ഫോട്ടോ: ബി.മുരളീകൃഷ്ണൻ
കൊച്ചി: പ്രേമത്തിലൂടെ മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് പിറന്നു വീണ നിരവധി അഭിനേതാക്കളില്‍ ഒരാളാണ് സിജു വില്‍സണ്‍. മുന്‍പ് നേരം ഉള്‍പ്പെടെ കുറച്ച് സിനിമകളില്‍ തല കാണിച്ചിട്ടുണ്ടെങ്കിലും സിജുവിന്റെ തലവര നേരെയാക്കിയത് പ്രേമമാണ്. നിവിന്‍ പോളിയില്ലാതെ പ്രേമം ടീം വീണ്ടും ഒന്നിച്ച ഹാപ്പി വെഡ്ഡിങ് ഇപ്പോള്‍ തിയ്യറ്ററുകളില്‍ നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. തൃശൂരുകാരനായ ഒമര്‍ സംവിധാനം ചെയ്ത സിനിമയും തൃശൂരിനെ ചുറ്റിപറ്റിയുള്ള ഒന്നായിരുന്നു.
'ഞാനല്ല ഈ സിനിമയിലെ ഹീറോ. ഹാപ്പി വെഡ്ഡിങ്ങിലെ നിരവധി കഥാപാത്രങ്ങളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഹീറോ എന്നതിനെക്കാളുപരി 'സെന്‍ട്രല്‍ ക്യാരക്ടര്‍' എന്ന് വിശേഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്' ഹാപ്പി വെഡ്ഡിംഗ് വിജയത്തില്‍ നായകന്റെ പ്രതികരണം ആരാഞ്ഞപ്പോള്‍ ലഭിച്ച മറുപടിയാണിത്. കഥ തന്നിലൂടെ മുന്നോട്ടു പോകുന്നത് കൊണ്ടാണ് താന്‍ സെന്‍ട്രല്‍ ക്യാരക്ടര്‍ എന്ന് പറയാന്‍ ആഗ്രഹിക്കുന്നതെന്നും സിജു വ്യക്തമാക്കുന്നുണ്ട്. ഹാപ്പി വെഡ്ഡിങ്ങിന്റെ വിജയം തന്റെ സ്വന്തം നേട്ടമായി കാണുന്നില്ലെന്നും സിനിമയുടെ വിജയത്തിനായി ഒപ്പം നിന്ന ടെക്‌നീഷ്യന്മാരും കലാകാരന്മാരും ഉള്‍പ്പെടെ എല്ലാവരുടെയും വിജയമാണെന്നും സിജു വിശ്വസിക്കുന്നു.
'ഹാപ്പി വെഡ്ഡിങ് എന്റെ മാത്രം സിനിമയല്ല. സംവിധായകനും നിര്‍മാതാക്കളും നടീ നടന്മാരും മറ്റ് സഹായികളുമൊക്ക ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചത് കൊണ്ടുള്ള വിജയമാണ്. അതില്‍ എനിക്ക് മാത്രമായി അവകാശപ്പെടാനായി ഒന്നുമില്ല. ഒരു ടീം വര്‍ക്കിന്റെ പ്രതിഫലമാണിത്. വിജയത്തിന്റെ മധുരം എല്ലാവര്‍ക്കും കൂടിയുള്ളതാണ്'-സിജു പറഞ്ഞു.
വിജയം പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ
'സിനിമയുടെ ത്രെഡ് കേട്ടപ്പോള്‍ തന്നെ എന്നെ പോലെ ഒരാള്‍ക്ക് തിയ്യറ്ററില്‍ കണ്ടിരിക്കാന്‍ കഴിയുന്നതാണെന്ന് തോന്നിയിരുന്നു. ചിത്രീകരണ സമയത്ത് എല്ലാവരുടെയും കോണ്‍ട്രിബ്യൂഷനോടെ ചില ഇംപ്രൊവൈസേഷന്‍സ് നടത്തിയിരുന്നു. വിജയിക്കാന്‍ വേണ്ട ഘടകങ്ങള്‍ സിനിമയിലുണ്ടെന്ന് അപ്പോള്‍ തന്നെ തോന്നിയിരുന്നു. പിന്നെ, എല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രം സംഭവിച്ച അത്ഭുതങ്ങളാണ്'.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലെ മുഴുനീള കഥാപാത്രമാണ് തന്റെ കരിയറില്‍ ബ്രേക്ക് ത്രൂ ആയതെന്ന് വിശ്വസിക്കുന്ന സിജു തനിക്ക് തുടര്‍ന്നും അത്തരം ക്യാരക്ടറുകള്‍ ചെയ്യാനാണ് താല്പര്യം എന്ന് പറയുന്നു. ഹീറോ എന്നുള്ള ആശയം തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും നല്ല കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് മാത്രമാണ് ആഗ്രഹമെന്നും സിജു പറഞ്ഞു. നാദിര്‍ഷയുടെ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍, നിവിന്‍ പോളി നിര്‍മ്മിക്കുന്ന പേരിടാത്ത അല്‍ത്താഫ് ചിത്രം തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ സിജുവിനെ കാത്തിരിപ്പുണ്ട്.