സംവിധാനം പഠിച്ചത് ഓണ്‍ലൈനില്‍. ഒരു ചിത്രത്തില്‍ പോലും സംവിധാന സഹായിയാകാതെ ആദ്യചിത്രം. താരങ്ങളില്ലാതെ തുടര്‍ച്ചയായി രണ്ട് വിജയങ്ങള്‍. ഒമര്‍ ലുലു എന്ന സംവിധായകനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങളേറെയാണ്. ഒമറിന്റെ 'ചങ്ക്‌സ്' തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും സോഷ്യല്‍ മീഡിയയിലും അല്ലാതെയും കടുത്ത വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ തന്റെ സിനിമയെ കുറിച്ചും വിവാദങ്ങളെ കുറിച്ചും നിലപാടുകളെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംവദിക്കുകയാണ് ഒമര്‍..
'സുഹൃത്തേ ഒരു സുന്ദരി പോകുന്നു' എന്നല്ല ചങ്ക്‌സ് പറയുക
സിനിമയിലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളെ കുറിച്ചു പറയുകയാണെങ്കില്‍, നമ്മള്‍ സുഹൃത്തുക്കളൊന്നിച്ചിരിക്കുമ്പോള്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടി പോയാല്‍ 'സുഹൃത്തേ ഒരു സുന്ദരി പോകുന്നു' എന്നല്ല പറയുക. അതിന് അവര്‍ ഉപയോഗിക്കുന്ന ഭാഷ മാത്രമേ സിനിമയിലും ഉപയോഗിച്ചിട്ടുള്ളൂ. യുവാക്കളുടെ അത്തരം സംഭാഷണങ്ങള്‍ക്ക് തിയേറ്ററില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അവര്‍ക്കത് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. അതാണ് തിയേറ്ററുകളില്‍ യുവാക്കളുടെ തിരക്കേറാന്‍ കാരണവും.
ഒരു അഡൾട്ട് കോമഡി ലക്ഷ്യമിട്ടുകൊണ്ടല്ല ഈ സിനിമ ഉണ്ടാക്കിയത്. സുഹൃത്തുക്കള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ അത്തരം കോമഡികളും ഉണ്ടാകും. അത് ഈ ചിത്രത്തിലുമുണ്ട്. തിയേറ്ററുകളില്‍ അവ ആസ്വദിക്കപ്പെടുന്നുമുണ്ട്. മലയാളത്തില്‍ ഇതിനു മുമ്പും മായാമോഹിനി എന്ന ചിത്രത്തിലൊക്കെ ഇത്തരം കോമഡികളുണ്ട്. പുലിമുരുകനിലും ഇത്തരം ഡയലോഗുകളുണ്ട്. ഇത് പഴയകാലം മുതലേ മലയാള സിനിമയിലുണ്ട്.
അടുത്ത കാലത്താണ് ഇതിങ്ങനെ പറയാന്‍ പാടില്ല, സിനിമയില്‍ കാണിക്കാന്‍ പാടില്ല എന്നൊക്കെയുള്ള വാദങ്ങളുണ്ടായിരിക്കുന്നത്. എന്നാല്‍ ഈ പറയുന്നവരെല്ലാം ഹിന്ദിയില്‍ വരുന്ന ഇത്തരം കോമഡികളെല്ലാം കാണുന്നവരാണ്. ഗോല്‍മാല്‍ സീരീസിനൊക്കെ ഇവിടെ ഒരുപാട് ഫാന്‍സുണ്ട്. തമിഴിലിറങ്ങിയ 'ബോയ്‌സ്' എന്ന ചിത്രത്തിന് അവിടത്തേതിനേക്കാള്‍ പ്രേക്ഷകരെ ലഭിച്ചത് കേരളത്തില്‍ നിന്നാണ്. ബോയ്‌സ് സിനിമയിലുള്ളതിന്റെ പകുതി കണ്ടന്റ് പോലും ചങ്ക്‌സിലില്ല. മറ്റു ഭാഷകളില്‍ കാണുമ്പോള്‍ മലയാളികള്‍ ഇതാണ് യൂത്ത് എന്നു പറയും. എന്നാല്‍ മലയാളത്തില്‍ വരുമ്പോള്‍ ഭയങ്കര വിമര്‍ശനമാണ്.
തിയേറ്ററില്‍ കൈയടിക്കുന്നവര്‍ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിക്കുന്നു
മറ്റു ഭാഷകളില്‍ ഒരു നടി ബിക്കിനിയിട്ട് അഭിനയിച്ചാല്‍ മലയാളിക്ക് കുഴപ്പമില്ല. എന്നാല്‍ മലയാള സിനിമയിലാണെങ്കില്‍ അവര്‍ അത് അംഗീകരിക്കില്ല. അവര്‍ തിയേറ്ററിലിരുന്ന് കൈയടിക്കുകയും ഫെയ്‌സ്ബുക്കില്‍ വന്ന് വിമര്‍ശിക്കുകയും ചെയ്യും. മലയാളിയുടെ ഒരുതരം കപട സദാചാരത്തിന്റെ ഭാഗമാണിത്. സോഷ്യല്‍ മീഡിയയിലും അതിന്റെ പ്രതിഫലനങ്ങളാണ് കാണുന്നത്.
ഇതുപോലെ തന്നെ തമാശപ്പടങ്ങള്‍ രണ്ടാംനിരയാണെന്ന് മലയാളിക്ക് ഒരു ധാരണയുണ്ട്. ഒരു ഫീല്‍ഗുഡ് ചിത്രമാണെങ്കില്‍ അതിന് ഒരുപാട് പോസറ്റീവ് റിവ്യൂസ് ലഭിക്കും. അവ നല്ലതാണെന്നു പറയുന്നതാണ് സ്റ്റാന്‍ഡേഡെന്നാണ് പൊതുധാരണ. തമാശപ്പടങ്ങള്‍ നല്ലതാണെന്ന് പറഞ്ഞാല്‍ അയാള്‍ അപഹസിക്കപ്പെടും.
സ്ത്രീകളെ മന:പൂര്‍വം താഴ്ത്തിക്കെട്ടിയിട്ടില്ല
സിനിമയില്‍ സ്ത്രീകളെ മന:പൂര്‍വം താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടില്ല. ഇതില്‍ പറ്റിച്ചുപോകുന്ന ഒരു പെണ്‍കുട്ടിയെ കളിയാക്കുന്ന ഒരു രംഗമാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. ചതിച്ചിട്ട് പോയാല്‍ അങ്ങോട്ടൊരു പണികൊടുക്കാനുള്ള പ്രവണത സ്വാഭാവികമാണ്. സിനിമയില്‍ കാണിച്ചിരിക്കുന്ന ആ സംഭവം യഥാര്‍ത്ഥത്തില്‍ ഉണ്ടായതാണ്. എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞ കാര്യം അതേപടി സിനിമയില്‍ കാണിക്കുകയായിരുന്നു.
'കോണ്ടം എന്താണെന്ന് ചോദിച്ച മകളോട് ഞാനെന്ത് പറയണം'
സിനിമ കണ്ടിട്ട് ഒരാള്‍ എന്നെ വിളിച്ചിരുന്നു. തന്റെ ഏഴു വയസുകാരി മകളുമായിട്ടാണ് സിനിമയ്ക്ക് പോയതെന്നും സിനിമ കഴിഞ്ഞപ്പോള്‍ 'അച്ഛാ ഈ കോണ്ടം എന്താണെന്ന്' മകള്‍ ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്റെ മകളോട് ഞാന്‍ എന്തു പറയണമെന്നാണ് ആ അച്ഛന്‍ എന്നോട് ചോദിച്ചത്.
അദ്ദേഹത്തോട് ഞാന്‍ പറഞ്ഞത് ഇതാണ്-ഈ സിനിമ കണ്ടിട്ടായാലും അല്ലെങ്കിലും മകള്‍ അങ്ങനെ ചോദിച്ചിട്ടുണ്ടെങ്കില്‍ നമ്മള്‍ അതിന് മറുപടി കൊടുക്കണം. കുട്ടികള്‍ക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് മാതാപിതാക്കളാണ്. അതില്ലാതെ വരുമ്പോഴാണ് അവര്‍ മറ്റു മാര്‍ഗങ്ങളിലൂടെ അതറിയാന്‍ ശ്രമിക്കുന്നതും പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നതും.
സിനിമയില്‍ കഥ ആവശ്യമില്ല
സിനിമയില്‍ കഥ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ജീവിതത്തിലും കഥയൊന്നുമില്ല. ഒരിടത്തുനിന്ന് തുടങ്ങി അതങ്ങനെ തുടര്‍ന്നുപോവുകയാണ്. അതിനിടയിലുള്ള ഒരുഭാഗം കാണിക്കുകയാണ് ഞാനെന്റെ സിനിമയിലൂടെ ചെയ്തിരിക്കുന്നത്. അത് ആളുകളെ രസിപ്പിക്കുന്നുണ്ടോ എന്നതാണ് ഞാന്‍ നോക്കുന്ന കാര്യം.
ഉമ്മയ്ക്കും ഉപ്പയ്ക്കും 'ചങ്ക്‌സ്' ഇഷ്ടമായില്ല
സിനിമ കണ്ടിട്ട് ഉമ്മച്ചിയും വാപ്പയും അത്ര ഇഷ്ടമായില്ല എന്നാണ് പറഞ്ഞത്. തമാശയുണ്ട്, ചിരിക്കാനുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. അവര്‍ അങ്ങനെ സിനിമ കാണുന്ന ആളുകളൊന്നുമല്ല. വൈഫും ബന്ധുക്കളുമൊക്കെ നന്നായിരുന്നു എന്നുതന്നെയാണ് പറഞ്ഞത്. ഒന്നുരണ്ട് ഡബിള്‍ മീനിങ് ഡയലോഗുകള്‍ കുറയ്ക്കാമായിരുന്നു എന്ന് വൈഫ് പറഞ്ഞിരുന്നു. അത്തരമൊരു അഭിപ്രായം കുടുംബ പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ട്. ആളുകള്‍ക്ക് ചില ഭാഗങ്ങള്‍ ഇഷ്ടപ്പെട്ടില്ലായിരിക്കാം. എന്നാല്‍ സിനിമയുടെ ടോട്ടാലിറ്റിയ്ക്ക് അതൊക്കെ ആവശ്യമാണ്.
നീ അത് ചെയ്യരുതെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല
എന്നെ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമില്ല. എന്റെ സിനിമ ഇഷ്ടമായില്ലെങ്കില്‍ സിനിമയെ വിമര്‍ശിക്കാം. നീയത് ചെയ്യരുത് എന്നു ആര്‍ക്കും പറയാന്‍ അവകാശമില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് സിനിമ ചെയ്യാന്‍ പറ്റില്ല. വിമര്‍ശകര്‍ പറയുന്ന രീതിയില്‍ സിനിമ ചെയ്താന്‍ എനിക്ക് പിന്നെ പടം കിട്ടാന്‍ വഴിയില്ല.
'പാല്‍ക്കുപ്പി'യും അഹങ്കാരവും
വലിയ താരങ്ങളില്ലാത്ത രണ്ടു കുഞ്ഞു ചിത്രങ്ങള്‍ മാത്രമാണ് ഞാനെടുത്തത്. അല്ലാതെ അഹങ്കരിക്കാനുള്ള സിനിമയൊന്നും എടുത്തെന്ന് എനിക്ക് അഭിപ്രായമില്ല. ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഞാന്‍ ചെയ്ത ഒരു ലൈവിനിടെ ഉണ്ടായ പരാമര്‍ശം വിവാദമാവുകയായിരുന്നു. അത് ഞാന്‍ എന്റെ പേജില്‍ ചെയ്ത ലൈവ് അല്ല. ഒരു ഗ്രൂപ്പില്‍ ചെയ്ത ലൈവാണത്. അതിനിടെ ഒരാള്‍ തന്റെ പടം ഇഷ്ടമായില്ലെന്ന് പറഞ്ഞപ്പോള്‍ താനെന്താ 'പാല്‍ക്കുപ്പി'യാണോ എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. 'കിഡ്ഡിഷ്' എന്നു മാത്രമാണ് അതിനര്‍ത്ഥം. ആ ഗ്രൂപ്പിലെ പ്രയോഗങ്ങളിലൊന്നാണത്. എനിക്ക് മുമ്പും പരിചയമുള്ള ആളായിരുന്നു അത്. എന്നാല്‍, അതിന്റെ പേരിലാണ് ഭയങ്കര അഹങ്കാരിയാണെന്നൊക്കെയുള്ള പ്രചാരണങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പിലെ വീഡിയോയില്‍ നിന്നും ഒരു ഭാഗം മാത്രം കട്ട് ചെയ്‌തെടുത്തും മറ്റുമാണ് ആളുകള്‍ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് ഇവര്‍ക്കൊക്കെ എന്താണ് കിട്ടുന്നതെന്ന് മാത്രമാണ് മനസിലാകാത്തത്.
സിനിമ കണ്ട് ആരും നന്നാവാന്‍ പോകുന്നില്ല
സിനിമ കണ്ട് ഒരു സമൂഹം നന്നാകുമെന്നൊന്നും എനിക്ക് തോന്നുന്നില്ല. കാലങ്ങളായി നല്ല സന്ദേശങ്ങള്‍ നല്‍കുന്ന സിനിമ വരുന്നുണ്ട്. അതുകൊണ്ട് സമൂഹം നന്നായിട്ടുണ്ടോ. ഒരാള്‍ നല്ലതാവണോ ചീത്തയാവണോ എന്ന് അയാള്‍ തന്നെയാണ് തീരുമാനിക്കുന്നത്. അയാളുടെ ഉള്ളില്‍ നിന്നാണ് അത് വരുന്നത്. സിനിമയിലൂടെ സന്ദേശം നല്‍കി ആളുകളെ സ്വാധീനിക്കാനാകുമെന്ന് തോന്നുന്നില്ല.
സിനിമയില്‍ മദ്യപിക്കരുതെന്നും മറ്റും മുന്നറിയിപ്പ് കാണിക്കുന്നതിലൂടെ ഒരു ബോധവല്‍ക്കരണത്തിന് സാധിച്ചേക്കാം. പക്ഷേ അതുകൊണ്ടാരും നന്നാവുമെന്ന് തോന്നുന്നില്ല. ബൈബിളിലും ഖുര്‍ആനിലും ഗീതയിലുമൊക്കെ പറഞ്ഞിട്ടും നന്നാവാത്തവര്‍ സിനിമ കണ്ട് നന്നാവുമെന്നൊക്കെ കരുതുന്നത് ബാലിശമാണ്.
പ്രചാരണത്തിനിറങ്ങുന്നത് പ്രതിബദ്ധത കൊണ്ട്
ഒരു സിനിമ ചെയ്താന്‍ സംവിധായകന് അത് നിര്‍മാതാവിനെ ഏല്‍പിച്ചാല്‍ മതി. സിനിമ തീര്‍ന്ന് പ്രതിഫലം വാങ്ങിയാല്‍ സംവിധായന്റെ പണി തീര്‍ന്നു. എന്നാല്‍, ഒമര്‍ ലുലു എന്ന സംവിധായകനെ വിശ്വസിച്ച് ഒരു നിര്‍മാതാവ് പണം മുടക്കാന്‍ തയാറാകുമ്പോള്‍ അത് തിരിച്ചുകൊടുക്കാനുള്ള ബാധ്യത എനിക്കുണ്ടെന്ന് കരുതുന്നയാളാണ് ഞാന്‍. അതിനുവേണ്ടിയാണ് സോഷ്യല്‍ മീഡിയയിലും തിയേറ്ററുകളിലുമൊക്കെ നടന്ന് പ്രചാരണം നടത്തുന്നത്.