മംഗലശ്ശേരി നീലകണ്ഠന്റെ കഥ പറഞ്ഞ ദേവാസുരം തിയേറ്ററുകളില്‍ ഉത്സവം സൃഷ്ടിക്കുമ്പോള്‍ രഞ്ജിത്ത് ലാലിനെത്തന്നെ നായകനാക്കിയുള്ള മായാമയൂരം എന്ന ചിത്രത്തിന്റെ രചനയിലായിരുന്നു. രാവണപ്രഭുവിനുശേഷം നന്ദനം എന്ന ചിത്രവുമായാണ് രഞ്ജിത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആറാംതമ്പുരാനും വല്യേട്ടനും നരസിംഹവും സമ്മാനിച്ച വ്യക്തിയില്‍നിന്നുതന്നെയാണ് കയ്യൊപ്പും തിരക്കഥയും പ്രാഞ്ചിയേട്ടനും ഇന്ത്യന്‍ റുപ്പിയും പുറത്തുവന്നത് .
സിനിമകളിലെ ഈ വൈവിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചത് സ്വന്തം ജീവിതംതന്നെയാണ്.'' ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളും സൗഹൃദങ്ങളുമെല്ലാം എഴുത്തിനെ സ്വാധീനിച്ചിരുന്നു, ഒരു വീട്ടില്‍തന്നെ ജനിച്ച് ,വളര്‍ന്ന് അവിടെനിന്നു സ്‌കൂളിലും കോളേജിലും പോയി അവിടേക്കുതന്നെ വിവാഹംകഴിച്ചുകൊണ്ടുവരുകയെന്ന ഭൂരിഭാഗം മലയാളിക്കും ലഭിക്കുന്ന സൗകര്യമോ രീതിയോ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. കുട്ടിക്കാലംമുതല്‍ അച്ഛന്റെ ജോലിക്കൊപ്പമുള്ള യാത്രയായിരുന്നു. പത്താംക്ലാസ് കഴിയുമ്പോഴേക്കും പല സ്വഭാവത്തിലുള്ള പത്തോളം വിദ്യാലയങ്ങളില്‍ പഠിച്ചു.വിഭിന്നങ്ങളായ കാഴ്ച്ചകള്‍- കൂട്ടുകാര്‍,കുടുംബത്തിന്റെ സാമ്പത്തികസ്ഥിതികളില്‍ ഇടയ്ക്കിടെ വന്നുപോകുന്ന കയറ്റിറക്കങ്ങള്‍... ഇതെല്ലാം അഭിരുചികളെ നിശ്ചയിച്ചിരിക്കണം.
ഇന്നും സൗഹൃദങ്ങളില്‍ വ്യത്യസ്ത സ്വഭാവക്കാരേറെയുണ്ട്, ഒരേ നഗരത്തിലെതന്നെ സ്ഥലക്കച്ചവടക്കാരും പാട്ടുകാരും എഴുത്തുകാരും ഒപ്പമുണ്ടാകും''.
മീശപിരിക്കുന്ന ലാലിനെ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്ത് രഞ്ജിത്ത് പുതിയപരീക്ഷണങ്ങളുമായി മുന്നോട്ടുപോകുകയാണ്.ലണ്ടന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ഡ്രാമ പ്രദര്‍ശനത്തിനെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ഇന്ന് സംവിധായകന്‍
മോഹന്‍ലാല്‍-രഞ്ജിത് ടീമിന്റെ സിനിമ എന്നുകേള്‍ക്കുമ്പോള്‍ അതിമാനുഷിക നായകന്മാരാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യമെത്തുക?
അതിമാനുഷികനായ നായകനെയോ തിയേറ്ററിനകത്ത് സീറ്റ് എഡ്ജില്‍ ഇരുന്ന് കാണേണ്ട ഒരു കഥയോ പറയുന്ന സിനിമയല്ല ഡ്രാമ. ഗൗരവമായൊരു വിഷയത്തെ കൗതുകത്തോടെയും തമാശകലര്‍ത്തിയും അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ഫ്‌ലക്‌സിബ്ളായി അഭിനയിച്ച് പ്രേക്ഷകരെ രസിപ്പിക്കുന്ന പഴയ മോഹന്‍ലാലിനെ ഡ്രാമയിലൂടെ വീണ്ടും കാണാം. തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ശ്യൂന്യതയുണ്ടാകില്ല. മുന്‍വിധികളില്ലാതെ എത്തുന്നവരെ ചിത്രം രസിപ്പിക്കും. സ്വന്തം കുടുംബബന്ധങ്ങളെക്കുറിച്ച് പ്രേക്ഷകരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നസിനിമയാകും ഡ്രാമ.
ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, രണ്‍ജി പണിക്കര്‍, ജോണി ആന്റണി... ഡ്രാമയില്‍ നടന്‍മാരായി സംവിധായകരുടെ വലിയൊരു നിരതന്നെയുണ്ട്. മലയാളത്തിലെ സംവിധാകര്‍ അഭിനയത്തിലേക്ക് ചുവടുമാറുന്നുണ്ടോ?
സംവിധാനത്തിന്റെ യാതൊരുവിധ അല്ലലുകളുമില്ലാതെ സെറ്റില്‍ നില്‍ക്കാന്‍ കഴിയുന്നു എന്നതാണ് അഭിനയിക്കാനെത്തുമ്പോള്‍ സംവിധായകരെല്ലാം അനുഭവിക്കുന്ന എറ്റവും വലിയ സന്തോഷം. അതുകൊണ്ടുതന്നെയാകണം അവരെല്ലാം പലപ്പോഴും അത്തരം വഴികളിലൂടെ കൂടുതലായി നടക്കുന്നതും. ശ്യാമും ദിലീഷുമെല്ലാം ഡ്രാമയില്‍ അഭിനയിക്കാന്‍ ലണ്ടനിലേക്കെത്തിയത് വിനോദയാത്രയ്ക്കുവന്ന കുട്ടികളുടെ മാനസികാവസ്ഥയോടെയായിരുന്നു. അഞ്ജലി മേനോന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാനും അങ്ങനെത്തന്നെയായിരുന്നു. സീന്‍ ഷൂട്ട് ചെയ്യേണ്ടതിന്റെ യാതൊരു ടെന്‍ഷനുമില്ലതെ ലൊക്കേഷനില്‍ കഴിയാം, അഭിനയിക്കുകയെന്ന ഉത്തരവാദിത്വം മാത്രമേ ഉണ്ടാകു. ഡ്രാമയിലെ ജോണി ആന്റണിയുടെ പ്രകടനം കണ്ട സംവിധായകന്‍ ലാല്‍ ജോസ് അടുത്തചിത്രത്തിലേക്ക് അയാളെ ക്ഷണിച്ചുകഴിഞ്ഞു.
സിനിമാക്കാരുടെ വ്യക്തിജീവിതവും അവരുടെ സംഘടനാനിലപാടുകളും പ്രേക്ഷകരെ സിനിമയില്‍നിന്ന് അകറ്റുമെന്ന് കരുതുന്നുണ്ടോ?
സിനിമാസംഘടനകള്‍, അവയിലെ അംഗങ്ങള്‍ അവരുടെ വ്യക്തിജീവിതം എന്നിവക്കെല്ലാം അപ്പുറത്താണ് സിനിമ. പ്രേക്ഷനെ വഞ്ചിക്കാത്ത, പുതിയ കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന ചിത്രങ്ങള്‍ തിയേറ്ററുകളില്‍ സ്വീകരിക്കപ്പെടുമെന്നുതന്നെയാണ് വിശ്വാസം.
ഇന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട നടന്‍മാരാണ് സഞ്ജയ് ദത്തും സല്‍മാന്‍ ഖാനും. ഞാനവരുടെ ചിത്രങ്ങള്‍ കാണാന്‍ തിയേറ്ററില്‍ ഇരിക്കുമ്പോള്‍ നായകന്‍ ജീവിതത്തില്‍ ആയുധക്കേസില്‍ പ്രതിയാണെന്നോ കുറ്റവാളിയായി ജയിലില്‍ കിടന്ന വ്യക്തിയാണെന്നോ എന്നൊന്നും ചിന്തിക്കാറില്ല. നടന്റെ പ്രകടനം കാണാന്‍ ഇരിക്കുന്ന എനിക്ക് അയാളുടെ വ്യക്തിജീവിതം വിഷയമല്ല. വെള്ളിത്തിരയ്ക്ക് പുറത്തുള്ള സിനിമാക്കാരുടെ ജീവിതം നിയമവ്യവസ്ഥയ്ക്ക് ഉള്ളിലുള്ളതാണ്, അതിനകത്ത് ഇടപെടാന്‍ പൊലീസും കോടതിയുമെല്ലാമുണ്ടല്ലോ.
മലയാളത്തിന് എന്നും പ്രിയപ്പെട്ട ഇന്ന് നിശ്ശബ്ദനായിപോയ ജഗതി ശ്രീകുമാര്‍ വിവാദങ്ങളില്‍ അകപ്പെട്ടപ്പോഴും അദ്ദേഹത്തിന്റെ പ്രകടനത്തിലെ നര്‍മം പ്രേക്ഷകര്‍ ആസ്വദിക്കാതിരുന്നിട്ടില്ല. വ്യക്തിജീവിതത്തില്‍ എത്രയോ സംശുദ്ധ വിശുദ്ധജന്മങ്ങളുണ്ട്. അങ്ങനെയാണെങ്കിലും അത്തരക്കാര്‍ സ്‌ക്രീനില്‍ പരാജയമാണെങ്കില്‍ അയാളുടെ ജീവിതത്തിന്റെ നന്മയും മേന്മയും കൊണ്ടുമെല്ലാം പ്രേക്ഷകന്‍ കൈയടിക്കണമെന്നില്ല. ഇവ രണ്ടും രണ്ടായിത്തന്നെ കാണണം.
ഡ്രാമയ്ക്കുവേണ്ടി മോഹന്‍ലാല്‍ പാടിയെ പാട്ടിനെക്കുറിച്ച്?
ഡ്രാമയില്‍ ഹരിനാരായണന്‍ എഴുതി വിനു തോമസ് സംഗീതം പകര്‍ന്ന ഒരു ഗാനമാണുള്ളത്.കറതീര്‍ന്നൊരു ഗായകനൊന്നുമല്ലെങ്കിലും ലാല്‍ പാടുമ്പോള്‍ അതിലൊരു കൗതുകമുണ്ട്. അത് കേള്‍ക്കാന്‍ നമുക്കെല്ലാം എപ്പോഴുമൊരു ഇഷ്ടമുണ്ട്. മികച്ചൊരു പ്രൊഫഷണല്‍ ഗായകന്‍ പാടേണ്ട പാട്ടൊന്നുമല്ല ഡ്രാമയ്ക്ക് വേണ്ടതെന്ന് ചര്‍ച്ചകളുടെ തുടക്കത്തില്‍ത്തന്നെ അഭിപ്രായമുയര്‍ന്നു. ലാലിനോട് പാടാമോ എന്നുചോദിച്ചപ്പോള്‍ ആദ്യം വന്ന മറുപടി എനിക്ക് കഴിയുമെങ്കില്‍ നോക്കാം എന്നായിരുന്നു.അഭിനയിക്കാന്‍ വരുന്നതുപോലെതന്നെയാണ് ലാല്‍ പാടാനും എത്തിയത്. മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ചുറ്റുമുള്ളവരെ തോന്നിപ്പിച്ചുകൊണ്ട് വിസ്മയിപ്പിക്കുന്നതാണ് ആ രീതി.
Contenthighlights:interview with director renjith, mohanlal, drama, renjith, amma, wcc