എബ്രിഡ് ഷൈന്‍ യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന കാഴ്ചകള്‍ കൊണ്ട് മലയാളി പ്രേക്ഷകന്റെ ദൃശ്യാനുഭവങ്ങള്‍ക്ക് നവീനമായ ഭാവുകത്വം പകര്‍ന്ന സംവിധായകനാണ്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ കൊണ്ടുതന്നെ പ്രേഷകഹൃദയങ്ങളില്‍ ഇടംനേടിയ എബ്രിഡ് കുറേക്കൂടി ധീരമായ പരീക്ഷണങ്ങളുമായാണ് 'പൂമരം' അണിയിച്ചൊരുക്കിയിരിക്കുന്നത്. പൂമരം പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍ തന്റെ സിനിമയെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് അദ്ദേഹം.
എന്തുകൊണ്ടാണ് കലോത്സവം പ്രമേയമായൊരു സിനിമ
കോളേജില്‍ പഠിക്കുമ്പോഴും മറ്റും കലോത്സവങ്ങളില്‍ പങ്കെടുത്തിടുത്തിരുന്നു. കലോത്സവത്തിന്റെ യഥാര്‍ത്ഥ ഫീല്‍ നല്‍കുന്നൊരു ചിത്രം മുമ്പേ മനസിലുണ്ടായിരുന്നു. കലോത്സവത്തിന് വേണ്ടി കുട്ടികളെടുക്കുന്ന പ്രയത്‌നവും അതുണ്ടാക്കുന്ന മത്സരാവേശവുമെല്ലാം കൗതുകം പകരുന്നതാണ്. മലയാളികളുടെ സര്‍ഗാത്മകതയോടുള്ള അഭിവാഞ്ജയാണ് കലോത്സവം കാണിക്കുന്നത്. കലോത്സവത്തിന്റെ തനിമ ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. അത് വിജയിച്ചു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.
ഒരു കാമ്പസ് ചിത്രമെന്ന് പറയുമ്പോള്‍ മനസിലേക്ക് വരുന്ന എല്ലാ ധാരണകളോടൊന്നും ചേര്‍ന്നു നില്‍ക്കുന്ന ചിത്രമല്ല പൂമരം. എന്തായിരുന്നു ചിത്രമൊരുക്കുമ്പോള്‍ മനസ്സില്‍?
സംഗീതത്തിലലിഞ്ഞ് കവിത പോലെ ഒഴുകുന്നൊരു ചിത്രം. അതായിരുന്നു പൂമരം എടുക്കുമ്പോള്‍ ആഗ്രഹിച്ചിരുന്നത്. ഇങ്ങനെ സംഭവിച്ചേ മതിയാകൂ എന്ന പിടിവാശിയില്ലാതെയായിരുന്നു ചിത്രീകരണം. കലോത്സവവേദികളില്‍ സംഭവിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. നിരവധി വിഷയങ്ങള്‍ അവിടെയുണ്ട്. അതിലേക്കുള്ള യാത്രയില്‍ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുക, രസിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അതോടൊപ്പം നമുക്ക് പറയാനുള്ള കാര്യത്തിലേക്ക് പ്രേക്ഷകരെ എത്തിക്കുകയും ചെയ്യണം.
ചിത്രത്തില്‍ പലയിടങ്ങളിലും പരസ്പരം ബന്ധമുളളതെന്ന് പ്രത്യക്ഷത്തില്‍ തോന്നാത്ത പലകാര്യങ്ങളും പലതരത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നതായി തോന്നുന്നുണ്ട്. ഉദാഹരണത്തിന്, റിഫ്‌ളക്ഷന്‍ (പ്രതിഫലനം) ചിത്രത്തില്‍ പല ഭാഗത്തും കടന്നുവരുന്നുണ്ട്. ക്ലൈമാക്‌സില്‍ കാണിക്കുന്ന ഇന്‍സ്റ്റലേഷന്‍ റിഫ്‌ളക്ഷന്‍ കൊണ്ട് പൂര്‍ണമാകുന്നതാണ്. ചിത്രത്തിലെ ഫോട്ടോഗ്രഫി മത്സരത്തിന്റെ വിഷയവും പ്രതിഫലനമായിരുന്നു. ക്ലൈമാക്‌സിലേക്ക് നീങ്ങുന്ന സംഭവങ്ങളില്‍ പരിക്കേല്‍ക്കുന്നതും ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുത്ത കുട്ടിയ്ക്കാണെന്ന് പറയുന്നുണ്ട്. ഇതെല്ലാം യാദൃച്ഛികമാണോ?
തീര്‍ച്ചയായിട്ടുമല്ല. അത് ശ്രദ്ധിച്ചതില്‍ വളരെ സന്തോഷമുണ്ട്. ചിത്രത്തിന്റെ തുടക്കംമുതല്‍ പറഞ്ഞുവന്ന കാര്യങ്ങളിലെല്ലാം ഇത്തരം ഡീറ്റയില്‍സ് ഉണ്ട്. അവയെല്ലാം ചിത്രത്തിലൂടെ പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നവയാണ്. ചിത്രത്തിന്റെ തുടക്കത്തില്‍ ഗൗതമിന്റെ അച്ഛന്‍ പറയുന്നുണ്ട്, ഒരു കല ചെയ്യുമ്പോള്‍ അതിന്റെ ആത്മാവ് മനസിലാക്കി ചെയ്യണമെന്നും കല ഉള്‍ക്കാഴ്ച ഉണ്ടാക്കണമെന്നും. ബിജു എന്ന പോലീസുകാരന്‍ ഹെന്റി ഡേവിഡ് തോറിന്റെ കഥ പറയുന്നുണ്ട്. റിഫഌന്‍സിനെ കുറിച്ച് ഫോട്ടോഗ്രഫി കോംപറ്റീഷനില്‍ പറയുന്നുണ്ട്. പരിക്കുപറ്റിയ ആള്‍ ഫോട്ടോഗ്രാഫി കോംപറ്റീഷനില്‍ പങ്കെടുത്ത കുട്ടിയാണെന്ന് പറയുമ്പോഴും അയാളെ ഒരിക്കലും ചിത്രത്തില്‍ കാണിക്കുന്നില്ല, രക്തച്ചൊരിച്ചില്‍ കാണിക്കുന്നില്ല. തുടക്കത്തില്‍ കാണിക്കുന്ന മൈം റിഹേഴ്‌സല്‍ അഞ്ചു മിനിറ്റ് പൂര്‍ണമായും കാണിച്ചതും പ്രത്യേക ലക്ഷ്യത്തോടെയാണ്. മൈമിന്റെ ഒടുവില്‍ എന്താണോ പറയാനുദ്ദേശിച്ചത് അതായിരുന്നു എന്റെ ക്ലൈമാക്‌സും.
ചിത്രത്തില്‍ കാളിദാസന്റെ പേര് ഗൗതമന്‍ എന്നാണ്. അവന്റെ പിതാവിന്റെ പേര് ആനന്ദന്‍ എന്നാണ്. ഇതെല്ലാം പരസ്പരബന്ധിതമായിരുന്നു. ഒരിടത്തുനിന്ന് തുടങ്ങി നേരേ മറ്റൊരിടത്ത് ചെന്ന് അവസാനിക്കുക എന്നതല്ല. തുടക്കം മുതല്‍ പല രീതിയില്‍ സംഭവങ്ങള്‍ തമ്മില്‍ കണക്ട് ചെയ്ത് കണക്ട് ചെയ്ത് അത് ക്ലൈമാക്‌സിലേക്ക് എത്തിക്കുകയായിരുന്നു. അല്ലാതെ വെറുതേ കുറേ സീനുകള്‍ പെറുക്കിവെച്ച് ഉണ്ടാക്കിയ സിനിമയല്ല ഇത്. നേരേ കാണുന്ന കഥയ്ക്കിടയിലൂടെ മറ്റൊരു വര കൂടിയുണ്ട് ഈ ചിത്രത്തില്‍. പ്രേക്ഷകനെ രസിപ്പിക്കുക എന്നതിനൊപ്പം മറ്റൊരു തലത്തിലുള്ള വായനകൂടി സിനിമ നല്‍കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍.
ഒരുപക്ഷേ, ആവര്‍ത്തിച്ചുള്ള കാഴ്ചകളില്‍ പ്രേക്ഷകനുമായി കൂടുതല്‍ സംവദിക്കാന്‍ സാധ്യതയുള്ള ചിത്രമാണ് പൂമരം..
ഈ ചിത്രം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് അതങ്ങനെയാവണം. എല്ലാവരും അതിഷ്ടപ്പെട്ടുകൊള്ളണമെന്ന് നമുക്ക് പറയാനാവില്ല. ഉദാഹരണത്തിന്, നമ്മള്‍ കലോത്സവവേദികളില്‍ പോയാല്‍ ലോസ്റ്റായിട്ട് അതിലൂടെ നടക്കുന്നവരുണ്ട്. ഒരു കലോത്സവത്തില്‍ ഒരു ഭരതനാട്യത്തിന് 10 മിനിറ്റാണുള്ളത്. പരിപാടിയും അതിനിടയിലെ ഇടവേളകളുമായി എത്രയോ സമയം എത്രയോ ഭരതനാട്യങ്ങള്‍ നടക്കുന്നുണ്ടാകും. എത്രയോ മിമിക്രി നടക്കുന്നുണ്ടാകും. നമ്മള്‍ അതിന്റെയെല്ലാം പത്തോ പതിനഞ്ചോ സെക്കന്റുകള്‍ മാത്രമാണ് ഈ ചിത്രത്തില്‍ കാണിച്ചിട്ടുള്ളത്. 15 സെക്കന്‍ഡ് പോലും ഭരതനാട്യം കണ്ടിരിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് ഈ സിനിമ ആസ്വദിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, പൂമരത്തില്‍ പലതരത്തിലുള്ള കലാരൂപങ്ങള്‍ വരുന്നുണ്ട്. അവയും അല്‍പമെങ്കിലും ആസ്വദിക്കുന്നവരാണെങ്കില്‍ സിനിമയിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാനാകുമെന്ന് തോന്നുന്നു.
മാസ് ഓഡിയന്‍സിനെ ലക്ഷ്യമിട്ടല്ല ഈ സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണോ പറഞ്ഞുവരുന്നത്?
അങ്ങനെയല്ല. ഇപ്പോള്‍ ചുള്ളിക്കാട് സാര്‍ (ബാലചന്ദ്രന്‍ ചുള്ളിക്കാട്) മഹാരാജാസില്‍ പഠിച്ചിരുന്നപ്പോള്‍ എംജി യൂണിവേഴ്‌സിറ്റി കവിതാരചനാ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹം അന്നേ അറിയപ്പെടുന്ന കവിയാണ്. പക്ഷേ റിസള്‍റ്റ് വന്നപ്പോള്‍ അദ്ദേഹത്തിന് രണ്ടാം സ്ഥാനമാണ് കിട്ടിയത്. ഒന്നാം സ്ഥാനം പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായ സെന്റ് തെരേസാസിലെ വിജയലക്ഷ്മിയ്ക്കായിരുന്നു. അങ്ങനെ രസകരവും ഗൗരവമുള്ളതുമായ ഒരുപിടി സംഭവങ്ങളുടെ ചരിത്രമുണ്ട് കലോത്സവത്തിന്. യേശുദാസ്, ജയചന്ദ്രന്‍, ചിത്ര തുടങ്ങിയവരൊക്കെ കലോത്സവത്തില്‍ നിന്ന് വന്നവരാണ്. അപ്പോള്‍ പ്രായഭേദമന്യേ ആര്‍ക്കും ആസ്വദിക്കാവുന്ന വിഷയമാണിത്. കലോത്സവവുമായി ബന്ധമുള്ളവര്‍ക്ക് പ്രത്യേകിച്ചും. ഈ ചിത്രത്തിന്റെ പ്രിവ്യൂ കണ്ട എന്റെ ഒരു സുഹൃത്ത് പറഞ്ഞത് കോളേജില്‍ പോകാത്തതില്‍ വിഷമം തോന്നുന്നു എന്നാണ്. അതായത്, ഈ ചിത്രമാസ്വദിക്കാന്‍ കലോത്സവവുമായി നേരിട്ട് ബന്ധം വേണമെന്നൊന്നുമില്ല. കല ആസ്വദിക്കാനുള്ള മനസ്സുണ്ടായാല്‍ മതി. പക്ഷേ, ഒരു കലോത്സവം നടക്കുമ്പോള്‍ അതിനോട് പൂര്‍ണമായും പിന്തിരിഞ്ഞ് നില്‍ക്കുന്നവരോട് ഈ ചിത്രം എങ്ങനെ സംവദിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.
ഒരുപിടി പുതുമുഖങ്ങള്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ച സിനിമയാണിത്. പ്രത്യേകിച്ച് സെന്റ് തെരേസാസ് ചെയര്‍പേഴ്‌സനായ ഐറിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിയൊക്കെ. എങ്ങനെയാണ് ഈ കഥാപാത്രങ്ങളിലേക്ക് എത്തുന്നത്?
കാളിദാസന്‍ ഉള്‍പ്പെടെയുള്ളവര്‍ മികച്ച പ്രകടനമാണ് സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. കാളിദാസന്‍ ഈ സിനിമയില്‍ എത്തുന്നത് ഒരു നിമിത്തം പോലെയാണ്. 'ആക്ഷന്‍ ഹീറോ ബിജു' കണ്ടിട്ട് ജയറാമേട്ടന്‍ എന്നെ വിളിച്ചിരുന്നു. ആ സമയത്ത് ഞാന്‍ 'പൂമര'ത്തിനുള്ള ഒരുക്കത്തിലായിരുന്നു. അങ്ങനെയാണ് ഗൗതമനായി കാളിദാസ് എത്തുന്നത്. അതുമൊരു വിധിയായാണ് എനിക്ക് തോന്നിയത്.
ഐറിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നീതാ പിള്ള എന്ന കുട്ടിയാണ്. മഹാരാജാസിലെ ചെയര്‍മാനായി കാളിദാസ് നില്‍ക്കുമ്പോള്‍, വര്‍ഷങ്ങളായി ചാമ്പ്യന്‍മാരായ മറ്റൊരു കോളേജിന്റെ ചെയര്‍പേഴ്‌സണായി ഓപ്പോസിറ്റ് നില്‍ക്കാനുള്ള ആറ്റിറ്റ്യൂഡുള്ള ആളാവണം ആ കഥാപാത്രമാകേണ്ടത്. രണ്ടുപേരും അവരവരുടേതായ മേഖലകളില്‍ ശക്തരായ ആളുകളാവണം. ഒപ്പത്തിനൊപ്പം നില്‍ക്കണം. ഒരു പെണ്‍കുട്ടി അത്തരമൊരു ക്യാരക്ടറായി വരുമ്പോള്‍ അത്രയും പവര്‍ ജനറേറ്റ് ചെയ്യുന്ന ആളാകണമെന്ന് തോന്നി. ഓഡിഷന് എത്തിയവരില്‍ നീതയെ കണ്ടപ്പോള്‍ തന്നെ ഇതാണ് മഹാരാജാസിന്റെ ചെയര്‍പേഴ്‌സണ്‍ എന്നെനിക്ക് തോന്നി.
മറ്റു പുതുമുഖങ്ങളും വളരെ ടാലന്റ് ഉള്ളവരാണ്. അര്‍ച്ചിത കലാതിലകമാണ്. ആതിര എന്നകുട്ടി ഇന്റര്‍നാഷണല്‍ ലെവലിലൊക്കെ ഇന്ത്യയെ റെപ്രസന്റ് ചെയ്ത് ഡാന്‍സിന് പോകുന്നയാളാണ്. തബല സ്‌റ്റേറ്റ് ഫസ്റ്റാണ് ഒരാള്‍. ഗിറ്റാര്‍ സ്‌റ്റേറ്റ് ഫസ്റ്റായ ആളുണ്ട്. ചെണ്ട യൂണിവേഴ്‌സിറ്റി വിന്നറുണ്ട്. എല്ലാവരും അവരവരുടെ മേഖലകളില്‍ ചാമ്പ്യന്‍മാരായ ആളുകളാണ്. അതുകൊണ്ടുതന്നെയാണ് സിനിമയില്‍ അവര്‍ പെര്‍ഫെക്ടായി ഇഴുകിച്ചേര്‍ന്നതും.
ഇത്രയേറെ പുതുമുഖങ്ങളെ അണിനിരത്തി വളരെ സ്വാഭാവികമായി ഒരു സിനിമയൊരുക്കുക. എത്രമാത്രം വെല്ലുവിളിയായിരുന്നു അത്?
വളരെ ബുദ്ധിമുട്ടായിരുന്നു. ഈ സിനിമ ഇത്രയും വൈകിയതും അതുകൊണ്ട് തന്നെയാണ്. സിനിമ ഇങ്ങനെ ചെയ്തു പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യം പ്രേക്ഷകരിലേക്ക് എത്തിക്കണമല്ലോ. യൂത്ത് ഫെസ്റ്റിവലെന്ന് പറഞ്ഞിട്ട് അത് ഫീല്‍ ചെയ്തില്ലെങ്കിലുള്ള കാര്യം ഒന്നാലോചിച്ചുനോക്കൂ. കാണുന്ന പ്രേക്ഷകനെ കൊണ്ട് ഇത് കലോത്സവം പോലെ തന്നെയുണ്ട് എന്ന് പറയിക്കുക അത്രമാത്രം ബുദ്ധിമുട്ടാണ്. അഞ്ചു ദിവസം 24 മണിക്കൂറും നടക്കുന്ന കാര്യമാണ് നമ്മള്‍ രണ്ടര മണിക്കൂറിലേക്ക് ഒതുക്കിയിരിക്കുന്നത്. ഇത്രയേറെ ആളുകളെ ഒരു സീനിലേക്ക് കൊണ്ടുവന്ന് സ്വാഭാവികതയോടെ ക്യാമറയില്‍ ഒപ്പിയെടുക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
സിനിമ കാണുമ്പോള്‍ ഇതൊരു കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ച ചിത്രമാണോ എന്ന സംശയം പ്രേക്ഷകന് ഉണ്ടാകുന്നുണ്ട്.
തിരക്കഥ, തീര്‍ച്ചയായും ഉണ്ടായിരുന്നു. ഈ സിനിമ ഇവിടെ നിന്നാണ് തുടങ്ങേണ്ടതെന്നും ഇവിടെയാണ് അവസാനിക്കേണ്ടതെന്നും വ്യക്തമായ ധാരണ സിനിമ തുടങ്ങുന്നതിന് മുമ്പേ ഉണ്ടായിരുന്നു. പക്ഷേ, സീന്‍ എടുക്കുമ്പോള്‍ കൃത്യമായി ഇത് ഇങ്ങനെയാവണം ഇങ്ങനെ പറയണം എന്നൊന്നും നിര്‍ബന്ധം പിടിച്ചിട്ടില്ല. അത് സ്വാഭാവികമായി ഉരുത്തിരിയേണ്ടതാണ്. അത് ഫിലിം മേക്കിങ് പ്രോസസാണ്. അതായത്, തിരക്കഥ ഉണ്ടായിരുന്നെങ്കില്‍ പോലും ക്യാമറ ഇന്നയിടത്ത് വെച്ച് മിഡ് ഷോട്ടില്‍ ഇങ്ങനെ ഒരാള്‍ പറയുന്നു എന്ന രീതിയിലുള്ള സ്‌ക്രീന്‍പ്ലെ ഒന്നുമുണ്ടായിരുന്നില്ല. സീന്‍ കണ്‍സീവ് ചെയ്യുന്നതില്‍ നിയന്ത്രണങ്ങളൊന്നും വെച്ചിരുന്നില്ല.
സിനിമ അല്‍പം കൂടി ചടുലമാകാമായിരുന്നു, അല്ലെങ്കില്‍ ഇടയ്ക്ക് ലാഗിങ് ഉണ്ട് എന്നുള്ള വിമര്‍ശനങ്ങളൊക്കെയുണ്ട്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഈ ചിത്രം വേഗത്തില്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്ന ക്ലൈമാക്‌സിലേക്ക് ചെന്നുനില്‍ക്കുന്ന അവസ്ഥയെ കുറിച്ച് ഒന്നാലോചിച്ച് നോക്കണം. യുവജനോത്സവത്തിന്റെ അഞ്ചു ദിവസങ്ങളും സെക്കന്‍ഡ് ഹാഫിലാണ്. അതിന്റെ ഫീല്‍ പ്രേക്ഷകന് കിട്ടണ്ടേ. അത് കിട്ടിയില്ലെങ്കില്‍ ഈ സിനിമ തന്നെ നിരര്‍ഥകമായിപ്പോകും. ജീവിതത്തിലും അങ്ങനെയല്ലേ. ചില സ്ഥലങ്ങളില്‍ ലാഗിങും ചില ഇറക്കവും കയറ്റവും.. അങ്ങനെയൊക്കെയല്ലേ. അതിന് അതിന്റേതായൊരു താളമുണ്ട്. ചിലപ്പോള്‍ ഒന്നു താഴേക്ക് പോയ ശേഷമാകും അത് കയറേണ്ടത്.
തര്‍ക്കോവ്‌സ്‌കിയുടെ 'സാക്രിഫൈസ്' എന്നൊരു സിനിമയുണ്ട്. ആ സിനിമയുടെ ഫസ്റ്റ് ഷോട്ട് 10 മിനിറ്റാണ്. വൈഡ് ആംഗിളില്‍ ക്യാമറ വെച്ചിട്ട് അങ്ങേയറ്റത്തുനിന്ന് ഇങ്ങേയറ്റം വരെ രണ്ട് കഥാപാത്രങ്ങള്‍ സംസാരിച്ചുകൊണ്ട് നടന്നുവരികയാണ്. ഒരു കഥാപാത്രം ഇടയ്ക്ക് ജോയിന്‍ ചെയ്യുന്നുമുണ്ട്. 10 മിനിറ്റോളം കട്ടില്ലാതെ ഇത്തരമൊരു ഷോട്ടിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ചോദിക്കാം. അത് ഒരു സംവിധായകന്‍ വിഭാവനം ചെയ്യുന്നതല്ലേ. പൂമരം ചെയ്യുമ്പോള്‍ എനിക്ക് തോന്നി ഒരല്‍പം പതിഞ്ഞ താളത്തിലായിരിക്കണമെന്ന്.
Content Highlights: Abrid Shine Poomaram KalidasJayaram Malayalam Movie