അരുണ്‍കുമാര്‍ എന്ന പേരിനേക്കാള്‍ ഒളിമ്പ്യന്‍ അന്തോണി ആദം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ടോണി ഐസക് എന്ന വികൃതി പയ്യനെന്നോ, കുഞ്ചാക്കോ ബോബന്‍ ചിത്രമായ പ്രിയത്തിലെ കുട്ടിത്താരങ്ങളില്‍ ഒരുവനെന്നോ പറഞ്ഞാല്‍ ഈ താരം പ്രേക്ഷകര്‍ക്ക് സുപരിചിതനാവും. ബാലതാരമായി വന്ന് ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തും ഇടയ്‌ക്കൊന്ന് മുങ്ങിയും അരുണ്‍ വീണ്ടും തിരിച്ചെത്തുകയാണ്. അതും നായകനായി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്ന സന്തോഷത്തിനിടയില്‍ സിനിമാ പ്രതീക്ഷകളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അരുണ്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് മനസ് തുറക്കുന്നു.
ധമാക്ക ഫണ്‍ എന്റര്‍ടെയ്നര്‍
ധമാക്ക ഒരു പക്കാ ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ്. ഒരു കല്യാണത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍. ഇതില്‍ എന്റെ കഥാപാത്രം ബിടെക് കഴിഞ്ഞ് സപ്ലി ഒക്കെയുളള ഒരു ലക്ഷ്യബോധവും ഇല്ലാത്ത ഒരാളാണ്. അവനെക്കൊണ്ട് അച്ഛന്‍ ഒരു വലിയ വീട്ടില്‍ നിന്ന് വിവാഹം കഴിപ്പിക്കുകയാണ്. അതിന് ശേഷം ഇവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. നല്ല ഫണ്‍ മൂവിയാണ്. നിറയെ തമാശയുണ്ട്. ധര്‍മജന്‍ ചേട്ടന്‍, ഹരീഷ് കണാരന്‍, മുകേഷേട്ടന്‍, ഉര്‍വശിച്ചേച്ചി, ഇന്നസെന്റ് ചേട്ടന്‍, എന്നിവരെല്ലാം ഉണ്ട്. നിക്കി ഗല്‍റാണിയാണ് നായിക. ഒരു കുടുംബത്തിന് ഒന്നിച്ചിരുന്നു അടിച്ച് പൊളിച്ചു കാണാവുന്ന ഒരു ചിത്രമാണ് ധമാക്ക.
ഒമറിക്കയുടെ വാക്ക് എന്നെ നായകനാക്കി
ഒമറിക്ക എന്നെ പുള്ളിയുടെ രണ്ടാമത്തെ ചിത്രമായ ചങ്ക്സിലേക്ക് വിളിച്ചിരുന്നതാണ്. പക്ഷെ ആ സമയത്ത് എന്തോ അത് നടന്നില്ല. അന്ന് എനിക്ക് അദ്ദേഹം അടുത്ത പടത്തില്‍ ഒരു അവസരം വാഗ്ദാനം നല്‍കിയിരുന്നു. പക്ഷെ അതെല്ലാ സംവിധായകരും പറയുന്ന പോലെയാകും എന്ന് കരുതി ഞാന്‍ വിട്ടു കളഞ്ഞു. എന്നാല്‍ അഡാര്‍ ലവ്വിന്റെ സമയത്ത് എന്നെ പുള്ളി വിളിച്ചു. അതില്‍ സെക്കന്‍ഡ് ഹീറോ ആയി കാസ്റ്റ് ചെയ്തു. ഞാന്‍ സന്തോഷത്തോടെ ചെയ്തു.
പക്ഷെ പിന്നീടാണല്ലോ സിനിമയില്‍ മാറ്റങ്ങള്‍ വന്നത്. അതോടെ എന്റെ കഥാപാത്രം അങ്ങ് സൈഡില്‍ ആയി പോയി. അത് വളരെ വിഷമം ഉള്ള കാര്യം തന്നെയായിരുന്നു. കാരണം നമ്മുടെ അറിവോടെ അല്ലാതെ നമ്മളെ മാറ്റുന്നത് വലിയ സങ്കടമല്ലേ. അന്നും പുള്ളി മറ്റൊരു ചിത്രം എനിക്ക് ഓഫര്‍ ചെയ്തിരുന്നു. അതാണ് ധമാക്കയില്‍ എത്തിയത്. ആദ്യം ഇതില്‍ എനിക്ക് നായകന്റെ സുഹൃത്തിന്റെ വേഷമായിരുന്നു. പിന്നീട് പെട്ടന്നൊരു ദിവസമാണ് നീയാണ് നായകന്‍ മറ്റാരും വേണ്ട എന്ന് പറയുന്നത്. പിന്നീടാണ് നായിക നിക്കി ആണെന്ന് ഒക്കെ തീരുമാനമായത്. ആദ്യം ടെന്‍ഷന്‍ ആയിരുന്നു കാരണം നായകന്‍ എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ടെന്‍ഷന്‍ കാണുമല്ലോ. എന്നെ അധികമാരും അറിയുകയുമില്ല. അപ്പോള്‍ എങ്ങനെ ആകും എന്നൊന്നും അറിയില്ലല്ലോ. പക്ഷെ ഒമറിക്കയുടെ പിന്തുണയില്‍ എല്ലാം നന്നായി വന്നിട്ടുണ്ടെന്ന് കരുതുന്നു.
താരജാഡയില്ലാത്ത നായിക
നിക്കി എന്നേക്കാള്‍ സീനിയറാണ്. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയാണ്. നിക്കി എന്റെ നായികയാണന്ന് പറഞ്ഞപ്പോള്‍ അമ്പരപ്പായിരുന്നു ആദ്യം. മുഴുവന്‍ സമയം കാരവനില്‍ ആയിരിക്കും സംസാരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നെല്ലാമാണ് ആദ്യം കരുതിയത്. പക്ഷെ പ്രതീക്ഷിച്ചതില്‍ നിന്നും നേരെ വിപരീതമായിരുന്നു നിക്കിയുടെ പെരുമാറ്റം. ഒരു ജാടയും ഇല്ലാത്ത ആളാണ്. പരസ്പരം സീനുകള്‍ ചര്‍ച്ച ചെയ്തും മറ്റുമാണ് ചിത്രീകരണം തുടര്‍ന്നത്.
ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്
ഒരിടയ്ക്ക് സിനിമയില്‍ ഒരു ഗ്യാപ് വന്നിരുന്നു. അത് മനപൂര്‍വമാണ്. നല്ല അവസരങ്ങള്‍ വരാതിരുന്നത് കൊണ്ടാണ് ചെയ്യാതിരുന്നത്. ഒരുപാട് ശ്രമിച്ചിരുന്നു. നായകനേ ആകുള്ളൂ എന്നൊന്നും ഇല്ലായിരുന്നു. അങ്ങനെയാണെങ്കില്‍ അഡാര്‍ ലവ് ഒന്നും ചെയ്യില്ലായിരുന്നു. സത്യത്തില്‍ സിനിമയൊക്കെ വിട്ട് ഒരു ജോലിക്ക് പോകാന്‍ തീരുമാനമാക്കി ഇന്റര്‍വ്യൂ ഒക്കെ അറ്റന്‍ഡ് ചെയ്ത് ഓഫര്‍ ലെറ്റര്‍ കയ്യില്‍ കിട്ടിയ സമയത്താണ് എനിക്ക് അഡാര്‍ ലവ്വിലേക്ക് ക്ഷണം വന്നത്. ചെറുപ്പം മുതല്‍ ആഗ്രഹിച്ചതും ഏറെ ഇഷ്ടമുള്ളതും സിനിമയാണ്. അങ്ങനെയാണ് ജോലി ഉപേക്ഷിച്ച് വന്നത്.
സ്‌കേറ്റിങ്ങില്‍ നിന്ന് ഒളിമ്പ്യനിലേക്ക്
ഞാന്‍ സിനിമയിലേക്കെത്താന്‍ കാരണം സ്‌കേറ്റിങ് ആണ്. മൂന്ന് വയസ് മുതല്‍ സ്‌കേറ്റിങ് പഠിക്കുന്നുണ്ട്. അതില്‍ ലിമ്പോ എന്ന ഒരു ഇനം ഉണ്ട്. ഈ വണ്ടിയുടെ അടിയില്‍ കൂടി സ്‌കേറ്റ് ചെയ്ത് വരുന്ന സംഭവമാണ്. അന്ന് ഞാന്‍ അത് ചെയ്തിരുന്നു. അതിന്റെ ഭാഗമായി എന്റെ ഒരു അഭിമുഖമൊക്കെ വന്നിരുന്നു. ആ അഭിമുഖം കണ്ടിട്ടാണ് ഭദ്രന്‍ സാര്‍ എന്നെ ഒളിമ്പ്യനിലേക്ക് വിളിക്കുന്നത്.
എനിക്കോ എന്റെ കുടുംബത്തിലെ ആര്‍ക്കും സിനിമയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അന്ന് ഭദ്രന്‍ സാറിനെ കണ്ട് പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ആ സിനിമ ചെയ്യുന്നത്. ഒളിമ്പ്യനില്‍ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് സാര്‍ പറഞ്ഞ് തന്നത് മാത്രമാണ്. അങ്ങനെ ചെയ്യണം ഇന്ന ലുക്ക് കൊടുക്കണം എന്നെല്ലാം പറഞ്ഞ് എന്നെ കൊണ്ട് അദ്ദേഹം ചെയ്യിപ്പിച്ചെടുത്തതാണ് എല്ലാം.
കേട്ട് വളര്‍ന്ന പേര്... ലാലങ്കിളിനൊപ്പം
ലാലങ്കിളിനെ ഞാന്‍ ആദ്യം കാണുന്നത് എന്റെ ഓര്‍മയില്‍ ഉള്ള രംഗം തൂണില്‍ കൈ വച്ച് തിരക്കഥ വായിച്ചു കൊണ്ടിരിക്കുന്നതാണ്. അന്ന് പുള്ളി എന്നെ നോക്കി ചിരിച്ചതൊക്കെ ഇന്നും എനിക്ക് ഓര്‍മയുണ്ട് . പിന്നീടാണ് എന്നെ പരിചയപ്പെടുത്തി കൊടുക്കുന്നത്. അതിന് ശേഷം ഭയങ്കര കമ്പനി ആയിരുന്നു. എന്നെ ഒരുപാട് സഹായിച്ചിരുന്നു, ഭയങ്കരമായി കംഫര്‍ട്ട് ആക്കിയിരുന്നു. ഞാന്‍ ആണെങ്കില്‍ ഒരു മായാലോകത്തായിരുന്നു സത്യത്തില്‍. നമ്മള്‍ കേട്ട് വളര്‍ന്ന പേരാണ് ഒരു വ്യക്തിയായി മുന്നിലുള്ളത്. ഒരു രംഗത്തില്‍ പുള്ളി എനിക്കെതിരേ നിന്ന് ഡയലോഗ് വരെ പറഞ്ഞു തന്നിരുന്നു അതെല്ലാം വളരെ നല്ല അനുഭവങ്ങളാണ്.
ഒളിമ്പ്യന്റെ ഷൂട്ടിന് പോകുമ്പോള്‍ ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. എന്റെ പോസ്റ്റര്‍ കണ്ടാണ് എന്റെ ഒരു സുഹൃത്ത് എന്റെ വീട്ടിലേക്ക് വിളിച്ചു ചോദിക്കുന്നത് അവനാണ് അത് സ്‌കൂളില്‍ പാട്ടാക്കുന്നത്. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനിലാണ് ഞാന്‍ പ്ലസ് ടു വരെ പഠിച്ചത്. അവിടെയുള്ള എല്ലാവരും വന്‍ സപ്പോര്‍ട് ആയിരുന്നു.
പ്രിയവും സൗഹൃദങ്ങളും
പ്രിയത്തിന്റെ ഷൂട്ട് എന്റെ വീട്ടിനു തോട്ടടുത്ത് തന്നെയായിരുന്നു. ആ സിനിമ വേറൊരു മൂഡ് ആയിരുന്നു. ഒരേ പ്രായത്തിലുള്ള കുറച്ച് പേര്‍. ഒരു ഫാമിലി മൂഡ്. എല്ലാവരും തമ്മില്‍ ഭയങ്കര അടുപ്പം ആയിരുന്നു. പ്രിയം ചെയ്യുമ്പോള്‍ ഒരു സിനിമ ചെയ്യുകയാണെന്ന് തോന്നിയിട്ടില്ല. അന്ന് അശ്വിനും മഞ്ജിമയുമൊക്കെ ആയുള്ള ആ സൗഹൃദം ഇന്നുമുണ്ട്. അശ്വിനെ കണ്ടിട്ട് കുറച്ചു നാളായി. എന്നാല്‍ മഞ്ജിമയുമായി ഇന്നും കോണ്ടാക്ട് ഉണ്ട്.
ചാക്കോച്ചനേയും ലാലങ്കിളിനേയും പിന്നീടും കാണാറുണ്ടെന്നേയുള്ളൂ. ഒരുമിച്ച് ജോലി ചെയ്തിട്ടില്ല. ചാക്കോച്ചന്റെ കൂടെ പിന്നീട് ഡോക്ടര്‍ ലവ് എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. അന്ന് പുള്ളി ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. പല അഭിമുഖങ്ങളിലും പുള്ളി പറഞ്ഞിട്ടുണ്ട് പ്രിയത്തില്‍ എന്റെ ഒപ്പം അഭിനയിച്ച അരുണ്‍ ഈ സിനിമയിലുണ്ട് എന്നെല്ലാം. ലാലേട്ടനെയും ചാക്കോച്ചനെയും പിന്നീടും കണ്ടിട്ടുണ്ടെങ്കിലും സിനിമയെ കുറിച്ച് വലിയ സീരിയസ് ചര്‍ച്ചകള്‍ ഒന്ന് ഉണ്ടായിട്ടില്ല.
തേടി വന്ന ചാന്‍സും കൈവിട്ട് പോയതും
കുഞ്ഞിലേ കിട്ടിയ ഒരു എക്‌സ്‌പോഷര്‍ എനിക്ക് ഗുണകരം തന്നെയായിരുന്നു. പക്ഷെ ഞാന്‍ അന്വേഷിച്ചു പോയി ചാന്‍സ് ചോദിച്ച സ്ഥലങ്ങളില്‍ നിന്നൊന്നും എനിക്ക് ചാന്‍സ് കിട്ടിയിട്ടില്ല, മറിച്ച് നിരാശയേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ എന്നെ ഇങ്ങോട്ട് വിളിച്ച് എന്നെ തേടി വന്ന കുറച്ചു കഥാപാത്രങ്ങളുണ്ട് താനും. അങ്ങനെ വന്നതെല്ലാം ചെറുപ്പത്തിലെ ഒരു സ്റ്റാര്‍ഡം കൊണ്ടാണെന്ന് തോന്നുന്നു.
കട്ട സപ്പോര്‍ട്ടുമായി ഭാര്യ
ഞങ്ങള്‍ കുടുംബ സുഹൃത്തക്കള്‍ ആയിരുന്നു. വര്‍ഷങ്ങളായി അറിയാവുന്ന കുട്ടിയാണ്. അത് പിന്നീട് വിവാഹത്തിലേക്കെത്തിയതാണ്. പാര്‍വതി എന്നാണ് പേര്. ഡോക്ടറാണ്. പുള്ളിക്കാരിയുടെ പിന്തുണ എടുത്തു പറയേണ്ടതാണ്. കാരണം ഞാന്‍ ജോലിക്ക് പോകാന്‍ തീരുമാനിക്കുന്നത് വിവാഹ നിശ്ചയം കഴിഞ്ഞ സമയത്താണ്. പക്ഷെ അന്നേരം സിനിമയില്‍ അവസരം വന്നപ്പോള്‍ അത് വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനമെടുക്കാന്‍ അവള്‍ എനിക്കൊപ്പം നിന്നു. സാരമില്ല ഇഷ്ടമുള്ളത് ചെയ്യണം എന്ന് പറഞ്ഞ് പിന്തുണയ്ക്കുകയാണുണ്ടായത്. ഇപ്പോഴും ആ തീരുമാനത്തിന് നല്ല സപ്പോര്‍ട്ടാണ്. ഞാന്‍ സിനിമയ്ക്ക് വേണ്ടി ഓടിയതെല്ലാം അവള്‍ക്കറിയാം. കുഞ്ഞു നാള്‍ മുതല്‍ എന്റെ ഇഷ്ടവും ഇതാണെന്ന് അവള്‍ക്കറിയാം.
കടപ്പാടുണ്ട് നിറയെ പേരോട്
ഒരുപാട് പേരോട് കടപ്പാടുണ്ട്. പറഞ്ഞാല്‍ തീരില്ല. ഏറ്റവും വലിയ കടപ്പാട് ഭദ്രന്‍ സാറിനോടാണ്. ഒന്നുമല്ലാത്തൊരാളെ അദ്ദേഹം സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നു. അതിനെ ദൈവത്തിന്റെ കൈ എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പിന്നെ എന്റെ വീട്ടുകാരോട്. ഒരിക്കല്‍ പോലും സിനിമ വിടണം നീ ജോലിക്ക് പോകണം എന്ന് പറഞ്ഞു എന്നെ നിര്‍ബന്ധിച്ചിട്ടില്ല. ആകെ ഒരു നിബന്ധന്ധനയേ വച്ചുളളൂ. പഠിത്തം പൂര്‍ത്തിയാക്കണം. അങ്ങനെ ആണ് ഞാന്‍ എം.ബി.എ എടുത്തത്. ഇനിയും ഒരുപാട് പേരുണ്ട്. ഒമറിക്ക അതില്‍ ഒരാളാണ്.
സിനിമ തന്നെ എന്നും
സിനിമ തന്നെയാണ് എന്നും മനസ്സില്‍... സിനിമയുടെ എല്ലാ മേഖലയിലും ജോലി ചെയ്യാണം എന്ന് ആഗ്രഹമുണ്ട്. എഴുത്തില്‍ അസ്സിസ്റ്റ് ചെയ്തിട്ടുണ്ട് മുന്‍പ്.. സിനിമയില്‍ തന്നെ തുടരണം. അരുണ്‍കുമാര്‍ എന്ന പേര് സിനിമയില്‍ ഉണ്ടാകണം എന്നൊരു ആഗ്രഹം ബാക്കിയുണ്ട്.
Content Highlights: arun kumar malayalam actor interview, olympian Anthony Adam fame, Child artist, Mohanlal, Bhadran, Omar Lulu, Dhamaka