"എന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ നല്ലതോ ചീത്തയോ അല്ല, അത് നിങ്ങള്‍ക്ക് തീരുമാനിക്കാം. അങ്കിളിലൂടെ മമ്മൂട്ടി എത്തുന്നത് സത്ഗുണ സമ്പന്നനായ ഒരു നായകനായിട്ടല്ല." ആറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം താന്‍ തിരക്കഥ എഴുതിയ ചിത്രം സാക്ഷാത്കരിക്കുമ്പോള്‍ ജോയ് മാത്യു പറയുന്നു.
2012 ല്‍ പുറത്തിറങ്ങിയ ഷട്ടറാണ് ജോയ് മാത്യു ഇതിന് മുന്‍പ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം. സമൂഹത്തിലെ കപടസദാചാരത്തിന് നേരെയുള്ള ഒരു കണ്ണാടിയായിരുന്നു ഷട്ടര്‍. മികച്ച അഭിപ്രായം നേടിയ ഷട്ടര്‍ ഏഴ് ഭാഷകളിലേക്കാണ് റീമേക്ക് ചെയ്തത്.
ഷട്ടറിനേക്കാൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ അങ്കിളിനായി കാത്തിരിക്കുന്നത്. ചിത്രം റിലീസിനോടടുക്കുമ്പോള്‍ രസകരമായ ട്രോളുകള്‍ മാത്രമല്ല തങ്ങളുടെ കഥയാണെന്ന് അവകാശം ഉന്നയിച്ച് ചിലര്‍ രംഗത്ത് വരികയും ചെയ്തു. ഇതെല്ലാം താൻ വളരെ ലാഘവത്തോടെ എടുക്കുകയാണെന്ന് പറയുന്നു ജോയ് മാത്യു. ഒപ്പം അങ്കിളിന്റെ വിശേഷങ്ങളും. മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖം
എന്റെ മകളെ ആരുടെ കൂടെ വിടും
കൊച്ചിയില്‍ പഠിക്കുന്ന മകളെ ഞാന്‍ അവിടെ ഉണ്ടെങ്കില്‍ അവധി ദിവസങ്ങളില്‍ കോഴിക്കോട്ടേയ്ക്ക് വരുമ്പോള്‍ കൂടെക്കൂട്ടാറുണ്ട്. ഒരു ദിവസം എനിക്ക് തിരക്കായിപ്പോയി. അവള്‍ക്ക് കോഴിക്കോട് എത്തുകയും വേണം. അന്ന് ഞാന്‍ ചിന്തിച്ചു എന്റെ സുഹൃത്തുക്കളില്‍ ആരുടെ കൂടെ വിടും. ആരെ വിശ്വസിക്കാനാകും. ആ ഒരു കൊച്ചു ത്രെഡ് ആണ് അങ്കിളിലേക്കെത്തിയത്.
അച്ഛന്റെ സുഹൃത്തിനെയാണ് ഇവിടെ അങ്കിള്‍ എന്ന് പറയുന്നത്. അയാളില്‍ അച്ഛന്‍ പോലും അറിയാത്ത ചില സ്വഭാവങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ അയാള്‍ കൂട്ടിയെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയില്‍ വച്ച് മറ്റു സുഹൃത്തുക്കള്‍ വണ്ടിയില്‍ കയറാം. അല്ലെങ്കില്‍ അയാള്‍ മദ്യപിച്ചു വണ്ടിയോടിക്കാം പോലീസ് പിടിക്കാം. വണ്ടി ആക്‌സിഡന്റാകാം. ഇങ്ങനെ വ്യത്യസ്തമായ സാഹചര്യങ്ങള്‍ മാറ്റിയും മറിച്ചുമിട്ട് മൂന്ന് കൊല്ലത്തോളമെടുത്ത് രാകി മൂര്‍ച്ചകൂട്ടി പ്രേക്ഷകരുടെ നെഞ്ചില്‍ തറച്ചുകയറാന്‍ പാകത്തിനാക്കി ഉണ്ടാക്കിയെടുത്ത സിനിമയാണ് അങ്കിള്‍.
എന്റെ കഥാപാത്രം സത്ഗുണ സമ്പന്നനല്ല
എന്റെ സിനിമയില്‍ നായകനും നായികയുമില്ല. കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ. നായകന്‍ നല്ലവനാകണം സര്‍വഗുണ സമ്പന്നനാകണം എന്ന ഒരു സങ്കല്‍പം പലപ്പോഴായും മലയാള സിനിമയിലുണ്ടായിരുന്നു. മനുഷ്യരില്‍ നന്മയും തിന്മയും ഉണ്ട്. അത് പുറത്ത് വരുന്നത് ഓരോ സാഹചര്യങ്ങളിലാണ്. അത്തരം ഒരു സാഹചര്യത്തില്‍ മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം എന്താകും എന്നതാണ് ഈ സിനിമയുടെ കാതല്‍. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്യുന്ന ഒരു മനുഷ്യന്റെ മനോവിചാരങ്ങള്‍. രണ്ട് പകലും ഒരു രാത്രിയുമാണ് സിനിമയുടെ ദൈര്‍ഘ്യം. ഷട്ടറും അങ്ങനെയാണ്. എനിക്ക് രണ്ട് പകലും ഒരു രാത്രിയും ബലഹീനതയാണ്.
മമ്മൂക്ക ചോദിച്ചു: ഞാന്‍ നിന്നോട് എന്നാണ് കാശ് ചോദിച്ചത്
മമ്മൂക്കയും ഞാനും തമ്മിലുള്ള ബന്ധമാണ് അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിക്കാനുള്ള കാരണം. ഞാന്‍ സിനിമയ്ക്കായി സൂപ്പര്‍താരങ്ങളെ സമീപിക്കാന്‍ പോകാറില്ല. മമ്മൂക്ക എന്റെ കഥകളും നാടകങ്ങളും വായിക്കുകയും കൃത്യമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമെല്ലാം പറയും. മാതൃഭൂമിയില്‍ ഒരു കവിത വന്നപ്പോള്‍ എന്നെ ആദ്യം വിളിക്കുന്നത് മമ്മൂക്കയാണ്. ഞാന്‍ ഫെയ്‌സ്ബുക്കില്‍ ഓരോന്ന് എഴുതുമ്പോള്‍ പ്രശംസിക്കുകയും അതുപോലെ ആക്രമിക്കുകയും ചെയ്യും.
പുത്തന്‍പണത്തിന്റെ സമയത്ത് ഞാന്‍ രഞ്ജിത്തിനോട് അങ്കിളിന്റെ കാര്യം പറഞ്ഞിരുന്നു. രഞ്ജിത്താണ് മമ്മൂക്കയോട് പറയുന്നത്. മമ്മൂക്ക എന്നെ നേരിട്ടു കണ്ടപ്പോള്‍ ചോദിച്ചു, 'ഓ നിങ്ങള്‍ സിനിമ എടുക്കുമ്പോള്‍ എന്നെ വിളിക്കില്ലല്ലോ.' ഞാന്‍ പറഞ്ഞു 'മമ്മൂക്കാ എനിക്ക് നിങ്ങളെ അഫോര്‍ഡ് ചെയ്യാന്‍ പറ്റില്ല. നിങ്ങളൊക്കെ കോടികള്‍ വാങ്ങുന്ന ആളല്ലേ'. മമ്മൂക്ക പറഞ്ഞു, 'അതിന് ഞാന്‍ നിന്നോട് പൈസ ചോദിച്ചോ?, നീ കഥ പറയ്. ഞാന്‍ വീണ്ടും പറഞ്ഞു, മമ്മൂക്ക, നിങ്ങളെ വച്ച് പടമെടുക്കാന്‍ എന്റെ കയ്യില്‍ പണമില്ല. ഞാന്‍ സത്യത്തില്‍ വേറെ ഒരു നടനെയാണ് ആദ്യം അങ്കിളിന് വേണ്ടി കണ്ടുവച്ചിരുന്നത്. ഇപ്പോഴും മമ്മൂക്കയ്ക്ക് മുഴുവന്‍ പണവും കൊടുത്തിട്ടില്ല.
ഷട്ടറിന് മുകളില്‍ നില്‍ക്കുമോ?
ഷട്ടറിനു മുകളിലും നില്‍ക്കും എന്ന് പറഞ്ഞപ്പോഴാണ് എന്റെ വാക്കിനെ വിശ്വസിക്കുന്ന ഒരു വലിയ പ്രേക്ഷകര്‍ ഉണ്ടെന്ന് എനിക്ക് മനസ്സിലായത്. ഞാന്‍ ഒരാളുടെ ചോദ്യത്തിന് കാഷ്വലായി പറഞ്ഞ ഒരു മറുപടിയായിരുന്നു. അത് ഇത്ര വലിയ ട്രോളാകുമെന്നും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുമെന്നും ഞാന്‍ വിചാരിച്ചില്ല. ഒരു ട്രോള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തപ്പോള്‍ ആയിരത്തോളം കമന്റുകൾ വന്നു. എനിക്ക് ഇത്രമാത്രം ആത്മവിശ്വാസമുണ്ടോ എന്ന് ആലോചിച്ച് എനിക്ക് തന്നെ അത്ഭുതമായി. മമ്മൂക്ക എന്നെ വിളിച്ചു പറഞ്ഞു, 'ഡാ അതും ഇതും പറയാന്‍ നില്‍ക്കേണ്ട.'
എന്റെ സിനിമ എന്റെ കുട്ടിയാണ്. കുട്ടി ചിലപ്പോള്‍ മുട്ടുകുത്തി വീഴാം. മമ്മൂട്ടി എന്ന നടനോടൊപ്പം പോയപ്പോള്‍ അത് മറ്റൊരു തലത്തിലേക്ക് വളര്‍ന്നു. അദ്ദേഹത്തിന് മാത്രമേ മലയാള സിനിമയില്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
Content Highlights: Mammootty uncle movie joy Mathew interview on uncle