കോഴിക്കോട് സാമൂതിരി സ്‌കൂളിലെ അഞ്ചാം ക്ലാസിലായിരുന്നു ഹരീഷ് പേരടിയുടെ ആദ്യത്തെ അഭിനയം. അഞ്ചില്‍ തുടങ്ങിയ അഭിനയം ഇപ്പോള്‍ ഇരുപത്തിയഞ്ചിലേറെ സിനിമകളും കഴിഞ്ഞ് നില്‍ക്കുകയാണ്. സ്‌കൂളില്‍ നിന്ന് പ്രൊഫഷണല്‍ നാടകരംഗത്തും അവിടെ നിന്ന് ടിവി സീരിയലിലും പിന്നെ അതും കടന്ന് സിനിമയിലും എത്തിക്കഴിഞ്ഞു പേരിടയെന്ന അഭിനേതാവ്. ക്ലാസ് മുറിയിലെ അനുകരണത്തിന്റെ നേരമ്പോക്കില്‍ നിന്നും തമിഴകം വരെ എത്തിനില്‍ക്കുന്ന കണ്ണീരും കഷ്ടപ്പാടും നിറഞ്ഞ സിനിമായാത്രയ്ക്കിടെ ഹരീഷ് നമുക്ക് സമ്മാനിച്ച വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ നിരവധിയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവനെ വെല്ലാന്‍ ഇനിയൊരാള്‍ വരേണ്ടിയിരിക്കുന്നു. ലൈഫ് ഓഫ് ജോസൂട്ടിയിലെ ജോസഫും പുലിമുരുകനിലെ മേസ്തരിയും പ്രേതത്തിലെ പാതിരിയും ഹരീഷിന് മലയാളികളുടെ മനസ്സില്‍ പ്രിയമുള്ളൊരു സ്ഥാനം തന്നെ നല്‍കി.
എന്നാല്‍ ഹരീഷ് പേരടി എന്ന നടന് ഇപ്പോള്‍ പേരും പെരുമയും ഏറെ തമിഴകത്താണ്. വിക്രം വേദയിലെ ചേട്ടന്‍ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട് തമിഴകത്തെ ഞെട്ടിച്ചിരിക്കുകയാണ് പേരടി. തീര്‍ന്നില്ല; ഇനിയും ഒരുപാട് വേഷങ്ങള്‍ നീട്ടി കാത്തിരിക്കുകയാണ് കോളിവുഡ് ഈ മലയാള താരത്തെ. കൈതേരി സഹദേവന്‍ മുതല്‍ ചേട്ടന്‍ വരെയുള്ള വേഷങ്ങളുടെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കിടുകയാണ് ഹരീഷ് പേരടി.
വിക്രം വേദയിലെ ചേട്ടന്‍
എന്റെ മൂന്നാമത്തെ തമിഴ് സിനിമയാണ് വിക്രം വേദ. കിടാരി, ആണ്ടവന്‍ കട്ടാലൈ എന്നീ ചിത്രങ്ങളിലാണ് ഞാന്‍ ഇതിനും മുന്‍പ് അഭിനയിച്ചത്. കാക്കമൂട്ടൈയുടെ സംവിധായകന്‍ എം മണികണ്ഠനാണ് ആണ്ടവന്‍ കട്ടാലൈ ഒരുക്കിയത്. വിജയ് സേതുപതിയായിരുന്നു അതിലെ നായകന്‍. അദ്ദേഹം തന്നെയാണ് എന്നെ വിക്രം വേദയിലേക്ക് റെക്കമെന്റ് ചെയ്യുന്നത്. സംവിധായകരായ പുഷ്‌കറും ഗായത്രിയും ചേട്ടാ എന്ന കഥാപാത്രത്തിലേക്ക് എന്നെ തിരഞ്ഞെടുത്തു. എന്റെ കഥാപാത്രം ചെന്നൈയിലേക്ക് കൂടിയേറിയ മലയാളി ഗാങ്‌സറ്ററാണ്.
ഡൗണ്‍ ടു എര്‍ത്താണ് വിജയ് സേതുപതിയും മാധവനും
വിജയ് സേതുപതിയും മാധവനും മികച്ച നടന്‍മാരും വ്യക്തികളുമാണ്. സിനിമയില്‍ എത്രത്തോളം ഉയരങ്ങള്‍ കീഴടക്കിയോ അത്രയും ഡൗണ്‍ ടു എര്‍ത്താണവര്‍. വിജയ് സേതുപതിയുമായി മുന്‍ സിനിമകളില്‍ ജോലി ചെയ്തതിനാല്‍ കൂടുതല്‍ അടുപ്പമുണ്ട്. അദ്ദേഹവുമായിട്ടാണ് കോമ്പിനേഷന്‍ സീനുകള്‍ കൂടുതലുമുള്ളത്. മാധവനുമായി രംഗങ്ങളില്ലെങ്കിലും സൗഹൃദമാണ്. അവരെല്ലാം നമ്മളെ തിരിച്ചും ബഹുമാനത്തോടെ കാണുന്നത് ഒരു അംഗീകാരമാണ്.
പുഷ്‌കറും ഗായത്രിയുമാണ് താരങ്ങള്‍
പരമ്പരാഗത വില്ലന്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു വിക്രം വേദ. എല്ലാമനുഷ്യരിലും നല്ലതും ചീത്തയുമുണ്ട്. രണ്ടിന്റെയും ഇടയില്‍ നിന്നാണ് ആ സിനിമ എടുത്തിരിക്കുന്നത്. നമ്മളില്‍ എല്ലാവരിലും നന്‍മയും തിന്‍മയുമുണ്ട്.
വളരെ പ്ലാന്‍ഡായ സ്‌ക്രിപ്റ്റ് ആയിരുന്നു വിക്രം വേദയുടേത്. പുഷ്‌കറും ഗായത്രിയും അത്രമാത്രം റിസര്‍ച്ച് ചെയ്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വളരെ ഇന്റെലിജന്റായ ഫിലിം മേക്കേഴ്‌സ്. അവര്‍ രണ്ടാണെന്ന തോന്നില്‍ നമുക്ക് തോന്നില്ല. രാവിലെ മുതല്‍ വൈകുന്നേരം വരെ രണ്ട് പേരും സെറ്റില്‍ ഒരുമിച്ചുണ്ടാകും. ജോലിചെയ്യുമ്പോള്‍ അത്രയ്ക്ക് അര്‍പ്പണ ബോധമാണവര്‍ക്ക്. ലോക സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതുപോലെരു ഭാര്യയും ഭര്‍ത്താവുമുണ്ടാകില്ലെന്നാണ് എന്റെ ധാരണ. സംവിധായക ദമ്പതിമാരുണ്ടെങ്കിലും ഒരുപോലെ ചിന്തിക്കുന്ന പ്രവര്‍ത്തിക്കുന്ന മറ്റാരുമില്ല എന്നാണ് എനിക്ക് തോനുന്നത്.
ഊണിലും ഉറക്കത്തിലും ആ സംഗീതം ചെവിയില്‍ മുഴങ്ങും
വിക്രം വേദയിലെ ഏറ്റവും രസകരമായ അനുഭവം ടസ്‌ക് ടസ്‌ക് എന്ന ഡാന്‍സ് സീനായിരുന്നു. ഞങ്ങളെല്ലാവരും അത്രയും ആസ്വദിച്ചാണ് അത് ചെയ്തത്. വളരെ നാടന്‍ ശൈലിയിലുള്ള നൃത്തം. കൃത്യമായി കൊറിയോഗ്രഫി ചെയ്തിരുന്നുവെങ്കിലും അതിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് നൃത്തം ചെയ്യുന്നതെന്ന് തോന്നില്ല. ഞാന്‍ വലിയ ഡാന്‍സറൊന്നുമല്ലെങ്കിലും ചെയ്യാന്‍ മടി തോന്നിയില്ല. പിന്നെ ചിത്രത്തിന്റെ ബിജിഎം എന്നെ ഇപ്പോഴും വേട്ടയാടുന്നു. ഊണിലും ഉറക്കത്തിലുമെല്ലാം അതിന്റെ ഓര്‍മകള്‍ കടന്നുവരാറുണ്ട്. എആര്‍ മുരുഗദോസ് സാറിന്റെ ഒരു സിനിമ ചെയ്യുന്നുണ്ട്. അതിന്റെ ഡബ്ബിങ്ങ് സെറ്റില്‍ എല്ലാവരും ഞാന്‍ നടന്നു വരുമ്പോള്‍ ഈ മ്യൂസിക് പുറപ്പെടുവിക്കും.
കൈതേരി സഹേദവന്‍ ഒരിക്കലും വിട്ടുപോകില്ല
ഞാന്‍ നേരത്തേ ചെയ്ത കഥാപാത്രങ്ങള്‍ അത് സിനിമയിലാകട്ടെ സീരിയലിലാകട്ടെ ആളുകള്‍ അതെക്കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് അഭിമാനവും സന്തോഷവും മാത്രമേയുള്ളൂ. കായംകുളം കൊച്ചുണ്ണിയിലെ കാക്കശങ്കരന്‍ എന്ന് വിളിക്കുന്നവരുണ്ട്. കൈതേരി സഹദേവന്‍ എന്ന് വിളിക്കുന്നവരുമുണ്ട്. എല്ലാ കഥാപാത്രങ്ങളും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്.
ഞാനിപ്പോള്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും കൈതേരി സഹദേവനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതില്‍ എനിക്ക് അത്ഭുതമില്ല. സങ്കടവുമില്ല. ഒരുദാഹരണം പറയാം, നമ്മള്‍ രാവിലെ വീടിന്റെ ജനല്‍ തുറക്കുമ്പോള്‍ പുറത്ത് മഞ്ഞു കാണുന്നു. മഞ്ഞ് കാണുന്ന അവസരത്തില്‍ ചിലപ്പോള്‍ മനസ്സിലേക്ക് ഓടിവരുന്നത് നാം നേരത്തേ സന്ദര്‍ശിച്ചിട്ടുള്ള മഞ്ഞ് മൂടിയ സ്ഥലങ്ങളായിരിക്കും. ഇന്നും രാഷ്ട്രീയ കഥാപാത്രങ്ങളെ സിനിമയില്‍ കാണുമ്പോള്‍ കൈതേരി സഹദേവനെ ഓര്‍ക്കുന്നത് അയാള്‍ക്ക് കുറച്ച് പേരുടെ മനസ്സിലെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു കാണും.
വിജയ്, വിക്രം പിന്നെ മഹേഷ് ബാബു
വിജയിനൊപ്പം മെര്‍സല്‍ എന്ന ചിത്രവും വിക്രമിനൊപ്പം സ്‌കെച്ചും ചെയ്യുന്നു. രണ്ട് സിനിമകളിലും പ്രധാനപ്പെട്ട വേഷമാണ്. മെര്‍സലിലെ ഷൂട്ടിങ്ങ് ഭൂരിഭാഗവും യൂറോപ്പില്‍ വച്ചായിരുന്നു. കഥാപാത്രത്തെക്കുറിച്ച് ഒന്നും ഞാന്‍ പറയുന്നില്ല. കാരണം അതെക്കുറിച്ച് സംവിധായകന്‍ അറ്റ്ലിയുടെ നിര്‍ദ്ദേശമുണ്ട്. വിജയിനെക്കുറിച്ച് പറയുകയാണെങ്കില്‍ താരജാടകളില്ല. വിക്രമും അങ്ങിനെ തന്നെ. എ.ആര്‍ മുരുഗദോസിന്റെ സ്പൈഡര്‍ എന്ന ചിത്രത്തിലും ഞാന്‍ അഭിനയിക്കുന്നുണ്ട്. മഹേഷ് ബാബുവാണ് നായകന്‍. തെലുങ്കിലും തമിഴിലും സ്പൈഡര്‍ ഒരുക്കുന്നുണ്ട്.
തമിഴ് എനിക്ക് അത്ര പരിചയായ ഭാഷയായിരുന്നില്ല. ഇപ്പോള്‍ കുറച്ച് കാലങ്ങളായി തമിഴ് സിനിമകളുടെ ഭാഗമാകുന്നതിനാല്‍ തമിഴ് വശമായി വരുന്നു. എന്റെ സിനിമകള്‍ക്ക് ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തു കൊണ്ടിരിക്കുന്നത്. വലിയ കുഴപ്പമില്ലാത്തതിനാലായിരിക്കാം... എന്നോട് ഡബ്ബ് ചെയ്യേണ്ടെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല.