിക്കുന്നത് എന്തിന്? ലാല്‍ പറയുന്നു


ശ്രീകാന്ത് കോട്ടക്കൽ

4 min read
Read later
Print
Share

'രണ്ടാമൂഴ'ത്തിലെ ഭീമനാവുന്ന മോഹന്‍ലാല്‍, ആശങ്കകളൊഴിഞ്ഞ ആകാശത്തിന് കീഴെയിരുന്ന് ഒരു നടനെന്ന നിലയില്‍ തന്നെ ആവേശിച്ച ബൃഹദ് സംരംഭത്തെക്കുറിച്ച് സംസാരിക്കുന്നു.

എം.ടി. വാസുദേവന്‍നായരുടെ 'രണ്ടാമൂഴം'സിനിമയാവുന്നു എന്ന വാര്‍ത്ത പതിയെയും ഉറക്കെയും സാഹിത്യത്തിന്റെയും സിനിമയുടെയും ഇടനാഴികളിലും ഉപശാലകളിലും കേള്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലധികമായി. പദ്ധതിയെപ്പറ്റിയുള്ള പല പല വിവരങ്ങള്‍ നേരായും നിറംകലര്‍ത്തിയും അതിശയോക്തിയോടെയും പ്രചരിച്ചുകൊണ്ടേയിരുന്നു. നിര്‍മാണച്ചെലവിനെപ്പറ്റി, സംവിധാനത്തെപ്പറ്റി, തിരക്കഥയെപ്പറ്റി, സംഘട്ടനരംഗങ്ങളെപ്പറ്റി, താരനിരയെപ്പറ്റി, ചമയങ്ങളെപ്പറ്റി..... തുടങ്ങി എല്ലാ കാര്യങ്ങളിലും 'രണ്ടാമൂഴം'വന്നും പോയുംകൊണ്ടിരുന്നു. എല്ലാ ചര്‍ച്ചകളിലും, എല്ലാ ആലോചനകളിലും ഒരു കാര്യം മാത്രം മാറാതെയും മങ്ങാതെയും നിലനിന്നു: നോവലിലെ കേന്ദ്രകഥാപാത്രമാവുന്നത് മോഹന്‍ലാലാണ്. ഇപ്പോള്‍ ആയിരംകോടി രൂപ മുതല്‍മുടക്കില്‍ രണ്ട് ഭാഗങ്ങളിലായി 'രണ്ടാമൂഴം'സിനിമയാവുന്നു എന്ന കാര്യം തീരുമാനമായിക്കഴിഞ്ഞു.

ഇന്ത്യന്‍ ഭാഷയില്‍വരുന്ന ഏറ്റവും ചെലവേറിയ സിനിമയാവും സ്‌ക്രീനില്‍ തെളിയുമ്പോള്‍ എം.ടിയുടെ ഈ മഹാഭാരത മലയാള ആഖ്യാനം.

'രണ്ടാമൂഴ'ത്തിലെ ഭീമനാവുന്ന മോഹന്‍ലാല്‍, ആശങ്കകളൊഴിഞ്ഞ ആകാശത്തിന് കീഴെയിരുന്ന് ഒരു നടനെന്ന നിലയില്‍ തന്നെ ആവേശിച്ച ബൃഹദ് സംരംഭത്തെക്കുറിച്ച് സംസാരിക്കുന്നു.

ഭീമന്‍ ആവുന്നതിന്റെ ആനന്ദം എങ്ങനെയാണ് താങ്കളിലെ നടന്‍ അനുഭവിക്കുന്നത്...

ഉള്ളം നിറഞ്ഞ ആനന്ദം അനുഭവിക്കുന്നു എന്നത് നൂറ് ശതമാനം ശരിയാണ്. അതിലുപരിയായി ഭീമനാവുന്നതിലെ നിമിത്തത്തിന്റെ അദ്ഭുതത്തിലാണ് ഞാനിപ്പോള്‍. എല്ലാവരെപ്പോലെ ഞാനും കുട്ടിക്കാലത്ത് ഭീമന്റേയും ബകന്റേയുമൊക്കെ കഥകള്‍ കേട്ടാണ് വളര്‍ന്നത്. പിന്നീട് വളര്‍ന്ന് നടനായപ്പോഴും എന്നെ ഭീമന്‍ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഒരു ശില്പി എം.ടി സാറിന്റെ 'രണ്ടാമൂഴ'ത്തിന്റെ അടിസ്ഥാനത്തില്‍ കൊത്തിയ ഒരു ശില്പം എനിക്ക് സ്നേഹത്തോടെ സമ്മാനിച്ചത്. അത് തരുമ്പോള്‍ അദ്ദേഹം പറഞ്ഞു ''എന്നെങ്കിലും രണ്ടാമൂഴം സിനിമയാവുകയാണെങ്കില്‍ താങ്കള്‍ക്ക് അഭിനയിക്കാന്‍ സാധിക്കട്ടെ.'' അന്ന് ഇത്തരം ഒരു സംരംഭത്തെക്കുറിച്ച് ആരും ആലോചിച്ചിട്ടു പോലുമില്ലായിരുന്നു!

പിന്നെയും കുറേക്കൊല്ലം കഴിഞ്ഞ് 2003-ലാണ് 'കഥയാട്ടം' എന്ന അഭിനയരൂപം ഞാന്‍ അവതരിപ്പിക്കുന്നത്. മലയാള സാഹിത്യത്തിലെ പ്രശസ്തമായ കൃതികളിലെ കഥാപാത്രങ്ങളുടെ രംഗാവിഷ്‌കാരങ്ങളുടെ ശ്രേണിയായിരുന്നു അത്. അക്കൂട്ടത്തിലും രണ്ടാമൂഴത്തിലെ ഭീമന്‍ ഉണ്ടായിരുന്നു. അന്നും സിനിമയെക്കുറിച്ച് ആലോചനയില്ലായിരുന്നു. അതുംകഴിഞ്ഞ് കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാനും മുകേഷും ചേര്‍ന്ന് 'ഛായാമുഖി' എന്ന നാടകം അവതരിപ്പിക്കുന്നത്. അതിലും എന്റെ കഥാപാത്രം ഭീമന്‍ ആയിരുന്നു! അപ്പോഴും സിനിമയെക്കുറിച്ച് യാതൊരുവിധ ആലോചനകളും അന്തരീക്ഷത്തിലില്ലായിരുന്നു. ഇങ്ങനെ എന്തിനോ വേണ്ടി ഭീമന്‍ എന്നെ, ഞാന്‍പോലുമറിയാതെ പിന്‍തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനിടെ കാവാലം നാരായണപ്പണിക്കരുടെ 'കര്‍ണ്ണഭാര'ത്തില്‍ കര്‍ണ്ണനാകാനും എനിക്ക് സാധിച്ചു. കര്‍ണ്ണനേക്കാള്‍ എന്തുകൊണ്ടോ ഭീമനാണ് എന്നില്‍ ആവേശിച്ചത്. അതിന്റെ പൂര്‍ണതയാവാം 'രണ്ടാമൂഴ'ത്തിന്റെ സിനിമാവിഷ്‌കാരത്തിലൂടെ സംഭവിക്കാന്‍പോകുന്നത്.

ഈ പദ്ധതിക്കായി എന്തുതരത്തിലുള്ള തയ്യാറെടുപ്പുകളാണ് മോഹന്‍ലാല്‍ എന്ന നടന് വേണ്ടിവരിക...

കഥാപാത്രമായി മാറാന്‍ ബോധപൂര്‍വമുള്ള ഒരു ശ്രമവും ചെയ്യാത്തയാളാണ് ഞാന്‍. തിരക്കഥ വായിച്ച് പല രീതിയില്‍ ശാരീരികമായും മാനസികമായും തയ്യാറെടുക്കുന്ന വലിയ നടന്മാരുണ്ട്. ഞാനൊരിക്കലും അങ്ങനെ ചെയ്തിട്ടില്ല. അമിതമായ ആത്മവിശ്വാസംകൊണ്ടൊന്നുമല്ല, അങ്ങനെ ശീലിച്ചില്ല എന്നതുകൊണ്ടുമാത്രം. എന്നാല്‍ ഭീമനാവാന്‍ ഞാന്‍ ഒരുപാട് സഹിക്കേണ്ടിവരും, പലതും ത്യജിക്കേണ്ടിവരും. ശരീരമാണ് ഭീമന്റെ ധനം.

ഒരു യോദ്ധാവിന്റെ ശരീരമായി ഞാന്‍ മാറേണം. ഗദയാണ് ഭീമന്റെ ആയുധം, ഗദായുദ്ധത്തിലാണ് അദ്ദേഹത്തിന്റെ കേമത്തം. ഗദായുദ്ധം അഭ്യസിക്കണം. ഗദായുദ്ധത്തിനൊപ്പം പല തരത്തിലുള്ള യുദ്ധമുറകള്‍ ഇതിലുണ്ട്. അതെല്ലാം വ്യത്യസ്തമായി ശീലിക്കണം. വ്യത്യസ്തരായ മാസ്റ്റേഴ്സാവും ഇവ ചിത്രീകരിക്കുക. ഗ്ലാഡിയേറ്റര്‍മാര്‍. മൂന്നോ നാലോ മാസം ഞാന്‍ അമേരിക്കയില്‍ പോയി ഇതിന്റെയെല്ലാം തയ്യാറെടുപ്പിന് മാത്രമായി ചെലവിടേണ്ടിവരും. കാറ്റിന്റെ പുത്രനാണ് ഭീമന്‍. രഥങ്ങളില്‍നിന്ന് രഥങ്ങളിലേക്ക് മാറിയുള്ള യുദ്ധരൂപങ്ങളുണ്ട്. കായികമായി അത് അഭ്യസിക്കേണ്ടിവരും. നാഗന്മാരില്‍നിന്നും അദ്ദേഹം അഭ്യസിക്കുന്ന യുദ്ധരീതി വേറെയാണ്, കളരിയുടെ വകഭേദങ്ങളുണ്ട്. ഇതെല്ലാം ശരീരത്തില്‍ ഉള്‍ക്കൊള്ളണം.

മാത്രമല്ല, ഒന്നോ ഒന്നരയോ വര്‍ഷം മറ്റെല്ലാ പദ്ധതികളില്‍നിന്നും മാറി പൂര്‍ണ്ണമായി ഞാന്‍ രണ്ടാമൂഴത്തിന് മാത്രമായി സമര്‍പ്പിക്കേണ്ടിയും വരും. ഇത്രയും വലിയ ഒരു സിനിമ ആവശ്യപ്പെടുന്നതാണ് അത്. നമ്മുടെ മലയാളം സിനിമയ്ക്ക് അത്ര പരിചിതമല്ലാത്തതും. എന്തായാലും ഭീമന്‍ സഹിച്ചതിനേക്കാള്‍ ഞാന്‍ ഈ സിനിമയ്ക്കു വേണ്ടി സഹിക്കേണ്ടിവരും, ഭീമന്‍ ത്യജിച്ചതിനേക്കാള്‍ ത്യജിക്കേണ്ടിയും വരും. എന്തായാലും ഞാനതിന് തയ്യാറാണ്.

കാരണം...

കാരണം അത് എന്നിലെ നടനെ പ്രചോദിപ്പിക്കുന്നു. ഇതെനിക്കാവശ്യമാണ് എന്ന് എന്റെ ഉള്ളം വിളിച്ചുപറയുന്നു. മറ്റൊരു കാരണവുമില്ല.

വളരെ ആധുനികമായ ഒരു കാലത്ത് ജീവിക്കുന്ന ഒരാള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു കാലത്തെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ എത്രമാത്രം വെല്ലുവിളിയുണ്ടാവും? രണ്ടാമൂഴം പകര്‍ത്തിയെഴുതുന്ന സമയത്ത് എം.ടി പത്രങ്ങള്‍പോലും വായിച്ചിരുന്നില്ല എന്ന് കേട്ടിട്ടുണ്ട്...

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനും എം.ടി.സാറും ബോംബെയില്‍ ഒരു പരിപാടിയില്‍ ഒന്നിച്ച് പങ്കെടുത്തിരുന്നു. അന്ന് എന്നെ മുന്നിലിരുത്തി അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു: തിരക്കഥാകൃത്ത് എഴുതിവെച്ചതിന് മുകളില്‍ നടന്‍ പോകുമ്പോഴാണ് സിനിമയും കഥാപാത്രവും വിജയിക്കുന്നത്. അല്ലാതെ എഴുതിവെച്ചത് അപ്പടി അനുസരിക്കുമ്പോഴല്ല. തീര്‍ച്ചയായും ഇത് മറ്റൊരു കാലത്തിന്റെ കഥയാണ്. നമുക്കൊന്നും സങ്കല്പിക്കാന്‍ കഴിയാത്ത ജീവിതവും ആചാരങ്ങളും നീതിബോധങ്ങളും പെരുമാറ്റ രീതികളും വസ്ത്രധാരണ രീതികളും ഭക്ഷണരീതികളും ശരീര വടിവുകളുമൊക്കെയുള്ള കാലം. ഇക്കാലത്തിന്റെ കൂടുവിട്ട് അതിലേക്ക് കൂടുമാറുക എന്നത് വലിയ വെല്ലുവിളിതന്നെയാണ്. എം.ടി.സാര്‍ അതില്‍ വിജയിച്ചു. എനിക്കും സഹപ്രവര്‍ത്തകര്‍ക്കും അതിന് സാധിക്കണേയെന്നാണ് പ്രാര്‍ഥന.

'മഞ്ഞില്‍വിരിഞ്ഞ പൂക്കളി'ലെ നരേന്ദ്രനില്‍ നിന്ന് 'രണ്ടാമൂഴ'ത്തിലെ ഭീമനില്‍ എത്തിനില്‍ക്കുന്നു മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ഗ്രാഫ്. എങ്ങനെയാണ് ദീര്‍ഘമായ ഈ യാത്രയെ താങ്കള്‍ ഇപ്പോള്‍ അനുസ്മരിക്കുന്നത്..

മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ആദ്യത്തെ ഷോട്ടിന് നില്‍ക്കുമ്പോഴുള്ള അതേ പാഷനോടെയാണ് ഞാനിന്നും ഇപ്പോള്‍ ചിത്രീകരിക്കുന്ന സിനിമയുടെ ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. ആ തീ അണയാതെ കാത്തുസൂക്ഷിക്കുക എന്നതായിരുന്നു പോയ മൂന്നരപ്പതിറ്റാണ്ടില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പ്രായമാവുന്നതിനനുസരിച്ച് സ്വാഭാവികമായും എല്ലാ കലാകാരന്മാരിലും തീവ്രാഭിനിവേശത്തിന്റെ തീ കെടാനുള്ള സാധ്യത കൂടുതലാണ്. ഞാനും അതിന്റെ ഭാഗമാണ്. അതിനെ മറികടക്കാനാണ് ഞാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട്, ഭീമനായി ആദ്യത്തെ ഷോട്ടെടുക്കുമ്പോഴും എന്നില്‍ ആ പഴയ പാഷന്‍ ഉണ്ടാവും. പിന്നെ മറ്റൊരു കാര്യമുണ്ട്: മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ തീര്‍ത്തും ബ്ലാങ്കായിരുന്നു. എന്നാല്‍ ഭീമനിലെത്തുമ്പോള്‍ പോയ മുപ്പത്തിയെട്ട് വര്‍ഷത്തെ അനുഭവങ്ങള്‍ എനിക്ക് കൂട്ടായുണ്ട്. എന്റെ അധ്വാനങ്ങള്‍, പറ്റിപ്പോയ അബദ്ധങ്ങള്‍, അവയില്‍നിന്ന് പഠിച്ച പാഠങ്ങള്‍, ചെയ്ത് ചെയ്ത് സ്വായത്തമായ ടെക്നിക്കുകള്‍... ഇവയെല്ലാം എനിക്ക് ഉപയോഗിക്കാം. അത് ഒരുപക്ഷേ, ഭീമനെ കൂടുതല്‍ നന്നാക്കാന്‍ സഹായിക്കുമായിരിക്കാം.

കേന്ദ്രകഥാപാത്രമായ നടനെന്നതിലുപരി ഈ പദ്ധതിയെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്..

ഒരുപാട് പ്രതിഭകളുടെ അധ്വാനമാണ് സിനിമ. അത് ഒരിക്കലും ഒരാള്‍ക്കു മാത്രം അവകാശപ്പെടാവുന്ന കലാരൂപമല്ല. 'രണ്ടാമൂഴം'പോലുള്ള ഒരു സിനിമ ഈ അധ്വാനവും പ്രതിഭകളുടെ മേളനവും കൂടുതല്‍ ആവശ്യപ്പെടുന്നു. ആദ്യമായി നന്ദി പറയേണ്ടത് എം.ടി. സാറിനോടാണ്. നോവലിനൊപ്പം അദ്ദേഹം തയ്യാറാക്കിയ തിരക്കഥയ്ക്കും. പിന്നെ ഇത്തരം ഒരു സിനിമയ്ക്കു വേണ്ടി ദാഹിക്കുകയും അതിനുവേണ്ടി നിശ്ശബ്ദമായി അധ്വാനിക്കുകയും ചെയ്ത സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, വലിയ മുതല്‍ മുടക്കിന് തയ്യാറായ വ്യവസായി ബി.ആര്‍. ഷെട്ടി എന്നിവര്‍ക്കെല്ലാം നന്ദി പറയേണ്ടതുണ്ട്. ഒന്നരവര്‍ഷത്തിലധികം അതിനു വേണ്ടി കൂട്ടായി അധ്വാനിക്കുക എന്നതാണ് മുന്നിലുള്ള വെല്ലുവിളി. അതില്‍ വിജയിക്കാന്‍ പണത്തേക്കാളും പാഷനേക്കാളും അധികം വേണ്ടത് ഗുരുത്വമാണ്. അതിനായാണ് പ്രാര്‍ഥന.

രണ്ടാമൂഴത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്ത വരുമ്പോഴും സിനിമാമേഖലയിലുള്ളവരടക്കമുള്ളവര്‍ പങ്കുവെക്കുന്ന ഒരു സംശയമുണ്ട് 'ഇതൊക്കെ നടക്കുമോ'... ഇത് താങ്കളും കേട്ടുകാണും...

ഒരു നല്ല കാര്യം നടക്കുമോ എന്ന് ആശങ്കപ്പെടുന്നതിനേക്കാള്‍, നടക്കില്ല എന്ന് തീരുമാനിക്കുന്നതിനേക്കാള്‍ എനിയ്ക്കിഷ്ടം നടക്കും എന്ന് വിശ്വസിച്ച് അതില്‍ ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. ഇത് നടക്കുമോ നടക്കില്ലയോ എന്നതൊന്നും എന്റെ വിഷയമല്ല. നടക്കും എന്ന് വിശ്വസിച്ച് ഒരു സ്വപ്നപദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുക എന്നതാണ് ഏറ്റവും വലിയ ആനന്ദം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ഒരിക്കല്‍ മമ്മൂക്ക എന്നോട് ചോദിച്ചു. ''നീ എന്നെ എവിടേലും കണ്ടോ...?

Jun 24, 2019


mathrubhumi

6 min

ഇന്ത്യൻ സിനിമയിലെ അത്ഭുതങ്ങളാണ് മമ്മൂട്ടി സാറും മോഹൻലാൽ സാറും - കമൽഹാസൻ

Nov 7, 2017