കരിക്ക് ഹിറ്റായതിങ്ങനെ: ഷിബുവും ലോലനും ജോര്‍ജ്ജും ശംഭുവും സംസാരിക്കുന്നു


2 min read
Read later
Print
Share

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'സ്റ്റോറി ടെല്ലിങ് ഓണ്‍ യൂട്യൂബ്' എന്ന ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ ടീം കരിക്ക് നിശാഗന്ധിയെ അക്ഷരാര്‍ഥത്തില്‍ ആവേശത്തിന്റെ അലകടലാക്കി.

ജോര്‍ജ്, ലോലന്‍, ശംഭു, ഷിബു- ഫെയ്‌സ്ബുക്കും യൂട്യൂബും ഉപയോഗിക്കുന്ന ഒരു ശരാശരി മലയാളിക്ക് ഇവരെ അറിയാതിരിക്കാന്‍ തരമില്ല. കരിക്ക് എന്ന സൂപ്പര്‍ ഹിറ്റ് വെബ് സീരീസ് ഈ യുവാക്കള്‍ മലയാളികളുടെ മനസ്സില്‍ ചേക്കേറിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടൂള്ളൂ. കുറഞ്ഞ കാലയളവില്‍ മറ്റൊരു യൂട്യൂബ് ചാനലും നേടാത്ത ജനപ്രീതിയാണ് ടീം കരിക്ക് സ്വന്തമാക്കിയത്.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'സ്റ്റോറി ടെല്ലിങ് ഓണ്‍ യൂട്യൂബ്' എന്ന ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ ടീം കരിക്ക് നിശാഗന്ധിയെ അക്ഷരാര്‍ഥത്തില്‍ ആവേശത്തിന്റെ അലകടലാക്കി. മലയാളികളെ ഏറെ സ്വാധീനിച്ച കരിക്കിന്റെ യാത്രയെ കുറിച്ച് നിഖില്‍ (സംവിധായകന്‍) കിരണ്‍ (കെ.കെ), ശബരീഷ് (ലോലന്‍), അനു കെ അനിയന്‍ (ജോര്‍ജ്ജ് ), ആനന്ദ് മാത്യൂസ്(ശംഭു), ബിനോയ്(ഷിബു), അര്‍ജുന്‍ (ബിട്ടോ), ജീവന്‍ (ഫ്രാന്‍സിസ്) എന്നിവര്‍ സംസാരിക്കുന്നു.

ഷിബു: എന്റെ പേര് ബിനോയ്. തേരാ പാരയിലെ ഷിബു. എറണാകുളം സ്വദേശിയാണ്. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഞങ്ങളുടെ പ്രേക്ഷകരെ നേരിട്ട് കണ്ടപ്പോള്‍ വല്ലാത്ത ആവേശമായി.

ശംഭു: എന്റെ പേര് ആനന്ദ് മാത്യൂസ്. എന്റെ ശബ്ദത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. എന്തെങ്കിലും ഏടാകൂടം ഒപ്പിച്ചിട്ടാണ് ഈ ശബ്ദമെന്ന് പലരും ചോദിക്കുന്നുണ്ട്. അല്ല, എന്റെ ശബ്ദം ഇങ്ങനെ തന്നെയാണ്. എല്ലാവര്‍ക്കും ചോദിച്ചത് കരിക്കിന്റെ അടുത്ത എപ്പിസോഡ് എന്നാണെന്നാണ്. മൊത്തത്തില്‍ ഒരു പങ്കപ്പാട് ആയിരുന്നു. ഇത്രയും കാലം വഴിയില്‍ വച്ച് ഒന്നോ രണ്ടോ പേര് കണ്ടാല്‍ പരിചയം നടിക്കും. അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും പ്രേക്ഷകരെ നേരിട്ട് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.

ബ്രിട്ടോ: എന്റെ പേര് അര്‍ജുന്‍. കഴിഞ്ഞ എപ്പിസോഡിലാണ് ഞാന്‍ വന്നത്. ഞങ്ങള്‍ക്ക് ഇടയില്‍ മത്സരമില്ല. ഞങ്ങള്‍ ടീം കരിക്കാണ്.

നിഖില്‍ (സംവിധായകന്‍)- ഞങ്ങള്‍ അഭിനയിക്കുന്ന പോലെയല്ല ചെയ്യുന്നത്. ശരിക്കും ജീവിക്കുകയാണ്. ചില സമയങ്ങളില്‍ 20 ടേക്ക് എല്ലാം വേണ്ടിവരും.

കൂട്ടത്തില്‍ അഭിനയിച്ചു തകര്‍ക്കുന്നത് ആരാണ്?

ഞാന്‍ ശരിക്കും തോല്‍വി സമ്മതിച്ചിട്ടുള്ളത് ലോലന്റെ മുന്നിലാണ്. ഏറ്റവും കുറവ് ടേക്കില്‍ ശരിയാക്കുന്നത് അനുവാണ് (ജോര്‍ജ്ജ്). എല്ലാവരും അവരുടേതായ രീതിയില്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആരെയും താരതമ്യം ചെയ്യാന്‍ സാധിക്കില്ല.

ലോലന്‍: ഒരു സുപ്രഭാതത്തില്‍ ബിനോയ് വിളിച്ചു. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ്. അങ്ങനെയാണ് കരിക്കില്‍ എത്തുന്നത്.

ശബരീഷ് എങ്ങനെ ലോലനായി?

ജോര്‍ജ്ജ്: ബിനോജ് വിളിച്ചിട്ടാണ് ശബരീഷ് വരുന്നത്. ലോലന്‍ എന്ന കഥാപാത്രം അവനെകൊണ്ട് മാത്രമേ പറ്റൂ. ഞങ്ങള്‍ മാത്രമേ ഇപ്പോള്‍ അവനെ ശബരീഷ് എന്ന് വിളിക്കുന്നുള്ളൂ. ഏറ്റവും കുടുതല്‍ ആരാധകരുള്ളത് ലോലനാണ്. ശബരീഷ് എന്ന് വിളിച്ചാല്‍ ഇപ്പോള്‍ ലോലന്‍ വിളികേള്‍ക്കുകയില്ല.

ഞങ്ങള്‍ തമാശയ്ക്ക് വേണ്ടി തമാശ പറയുകയല്ല ചെയ്തത്. ഞങ്ങളുടെ സൗഹൃദം തന്നെയാണ് ഇതിന്റെ കെമിസ്ട്രി. പ്രേക്ഷകര്‍ ഞങ്ങളെ കൂട്ടുകാരായി സ്‌നേഹിക്കുവാന്‍ തുടങ്ങി. അതാണ് വിജയം. ടീം വര്‍ക്കാണ് കരിക്കിന്റെ വിജയം.

നിഖില്‍: ഞങ്ങള്‍ പല എപ്പിസോഡുകളും ആഴ്ചകളോളം പ്ലാന്‍ ചെയ്താണ് ഷൂട്ട് ചെയ്യുന്നത്. എന്നാല്‍ ചിലത് തലേ ദിവസം പ്ലാന്‍ ചെയ്ത് പിറ്റേ ദിവസം അപ്‌ലോഡ് ചെയ്യും. അത് ചിലപ്പോള്‍ കൂടുതല്‍ ഹിറ്റാകാറുണ്ട്. അതിലെ ഹ്യൂമറൊക്കെ പെട്ടന്ന് ഉണ്ടാകുന്നതാണ്.

ജോര്‍ജ്ജ്: ഞങ്ങള്‍ക്ക് ധാരാളം സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. പരീക്ഷയുടെയും ജോലിയുടെയും സമ്മര്‍ദ്ദത്തില്‍ ആശ്വസം കണ്ടെത്താന്‍ കരിക്ക് കാണുന്നവരുണ്ട്. അതുപോലെ ഞങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പട്ടാളത്തില്‍ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ ഒരു മെസേജ് അയച്ചിരുന്നു. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ്. വിശ്രമ വേളകളില്‍ കരിക്ക് കണാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ്. ഒരുപാട് അഭിമാനത്തോടെ ചെയ്യുന്ന ജോലിയാണ്. ഞങ്ങള്‍ ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram