അഭിനയത്തില്‍ നിന്ന് സംവിധാനത്തിലേക്ക് ചേക്കേറിയ രണ്ടുപേര്‍, ''ഓരോ നടനും ഒരു സിനിമ സംവിധാനം ചെയ്യണം എന്നതാണ് ഞങ്ങളുടെ ഒരിത്...'' സിനിമ തീയേറ്ററിലെത്തിയ വേളയില്‍ സംവിധാനത്തിലെ പെടാപ്പാടുകള്‍ ചിരിച്ചുകൊണ്ട് ഓര്‍ത്തെടുക്കുകയാണ് പൃഥ്വിരാജും കലാഭവന്‍ ഷാജോണും. ലൂസിഫര്‍ കഴിഞ്ഞ് പൃഥ്വിരാജ് നേരെ ചെന്നത് ബ്രദേഴ്‌സ് ഡേയുടെ സെറ്റിലേക്കാണ്.., രാജുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഷാജോണ്‍ സംവിധായകനാകുന്നത്.
''സംവിധാനത്തിന്റെ ടെന്‍ഷന്‍ സഹപ്രവര്‍ത്തകരും അറിയണമല്ലോ''പൃഥ്വിരാജിന്റെ കമന്റിനു മുന്നില്‍ കൈകൂപ്പി ചിരിച്ചിരുന്നു ഷാജോണ്‍. സിനിമയുടെ അണിയറപ്രശ്‌നങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ സംവിധായകന്റെ തൊപ്പിയണിയണമെന്ന് ഇരുവരും ഏകസ്വരത്തില്‍ പറയുന്നു.ഓണച്ചിത്രം ബ്രദേഴ്‌സ് ഡേ-മുന്‍നിര്‍ത്തി പൃഥ്വിരാജും കലഭവന്‍ ഷാജോണും നടത്തിയ സംഭാഷണത്തില്‍ നിന്ന്...
പൃഥ്വിരാജ്: കലാഭവന്‍ ഷാജോണ്‍ ഒരു കൊമേഡിയനാണെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. ദൃശ്യത്തിലെ ആ കഥാപാത്രം മനസ്സില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഷാജോണ്‍ചേട്ടനെയൊരു കോമഡിതാരമായി കാണുക. കണ്ണിറുക്കി ചിരിച്ചുകൊണ്ട് പൃഥ്വിരാജ് സംസാരത്തിന് തിരികൊളുത്തി. എപ്പോഴാണ് ചേട്ടന്റെ മനസ്സില്‍ ബ്രദേഴ്സ് ഡേയുടെ കഥ പിറക്കുന്നത് അതെന്നോട് പറയണമെന്ന് തോന്നാന്‍ കാരണമെന്താണ്?
''എന്നെ സംവിധായകനാക്കിയ നടനാണ് ഈ ഇരിക്കുന്നത്''- പൃഥ്വിക്കുനേരേ ഷാജോണിന്റെ ആദ്യ ഗോളോടുകൂടി സംസാരം തുടങ്ങി.
ഷാജോണ്‍: സിനിമയില്‍ അത്യാവശ്യത്തിന് ജോലിയൊക്കെയുള്ളസമയം, അതിനിടയിലാണ് സംവിധായകനാകുന്നത്. രാജുവിന്റെ വാക്കാണ് എന്നെ അങ്ങനെയൊരു സാഹസത്തിലേക്ക് ഇറക്കിയത്.
2009-ലാണ് ബ്രദേഴ്സ് ഡേയുടെ കഥ ആദ്യമായി മനസ്സില്‍ രൂപപ്പെട്ടത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ മൈ ബോസും ദൃശ്യവും തുടങ്ങി കുറെ ഹിറ്റ് സിനിമകളുടെ ഭാഗമാകുകയും തിരക്കാകുകയും ചെയ്തു. അതിനൊക്കെ ഇടയില്‍തന്നെ ബ്രദേഴ്സ് ഡേയുടെ ഏകദേശരൂപം ഞാനുണ്ടാക്കി. എഴുതിക്കഴിഞ്ഞപ്പോള്‍ അത് രാജുവിനെ ആദ്യം വായിച്ചുകേള്‍പ്പിക്കണമെന്ന് മനസ്സുപറഞ്ഞു. രാജുവിന് ഇഷ്ടപ്പെട്ടാല്‍ പിന്നെ സംവിധായകനെയും നിര്‍മാതാവിനെയുമൊക്കെ രാജുതന്നെ റെഡിയാക്കി തരുമല്ലോ എന്നൊരു ചിന്തകൂടി ഉണ്ടായിരുന്നു (കണ്ണിറുക്കിയ ചിരി).
പക്ഷേ, കഥ കേട്ടിട്ട് രാജു പറഞ്ഞത് ഇത് ചേട്ടന്‍ സംവിധാനം ചെയ്താല്‍ ഞാന്‍ അഭിനയിക്കാം എന്നാണ്. കളിപറയുകയാണെന്നാണ് ആദ്യം തോന്നിയത്. എന്താണ് അതിനുപിന്നിലെ ചേതോവികാരമെന്ന് എത്ര ആലോചിച്ചിട്ടും ഇന്നും മനസ്സിലായിട്ടില്ല. ഒരു മുട്ടന്‍ പണികിട്ടിയപോലെയാണ് തിരിച്ചിറങ്ങിയത്.
പിന്നെ അതെക്കുറിച്ച് കുറേ ചിന്തിച്ചു. രാജു തന്ന കോണ്‍ഫിഡന്‍സൊന്നുമാത്രമായിരുന്നു മുന്നിലും പിന്നിലുമുള്ള കരുത്ത്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നറിയുമ്പോള്‍ സന്തോഷം. എന്നാലും എന്തുകൊണ്ടാണ് രാജു അന്നങ്ങനെ പറഞ്ഞത്. സംവിധാനം സ്വപ്നത്തില്‍പോലും കാണാത്ത എന്നോട് സംവിധാനം ചെയ്യാന്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ്.
പൃഥ്വിരാജ്: ചേട്ടന്‍ എന്നോട് കഥ പറയുമ്പോള്‍ ആ കഥ എത്രത്തോളം ആഴത്തില്‍ ചേട്ടന്റെ ഉള്ളിലുണ്ടെന്ന് എനിക്ക് ബോധ്യമായിരുന്നു. ഏറ്റവും നന്നായി കഥ പറയാനറിയുന്നവന് സംവിധായകനാകാന്‍ എളുപ്പം കഴിയും. ഓരോ സീനുകളും മനപ്പാഠമാക്കിയ ചേട്ടനെ മാറ്റി മറ്റൊരാളെ സംവിധാനം എല്‍പ്പിക്കുന്നത് നമ്മള്‍ ഈ സിനിമയോടുതന്നെ ചെയ്യുന്ന ക്രൂരതയാകുമെന്ന് ഉറപ്പായിരുന്നു. ഓരോ കഥാപാത്രവും ആര് ചെയ്യുന്നുവെന്നുപോലും ചേട്ടന്റെ വിവരണത്തില്‍ തന്നെ വ്യക്തിമായിരുന്നു. കാരണം മിമിക്രിക്കാരന്‍ കൂടിയായതിനാല്‍ ഓരോ കഥാപാത്രം വരുമ്പോഴും അയാളുടെ ശബ്ദത്തിലേക്ക് ഓട്ടോമാറ്റിക്കായി മാറി. അപ്പോള്‍ എനിക്ക് മനസ്സിലാകും ഈ കഥാപാത്രം ധര്‍മജനാണ്, ഇത് കുട്ടേട്ടനാണ് (വിജയരാഘവന്‍).
ഷാജോണ്‍ ചേട്ടന്‍ നമ്മള്‍ കാണുന്നപോലെയൊന്നുമല്ല. സിനിമയുടെ ടെക്നിക്കല്‍വശങ്ങളെക്കുറിച്ച് നല്ല ധാരണയാ (കണ്ണുമിഴിച്ച് ഷാജോണ്‍ മുന്നിലിരിക്കുന്നു). സംവിധായകനാകുകയെന്നാല്‍ വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ്. എന്നാല്‍ ചേട്ടനത് കഴിയുമെന്ന് എനിക്കുറപ്പായിരുന്നു.
ലൂസിഫര്‍ കഴിഞ്ഞ് ഞാനാദ്യം ചെയ്യുന്ന സിനിമയായിരുന്നു ബ്രദേഴ്സ് ഡേ. പിരിമുറുക്കങ്ങളില്ലാതെ ആഘോഷിച്ച് സെറ്റില്‍ കഴിയാനായി പാട്ടും നൃത്തവും ആക്ഷനും കോമഡിയുമായാണ് ഓരോ ദിവസവും കടന്നുപോയത്.
ഷാജോണ്‍: എന്തായാലും വല്ലാത്ത പണിയായിപ്പോയി രാജൂ (ചിരിക്കുന്നു). സംവിധാനം ഇത്ര തലവേദനപിടിച്ച പണിയാണെന്ന് മനസ്സിലാക്കിയിരുന്നില്ല. എന്റെ അഭിപ്രായത്തില്‍ എല്ലാ നടന്‍മാരും ഒരു സിനിമ സംവിധാനം ചെയ്യണം എന്നാലെ സിനിമയ്ക്കുപിന്നിലെ പ്രശ്‌നങ്ങളെല്ലാം അവര്‍ തിരിച്ചറിയൂ.
എന്നോട് സംവിധായകനാകാന്‍ പറയുമ്പോള്‍ രാജു ലൂസിഫര്‍ ചെയ്യാന്‍ പോകുന്ന കാര്യമൊന്നും എനിക്കറിയില്ലായിരുന്നു. ലൂസിഫറില്‍ അഭിനയിച്ചുകഴിഞ്ഞപ്പോഴാണ് ആലോചിച്ചത് ഇയാള്‍ക്കുമുന്‍പില്‍ ഞാനെങ്ങനെ സംവിധായകനായി നില്‍ക്കുമെന്ന്.
ബ്രദേഴ്സ് ഡേ തുടങ്ങും മുന്‍പ് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്; രാജു കഥയില്‍ കൈകടത്തും തിരക്കഥ തിരുത്തും അതൊന്നും നിങ്ങള്‍ അംഗീകരിച്ചുകൊടുക്കരുതെന്ന്. രാജു എന്തഭിപ്രായം പറയുന്നുവോ അപ്പോള്‍ത്തന്നെ നോ എന്ന് പറഞ്ഞേക്കണമെന്നും. ഒരു തവണ സമ്മതിച്ചുകൊടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് പണി നടക്കില്ലായെന്നൊക്കെയായിരുന്നു മറ്റൊരാളുടെ ഉപദേശം. പക്ഷേ, ലൂസിഫറില്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ മനസ്സിലാക്കി രാജു എന്ത് പറഞ്ഞാലും അത് ഉള്‍ക്കൊള്ളണം എന്ന്.
പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം ഈ സിനിമയുടെ ഒരു കാര്യത്തിലും രാജു ഇടപെട്ടില്ല എന്നതാണ്.
പൃഥ്വിരാജ്: എന്റെ ഭൂരിഭാഗം സിനിമകളും റിലീസിന് മുന്‍പുതന്നെ കാണുന്ന ഒരാളാണ് ഞാന്‍. കാരണം സിനിമകളുടെ ഫൈനല്‍ മിക്സിങ്ങും എഡിറ്റിങ്ങുമെല്ലാം കാണാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ, ആ പതിവ് ബ്രദേഴ്സ് ഡേയില്‍ ഞാന്‍ തെറ്റിച്ചു. കാരണം ചേട്ടന്‍ കഥ പറഞ്ഞപ്പോഴും ഷൂട്ട് ചെയ്തപ്പോഴുമെല്ലാമത് ഓക്കെയാണെന്ന് എനിക്ക് തോന്നി. ഓരോ സീന്‍ എടുക്കുമ്പോഴും അതെനിക്ക് ഫീല്‍ ചെയ്തു. അതുകൊണ്ട് ഷൂട്ടിങ് സമയത്ത് ഞാന്‍ സ്‌ക്രീനില്‍പോയി നോക്കിയിട്ടില്ല. അതിനാല്‍തന്നെ തിയേറ്ററില്‍നിന്ന് കണ്ടപ്പോള്‍ ഞാന്‍ വളരെ നന്നായി സിനിമ ആസ്വദിച്ചു. ഷാജോണ്‍ സംവിധായകനാകുമ്പോള്‍ അത് കോമഡി സിനിമയാകുമോ എന്നാണ് പലരും ആദ്യം മുതലേ ചോദിച്ചിരുന്നത്.
ഷാജോണ്‍: ഞാനിഷ്ടപ്പെടുന്ന സിനിമ ചെയ്യാനാണ് ശ്രമിച്ചത്, മിമിക്രിക്കാരനായതിനാല്‍, അത്തരമൊരു സിനിമ ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. പക്ഷേ, എനിക്കിഷ്ടം, ചെയ്യാന്‍ പറ്റാത്ത ഒരു കാര്യം ചെയ്തുകാണിക്കാനായിരുന്നു. ലൂസിഫറിലെ നായകന്‍ എവിടെയും ചിരിക്കുന്നില്ലെങ്കിലും സിനിമയിലെ ചിരിയെക്കുറിച്ച് കൃത്യമായ ധാരണയുള്ള വ്യക്തിയാണ് രാജുവെന്നെനിക്കറിയാം...
പൃഥ്വിരാജ്: ചിരിക്കും കരച്ചിലിനുമെല്ലാം അതിന്റെതായ ബുദ്ധിമുട്ടുണ്ട്. നമ്മള്‍ കരയുന്നത് കണ്ട് പ്രേക്ഷകര്‍ക്ക് കരച്ചില്‍ വരണമെങ്കില്‍ നമ്മള്‍ നന്നായിട്ട് കരഞ്ഞാല്‍ പോരാ. കരയാനുണ്ടായ കാരണം പ്രേക്ഷകന് ബോധ്യമാവണം. ആ കഥാപാത്രത്തിന്റെ വേദന പ്രേക്ഷകന് അനുഭവപ്പെടണം. എങ്കില്‍ മാത്രമേ അത് വിജയിക്കുകയുള്ളൂ. സമാനമാണ് തമാശരംഗങ്ങളും ഗോഷ്ടി കാണിച്ചതുകൊണ്ടോ വാട്സ്ആപ്പ് കോമഡികള്‍ സംഭാഷണത്തിനിടെ തിരുകിയതുകൊണ്ടോ പ്രേക്ഷകര്‍ ചിരിക്കണമെന്നില്ല.
ഒരു കഥാപാത്രം ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഇങ്ങനെ പെരുമാറിയാല്‍ പ്രേക്ഷകന് ചിരിവരും എന്നുള്ള തിരിച്ചറിവ് എഴുത്തുകാരനും സംവിധായകനും ഉണ്ടാകണം.
Content Highlights : Borthers Day Movie Prithviraj Kalabhavan Shajon Interview