സൂര്യയുടെ നായികയായി അപര്‍ണാ ബാലമുരളി തമിഴില്‍ തിളങ്ങുന്നു. സുധാ കൊങ്കാര സംവിധാനം ചെയ്യുന്ന സൂരരൈ പോട്രു എന്ന ചിത്രത്തിലൂടെയാണ് ഈ സൗഭാഗ്യം. എട്ട് തോട്ടകള്‍, സര്‍വം താളമയം എന്നീ ചിത്രങ്ങള്‍ക്കുശേഷം അപര്‍ണ തമിഴില്‍ നായികയാകുന്ന ചിത്രമാണിത്. സൂര്യാചിത്രത്തിലേക്കുള്ള എടുത്തുചാട്ടത്തെക്കുറിച്ച് അപര്‍ണ സംസാരിക്കുന്നു.''അപ്രതീക്ഷിതമായി തമിഴില്‍ ലഭിച്ച സൗഭാഗ്യം നന്നായി ഉപയോഗപ്പെടുത്താനാണ് എന്റെ ശ്രമം. ഇതുവരെ കാണാത്ത അപര്‍ണയുടെ മുഖം നിങ്ങള്‍ക്ക് തമിഴ്ചിത്രത്തില്‍ കാണാം''- അപര്‍ണ സസ്പെന്‍സ് സമ്മാനിച്ചുകൊണ്ട് സംസാരിച്ചുതുടങ്ങി.
''സുധാ കൊങ്കാരയാണ് സൂരരൈ പോട്രു എന്ന ചിത്രത്തിന്റെ സംവിധായിക. ഇതിന് മുന്‍പ് തമിഴില്‍ ദ്രോഹി, ഇരുതി സുട്രു, ഹിന്ദിയില്‍ സാല ഘാദൂസ്, തെലുഗില്‍ ഗുരു എന്നീ ചിത്രങ്ങള്‍ സുധ സംവിധാനം ചെയ്തിട്ടുണ്ട്. ഈ സിനിമയ്ക്കുവേണ്ടി രണ്ടരവര്‍ഷത്തെ ഹോം വര്‍ക്കാണവര്‍ നടത്തിയത്. ഓരോ സീനും പെര്‍ഫക്ടായി ചിത്രീകരിക്കാന്‍ അവസാനനിമിഷംവരെ അവര്‍ ശ്രമിക്കാറുണ്ട്. ഷൂട്ടിങ്ങിന് മുന്‍പ് എല്ലാവരും തിരക്കഥ വായിച്ച് മനപ്പാഠമാക്കിയതിനാല്‍ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എളുപ്പമായി.''
കഴിവുളളവരെ വാഴ്ത്തുക
സൂരരൈ പോട്രു-കഴിവുള്ളവരെ വാഴ്ത്തുക എന്നതാണ് അതിനര്‍ഥം. ചിത്രം അത്തരം പ്രതിഭകളുടെ കഥ പറയുകയാണ്. അതുകൊണ്ടുതന്നെ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും പ്രാധാന്യമുള്ളവരാണ്. എയര്‍ ഡെക്കാന്‍ സ്ഥാപകനും റിട്ടയേഡ് ക്യാപ്റ്റനുമായ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം കടന്നുപോകുന്നത്.
അപ്രതീക്ഷിത സൗഭാഗ്യം
സിനിമയുടെ ചിത്രീകരണത്തിന് ഒരു വര്‍ഷം മുന്‍പ് ഓഡിഷന്‍ നടത്തിയിരുന്നു. അതില്‍ പങ്കെടുക്കാന്‍ എനിക്കും ഒരവസരം കിട്ടി. അങ്ങനെ രണ്ടുതവണ ഞാന്‍ അവരുടെ ഓഡിഷനില്‍ പങ്കെടുത്തു. ആ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്ന ഒരുറപ്പും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാന്‍ അത് വലിയകാര്യമാക്കി തലയിലേറ്റിയില്ല. ചിത്രീകരണം തുടങ്ങിയപ്പോഴാണ് എന്റെ സുഹൃത്തുക്കളോടുപോലും ഇക്കാര്യം പറഞ്ഞത്.
സ്വീറ്റ്-സൂര്യ
ചിത്രവുമായി ബന്ധപ്പെട്ട മീറ്റിങ്ങില്‍ സൂര്യസാറെ കണ്ടിട്ടുണ്ട്. പക്ഷേ, അതെല്ലാം വെറും ഫോര്‍മലായിരുന്നു. അമ്മയുടെ കഴിഞ്ഞ ഷോയില്‍ സൂര്യസാര്‍ ഗസ്റ്റായിരുന്നു. അന്ന് ആ സ്റ്റേജില്‍ പാട്ടുപാടി ഇറങ്ങുമ്പോള്‍ മുന്നില്‍ ലാലേട്ടനും മമ്മൂക്കയ്ക്കും ഒപ്പം സൂര്യസാര്‍. അന്നാണ് കൂടുതല്‍ പരിചയപ്പെടുന്നത്. അവിടെനിന്ന് യുവനായികമാരെല്ലാം അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കാന്‍ വട്ടംകൂടി, ഞാന്‍ മാത്രം മാറിനിന്നു. ഒന്നിച്ച് സിനിമ ചെയ്യുമ്പോള്‍ ഇഷ്ടം പോലെ സെല്‍ഫി എടുക്കാമല്ലോ എന്നതായിരുന്നു എന്റെ മനസ്സില്‍.
ചിത്രത്തിന് മുന്‍പ് എല്ലാ കലാകാരന്മാരും ഒന്നിച്ചിരുന്ന് സ്‌ക്രിപ്റ്റ് അതിന്റെ സ്ലാങ്ങില്‍ വായിക്കുന്ന രണ്ടുമൂന്ന് സെഷനുണ്ടായിരുന്നു. സിനിമയിലേക്ക് ഇറങ്ങാനുള്ള നല്ല ഹോം വര്‍ക്കായിരുന്നത്. സൂര്യസാര്‍ അവിടെ എത്തിയപ്പോള്‍ ഞങ്ങള്‍ വീണ്ടും സംസാരിച്ചു. സെറ്റില്‍വെച്ച് പളാപളാന്ന് സംസാരിയ്ക്കുന്ന ആളല്ല അദ്ദേഹം.
ഒന്നിച്ച് ഷൂട്ട് ചെയ്യുന്ന ദിവസം ലുക്ക് ആന്‍ഡ് റിയാക്ഷന്‍ ശരിയാകാന്‍വേണ്ടി അദ്ദേഹം അഭിനയിച്ചുകൊണ്ട് എന്റെ മുന്നില്‍ വന്നുനില്‍ക്കാറുണ്ട്. സൂപ്പര്‍താരങ്ങള്‍ക്കൊന്നും അങ്ങനെ നില്‍ക്കേണ്ട ആവശ്യമില്ല. എന്നിട്ടും നിന്നു. അത്രയും അര്‍പ്പണമനോഭാവമുള്ള കലാകാരാനാണ് സൂര്യസാര്‍. അതുകൊണ്ടുതന്നെ ഞാന്‍ ഇന്ന് അദ്ദേഹത്തിന്റെ വലിയ ഫാനാണ്.
Content Highlights: aparna balamurali in suriya movie Soorarai Pottru interview tamil film actor surya