'അഭിനയിക്കാന്‍ അറിയാത്ത നടനായ ഭാഗ്യവാന്‍'


അനുശ്രീ മാധവൻ

4 min read
Read later
Print
Share

ഞാനങ്ങോട്ടാവശ്യപ്പെട്ട് ചോദിച്ചു വാങ്ങിയ വേഷമാണ് ഒപ്പത്തിലേത്. കുട്ടിക്കാലം മുതലേ ഞാന്‍ ഏറെ ആരാധിക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍.

ഗതി ശ്രീകുമാറിന്റെ കാൽ തൊട്ട് വന്ദിച്ചാണ് അജു വർഗീസ് സിനിമയിലേയ്ക്ക് വലതു കാൽ വച്ചു വന്നത്. രാശി പിഴച്ചില്ല. പുതിയ മലയാള സിനിമയെ പഴയ ജഗതി കാലത്തെ ഹാസ്യത്തിന്റെ കരുത്ത് പകർന്ന് മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായകമാണ് ഇന്ന് അജുവിന്റെ പങ്ക്. ഉപനായക, ഹാസ്യവേഷങ്ങൾ ഭദ്രമാണ് അജുവിന്റെ കൈയിലെന്ന് തട്ടത്തിൻ മറയത്ത് മുതൽ ഒപ്പം വരെയുള്ള അറുപതോളം ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്ട്‌സ് ക്ലബിലെ കുട്ടുവായെത്തിയ അജു പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങുന്നത് തട്ടത്തിന്‍ മറയത്തിലെ അബ്ദുവായെത്തിയപ്പോഴാണ്. പിന്നീട് ചാപ്‌റ്റേഴ്‌സ്, ഭാര്യ അത്ര പോരാ, സക്കറിയായുടെ ഗര്‍ഭിണികള്‍, പുണ്യളന്‍ അഗര്‍ബത്തീസ്, ബൈസിക്കിള്‍ തീവ്‌സ്, ഓം ശാന്തി ഓശാന, പെരുച്ചാഴി, വടക്കന്‍ സെല്‍ഫി, വെള്ളിമൂങ്ങ, ആട് ഒരു ഭീകര ജീവിയാണ്, സുസുധി വാത്മീകം, കുഞ്ഞിരാമായണം, പ്രേതം, ജേക്കബിന്റെ സ്വർഗരാജ്യം തുടങ്ങി അറുപതോളം ചിത്രങ്ങളിലൂടെ അജു പ്രേക്ഷക മനസ്സിൽ ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞു. ഇഷ്ടം നേടിക്കഴിഞ്ഞു. പ്രിയദര്‍ശന്റെ ഒപ്പത്തിലും, കുഞ്ചോക്കോ ബോബന്റെ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയിലുമൊക്കെയായി ഇപ്പോഴും നിറഞ്ഞുനിൽക്കുകയാണ്. തിരക്കുകൾക്കിടയിൽ താരപ്പൊലിമ അഴിച്ചുവച്ച് മാതൃഭൂമി ഡോട്ട്‌ കോമുമായി ഇത്തിരി നേരം ചിലവിടാനും മനസ്സ് കാട്ടിയിരിക്കുകയാണ് അജു.

അജു വര്‍ഗീസ് സിനിമയിലെ ഒരു അവിഭാജ്യ ഘടകമായിമാറിയോ ?

അത്ര അവിഭാജ്യ ഘടകമാണെന്ന തോന്നല്‍ എനിക്കില്ല. പ്രേക്ഷകര്‍ക്ക് മടുക്കുന്നതുവരെ സിനിമകള്‍ ചെയ്യാം. ഇതൊക്കെ സീസണല്‍ ആണെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ നിലനില്‍പ്പിന് എനിക്ക് സിനിമകള്‍ ചെയ്യേണ്ടതുണ്ട്.

ഈയടുത്ത് ഒരാള്‍ എനിക്ക് എന്നെ കുറിച്ചുതന്നെ ഒരു കുറിപ്പെഴുതി അയച്ചു. 'അഭിനയിക്കാന്‍ അറിയാത്ത നടനായ ഭാഗ്യവാന്‍' എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഞാനത് വളരെ ആസ്വദിച്ചു വായിച്ചു. തീര്‍ച്ചയായും ഞാന്‍ ഭാഗ്യവാനാണ്. മലര്‍വാടി ആര്‍ട്സ് ക്ലബില്‍ അഭിനയിക്കുന്ന സമയത്ത് ജഗതിച്ചേട്ടന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹമാകാം എന്നെ ഇവിടെ കൊണ്ടെത്തിച്ചത്.

സംവിധായകനാകാനുള്ള ആഗ്രഹം മനസ്സില്‍ ഇപ്പോഴുമുണ്ടോ?

സംവിധായകനാകാന്‍ ആഗ്രഹിച്ചാണ് സിനിമയിലെത്തുന്നത്. എന്നാല്‍, നടനായിട്ടാണ് അരങ്ങേറ്റം കുറിയ്ക്കുന്നത്. എന്റെ ഉറ്റ സുഹൃത്തായ വിനീത് ശ്രീനിവാസന്‍ മലര്‍വാടിയിലേക്ക് വിളിച്ചപ്പോള്‍ അഭിനയിക്കാം എന്ന് തീരുമാനിച്ചു. നടനായി അരങ്ങേറ്റം കുറിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ സംവിധാനത്തില്‍ കൈവയ്ക്കുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ വിനീതിന്റെ അസിസ്റ്റന്റൊയി. വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ് സംവിധാനം. നല്ലതായാലും ചീത്തയായാലും സിനിമയുടെ ഉത്തരവാദിത്തം മുഴുവന്‍ സംവിധായകനാണ്. അഭിനയം താരതമ്യേന എളുപ്പമാണ്. സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിട്ടൊന്നുമില്ല. അഭിനയത്തിലൂടെ തന്നെയാണ് മുന്‍പോട്ട് പോകാന്‍ ആഗ്രഹിക്കുന്നത്.

മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പം?

ഞാൻ ചോദിച്ചു വാങ്ങിയ വേഷമാണ് ഒപ്പത്തിലേത്. കുട്ടിക്കാലം മുതലേ ഏറെ ആരാധിക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ചോദിച്ചു വാങ്ങിയതില്‍ യാതൊരു ജാള്യതയും തോന്നുന്നില്ല.

മാല ബാബു എന്ന കഥാപാത്രമായാണ് ഒപ്പത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെടുന്നത്. ചെറിയ വേഷമാണ്. സു സു സുധിയിലോ കുഞ്ഞി രാമായണത്തിലോ ചെയ്ത ക്യാരക്ടര്‍ വേഷങ്ങള്‍ പോലെയുള്ള ഒന്നല്ല. ഇതുവരെ ഞാന്‍ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മാല ബാബു.

പ്രിയന്‍ സാര്‍ വളരെ പിന്തുണ നല്‍കുന്ന വ്യക്തിയാണ്. ഞാന്‍ പ്രതീക്ഷിച്ച ആൾ തന്നെയാണ് അടുത്തറിഞ്ഞപ്പോഴും. വളരെ സൗമ്യനായി എല്ലാ കാര്യങ്ങളിലും ഇടപെടുന്ന വ്യക്തിയാണ് അദ്ദേഹം. ഒപ്പം ജോലി ചെയ്യുന്ന എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. എന്നെ സംബന്ധിച്ച് ഓരോ സിനിമ കഴിയും തോറും ഞാന്‍ ഏറെ പഠിക്കുകയാണ്.

സിനിമകൾ അധികം കൂട്ടുകാർക്കൊപ്പമായിരുന്നല്ലോ ?

കൂട്ടുകാര്‍ക്കൊപ്പം സിനിമ ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്യമുണ്ടല്ലോ. വിനീതിനും നിവിനുമൊപ്പം സിനിമ ചെയ്യുമ്പോള്‍ നമുക്ക് യാതൊരു സമ്മര്‍ദ്ദവും തോന്നില്ല.

ഈ വര്‍ഷം അജുവിന്റേതായി നിരവധി ചിത്രങ്ങളാണല്ലോ ഇറങ്ങിയത്?

ഒരു കാലത്ത് മികച്ച മലയാള സിനിമകള്‍ നിര്‍മിച്ച ഉദയാ ബാനറിന്റെ തിരിച്ചുവരവില്‍ ഭാഗമാകാന്‍ കൊച്ചൗവ്വ പൗലോയിലൂടെ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എനിക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്ന വ്യക്തിയാണ് ചാക്കോച്ചന്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഈ വര്‍ഷം ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ എനിക്ക് സാധിച്ചു.

പുതിയ തലമുറയില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന താരമാണ് അജു വര്‍ഗീസെന്നു ഒരഭിമുഖത്തില്‍ മാമുക്കോയ പറഞ്ഞിരുന്നു, മുതിര്‍ന്ന കാലാകാരന്‍മാരുടെ വാക്കുകള്‍ എത്രത്തോളം പ്രചോദനമേകുന്നു?

അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതെനിക്ക് ഒരു വലിയ അംഗീകാരമാണ്. സിനിമയില്‍ ഒരുപാടു കാലത്തെ പരിചയമുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സാധിച്ചത് തന്നെ എന്റെ ഭാഗ്യമായി കരുതുന്നു.

അജുവിനെ സ്വാധീനിച്ച അഭിനേതാക്കള്‍ ?

ഒരുപാട് അഭിനേതാക്കളുണ്ട്. ഒരാളുടെ പേരെടുത്ത് പറയാന്‍ സാധിക്കില്ല. കുട്ടിക്കാലം മുതലേ ധാരാളം സിനിമകള്‍ കാണുമായിരുന്നു. ഒരു സിനിമാ നടനാകാന്‍ ആഗ്രഹിച്ച വ്യക്തിയല്ലായിരുന്നു ഞാന്‍. എങ്ങനെയോ ഇപ്പോള്‍ ഇവിടെയൊക്കെ എത്തിച്ചേര്‍ന്നു. മലയാള സിനിമയിലെ അഭിനേതാക്കളെപ്പോലെ എന്നെ സ്വാധീനിച്ചവര്‍ വേറെയില്ല. ചില സമയത്ത് നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ ഇഷ്ടതാരങ്ങള്‍ കടന്നു കൂടും.

അജുവെന്ന നടന്റെ പ്ലസ് പോയിന്റ്

പൊക്കം കുറഞ്ഞതാണ് എന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. നായകനൊപ്പം തമാശ പറഞ്ഞു നടക്കുന്ന കഥാപാത്രങ്ങളാണ് ഞാന്‍ ഏറെ ചെയ്തത്. ശരീര ഭാഷയാണ് എന്റെ കരുത്തായി എനിക്ക് തോന്നിയത്. പൊക്കത്തിന് പുറമെ എന്റെ ശബ്ദവും അനുകൂല ഘടകമായി തോന്നിയിട്ടുണ്ട്. ശബ്ദത്തിന്റെയും പൊക്കത്തിന്റെയും പേരില്‍ കുട്ടിക്കാലത്ത് കൂട്ടുകാര്‍ ഒരുപാട് കളിയാക്കിയിട്ടുണ്ട്. ഒരു ആറടിപൊക്കവും ഗാംഭീര്യമുള്ള ശബ്ദവും ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ചിലപ്പോൾ ഇവിടെയെത്താന്‍ കഴിയില്ലായിരുന്നു.

ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധിക്കാറുണ്ടോ?

സിനിമയില്‍ വന്ന സമയത്ത് വലിയ ധാരണയില്ലായിരുന്നു. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് പലതും മനസിലാക്കുന്നത്. പ്രേക്ഷകരില്‍ നെഗറ്റീവ് എനര്‍ജിയുണ്ടാക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളില്‍ നിന്ന് മാറിനില്‍ക്കാറുണ്ട്. സിനിമയിലൂടെ നാം ഒരു മോശം സന്ദേശമാണ് നല്‍കുന്നതെങ്കില്‍ അത് കൊച്ചുകുട്ടികളെ വരെ ബാധിച്ചേക്കാം. ഒരു നടനെന്ന നിലയില്‍ ഞാന്‍ ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളും ഇതുതന്നെ.

ഭാവിയില്‍ ചെയ്യണം എന്നാഗ്രഹിക്കുന്ന ഏതെങ്കിലും കഥാപാത്രം ?

ഡ്രീം റോളൊന്നും മനസ്സിലില്ല. എനിക്ക് ചെയ്യാന്‍ പറ്റും എന്ന് തോനുന്ന വേഷങ്ങള്‍ മാത്രം ചെയ്യുക. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ചിത്രങ്ങളുടെ ഭാഗമാവുക. കാശു മുടക്കി സിനിമ കാണാനെത്തുന്നവര്‍ക്ക് നമ്മളെക്കുറിച്ച് നിരാശ തോന്നരുത്. അത്രയൊക്കെയുള്ളൂ മോഹങ്ങൾ. എന്റെ പരിമിതികള്‍ എനിക്ക് നന്നായി അറിയാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram