ശ്രദ്ധ കപൂറിനെതിരെ പ്രചരിക്കുന്നതെല്ലാം അസംബന്ധമാണെന്ന് അച്ഛനും ബോളിവുഡ് നടനുമായ ശക്തി കപൂര്‍. റോക്ക് ഓണ്‍ 2 എന്ന ചിത്രത്തിന് ശേഷം ഫര്‍ഹാന്‍ അക്തറും ശ്രദ്ധയും പ്രണയത്തിലാണെന്നും ഫര്‍ഹാനൊപ്പം ശ്രദ്ധ താമസിക്കുന്നത് ശക്തി കപൂറിന് ഇഷ്ടമല്ലെന്നുമുള്ള തരത്തിൽ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഞാന്‍ ഗോവയില്‍ നിന്ന് എത്തിയപ്പോഴാണ് വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത്. ശ്രദ്ധ മിടുക്കിയായ ഒരു പെണ്‍കുട്ടിയാണ്. ഗോസിപ്പുകളെ ഒരിക്കലും മുഖവിലയ്ക്ക് എടുക്കരുതെന്ന് ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ ഞാന്‍ എത്തിയിട്ട് 35 വര്‍ഷം കഴിഞ്ഞു. എനിക്കെതിരെയും ഇത്തരത്തിലുള്ള വിലകുറഞ്ഞ ആരോപണങ്ങള്‍ വന്നിട്ടുണ്ട്- ശക്തി കപൂര്‍ പറഞ്ഞു.
ശ്രദ്ധ ആദ്യം നായികയായെത്തിയത് ആഷിക്വി 2 വിലായിരുന്നു. ആദിത്യ റോയ് കപൂറായിരുന്നു നായകൻ. പിന്നീട് ഇരുവരെയും ചേര്‍ത്തായി ഗോസിപ്പ്. ഇപ്പോള്‍ ഫര്‍ഹാന്റെ വീട്ടില്‍ നിന്ന് ശ്രദ്ധയെ ഞാന്‍ ബലമായി പിടിച്ചുകൊണ്ടു വന്നു എന്നൊക്കെയാണ് വാർത്ത പ്രചരിക്കുന്നത്. എന്റെ മകളും ഞാനും അടുത്ത സുഹൃത്തുക്കളാണ് അവളുടെ എല്ലാ കാര്യങ്ങളും എനിക്കറിയാം. അവള്‍ ഒരാളെ ഇഷ്ടപ്പെടുകയാണെങ്കില്‍ ഞാന്‍ തടസ്സം നില്‍ക്കില്ല- ശക്തി കപൂര്‍ കൂട്ടിച്ചേര്‍ത്തു.