ഇതാ മാമാങ്കത്തിൽ മമ്മൂട്ടിയുടെ മടിയില്‍ കിടന്നു മരിച്ച ആ യുവാവ്


രഞ്ജന കെ

3 min read
Read later
Print
Share

'അദ്ദേഹം ലൊക്കേഷനില്‍ കാറു നിര്‍ത്തി പുറത്തിറങ്ങുന്നതും കോസ്റ്റിയൂം മാറി ഷോട്ട് എടുക്കാന്‍ വരുന്നതമെല്ലാം മാസ് എന്‍ട്രിയാണ്.

എം പദ്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം എന്ന ചിത്രം കാത്തിരിപ്പുകള്‍ക്കു ശേഷം തീയേറ്ററുകളിലെത്തിയപ്പോള്‍ ആരാധകര്‍ ആവേശഭരിതരായിരുന്നു. മമ്മൂട്ടിയുടെ അഭ്യാസപ്രകടനവും സ്‌ത്രൈണഭാവവും സിനിമയിലെ സംഘട്ടനരംഗങ്ങളുമെല്ലാം ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു. സിനിമ കണ്ടവര്‍ പരസ്പരം സംസാരിച്ചിരുന്ന മറ്റൊരു വിഷയമുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മടിയില്‍ കിടന്നു മരണമടഞ്ഞ ചാവേറായ ആ യുവാവാര്, മമ്മൂട്ടിയുടെ അനന്തിരവനാണോ എന്നെല്ലാം തീയേറ്ററുകളില്‍ മുഴങ്ങിക്കേട്ട ചോദ്യങ്ങളായിരുന്നു. മാമാങ്കത്തില്‍ ചാവേറായി മമ്മൂട്ടിയ്‌ക്കൊപ്പം സംഘട്ടനരംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ആ യുവാവ് വിപിന്‍ മംഗലശ്ശേരിയായിരുന്നു.

ഐക്കരക്കോണത്തെ ഭിഷഗ്വരന്‍മാര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്റെ കരിയറിലെ മികച്ച ഒരു ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു മാമാങ്കം. വിശേഷങ്ങള്‍ പങ്കുവെച്ച് വിപിന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

മാമാങ്കം തന്ന അനുഭവം..

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരുപാടു പേരുണ്ട്. മാമാങ്കം പോലൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. സ്വപ്‌നസാക്ഷാത്ക്കാരം തന്നെയാണ്. പദ്മകുമാര്‍ സാറാണ് എന്നെ വിളിക്കുന്നത്. ജലം എന്ന സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ നേരിട്ട് പരിചയമുണ്ടായിരുന്നു. ആക്ഷന്‍ കോറിയോഗ്രാഫര്‍ ശ്യാം കൗശല്‍ സിനിമയ്ക്കായി പ്രത്യേകം സ്‌ക്രീനിംഗ് നടത്തിയിരുന്നു. അദ്ദേഹമാണ് സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. അദ്ദേഹം വഴി മമ്മൂക്കയ്‌ക്കൊപ്പമുള്ള സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കാന്‍ എനിക്കും സാധിച്ചു. പുതുമുഖം എന്ന രീതിയില്‍ ആദ്യം അദ്ദേഹം ചെറിയ സീക്വന്‍സുകള്‍ തന്നു. പിന്നീട് എന്നെക്കൊണ്ടു പറ്റുന്നുണ്ടെന്നു തോന്നിയാണ് പ്രയാസകരമായ സംഘട്ടനങ്ങള്‍ തന്നത്. പദ്മാവത്, ദംഗല്‍ തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫര്‍ എന്നെ ശ്രദ്ധിച്ചു എന്നതു തന്നെ ഞാന്‍ വലിയ കാര്യമായി കരുതുന്നു.

ആയോധന കലകള്‍ മുമ്പെ അറിയാം..

സിനിമ ചെറുപ്പം തൊട്ടേ പാഷനായതിനാല്‍ അന്നേ എല്ലാ വിദ്യകളും സ്വായത്തമാക്കി. പതിനൊന്നു വര്‍ഷം കരാട്ടെ പഠിച്ചു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഉണ്ട്. കുറേ വര്‍ഷം ശാസ്ത്രീയ സംഗീതം പഠിച്ചു. കൈയില്‍ പൊട്ടന്‍ഷ്യല്‍ ഇല്ല എന്ന പേരില്‍ ചാന്‍സ് നഷ്ടമാകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദാനന്തര ബിരുദമെടുത്ത് കോളേജ് അധ്യാപകനായി. പിന്നീട് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ ജോലി ലഭിച്ചപ്പോഴാണ് സോഹന്‍ റോയ് സാറുമായി അടുപ്പമായത്. എന്റെ സിനിമാഭിനിവേശം കണ്ട് അദ്ദേഹം എന്നെ ഇന്റിവുഡ് ടാലന്റ് ഹണ്ടില്‍ പങ്കെടുക്കാന്‍ അവസരം തന്നു. പിന്നീട് അവര്‍ തന്നെ നിര്‍മിച്ച ഐക്കരക്കോണത്തെ ഭിഷഗ്വരന്‍മാര്‍ എന്ന ചിത്രത്തില്‍ നായകനാകാന്‍ സാധിച്ചു. ചാന്‍സ് ചോദിച്ച് ഒരുപാടു പേരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്. കുറെ അലഞ്ഞിട്ടുണ്ട്. പല പ്രൊജക്ടുകളിലും നടന്‍മാരെയെല്ലാം തീരുമാനിച്ചിട്ടുണ്ടാകും. എന്നാലും പിന്നെയും ചെന്നു മുട്ടും. അങ്ങനെ ഒടുവില്‍ അത്തരമൊരു ബിഗ് ബജറ്റ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.

മമ്മൂക്ക 'ഫീല്‍ ഫ്രീ'യാക്കിത്തന്നു..

മമ്മൂക്ക കൂടെയുള്ളപ്പോള്‍ ടെന്‍ഷനാണ്. എന്നാലും ഒപ്പം അഭിനയിക്കുന്നവരെ കംഫര്‍ട്ടബിള്‍ ആക്കിവെക്കുന്ന അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതും വലിയൊരു അനുഗ്രഹമായി കരുതുന്നു. അദ്ദേഹം ലൊക്കേഷനില്‍ കാറു നിര്‍ത്തി പുറത്തിറങ്ങുന്നതും കോസ്റ്റിയൂം മാറി ഷോട്ട് എടുക്കാന്‍ വരുന്നതമെല്ലാം മാസ് എന്‍ട്രിയാണ്. മാമാങ്കത്തില്‍ മമ്മൂക്ക ആനയുടെ മുകളില്‍ കയറുന്ന ഒരു രംഗമുണ്ട്. ഡ്യൂപ്പ് കൂടിയില്ലാതെ ഈ പ്രായത്തില്‍ അദ്ദേഹം അത് ചെയ്യാന്‍ തയ്യാറായതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം വലിയ അത്ഭുതമാണ്. ഞാന്‍ നേരില്‍ കണ്ടതാണ്. അത്രയും ഉയരത്തിലേക്ക് അദ്ദേഹം വലിഞ്ഞു കയറിയതു കണ്ട് സെറ്റിലുള്ളവരെല്ലാം കൈയടിച്ചിരുന്നു.

ആദ്യമായി ക്യാമറയ്ക്കുമുന്നിലെത്തിയത്..

ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ജയറാം നായകനായ ചിത്രശലഭത്തിന്റെ ഷൂട്ടിങ് പാലക്കാട് നടക്കുന്നത്. ചിത്രത്തിലെ 'ആരോഹണത്തില്‍ ചിരിച്ചും' എന്ന ഗാനത്തിന്റെ രംഗം മംഗലം ഡാമിന്റെ പരിസരത്ത് വച്ചാണ് ഷൂട്ട് ചെയ്തത്. അതില്‍ ഒരുപാടു സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ഒരാളായി സ്‌ക്രീനില്‍ എന്റെ മുഖവും കാണാം. അന്നാണ് ആദ്യമായി ക്യാമറയ്ക്കു മുമ്പിലെത്തുന്നത്. പിന്നീട് പൃഥ്വിരാജിന്റെ പുതിയ മുഖത്തിലും കോളേജ് വിദ്യാര്‍ഥിയായി മുഖം കാണിക്കാന്‍ സാധിച്ചിട്ടുണ്ട്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ഒടിയന്‍, വിഗതകുമാരന്‍, ശിക്കാരി ശംഭു തുടങ്ങിയ സിനിമകളിലാണ് ഒരു രംഗത്തിലെങ്കിലും ആളുകള്‍ ശ്രദ്ധിക്കുന്ന വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചത്.

സിനിമാമോഹങ്ങള്‍..

അഭിനയം തന്നെ.. സംവിധാനം എന്നെക്കൊണ്ടു താങ്ങുന്നതല്ല. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലൊന്നും പോയി പഠിച്ചിട്ടില്ല. ബന്ധുക്കളും സുഹൃത്തുക്കളുമാണ് അഭിനയത്തില്‍ പ്രോത്സാഹനം നല്‍കുന്നത്. കോളേജ് വിദ്യാര്‍ഥിനിയായ സഹോദരി വീണയാണ് അഭിനയത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി എന്നോടു വന്നു പറയാറുള്ളത്. അച്ഛനുമമ്മയ്ക്കും ഞാനൊരു സര്‍ക്കാര്‍ ജോലി ചെയ്യണമെന്ന ആഗ്രഹമാണ്. എന്നാലും കരാട്ടെയും സംഗീതവുമൊക്കെ പഠിക്കാനുള്ള പണവും പ്രോത്സാഹനവും അവര്‍ നല്‍കിയിരുന്നു.

സിനിമയല്ലാതെ മറ്റു താത്പര്യങ്ങള്‍..

സിനിമയിലെത്തിയില്ലെങ്കില്‍ അധ്യാപകനായേക്കാം. പക്ഷേ സ്വപ്‌നമെന്താണോ അതിലേക്ക് നമ്മല്‍ എത്തിപ്പെടാന്‍ ശ്രമിക്കുമല്ലോ. നമ്മുടെ മുഖവുമായി ഒരു സിനിമാ പോസ്റ്റര്‍ വരിക എന്നതൊക്കെ കുറേ ആഗ്രഹിച്ചിട്ടുളള കാര്യമാണ്. അതൊക്കെ നടന്നു കാണുമ്പോള്‍ ഏറെ സന്തോഷവാനാണ്.

സാമൂഹ്യസേവനം ചെയ്യാനായി..

അമ്മ ഒരു സോഷ്യല്‍വര്‍ക്കറായിരുന്നു. സാമൂഹ്യസേവനം ചെയ്യണമെന്നത് എന്റെ വലിയ ആഗ്രമായിരുന്നു. ഐക്കരക്കോണത്തെ ഭിഷഗ്വരന്‍മാര്‍ എന്ന ചിത്രത്തില്‍ നിന്നും ലഭിച്ച പണം മുഴുവന്‍ കേരളത്തിലെ പ്രളയദുരിതബാധിതര്‍ക്കു നല്‍കാനായതും വലിയ സന്തോഷമായി കരുതുന്നു.

മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചു, ഇനിയുള്ള ഒരാഗ്രഹം..

ഒരു സിനിമയില്‍ നെഗറ്റീവ് റോളില്‍ അഭിനയിക്കണം. ഒപ്പം അതിലെ നായകനുവേണ്ടി പാടണം. അതാണെന്റെ ആഗ്രഹം. അങ്ങനെ ഇതുവരെ സിനിമയില്‍ സംഭവിച്ചിട്ടില്ല എന്നാണ് കരുതുന്നത്.

ലാലേട്ടന്റെ 'മകനാ'വാന്‍ ആയില്ലെങ്കിലും 'അനിയനെ'ങ്കിലും ആകണം..

എന്റെ മുത്തശ്ശിയുടെ വലിയ ആഗ്രഹമായിരുന്നു ഞാന്‍ മോഹന്‍ലാലിന്റെ മകനായി അഭിനയിക്കണമെന്നത്. അത് പറഞ്ഞു കേട്ട് കേട്ട് എനിക്കും ഒരു ആഗ്രഹം തോന്നാറുണ്ട്. മകനായി അഭിനയിക്കാന്‍ സാധിക്കില്ലായിരിക്കാം. എന്നാലും അനിയനായെങ്കിലും സ്‌ക്രീനിലെത്താന്‍ കഴിയണേ എന്നാണ് ആഗ്രഹം.

പുതിയ ചിത്രങ്ങള്‍..

മമ്മൂക്കയുടെ തന്നെ വണ്‍ എന്ന പുതിയ ചിത്രത്തില്‍ പ്രതിപക്ഷ എം എല്‍ എയുടെ വേഷമുണ്ട്. സന്തോഷ് വിശ്വനാഥ് ആണ് സംവിധാനം. പിന്നെ കലാഭവന്‍ സജീവ് സംവിധാനം ചെയ്യുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള ഇന്‍ഫോടെയിന്‍മെന്റ് ചിത്രം വെള്ളക്കുതിര.

Content Highlights : mamangam movie interview actor vipin mangalassery mammooty p padmakumar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram