ആദ്യ ചിത്രമായ സി.ഐ.എ.യില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായിക, അടുത്ത ചിത്രമായ അങ്കിളില്‍ മമ്മൂട്ടിക്കൊപ്പം. അഭിനയിച്ച രണ്ട് ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടിയതിന്റെ സന്തോഷത്തിലാണ് കാര്‍ത്തികാ മുരളീധരന്‍.
''മമ്മൂക്കയുടെയും ദുല്‍ഖറിന്റെയും ചിത്രത്തില്‍ നായികയാകുക എന്നത് തുടക്കക്കാരിയെന്നനിലയില്‍ എനിക്കൊരു അംഗീകാരമാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളാണ് മലയാള സിനിമയോടുള്ള അടുപ്പം ഉണ്ടാക്കിയത്. ഒടുവില്‍ അങ്കിളില്‍ മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി. തുടക്കത്തില്‍ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍പോലും കഴിഞ്ഞില്ല. ജോയ്‌ച്ചേട്ടന്‍ തന്ന ധൈര്യത്തിലാണ് മമ്മൂക്കയോട് സംസാരിച്ചത്. പിന്നീട് അത് വലിയ സൗഹൃദമായി. ഒരു കാറില്‍ 25 ദിവസമാണ് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന സീന്‍ ചിത്രീകരിച്ചത്. അങ്കിള്‍പോലെ സോഷ്യല്‍ മെസേജ് കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ല് മാറിയിട്ടില്ല.''
ആമിര്‍ ഖാന്‍ ചിത്രങ്ങളുടെ സ്ഥിരം ഛായാഗ്രാഹകനായ സി.കെ. മുരളീധരന്റെ മകളാണ് കാര്‍ത്തിക. സഹോദരന്‍ ആകാശ്, റോഷന്‍ ആന്‍ഡ്രൂസിന്റെ സ്‌കൂള്‍ബസ് എന്ന ചിത്രത്തിലൂടെ ബാലതാരമായി നേരത്തെ മലയാളസിനിമയില്‍ എത്തിയിരുന്നു. ബാംഗ്ലൂര്‍ സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ബാച്ചിലര്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്‌സിന് പഠിക്കുന്ന കാര്‍ത്തികയ്ക്ക് സിനിമയില്‍ സജീവമാകാനാണ് താത്പര്യം.
''ഊട്ടിയില്‍ എന്‍ജിനീയറിങ്ങിനു പഠിക്കുന്ന ശ്രുതി എന്ന തന്റേടിയായ കഥാപാത്രമായാണ് അങ്കിളില്‍ ഞാന്‍ അഭിനയിച്ചത്. ആ കഥാപാത്രത്തിലേക്ക് എന്റെ സ്വഭാവത്തില്‍നിന്നും വലിയ ദൂരമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പെട്ടെന്ന് കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞു. രക്ഷിതാക്കളുടെ ആകുലതകള്‍ ചേര്‍ന്ന സീന്‍ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ എന്റെ പാരന്റ്സിനെക്കുറിച്ചോര്‍ത്തു. പെണ്ണാണെങ്കിലും നല്ല ഫ്രീഡത്തോടെയാണ് ഞാന്‍ വളര്‍ന്നത്. ഒന്നിലും അവര്‍ നിര്‍ബന്ധിച്ചില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ പാഠ്യേതരവിഷയം അഭിനയമായിരുന്നു. ഗ്രീക്ക് നാടകങ്ങളുമായി നാഷണല്‍ ലെവല്‍വരെ പോയിട്ടുണ്ട്. കൂടാതെ ഒഡീസിയും സ്ട്രീറ്റ് ജാസും പഠിച്ചു.''
എന്തുകൊണ്ട് ബോളിവുഡിലേക്ക് ശ്രദ്ധിച്ചില്ല...?
അച്ഛന്‍ വിചാരിച്ചാല്‍ എനിക്കൊരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയും. പക്ഷേ, താത്പര്യം തോന്നിയില്ല. ഒരിക്കല്‍ അച്ഛന്‍ ചോദിച്ചപ്പോള്‍ ദുല്‍ഖറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ അഭിനയിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ദുല്‍ഖറിന്റെ കടുത്ത ഫാനാണ് ഞാന്‍. കൂട്ടുകാരി എടുത്ത ഫോട്ടോ കണ്ടാണ് അമല്‍ നീരദ് സി.ഐ.എ.യിലേക്ക് എന്നെ അഭിനയിക്കാന്‍ വിളിക്കുന്നത്. അതുകഴിഞ്ഞാണ് ഗിരീഷ് ചേട്ടന്‍ അങ്കിളില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്. തുടര്‍ന്ന് ഓഡീഷനും നടത്തി, അങ്ങനെയാണ് ഞാന്‍ ഈ ചിത്രത്തിന്റ ഭാഗമാകുന്നത്.
കേരളത്തിലെ സദാചാര പോലീസിനെതിരേ രൂക്ഷവിമര്‍ശനം ചിത്രത്തിലുണ്ട്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന കാര്‍ത്തിക ഇത്തരം സാമൂഹികാന്തരീക്ഷത്തെ എങ്ങനെ കാണുന്നു...?
കേരളത്തിലെ രാത്രികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയമാണ്. മുംബൈയില്‍ ആണും പെണ്ണും ഒരുപോലെ ജോലി ചെയ്യുന്ന ഇടമാണ്. അവിടെ പാതിരാത്രി രണ്ട് മണിക്കുപോലും ഞാന്‍ ഇറങ്ങിനടക്കാറുണ്ട്, യാത്ര ചെയ്യാറുണ്ട്. ഉറങ്ങാത്ത ആ നഗരത്തില്‍ സുരക്ഷിതമാണെന്ന തോന്നലായിരുന്നു ഞങ്ങളുടെ ധൈര്യം. കേരളത്തില്‍ രാത്രി 10 മണി കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടിയെയും റോഡില്‍ കാണില്ല. അഥവാ ആരെങ്കിലും പുറത്തിറങ്ങിയാല്‍ ആണുങ്ങള്‍ കുറ്റവാളികളെ നോക്കുന്നതുപോലെ തുറിച്ചുനോക്കും. ഇവിടെ സ്ത്രീകള്‍ക്ക് ധൈര്യമായി നടക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
karthika muraleedharan uncle movie mammootty joy mathew karthika CIA dulquer salman