ഓണക്കാലം തിയ്യറ്ററുകള്‍ക്ക് ഉത്സവകാലമാണ്. സൂപ്പര്‍ താരങ്ങളുടെ അവധിക്കാല ചിത്രങ്ങള്‍ കാണാന്‍ വീടടച്ചിറങ്ങുന്ന പതിവാണ് മലയാളിക്കുള്ളത്. കളിപറഞ്ഞും കണ്ണിറുക്കിച്ചിരിച്ചും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു മോഹന്‍ലാല്‍ കഥാപാത്രംകൂടി ഈ ഓണക്കാലത്ത് ഒപ്പംചേരുന്നു. 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യെന്ന ചിത്രത്തില്‍ ചൈനയില്‍ ജീവിച്ച, കുന്നംകുളത്ത് വേരുകളുള്ള ഇട്ടിമാത്തന്‍ മകന്‍ ഇട്ടിമാണിയായാണ് ലാല്‍ എത്തുന്നത്.
അതിരുകള്‍ മായ്ച്ച് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ചൈനയിലേക്കും കടക്കുകയാണ്. പ്രദര്‍ശനത്തിനൊരുങ്ങുന്ന ലാല്‍ചിത്രങ്ങള്‍ ചൈനീസ് ഭാഷയില്‍ അവിടെ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ സജീവം. ഓണച്ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം സിനിമാവ്യവസായത്തിലെ പുതിയ ചുവടുവെപ്പുകളെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിക്കുന്നു.
ഓണച്ചിത്രം ഇട്ടിമാണിയുടെ വിശേഷങ്ങള്‍...
ഇട്ടിമാണി മാസാണ്, മനസ്സുമാണ് എന്നാണ് ചിത്രത്തിന് ഞങ്ങള്‍ നല്‍കുന്ന ക്യാപ്ഷന്‍, സിനിമ കാണുമ്പോള്‍ അതെന്താണെന്ന് മനസ്സിലാക്കാം. ഇട്ടിമാണി ജനിച്ചതും കുട്ടിക്കാലം ചെലവിട്ടതുമെല്ലാം ചൈനയിലാണ്. കുന്നംകുളത്തു നിന്ന് അവിടേക്ക് ചേക്കേറിയ കുടുംബമാണ് ഇട്ടിമാണിയുടേത്. അയാളുടെ അച്ഛന്റെ അച്ഛനും അച്ഛനുമെല്ലാം ചൈനയിലായിരുന്നു. ചൈനീസ് ഭക്ഷണത്തെയും ചൈനീസ് ഭാഷയെയും സ്‌നേഹിക്കുന്നവനാണ് ഇട്ടിമാണി. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ചൈനീസ് ഭാഷയിലും തൃശ്ശൂര്‍ മലയാളത്തിലുമുള്ള സംഭാഷണങ്ങള്‍ ചിത്രത്തിലുണ്ട്. പാട്ടും തമാശയും മാര്‍ഗംകളിയുമെല്ലാമായി ഓണക്കാലത്ത് പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമായി ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന മാറുമെന്നാണ് പ്രതീക്ഷ.
ഇട്ടിമാണിക്കുവേണ്ടി ചൈനീസ് ഭാഷ പഠിക്കേണ്ടിവന്നോ...
അത്രയെളുപ്പത്തില്‍ പഠിച്ചെടുക്കാന്‍കഴിയുന്ന ഒന്നല്ല ചൈനീസ് ഭാഷ. സിനിമയ്ക്കുവേണ്ടി കഥാപാത്രത്തിനാവശ്യമായ ചില സംഭാഷണങ്ങള്‍ പഠിച്ചെടുത്തു. അവ വീണ്ടും പറയുമോ എന്നുചോദിച്ചാല്‍ പ്രയാസമാകും (കണ്ണിറുക്കിയ ചിരി). ഇട്ടിമാണി ചൈനീസ് ഭാഷ ഒഴുക്കോടെ സംസാരിക്കും, ചൈനീസ് എഴുതാനും വായിക്കാനും അറിയാവുന്ന ആളാണയാള്‍. കഥയുടെ രസകരമായ ചില സന്ദര്‍ഭങ്ങളില്‍ ചൈനീസ് ഭാഷയിലുള്ള സംസാരങ്ങള്‍ വന്നുപോകുന്നുണ്ട്. സബ്ടൈറ്റിലുകള്‍ നോക്കി പ്രേക്ഷകര്‍ക്കത് മനസ്സിലാക്കാം.
ചൈനയിലെ ചിത്രീകരണവിശേഷങ്ങള്‍...
ചൈനയില്‍ കുറച്ചുദിവസങ്ങള്‍ മാത്രമേ ചിത്രീകരണമുണ്ടായിരുന്നുള്ളൂ. ചെറിയൊരു ടീം മാത്രമാണ് അതിനായി അവിടേക്കുപോയത്. സിനിമയിലെ നിര്‍ണായകമായ ചില രംഗങ്ങള്‍ നടക്കുന്നത് ചൈനയിലാണ്. കഥ ആവശ്യപ്പെടുന്നതുകൊണ്ടാണ് ആ ഭാഗങ്ങള്‍ അവിടെവെച്ച് ചിത്രീകരിച്ചത്. ഇട്ടിമാണിയുടെ കുട്ടിക്കാലമാണ് ചൈനയില്‍ കാണിക്കുന്നത്. അതുകൊണ്ടുതന്നെ പഴയ ചൈനയുടെ ലുക്കായിരുന്നു ആവശ്യം. സ്റ്റുഡിയോകളില്‍വെച്ചാണ് സീനുകള്‍ ചിത്രീകരിച്ചത്. ഇതിനുമുമ്പ് ചൈനയില്‍ പോയിട്ടുണ്ടെങ്കിലും സിനിമ ഷൂട്ടുചെയ്ത സ്ഥലങ്ങളില്‍ ആദ്യമായിട്ടായിരുന്നു. സിനിമയെ സ്‌നേഹിക്കുന്ന നമ്മളുമായി സഹകരിക്കാന്‍ താത്പര്യം കാണിക്കുന്ന വലിയൊരു ടീം തന്നെ ചൈനയിലുണ്ട്.
മലയാള സിനിമ ചൈനയിലേക്ക് ചേക്കേറുന്നതായി വാര്‍ത്തകളുണ്ട്. പുതുതായി പ്രദര്‍ശനത്തിനെത്തുന്ന ലാല്‍ചിത്രങ്ങള്‍ ചൈനീസ് ഭാഷയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ എവിടെവരെയായി...
ചൈനയിലെ സിനിമാവിപണി നമ്മളെ അപേക്ഷിച്ച് എത്രയോ വലുതാണ്. അറുപത്തിയാറായിരത്തോളം സ്‌ക്രീനുകളാണ് അവിടെയുള്ളത്. മൂന്നുനാലുവര്‍ഷത്തിനിടയില്‍ സ്‌ക്രീനുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണവര്‍. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ'വും ഞാന്‍ സംവിധാനംചെയ്യുന്ന 'ബറോസു'മാണ് നിലവില്‍ ചൈനയില്‍ പ്രദര്‍ശനസാധ്യത തേടുന്നത്.
അവിടത്തെ സിനിമാപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ കുഞ്ഞാലിമരയ്ക്കാറിന്റെ ചില രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അവരുമായി ഒരു കോ-പ്രൊഡക്ഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് ഒപ്പുവെച്ചിട്ടുണ്ട്. ചര്‍ച്ചകളുടെ ആദ്യഘട്ടം വിജയകരമായി എന്നു പറയാം.
കുഞ്ഞാലിമരയ്ക്കാര്‍ ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റി, അവിടത്തെ തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണോ...
മൊഴിമാറ്റം മാത്രമായിരിക്കില്ല, ചൈനീസ് കമ്പനിയുമായി ചേര്‍ന്നാണ് ചിത്രം അവിടെ പ്രദര്‍ശനത്തിനെത്തിക്കുക. ഭാഷ ചൈനീസാകുക എന്നതിനപ്പുറം സബ്ടൈറ്റിലുകളാണ് അവര്‍ക്കാവശ്യം. അത്തരം ജോലികള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ ഒരു ടീമിനെ ഏര്‍പ്പെടുത്തും. ചൈനീസ് പേരിലാകും കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അവിടെ റീലിസ് ചെയ്യുക. ആമിര്‍ഖാന്റെ 'ദംഗല്‍' ഉള്‍പ്പെടെയുള്ള ചില ഇന്ത്യന്‍ ചിത്രങ്ങള്‍ മുമ്പ് ചൈനയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയുടെ കാര്യത്തില്‍ ചൈന വലിയൊരു വിപണിയാണ്. വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച നാല്‍പ്പതോളം സിനിമകള്‍ മാത്രമേ ഒരുവര്‍ഷം അവര്‍ എടുക്കുകയുള്ളൂ. അതില്‍ ഇടംനേടാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്കുതന്നെ അതൊരഭിമാനമാണ്.
വാട്സാപ്പ് തമാശകളും ചാനല്‍ ചിരിയുത്സവങ്ങളും ശക്തമാകുന്നകാലത്ത് സിനിമയിലെ തമാശകള്‍ക്ക് മങ്ങലേല്‍ക്കുന്നതായി തോന്നുന്നുണ്ടോ...
ചിരിക്കാന്‍ താത്പര്യമില്ലാത്തവര്‍ ആരാണ്? കോമഡി എല്ലാവര്‍ക്കും ഇഷ്ടമാണ്. സിനിമയില്‍ തമാശരംഗങ്ങള്‍ എങ്ങനെ അവതരിപ്പിക്കുമെന്നതിലാണ് കാര്യം. സന്ദര്‍ഭത്തിനനുസരിച്ച് കയറിവരുന്ന തമാശകള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ എന്നും സ്വീകാര്യതയുണ്ടാകും. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ ഒട്ടേറെ നര്‍മമുഹൂര്‍ത്തങ്ങളുണ്ട് എന്നാല്‍, വെറുമൊരു തമാശച്ചിത്രമല്ല ഇത്. 'മദര്‍ സെന്റിമെന്റ്സ്' എന്നതിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.
ഇട്ടിമാണിയെ ഒരുക്കിയത് പുതുമുഖസംവിധായകരാണ്. ഒട്ടേറെ സംവിധായകര്‍ ഡേറ്റിനായി കാത്തുനില്‍ക്കുമ്പോള്‍ എന്തുകൊണ്ട് നവാഗതര്‍ക്കൊപ്പം..
ഇട്ടിമാണിയുടെ സംവിധായകര്‍ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരാണ്. അവര്‍ പറഞ്ഞ കഥയില്‍ ഒരു സ്പാര്‍ക്കുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ആ സിനിമ ചെയ്യാം എന്ന് തീരുമാനിച്ചത്. ഇഷ്ടം തോന്നുന്ന കഥയ്‌ക്കൊപ്പം നീങ്ങുന്നതാണ് പതിവ്. ഒരുപാട് ചര്‍ച്ചചെയ്ത് പലതവണ വെട്ടിയും തിരുത്തിയും മാറ്റിയെഴുതിയുമെല്ലാമാണ് അവര്‍ ഇട്ടിമാണിയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. പുതിയ ആളുകളില്‍നിന്ന് കഥകള്‍ കേള്‍ക്കാറുണ്ട്. ഒരുപാട് നവാഗത സംവിധായകര്‍ക്കൊപ്പം അടുത്തകാലത്ത് പ്രവര്‍ത്തിച്ചു. പൃഥ്വിരാജ് പുതിയ സംവിധായകനായിരുന്നു. ഒടിയന്‍, ശ്രീകുമാര്‍ മേനോന്റെ ആദ്യസിനിമയായിരുന്നു. മിടുക്കരായ പുതിയ ആളുകള്‍ കടന്നുവരട്ടെ...
അമ്പതുകോടി ക്ലബ്ബില്‍നിന്ന് നൂറുകോടി ക്ലബ്ബിലേക്ക്, അവിടെനിന്ന് ഇരുനൂറു കോടിയിലേക്ക്, ലാല്‍ചിത്രങ്ങളിലൂടെ മലയാളസിനിമ പുതിയ ചുവടുവെപ്പുകള്‍ നടത്തുകയാണ്.വിസ്മയകരമായ വിജയങ്ങളെക്കുറിച്ച്...
ഒന്നിച്ച്, കൂട്ടായി നടത്തിയ ചില ശ്രമങ്ങള്‍ വിജയംകണ്ടു എന്നത് ആഹ്ളാദമുള്ള കാര്യമാണ്. എല്ലാ സിനിമകളും വിജയമായി മാറട്ടെയെന്ന് ആഗ്രഹിക്കുന്നു. ജയപരാജയങ്ങള്‍ മുന്‍കൂട്ടി ഉറപ്പിച്ചുപറയാന്‍കഴിയാത്ത മേഖലയാണ് സിനിമ. 'ദൃശ്യ'വും 'പുലിമുരുക'നും 'ലൂസിഫറു'മെല്ലാം ഇത്ര കളക്ട് ചെയ്യുമെന്ന് അറിയില്ലായിരുന്നു. അത്തരം വിജയങ്ങള്‍ അങ്ങനെയുള്ള സിനിമകള്‍ നിര്‍മിക്കാനും സമാനശ്രമങ്ങളുമായി മുന്നോട്ടുവരാനും പലര്‍ക്കും പ്രചോദനം നല്‍കും. മലയാളസിനിമ വാണിജ്യപരമായി പുതിയ നേട്ടങ്ങള്‍ കൈവരിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്.
ഒടിയന്‍, ലൂസിഫര്‍, കുഞ്ഞാലിമരയ്ക്കാര്‍, ബറോസ്... തുടര്‍ച്ചയായി ബിഗ് ബജറ്റ് ചിത്രങ്ങള്‍ എന്തുകൊണ്ടാണ്...
ഒരു സിനിമയുടെ ചെലവ് നിശ്ചയിക്കുന്നത് അതിന്റെ കഥയും പശ്ചാത്തലവുമെല്ലാമാണ്. ഒരു ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചേക്കാമെന്നുകരുതി ഇറങ്ങുന്നതല്ല. ഒരു സിനിമ മികച്ച രീതിയിലും തട്ടിക്കൂട്ടിയും എടുക്കാം. കഥ ഭംഗിയായി അവതരിപ്പിക്കാന്‍ ചെലവിടുന്നതാണ് ആ സിനിമയുടെ ബജറ്റ് എന്ന് വിശ്വസിക്കുന്നു.
ഒരു നിര്‍മാതാവിനെ തേടിപ്പിടിച്ച് കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയെപ്പറ്റിയും അതിന്റെ നിര്‍മാണച്ചെലവിനെക്കുറിച്ചും പറഞ്ഞ് ബോധ്യപ്പെടുത്തുക പ്രയാസമാണ്. ഇത്രയും കോടി ചെലവിട്ട് ഒരു മലയാളസിനിമ നിര്‍മിക്കേണ്ടതുണ്ടോ എന്ന നിര്‍മാതാക്കളുടെ സംശയം മറ്റൊരുതരത്തില്‍ പ്രസക്തവുമാണ്. അങ്ങനെവരുമ്പോള്‍ വലിയ മുതല്‍മുടക്കുള്ള കഥകള്‍ സിനിമയാക്കുകയെന്ന വെല്ലുവിളി ഞങ്ങള്‍ സ്വയം എറ്റെടുക്കുന്നു. അവിടെ ചെലവിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഒരു കഥ സിനിമയാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍, അതിനൊപ്പംനിന്ന് എല്ലാവിധ സൗകര്യങ്ങളും നല്‍കുന്ന മികച്ചൊരു ടീം ഇന്നൊപ്പമുണ്ട്. അതിനായി ഞങ്ങള്‍ക്കൊരു നിര്‍മാണക്കമ്പനിയും വിതരണക്കമ്പനിയുമുണ്ട്.
ഇട്ടിമാണിയിലൂടെ വീണ്ടും ഗായകനാകുന്നു. ഏതുതരം പാട്ടുകളോടാണ് പ്രിയം...
വൈക്കം വിജയലക്ഷ്മിക്കൊപ്പം പാടിയ പാട്ടാണ് ഇട്ടിമാണിയിലുള്ളത്. കഥയോടൊപ്പം കടന്നുവരുന്ന ഗാനം പൂര്‍ണമായും സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. പ്രിയപ്പെട്ട പാട്ടുകളെക്കുറിച്ച് ചോദിച്ചാല്‍ പെട്ടെന്ന് ഉത്തരം പറയുക പ്രയാസമാണ്. ഇന്ന് ഏതുതരം പാട്ടുകള്‍വേണമെങ്കിലും ഞൊടിയിടയില്‍ നമുക്ക് ഫോണിലൂടെ കേള്‍ക്കാന്‍കഴിയുമല്ലോ. മലയാളവും ഹിന്ദിയും തമിഴുമെല്ലാം കേള്‍ക്കാറുണ്ട്. ദിവസവും രാവിലെ പ്രിയപ്പെട്ട ഒരുപാടുപേര്‍ എനിക്ക് പലതരത്തിലുള്ള പാട്ടുകള്‍ അയച്ചുതരാറുണ്ട്. പുതിയതും പഴയതുമായ പാട്ടുകളും ഇതുവരെ കേട്ടിട്ടില്ലാത്ത ഗാനങ്ങളും അതില്‍ ഉള്‍പ്പെടും. ചില പാട്ടുകള്‍ കേട്ടിരിക്കുമ്പോള്‍ അത് എന്റെ സിനിമയിലെ ഗാനമാണെന്ന കാര്യംപോലും മറന്നുപോകും. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ 'ഏതോ നിദ്രതന്‍...', അഗ്നിദേവനിലെ 'നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ...' ഇവയെല്ലാം കേള്‍ക്കാനിഷ്ടമുള്ള പ്രിയഗാനങ്ങളാണ്.
പ്രളയത്തിനുശേഷമുള്ള അതിജീവനത്തിന്റെ ഓണമാണിത്. ഓണാശംസയായി എന്താണ് പറയാനുള്ളത്...
ഒരു പ്രളയത്തിന്റെ ആഘാതത്തില്‍നിന്ന് കരകയറുംമുമ്പുതന്നെ വീണ്ടുമൊരു ദുരന്തം. രണ്ടാമതും അതേസമയത്ത് പ്രകൃതി ഒരു സ്‌നേഹമില്ലായ്മ കാണിച്ചു എന്നത് ദുഃഖകരമായ കാര്യമാണ്. പ്രകൃതിയെ സംരക്ഷിച്ച് ഒപ്പംനിര്‍ത്താന്‍ ചെറുതും വലുതുമായ ഇടപെടലുകള്‍ ആവശ്യമാണ്. സമാധാനവും സന്തോഷവും നിറഞ്ഞ നല്ല നാളേക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം, കൂട്ടായി പ്രാര്‍ഥിക്കാം...
Content Highlights : Mohanlal about ittymani made in china kunjali marakkar barroz movies