മമ്മൂട്ടി നായകനായ മാമാങ്കത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ പുറത്തിറങ്ങി. ഇത് ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. മലയാളത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍വെച്ച് ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണിത്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ എം. പദ്മകുമാര്‍ സംസാരിക്കുന്നു
പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് മാമാങ്കം, ചിത്രത്തെക്കുറിച്ച് പല വാര്‍ത്തകളും പുറത്തുവരുന്നു. എന്താണ് പറയാനുള്ളത്?
ഈ ചിത്രത്തിന്റെ പരസ്യങ്ങളും വാര്‍ത്തകളും കണ്ട് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ബാഹുബലിപോലുള്ള ചിത്രമാണ്. എന്നാല്‍ അത്തരത്തിലുള്ള ചിത്രമല്ല മാമാങ്കം. അങ്ങനെയൊരു ചിത്രം മലയാളത്തില്‍ ഒരിക്കലും ചിന്തിക്കാന്‍ കഴിയില്ല. മലയാളസിനിമയുടെ പരിമിതിയില്‍നിന്നുകൊണ്ട് ചരിത്രത്തോട് നീതിപുലര്‍ത്തി ഒരുക്കുന്ന വാര്‍ ഫിലിമായിരിക്കും മാമാങ്കം. പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രണയവും യുദ്ധവും സംഗീതവും പ്രതികാരവും എല്ലാം ഇതിലുണ്ട്. ചിത്രത്തെ ഇമോഷണല്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പരിഗണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
മാമാങ്കം വലിയ കഥയാണ്, അതില്‍ ഏതാണ് ഈ സിനിമയുടെ പ്ലോട്ട്?
ഈ സിനിമയിലെ നായകന്‍ സാമൂതിരിയല്ല, ജനിച്ച മണ്ണിനായി ജീവന്‍ പണയംവെച്ച് ശത്രുവിനെതിരേ പോരാടുന്ന ചാവേറുകളുടെ കഥയാണിത്. ഏത് പ്രതിസന്ധിയിലും വിജയം കണ്ടെത്തുന്ന നായകന്‍ ഈ ചിത്രത്തിലില്ല. എല്ലാതരത്തിലും ചരിത്രത്തോട് നീതിപുലര്‍ത്തുന്ന, കാലത്തിന്റെ കരുത്ത് ലോകത്തോട് വിളിച്ചുപറയുന്ന സിനിമയായിരിക്കും മാമാങ്കം.
മലയാളസിനിമയില്‍ വീര ചരിത്രപുരുഷന്മാരെ അവതരിപ്പിച്ച നടനാണ് മമ്മൂട്ടി. അതില്‍നിന്ന് മാമാങ്കത്തിലെ യോദ്ധാവ് എങ്ങനെയാണ് വേറിട്ടുനില്‍ക്കുന്നത്?
ചരിത്രവിഷയമാക്കിയ പഴശ്ശിരാജയിലും ഒരു വടക്കന്‍ വീരഗാഥയിലും വിധിയോട് കീഴടങ്ങുന്ന കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. എന്നാല്‍ മാമാങ്കത്തില്‍ അങ്ങനെയല്ല. ഇപ്പോള്‍ ആ കഥാപാത്രത്തെക്കുറിച്ച് തുറന്നുപറയാന്‍ പറ്റില്ല. എന്നാലും പ്രേക്ഷകര്‍ക്ക് ഏറെ സര്‍പ്രൈസ് സമ്മാനിക്കുന്ന കഥാപാത്രമായിരിക്കുമത്.
ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുന്‍ ബേസ്ബോള്‍ താരം പ്രാച്ചി തെഹ്‌ളാന്‍, കനിഹ, അനു സിത്താര, ഇനിയ എന്നിവരാണ് നായികമാര്‍.
'കേരളവര്‍മ പഴശ്ശിരാജ'യ്ക്കുശേഷം മമ്മൂട്ടി അഭിനയിക്കുന്ന പീരിയഡ് ചിത്രമാണിത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മാണം. സിനിമ പ്രഖ്യാപിച്ച കാലംമുതല്‍ വാര്‍ത്തകളില്‍ ഇടംനേടിയ ചിത്രമാണിത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. സംഗീതം: എം. ജയചന്ദ്രന്‍, ഗാനരചന: റഫീഖ് അഹമ്മദ്, അജയ് ഗോപാല്‍, പ്രൊഡ. ഡിസൈനര്‍: മോഹന്‍ദാസ്, ബോളിവുഡില്‍നിന്നുള്ള സാഞ്ചിത് ബല്‍ഹാര, അംഗിത് ബല്‍ഹാര എന്നിവരാണ് പശ്ചാത്തലസംഗീതം കൈകാര്യം ചെയ്യുന്നത്. ആക്ഷന്‍ സീക്വന്‍സുകള്‍ ചിട്ടപ്പെടുത്തിയത് ശ്യാം കൗശലാണ്. നടന്മാരായ മോഹന്‍, സുദേവ് നായര്‍, മണിക്കുട്ടന്‍, സിദ്ദിഖ്, തരുണ്‍ രാജ് അറോറ, അബു സലിം, വത്സലാ മേനോന്‍, നിലമ്പൂര്‍ ആയിഷ, ഇടവേള ബാബു, സുധീര്‍ സുകുമാരന്‍, മാസ്റ്റര്‍ അച്യുത് തുടങ്ങി നിരവധിപേര്‍ ചിത്രത്തിലുണ്ട്.
Content Highlights: Mamangam Movie Mammootty, M Padmakumar, Venu Kunnappilly, Sajeev Pillai, Mamangam Release