മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിന്റെ അതേ കൂസലില്ലായ്മയോടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിലേക്ക് നടന്നുകയറിയ അഭിനേത്രിയാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിനു ശേഷം 'എട്ട് തോട്ടകള്‍' എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തിയ അപര്‍ണ, സണ്‍ഡേ ഹോളിഡേ, തൃശ്ശിവപേരൂര്‍ ക്ലിപ്തം, കാമുകി, ബിടെക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും നായികയായി തിളങ്ങി. ഇതിനിടെ മയാനദിയില്‍ അതിഥിതാരമായും ജനുവരിയില്‍ പുറത്തിറങ്ങിയ അള്ള് രാമേന്ദ്രനില്‍ കുഞ്ചാക്കോ ബോബന്റെ സഹോദരിയുടെ വേഷത്തിലും അപര്‍ണയെത്തി. നായികയായി അവസരങ്ങളുള്ളപ്പോഴും മറ്റു കഥാപാത്രങ്ങളായുമെത്താന്‍ തനിയ്ക്ക് മടിയില്ലെന്ന് പറയുന്ന അപര്‍ണയ്ക്ക് അതിന് തന്റേതായ കാരണങ്ങളുണ്ട്.
''ഒരു നല്ല അഭിനേതാവ് ഒരിക്കലും തന്റെ കഥാപാത്രം ഏത് പൊസിഷനിലാണെന്ന് നോക്കില്ല,'' അപര്‍ണ പറയുന്നു. ''സീനിയര്‍ ആയിക്കഴിഞ്ഞാല്‍ കഥാപാത്രത്തിന്റെ മൂല്യവും നമ്മള്‍ നോക്കുമെന്നത് ശരിയാണ്. എന്നാല്‍, എന്നെ സംബന്ധിച്ച് സിനിയില്‍ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ആളാണ് ഞാന്‍. സത്യം പറഞ്ഞാല്‍ വളരെ എളുപ്പത്തിലാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഒരുപാട് പേര്‍ വര്‍ഷങ്ങളോളം പരിശ്രമിച്ചൊക്കൊയാണ് സിനിമയില്‍ വരുന്നത്. അതിന്റെയൊരു കുറ്റബോധം എപ്പോഴും എന്റെ ഉള്ളിലുണ്ടാകും.''
''മഹേഷിന്റെ പ്രതികാരം എടുത്തുപറയാണെങ്കില്‍, എന്റെ ടീച്ചറായിരുന്ന ഉണ്ണിമായ മാം (തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്റെ ഭാര്യ) ആണ് ഈ കഥാപാത്രത്തെ കുറിച്ച് കുറിച്ച് പറഞ്ഞത്. അവിടെ പോയി ചെയ്തപ്പൊതന്നെ കിട്ടിയതൊക്കെ ഒരു അനുഗ്രഹമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരുപക്ഷേ, അതുകൊണ്ടാകാം ഒരു നല്ല അഭിനേതാവായി അറിയപ്പെടണമെന്ന ആഗ്രഹമാണ് കൂടുതലുള്ളത്. അള്ള് രാമേന്ദ്രനില്‍ ചാക്കോച്ചന്റെ സഹോദരിയായിരുന്നു. ബിടെക്കിലാണെങ്കിലും നൂറ് ശതമാനം സ്‌ക്രീന്‍ സ്‌പേസ് ഉള്ള കഥാപാത്രമല്ലെങ്കിലും അത് ചെയ്യുന്നതില്‍ എനിക്കൊരു സംതൃപ്തി തോന്നുന്നുണ്ട്.'' അപര്‍ണ വ്യക്തമാക്കി.
കീര്‍ത്തി സുരേഷിന്റെ 'മഹാനടി' കണ്ടശേഷം ഒരു ജീവചരിത്ര സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു. മുന്‍കാല തെലുഗു-തമിഴ് നടി സാവിത്രിയുടെ കഥ പറഞ്ഞ ചിത്രത്തിലെ കീര്‍ത്തിയുടെ അഭിനയവും സംവിധാനമികവും മറ്റൊരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.
"ചിത്രത്തിന്റെ ഒരു പ്രീമിയര്‍ ഷോയില്‍ മഹാനടി എന്നറിയപ്പെടുന്ന സാവിത്രിയമ്മയുടെ മകള്‍ പറഞ്ഞു, എങ്ങനെയാണ് അമ്മ നടക്കുന്നത്, പെരുമാറ്റവും ബോഡി ലാംഗ്വേജുമൊക്കെ എങ്ങനെയാണെന്നൊക്കെ കീര്‍ത്തി എപ്പോഴും വിളിച്ചു ചോദിക്കുമായിരുന്നെന്ന്. അത് ചെയ്യല്‍ സ്‌പെഷ്യലാണ്. സാധാരണ നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കൊക്കെ നമ്മളാണ് രൂപംകൊടുക്കുന്നത്, ശരീരഭാഷ നിര്‍ണയിക്കുന്നത്. എന്നാല്‍, ഒരു ബയോപിക് ആകുമ്പോള്‍ ജീവിച്ചിരുന്ന, ഒരുപാട് പേര്‍ക്ക് അറിയാവുന്ന ഒരാളെയാണ് അവതരിപ്പിക്കുന്നത്. അതിനായി നമ്മള്‍ ചെയ്യേണ്ട പ്രയത്‌നം മറ്റു സിനിമകളില്‍ ചെയ്യുമ്പോഴുള്ളത് പോലെയല്ല. അതിനാല്‍ ആരുടെയെങ്കിലും ഒരു ബയോപിക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.''
തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും അപര്‍ണ പങ്കുവെച്ചു. ഈ വര്‍ഷം മലയാളത്തില്‍ അള്ള് രാമേന്ദ്രന്‍ കൂടാതെ തമിഴില്‍ നിന്ന് സര്‍വം താളമയവും അപര്‍ണയുടേതായി തിയറ്ററുകളിലെത്തിയിട്ടുണ്ട്. രണ്ടു ചിത്രങ്ങള്‍ക്കും മികച്ച റിപ്പോര്‍ട്ടാണ് കിട്ടുന്നത്. വര്‍ഷത്തില്‍ നല്ല തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അതിനു പിന്നാലെയാണ് 'മിസ്റ്റര്‍ & മിസ് റൗഡി' വരുന്നത്. വലിയൊരു ടീമിനൊപ്പമുള്ള ചിത്രമാണത്. ജീത്തു സാറിന്റെ (ജീത്തു ജോസഫ്) ഒരു ഭാഗമാകാന്‍ പറ്റുക എന്നതുതന്നെ ഏറെ സന്തോഷമുള്ള കാര്യമാണെന്നും അപര്‍ണ പറയുന്നു.
''ലാലേട്ടനെയും കമൽഹാസന്‍ സാറിനെയുമൊക്കെ ഡിറക്ട് ചെയ്തിട്ടുള്ള അതേ സംവിധായകന്‍ നമ്മളെ ഇങ്ങോട്ട് ഒരു സിനിമയ്ക്ക് വിളിക്കുന്നു എന്നത് ഒരു ഭാഗ്യമായിട്ടാണ് കാണുന്നത്. പക്ഷേ, ഇത്രയും സിനിമ ചെയ്തിട്ടുള്ള ആളാണെന്നോ വമ്പന്‍ ഹിറ്റുകള്‍ കൊടുത്തിട്ടുള്ള ആളെന്നോ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് തോന്നില്ല. നമ്മുടെ കൂടെനിന്ന് വളരെ സൗഹൃദത്തോടെ ഇടപെടുന്നയാളാണ് അദ്ദേഹം.''
കോമഡി ചിത്രമാണ് മിസ്റ്റര്‍ & മിസ് റൗഡി. അഞ്ചു പേരുടെ ഗ്യാങിലേക്ക് ഒരു പെണ്‍കുട്ടി വരുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. പൂര്‍ണിമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അപര്‍ണ അവതരിപ്പിക്കുന്നത്. കാളിദാസാണ് ചിത്രത്തിലെ നായകന്‍. ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദ്, ശരത് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
കാമുകി ഒഴികെയുള്ള തന്റെ ചിത്രങ്ങളിലെല്ലാം സീനിയേഴ്‌സാണ് കൂടുതലും സഹതാരങ്ങളായി എത്തിയതെങ്കില്‍ സമപ്രായക്കാരായ ആറു പേരുള്ളതിനാല്‍ ഒരു കോളേജിലെ ക്ലാസ്‌മേറ്റ്‌സിനെ പോലെ ആസ്വദിച്ചു ചെയ്ത സിനിമയാണ് മിസ്റ്റര്‍ & മിസ് റൗഡിയെന്ന് അപര്‍ണ പറഞ്ഞു. ജീത്തു ജോസഫ് ചിത്രമായതിനാല്‍ താന്‍ കൂടുതലൊന്നും പറയേണ്ടതില്ലെങ്കിലും 'വല്ല്യ വല്ല്യ കാര്യങ്ങളൊന്നുമില്ലാത്ത' എല്ലാവര്‍ക്കും ആസ്വദിക്കാനാകുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് അപര്‍ണ കൂട്ടിച്ചേര്‍ത്തു.
Content Highlights : Aparna Balamurali Interview MR and MRS Rowdy New Movie Aparna Kalidas Jeethu Joseph