'സൈന്യത്തിലെ ആ വേഷം എഡിറ്റ് ചെയ്തുപോയി, അബിക്ക അന്നു പറഞ്ഞു: എന്റെ സംസാരമാണ് കുഴപ്പം'


ശിഹാബുദ്ദീന്‍ തങ്ങള്‍

2 min read
Read later
Print
Share

ഇപ്പോള്‍ പെട്ടെന്ന് അദ്ദേഹം പോയപ്പോള്‍ ബാക്കിയാവുന്നത് ആ മോഹമാണ്, അബിക്കയുടെയും എന്റെയും.

ലച്ചിത്ര നടനെന്നതിനേക്കാള്‍ മിമിക്രി താരമെന്ന നിലയിലാകും അബിയെന്ന കലാകാരനെ മലയാളികള്‍ കൂടുതല്‍ ഓര്‍ക്കുക. 'നയം വ്യക്തമാക്കുന്നു' മുതല്‍ 'തൃശിവപേരൂര്‍ ക്ലിപ്തം' വരെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും അബിയെന്ന നടനെ മലയാള സിനിമ വേണ്ടത്ര പരിഗണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഇക്കാര്യം അബി തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. സൈന്യം, മിമിക്‌സ് ആക്ഷന്‍ 500, മഴവില്‍ക്കൂടാരം, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ഓര്‍മിക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ അബി നല്‍കിയിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം അബിയ്ക്ക് ലഭിച്ച നല്ല കഥാപാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ഹാപ്പി വെഡ്ഡിങ്ങി'ലെ എസ്‌ഐ ഹാപ്പി പോള്‍. ചെറുപ്പം മുതലേ അബിക്കയുടെ ഫാനായതിനാലാണ് ആദ്യ ചിത്രത്തില്‍ തന്നെ അദ്ദേഹത്തെ അഭിനയിപ്പിച്ചതെന്ന് ഹാപ്പി വെഡിങിന്റെ സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. 'ചെറുപ്പം മുതലേ അബിക്കയുടെ ഫാനായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പരിപാടികള്‍ക്കൊക്കെ അദ്ദേഹത്തിന്റെ ആമിനത്താത്തയുടെ ശബ്ദം അനുകരിക്കുമായിരുന്നു. കലാഭവനില്‍ അദ്ദേഹം അവതരിപ്പിച്ചത് ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളുടെയും വീഡിയോ കാസറ്റുകള്‍ എങ്ങനെയെങ്കിലുമൊക്കെ സംഘടിപ്പിച്ച് കാണാറുണ്ടായിരുന്നു..' ഒമറിന് അബിയെ കുറിച്ച് പറയാന്‍ വാക്കുകള്‍ തികയുന്നില്ല.

അബിക്കയോട് അടുത്ത ബന്ധം

ഹാപ്പി വെഡിങില്‍ അബീക്കയെ അഭിനയിപ്പിക്കാനായതില്‍ വലിയ ചാരിതാര്‍ഥ്യമുണ്ട്. ആദ്യ ചിത്രത്തില്‍ തന്നെ അദ്ദേഹത്തെ അഭിനയിപ്പിക്കണമെന്നത് ഒരാഗ്രഹമായിരുന്നു. ആദ്യം വിളിച്ചപ്പോള്‍ വേറെയാരെയെങ്കിലും നോക്കിക്കൂടേ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍, പടം ഹിറ്റായപ്പോള്‍ വളരെ സന്തോഷത്തോടെ വിളിച്ചിരുന്നു. കുറേക്കാലത്തിന് ശേഷം എന്നെ ആളുകള്‍ക്ക് സ്‌ക്രീനില്‍ കാണാന്‍ പറ്റി. ഇനിയും റോളുണ്ടെങ്കില്‍ വിളിക്കണം എന്നൊക്കെ പറഞ്ഞു. പിന്നീട് ഇടയ്ക്കിടയ്ക്ക് വിളിക്കുമായിരുന്നു. ചങ്ക്‌സ് ചെയ്യുമ്പോള്‍ 'എനിക്കൊന്നുമില്ലേടാ' എന്ന് ചോദിച്ചിരുന്നു. അതില്‍ പറ്റിയ കഥാപാത്രമൊന്നുമില്ലായിരുന്നു. സുഖമില്ലാത്ത വിവരമൊക്കെ പറയുമായിരുന്നു. അധികം സ്‌ട്രെയിനൊന്നുമില്ലാത്ത റോളാണെങ്കില്‍ മതിയെന്നു പറഞ്ഞിരുന്നു. അടുത്ത ചിത്രത്തില്‍ ഒരു പ്രിന്‍സിപ്പലിന്റെ വേഷം അദ്ദേഹത്തിനായി കരുതിയിരുന്നു. അതിനി നടക്കില്ലല്ലോ.

മലയാള സിനിമ വേണ്ടത്ര പരിഗണിച്ചില്ല

മലയാള സിനിമ അദ്ദേഹത്തെ വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നുതന്നെ പറയാം. അങ്ങനെയൊരു തോന്നല്‍ അദ്ദേഹത്തിനുമുണ്ടായിരുന്നു. തന്റെ സംസാരമാണ് കുഴപ്പമെന്നും അബീക്ക പറയാറുണ്ടായിരുന്നു. തനിക്ക് തോന്നുന്ന കാര്യങ്ങള്‍ തുറന്നുപറയുന്ന പ്രകൃതമായിരുന്നു. അത് പലപ്പോഴും മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സിനിമയില്‍ അത് തിരിച്ചടിയായി. സൈന്യം സിനിമയില്‍ അബിക്കയ്ക്ക് നല്ലൊരു റോളായിരുന്നു. എന്നാല്‍ പിന്നീട് അത് എഡിറ്റ് ചെയ്തു കളയുകയായിരുന്നു. ഒന്നുരണ്ട് മാസം മുമ്പ് വിളിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. അതേസമയം, മകന്‍ ഷൈന്‍ സിനിമയില്‍ നന്നായിവരുന്നതില്‍ അദ്ദേഹത്തിന് വളരെ സന്തോഷമുണ്ടായിരുന്നു. ഷൈനിന്റെ കാര്യമൊക്കെ വളരെ താല്‍പര്യത്തോടെ സംസാരിക്കാറുണ്ടായിരുന്നു.

ആ തിരക്കഥ ഇനിയൊരു നഷ്ടം

ഒരിക്കല്‍ അദ്ദേഹം വിളിച്ച് ഒരു സിനിമ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു. ഒരു തിരക്കഥയുണ്ട്. തനിയ്ക്കിനി ചെയ്യാനാവില്ല. ഒമര്‍ ചെയ്യാനാവുമോ എന്നു നോക്കണമെന്ന് പറഞ്ഞു. ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയായിരുന്നു. രോഗാതുരനായ അച്ഛനെ കാണാന്‍ വിദേശത്തുള്ള മകന്‍ തിരിച്ചുവന്ന് ഇരുവരും നടത്തുന്ന യാത്രയുമൊക്കെയായിരുന്നു ഇതിവൃത്തം. അതേക്കുറിച്ച് ഞങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ചില മാറ്റങ്ങള്‍ വരുത്തി തിരക്കഥ പൂര്‍ത്തിയാക്കാന്‍ ധാരണയായിരുന്നു. പിന്നീട് ഞാന്‍ ചങ്ക്‌സിന്റെ തിരക്കിലായി. രോഗവും മറ്റുമായി അദ്ദേഹത്തിനും ബുദ്ധിമുട്ടുകളുണ്ടായി. എങ്കിലും ആ സിനിമ മനസിലുണ്ടായിരുന്നു. ഇപ്പോള്‍ പെട്ടെന്ന് അദ്ദേഹം പോയപ്പോള്‍ ബാക്കിയാവുന്നത് ആ മോഹമാണ്, അബിക്കയുടെയും എന്റെയും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram