നേരത്തിന്റെ സെറ്റില്‍ വെച്ചേ ഞാന്‍ നോട്ടമിട്ടതായിരുന്നു ഈ പോലീസ് യൂണിഫോം- സിജു വില്‍സണ്‍


അമൃത എ.യു

3 min read
Read later
Print
Share

ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. നമ്മള്‍ തൊണ്ണൂറുകളില്‍ ടെലിവിഷനില്‍ കണ്ട ചലച്ചിത്രത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന നല്ല നാടന്‍ നാട്ടിന്‍ പുറത്തിന്റെ കഥ.

നോജ് നായര്‍ സംവിധാനം ചെയ്ത് സിജു വില്‍സണ്‍ നായക കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. തൊണ്ണൂറുകളുടെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാപ്പിവെഡ്ഡിങിന് ശേഷം നായക കഥാപാത്രത്തിലെത്തുന്ന വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ സിജു വില്‍സണ്‍.

വാര്‍ത്തകള്‍ ഇതുവരെ- നല്ല നാടന്‍ നാട്ടിന്‍പുറത്തിന്റെ കഥ

ഹാപ്പി വെഡ്ഡിങ് കഴിഞ്ഞ് ഏകദേശം മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രത്തില്‍ നായകനായി എത്തുന്നത്. പക്ഷേ അതിനെക്കുറിച്ച് പലരും ചോദിച്ചിട്ടുണ്ടായിരുന്നു, എന്തുകൊണ്ടാണ് നായക കഥാപാത്രങ്ങള്‍ ചെയ്യാത്തതെന്ന്. എന്നാല്‍ ഹാപ്പിവെഡ്ഡിങിന് ശേഷം അടുത്തൊരു ചിത്രം ചെയ്യുമ്പോള്‍, അതിനെക്കാള്‍ വ്യത്യസ്തമായി, ഒരു പടി മുന്നില്‍ നില്‍ക്കുന്ന ചിത്രമാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനിടയില്‍ ചെറുതും വലുതുമായ പല കഥകളും മുന്നിലെത്തിയെങ്കിലും വ്യത്യസ്തമായൊരു ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രത്തിലേക്ക് എത്തുന്നത്. ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ.

നമ്മള്‍ തൊണ്ണൂറുകളില്‍ ടെലിവിഷനില്‍ കണ്ട ചലച്ചിത്രത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന നല്ല നാടന്‍ നാട്ടിന്‍ പുറത്തിന്റെ കഥ. നല്ലൊരു കോമഡി ത്രില്ലര്‍. പാലക്കാടുള്ള ഒരു ഗ്രാമത്തില്‍ വെച്ചായിരുന്നു ഷൂട്ട്. ആ ഗ്രാമത്തിന്റെ നിഷ്‌കളങ്കത വ്യക്തമാകുന്നതാണ് ചിത്രം. തൊണ്ണൂറുകളില്‍ നമ്മള്‍ സ്‌ക്രീനില് കണ്ട നെടുമുടിവേണു ചേട്ടനും മാമുക്കോയയും ഇന്നത്തെ ജനറേഷനിലുള്ള താരങ്ങളുമടക്കം അണിനിരക്കുന്ന ചിത്രമാണ്.

നേരത്തിന്റെ സെറ്റില്‍ വെച്ചേ ഞാന്‍ നോട്ടമിട്ടതായിരുന്നു ഈ യൂണിഫോം

നേരം ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നു. ചിത്രത്തില്‍ ഷമ്മി ചേട്ടന്‍ എസ്.ഐ ടിന്റു ആയിട്ട് അഭിനയിക്കുന്നുണ്ട്. എന്നാല്‍ ഷൂട്ടിന് ഇടയിലും ഷമ്മി ചേട്ടന്റെ പോലീസ് യൂണിഫോം ഞാന്‍ നോക്കി വെച്ചിരുന്നു. ഷൂട്ട് കഴിഞ്ഞ് ചേട്ടന്‍പോയപ്പോഴേക്കും ആ ഡ്രസ് ഇട്ട് ഞാന്‍ കുറേ ഫോട്ടോ എടുത്തിരുന്നു. പിന്നീട് ഒരുപാട് ഓഡിഷനും മറ്റുമായി ഞാന്‍ ഈ ഫോട്ടോ അയക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അത് ഫെയ്‌സ്ബുക്കിലൊക്കെ അപ്ലോഡ് ചെയ്തിട്ടുണ്ട്. അങ്ങനെ ഞാന്‍ നോട്ടമിട്ടിരുന്ന വേഷമായിരുന്നു പോലീസ്. അങ്ങനെ പോലീസ് യൂണിഫോം ഇട്ട് അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഇപ്പോള്‍.

സ്റ്റേഷനിലെ കോഴി ആരാണെന്ന് തീയേറ്ററില്‍ തന്നെ പോയി കാണണം

വിനയ്ഫോര്‍ട്ട് ചെയ്യുന്ന മാത്യൂസ് എന്ന കഥാപാത്രവും എന്റെ വിനയചന്ദ്രന്‍ എന്ന കഥാപാത്രവും തമ്മില്‍ ഒരു മത്സരം നടക്കുന്നുണ്ട്. നെടുമുടി വേണുചേട്ടന്‍ ചെയ്യുന്ന എസ് ഐ എട്ടന്‍പിള്ള എന്ന കഥാപാത്രത്തിന്റെ ഗുഡ് ലിസ്റ്റില്‍ കയറിപ്പറ്റാനുള്ള ശരിക്കും മത്സരമാണ് നടക്കുന്നത്. അത് പോലീസ് സ്റ്റേഷനിലായാലും അല്ലാതെ പുറത്ത് ആലിസ് എന്ന കഥാപാത്രത്തിന്റെ പുറകേ നടക്കാനും രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും മത്സരിക്കുന്നുണ്ട്. അത്തരത്തില്‍ രണ്ട്പേരും തമ്മിലുള്ള മത്സരമാണ് ഇത്. അപ്പോള്‍ അതിനിടിയിലുള്ള ഒരു സംഭാഷണമാണ് ടീസറിലൂടെ പുറത്ത് വന്നത്. എന്തായാലും സ്റ്റേഷനിലെ കോഴി ആരാണെന്ന് തീയേറ്ററില്‍ തന്നെ പോയി കാണണം.

ആലുവ ബ്രദേഴ്സ് ഇപ്പോഴും പൊളിയാണ്

ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്നായിരുന്നു സിനിമയൊക്കെ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും പല വഴിക്കായി. നിറയെ ചിത്രങ്ങളും നല്ല കഥാപാത്രങ്ങളും അതിന്റെ തിരക്കുകളിലുമാണ് എല്ലാവരും. ആ തിരക്കുകളില്‍ വളരെ സന്തോഷവും ഉണ്ട്. എല്ലാവരേയും വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. അടുത്തടുത്ത ലൊക്കേഷനുകളിലാണ് ഷൂട്ടിങ് എങ്കില്‍ ഷൂട്ടിങിന് ശേഷം ഞങ്ങള്‍ കൂടാറുമുണ്ട്.

ഷറഫും ഞാനും, നമ്മുടെ കെമിസ്ട്രി വേറെ തന്നെയാ

ഫ്ലേവേഴ്സ് എന്ന ഷോട്ട് ഫിലിമില്‍ തുടങ്ങിയതാണ് ഞാനും ഷറഫും തമ്മിലുള്ള കൂട്ടുകെട്ട്. അതിന് ശേഷം നേരം എന്ന ചിത്രത്തില്‍ എന്റെ ബോസ് ആയി വന്ന്, ഒരേ സ്‌ക്രീന്‍ സ്പെയിസ് ഷെയര്‍ ചെയ്തു. പിന്നീട് പ്രേമം, ഹാപ്പി വെഡ്ഡിങ്, നീയും ഞാനും എന്ന ചിത്രത്തിലൊക്കെ ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് ഉണ്ടായിരുന്നു. നേരത്തെ അറിയാവുന്നവരായതു കൊണ്ടും സുഹൃത്തുക്കളായതുകൊണ്ടും ഓരോ ചിത്രത്തിലും ശരിക്കും ആസ്വദിക്കുകയായിരുന്നു. നമുക്ക് എന്തും പറയാനും പരസ്പരം മനസിലാക്കാനും കഴിയാറുണ്ട്. ഇത്രയും സിനിമകള്‍ ഒരുമിച്ച് ചെയ്തതുകൊണ്ടും സുഹൃത്തുക്കളുമായതുകൊണ്ടും ആ ഒരു കെമിസ്ട്രി ഞങ്ങള്‍ക്കിടയില്‍ വര്‍ക്കൗട്ട് ആകാറുണ്ട്. എല്ലാവരും കൂട്ടുകാരാണ്, അവരോടൊപ്പം സിനിമ ചെയ്യുമ്പോള്‍ ശരിക്കും ഒരു ടൂര്‍ പോയ പ്രതീതിയാണ് ഉണ്ടാകാറുള്ളത്.

ആദ്യം അഭിനയം പഠിക്കട്ടെ, പിന്നെ സംവിധാനം

സംവിധാനത്തോടൊക്കെ താത്പര്യമുള്ള ആളാണ് ഞാന്‍. പക്ഷേ ഇപ്പോള്‍ ഇല്ല. ശരിക്കും നല്ല എഫര്‍ട്ട് വേണ്ട പണിയാണ് സംവിധാനം. എല്ലാ ഡിപ്പാര്‍ട്മെന്റിനേയും കോര്‍ഡിനേറ്റ് ചെയ്ത് കൊണ്ടുപോകാന്‍ കഴിയണം. എനിക്ക് ഇപ്പോള്‍ അങ്ങനെയൊരു കഴിവ് ആയിട്ടുണ്ടെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ ആദ്യം അഭിനയം പഠിക്കട്ടെ, പിന്നീട് മതി സംവിധാനം എന്നാണ് ഇപ്പോള്‍ കരുതുന്നത്.

Content Highlights : Actor Siju Wilson Interview On New Movie Varthakal Ithuvare

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram