കേരളത്തില്‍ സംഭവിച്ചത് വലിയ പിശകാണ്, അത് വൈകാരിക വിഷയമാക്കി: മജീദ് മജീദി


മജീദ് മജീദി/ ആർ. അനന്തകൃഷ്ണൻ | ananth80@mbnews.in

4 min read
Read later
Print
Share

കുടുംബത്തിന്റെ ഒരു പിന്തുണയും എനിക്ക് ലഭിച്ചിട്ടില്ല. ശരിക്കുപറഞ്ഞാല്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. നാടകമെന്നല്ല, എന്താണ് കലയെന്നുപോലും അറിയില്ല.

ടെഹ്റാനിലെ നിറംമങ്ങിയ തെരുവുകളിലൊന്ന്. പൊടിനിറഞ്ഞ സിമന്റുപാത. വളവുതിരിഞ്ഞ്, പൊടിക്കാറ്റിനുനേരെ കണ്ണിറുക്കിപ്പിടിച്ച്, നടന്നുവരുന്നൊരു പതിമ്മൂന്നുകാരന്‍. പച്ചമണ്‍കട്ടകള്‍കൊണ്ട് തീര്‍ത്ത കെട്ടിടത്തിന്റെ മുകള്‍നിലയിലേക്ക് അവന്‍ കയറിച്ചെന്നു. നീളന്‍മുറിയുടെ വാതില്‍ തുറന്ന അവനിലേക്ക് എട്ടുപത്ത് കണ്ണുകളുടെ തുറിച്ചുനോട്ടം. സ്‌കൂളിലെ മുതിര്‍ന്ന കുട്ടികളുടെ നാടകക്കളരി. ആ കണ്ണുകളിലേക്കുനോക്കി, പതറാതെ അവന്‍ പറഞ്ഞു, 'എനിക്ക് നാടകത്തില്‍ ചേരണം.' മജീദ് മജീദിയെന്ന കുട്ടി പടവുകള്‍ കയറിച്ചെന്നത് നാടകത്തിലേക്കാണ്, സിനിമയിലേക്കാണ്, ഇറാന്റെ മണ്ണില്‍ സമരഗോപുരമായിനിന്ന കലയുടെ മട്ടുപ്പാവിലേക്കാണ്. അവന്റെ വിരല്‍ത്തുമ്പുപിടിച്ച് കലയിലേക്ക് ആനയിക്കാന്‍ ആരും കൂട്ടുണ്ടായിരുന്നില്ല. ആ യാത്രകള്‍ അവന്‍ ഒറ്റയ്ക്ക് നടന്നതാണ്. അത് അവന്റെമാത്രം തീരുമാനമായിരുന്നു.

ഇറാനിലെ പകിട്ടുള്ള നടന്‍. വെള്ളിത്തിരയില്‍ ആവേശമുയര്‍ത്തിയ അഭിനേതാവ്. ചെറിയ കാലംകൊണ്ട് വിപണിമൂല്യത്തിലേക്കുയര്‍ന്ന കലാകാരന്‍. താരപരിവേഷങ്ങളെല്ലാം അഴിച്ചുവെച്ച് അയാള്‍ ക്യാമറയ്ക്കുപിന്നിലേക്ക് മാറിനിന്നു. മറ്റൊരാള്‍ സൃഷ്ടിക്കുന്ന ലോകത്ത് കഥാപാത്രമായി ജീവിക്കാന്‍ മനസ്സ് അനുവദിച്ചില്ല. മനസ്സില്‍ ധ്യാനിച്ചുറപ്പിച്ച തിരക്കഥകള്‍ക്ക് ജീവന്‍നല്‍കി. ലോകമറിയുന്ന സംവിധായകനിലേക്ക് വളര്‍ന്നുപന്തലിച്ചു. മജീദ് മജീദി ഹൃദയംകൊണ്ട് സൃഷ്ടിച്ച സിനിമകള്‍ ലോകം കണ്ടു. നന്മയുടെ അനുഭൂതി തൊട്ടറിഞ്ഞു. കനിവിന്റെ നനവുപറ്റാതെ കണ്ടുതീര്‍ക്കാന്‍ കഴിയാത്ത സിനിമകള്‍.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ജൂറി ചെയര്‍മാനായിരുന്നു ഇത്തവണ മജീദി. താന്‍ സംവിധാനം ചെയ്ത മുഹമ്മദ് ദ മെസ്സഞ്ചര്‍ ഓഫ് ഗോഡ് മേളയില്‍ പ്രദര്‍ശിപ്പിക്കാതിരുന്നതിന്റെ നിരാശയും അദ്ദേഹം പങ്കുവയ്ച്ചു. സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ചിത്രം പ്രദര്‍ശിപ്പിക്കാതിരുന്നത്. കേരളത്തില്‍ സംഭവിച്ചത് വലിയ പിശകാണെന്ന് മജീദി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

? നാടകം, സിനിമ; അഭിനയം, സംവിധാനം, എങ്ങനെയായിരുന്നു മജീദ് മജീദി എന്ന കുട്ടി ലോകസിനിമയില്‍ കൈയൊപ്പിട്ട സംവിധായകനിലേക്ക് വളര്‍ന്നത്...

13-14 വയസ്സുള്ളപ്പോഴാണ് കലാരംഗത്തേക്ക് വരുന്നത്. നാടകമായിരുന്നു ആദ്യ ഇഷ്ടം. സ്‌കൂളിലും പുറത്തും നാടകവേദികളില്‍ സജീവമായി. ഓരോ വര്‍ഷം കഴിയുമ്പോഴും നാടകം എനിക്ക് ഗൗരവമുള്ള സംഗതിയായി. ഹൈസ്‌കൂള്‍ വിടുമ്പോഴേക്കും തിേയറ്റര്‍ പഠിക്കാന്‍തന്നെ തീരുമാനിച്ചു. 20 വയസ്സുവരെ നാടകംതന്നെയായിരുന്നു ജീവിതം. പക്ഷേ, അതൊരു കൊച്ചുലോകമായിരുന്നു. എനിക്ക് ആ ചെറിയ വട്ടത്തിനുള്ളില്‍ മാത്രമായി ചുരുങ്ങാനാകുമായിരുന്നില്ല. വിശാലമായ ലോകമായിരുന്നു എന്റെ സ്വപ്നം. അങ്ങനെയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. ഒരു ദശകത്തോളം ഞാന്‍ സിനിമയില്‍ അഭിനയിച്ചു. ഞാന്‍ അഭിനയിച്ച കുറേ സിനിമകള്‍ സാമ്പത്തികമായി വലിയ വിജയങ്ങളുണ്ടാക്കി. നടന്‍ എന്നനിലയില്‍ ഞാന്‍ സുരക്ഷിതമായ സ്ഥാനത്തായിരുന്നു. പക്ഷേ, എനിക്ക് അതായിരുന്നില്ല വേണ്ടിയിരുന്നത്. എന്റേതായ ഒരു ലോകം ആവശ്യമായിരുന്നു. എന്റെ സര്‍ഗശേഷികൊണ്ട് ഞാന്‍ നിര്‍മിക്കുന്ന ലോകം. അഭിനയിക്കാനുള്ള അവസരങ്ങള്‍ അവസാനിപ്പിച്ച് ഞാന്‍ സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 1991-ല്‍ എന്റെ ആദ്യത്തെ ചിത്രം പൂര്‍ത്തിയാക്കി. സിനിമയില്‍ അഭിനയിക്കുമ്പോള്‍ത്തന്നെ ഒരുപാട് ഷോര്‍ട്ട് ഫിലിമുകളും ചെയ്തിരുന്നു.

? വളരെ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ കലാജീവിതം ആരംഭിച്ചു. എങ്ങനെയായിരുന്നു കുടുംബപശ്ചാത്തലം. മാതാപിതാക്കളുടെ പിന്തുണ എത്രത്തോളമുണ്ടായിരുന്നു...

കുടുംബത്തിന്റെ ഒരു പിന്തുണയും എനിക്ക് ലഭിച്ചിട്ടില്ല. ശരിക്കുപറഞ്ഞാല്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. നാടകമെന്നല്ല, എന്താണ് കലയെന്നുപോലും അറിയില്ല. തികച്ചും മതയാഥാസ്ഥിതികരായ മധ്യവര്‍ഗകുടുംബം. എനിക്ക് അഞ്ച് സഹോദരങ്ങളായിരുന്നു. മക്കള്‍ ഡോക്ടറോ എന്‍ജിനീയറോ ആയി കാണാന്‍മാത്രം ആഗ്രഹിച്ചിരുന്ന മാതാപിതാക്കള്‍. ഞാന്‍ ചെയ്യുന്നതൊന്നും അവര്‍ക്ക് മനസ്സിലായിട്ടില്ല. അതുകൊണ്ട് എന്റെ വഴി ഞാന്‍തന്നെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഞാന്‍ എന്തായോ, അത് എനിക്കുമാത്രം അവകാശപ്പെട്ടതാണ്.

? ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ദ കളര്‍ ഓഫ് പാരഡൈസ്, ദ സോങ് ഓഫ് സ്പാരോസ്... കുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങള്‍. സ്വന്തം ബാല്യകാല അനുഭവങ്ങളായിരുന്നോ ഈ ചിത്രങ്ങള്‍...

വളരെ ഉത്സാഹിയായ കുട്ടിയായിരുന്നു ഞാന്‍. എന്തുചെയ്യാനും ഇഷ്ടമുള്ള കുട്ടി. സഹോദരങ്ങളും ബന്ധുക്കളും അയല്‍ക്കാരുമായി ഒരുപാട് കുട്ടികള്‍ ബാല്യത്തില്‍ കൂട്ടുണ്ടായിരുന്നു. എനിക്ക് സഹോദരിമാരില്ലെങ്കിലും പെണ്‍കുട്ടികള്‍ എന്റെ പരിസരത്തുണ്ടായിരുന്നു. ഒരുപാട് അനുഭവങ്ങള്‍. എന്റേതും ഞാന്‍ കണ്ടറിഞ്ഞതുമായ അനുഭവങ്ങളാണ് ആ ചിത്രങ്ങളില്‍. അതിലെ കുട്ടികളും അവരുടെ കഥകളും എനിക്ക് അറിയുന്നതുതന്നെയാണ്. എന്റെ സിനിമകള്‍ എന്റെ പരിസരത്ത് സംഭവിച്ചതാണ്. പരിചിതമായ പരിസരത്തുനിന്ന് സിനിമ ചെയ്യുമ്പോള്‍ സൃഷ്ടി സത്യസന്ധമാകും.

? ജീവിച്ചുവളര്‍ന്ന സാഹചര്യവും മതവിശ്വാസവും സ്വന്തം സിനിമകളില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ടോ...

മതം എന്റെ സിനിമകളില്‍ ഒരു ഘടകമല്ല; സ്വാഭാവികമായി വരുന്ന ഒരു പരിസരം മാത്രമാണ്. മതത്തിന്റെ മൂല്യങ്ങളില്‍നിന്നല്ല എന്റെ ചിത്രങ്ങളിലെ സന്ദേശം രൂപപ്പെടുന്നത്. അത് ഹൃദയത്തില്‍നിന്ന് സ്വയമേവ വരുന്ന ഒരു സംഗതിയാണ്. മനുഷ്യനെയും മൃഗത്തെയും വ്യതിരിക്തമാക്കുന്നത് ഉള്ളില്‍നിന്ന് ഉറവയെടുക്കുന്ന ഈ വികാരമാണ്. അതില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാന്‍പറ്റും; ഒരാളെ കൊലപ്പെടുത്താന്‍വരെ. എന്റെ സിനിമകളിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നതും അതുതന്നെയാണ്. 'വില്ലോ ട്രീ' എന്ന സിനിമയില്‍ ഇത് പ്രകടമായിത്തന്നെ കാണാം. മാനവികതയാണ് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സന്ദേശം. എന്റെ സിനിമകളില്‍ അതുണ്ട്.

? 'ബിയോണ്ട് ദ ക്ലൗഡ്സ്' ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ത്തന്നെ ചിത്രീകരിച്ച ചിത്രമാണ്. ഇറാനിലും ഇന്ത്യയിലും സിനിമ ചെയ്യുന്നതിന്റെ വ്യത്യാസമെന്താണ്...

ഇറാനില്‍ സിനിമചെയ്യുന്നതിന് തടസ്സങ്ങളൊന്നുമില്ല. ജനത്തിന് സിനിമയെപ്പറ്റി നല്ല ധാരണയുണ്ട്. അവര്‍ സിനിമയെ ഇഷ്ടപ്പെടുന്നുണ്ട്. നിര്‍മാണഘട്ടത്തില്‍ ചിത്രീകരണത്തിന് പോലീസിന്റെ സഹായവും ലഭിക്കാറുണ്ട്. പക്ഷേ, സാങ്കേതികമേന്മകള്‍ ഉള്‍പ്പെടുത്താന്‍ ഇറാനുപുറത്തേക്ക് പോകേണ്ടതുണ്ട്. അത്ര സൗകര്യങ്ങളേ ആ രാജ്യത്ത് ലഭ്യമായിട്ടുള്ളൂ. ഇന്ത്യയില്‍ അങ്ങനെയല്ല. ബോളിവുഡില്‍ എല്ലാ ആധുനികസംവിധാനങ്ങളും ലഭ്യമാണ്. ഒരുപാട് വികസിച്ചിട്ടുണ്ട് ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രി.

? ഐ.എഫ്.എഫ്.കെ.യില്‍ ജൂറി അധ്യക്ഷനായിരുന്നു. താങ്കളുടെ 'മുഹമ്മദ്, ദ മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കാതിരുന്നതിനെ എങ്ങനെയാണ് കാണുന്നത്...

ഒട്ടേറെ ഇസ്ലാമികരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് 'മുഹമ്മദ്, ദ മെസഞ്ചര്‍ ഓഫ് ഗോഡ്'. തുര്‍ക്കിയില്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. റഷ്യയിലെ മുസ്ലിംസമൂഹം ചിത്രത്തെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞു. എന്നാല്‍, സൗദി അറേബ്യ ചിത്രത്തെ എതിര്‍ക്കുകയാണ് ചെയ്തത്. പക്ഷേ, സൗദിയല്ല ഇന്ത്യ. വലിയ അന്തരമുണ്ട് രണ്ടുരാജ്യവും തമ്മില്‍. ഐ.എഫ്.എഫ്.കെ.യില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരുന്നത് ഗുരുതരമായ തെറ്റാണ്. ചിത്രത്തിന്റെ പ്രദര്‍ശനംകൊണ്ട് എന്തുകുഴപ്പമുണ്ടാകുമെന്നാണ് അവര്‍ കരുതുന്നതെന്ന് എനിക്കറിയില്ല. സര്‍ക്കാരിന്റെ ആള്‍ക്കാര്‍ ഈ ചിത്രം കാണാന്‍ തയ്യാറായിരുന്നെങ്കില്‍ ധാരണ മാറുമായിരുന്നു. കൊല്‍ക്കത്തയില്‍ ചിത്രം കാണിച്ചു. ഒരു കുഴപ്പവും സംഭവിച്ചില്ല. അമുസ്ലിങ്ങളടക്കം മികച്ച പ്രതികരണം തന്നു. പക്ഷേ, കേരളത്തില്‍ സംഭവിച്ചത് വലിയ പിശകാണ്. വലിയ വൈകാരിക വിഷയമായി അവരത് മാറ്റി. ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ ഒന്നും സംഭവിക്കുമായിരുന്നില്ല. അത് അവര്‍ക്ക് ബോധ്യപ്പെടുമെന്നുതന്നെയാണ് എന്റെ വിശ്വാസം.

? മതം, ചരിത്രം, പൈതൃകം ഇതൊക്കെ ചൂണ്ടിക്കാട്ടി സിനിമയ്ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എത്രത്തോളം നല്ല പ്രവണതയാണ്, സെന്‍സര്‍ഷിപ്പ് അടക്കം...

സെന്‍സര്‍ഷിപ്പിന്റെ ശരിയായ വ്യാഖ്യാനം എനിക്കറിയില്ല. ഞങ്ങള്‍ക്ക് മനസ്സിലാകാത്ത ഒരു വാക്കാണത്. എങ്കിലും സമൂഹത്തെ, കുടുംബങ്ങളെ, മനുഷ്യബന്ധങ്ങളെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും സിനിമയില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് മുറിച്ചുമാറ്റുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. സിനിമ നന്മയുടെ വസന്തമാകണം. സിനിമയുടെ ഉദ്ദേശ്യവും നല്ലതാകേണ്ടതുണ്ട്.

Content Highlights: majid majeedi interview about muhammad messenger of god movie iffk thiruvananthapuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

5 min

തിരിച്ചുവരുന്ന നായിക പറയുന്നു: പേടിയായിരുന്നു അന്ന് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും

Nov 9, 2017


mathrubhumi

6 min

'അന്ന് മമ്മൂട്ടി ഇങ്ങോട്ട് പറയുകയായിരുന്നു ആ സീരിയലെടുക്കാന്‍'

Oct 11, 2017