മടങ്ങുമ്പോൾ സി.ഐ. പറഞ്ഞു: 'അതേ, ഈ സംഭവം ഇനി പരിപാടിയിലൊന്നും കാണിച്ചേക്കരുതേ'


വിനോദ് കോവൂർ

6 min read
Read later
Print
Share

അപ്രതീക്ഷിതമായി നിയമം തെറ്റിക്കേണ്ടിവന്നപ്പോൾ നേരിട്ട പ്രതിസന്ധിയും രസകരമായ അനുഭവങ്ങളും

എം.80 മൂസ എന്ന പരിപാടി ഹിറ്റായി. എവിടെ നിന്നും ആളുകൾ തിരിച്ചറിയുന്ന കാലം. വിനോദേ എന്ന് എന്നെ വിളിക്കുന്നവർ കുറവായിരുന്നു. എൺപതു ശതമാനംപേരും എന്നെ മൂസക്കാന്ന് ആണ് വിളിച്ചിരുന്നത്. എനിക്കത് ഇഷ്ടവും ആയിരുന്നു. ചിലരൊക്കെ മറിമായത്തിലെ മൊയ്തു എന്ന പേരും വിളിക്കും. കേരളത്തിലെ ഏത് ജില്ലയിൽ പോയാലും ആരാധകർ. കോഴിക്കോട്ടെ കാര്യം പറയണ്ടല്ലോ.

അങ്ങനെയിരിക്കേ ഒരു ദിവസം എന്റെ ബൈക്കിൽ കോഴിക്കോട് അങ്ങാടിയിലേക്കിറങ്ങി. അച്ഛന് ഒരു ഗുളിക വാങ്ങാൻ രണ്ടുമൂന്ന് ഇംഗ്ലീഷ് മരുന്നുഷോപ്പിൽ കയറി. എവിടെയും ആ മരുന്ന് കിട്ടുന്നില്ല. കാണുന്ന ഓരോ ഇംഗ്ലീഷ് മരുന്നുഷോപ്പിന്റെ മുമ്പിലും വണ്ടിനിർത്തി മരുന്ന് അന്വേഷിച്ചു.

അങ്ങനെ കോഴിക്കോട് മാവൂർറോഡിനടുത്ത് ഒരു മരുന്നുഷോപ്പിൽ ഗുളികയുണ്ടെന്നറിഞ്ഞു. ആശ്വാസമായി. ഗുളികയെടുക്കാനും ബിൽ അടയ്ക്കാനും, ക്യാഷ് കൊടുക്കാനുമായി ഒരു മൂന്ന് മിനിറ്റ്‌ എടുത്തിട്ടുണ്ടാവും. മരുന്ന് വാങ്ങി റോഡിലേക്കിറങ്ങിയപ്പോൾ എന്റെ ബൈക്ക് കാണാനില്ല. ഇനി ഇവിടെത്തന്നെയല്ലേ വെച്ചത് എന്ന സംശയമായി. ഇവിടെത്തന്നെയാണല്ലോ, ഞാൻ പരുങ്ങിനിൽക്കുന്നത് കണ്ട്- മരുന്നുഷോപ്പ് ബിൽഡിങ്ങിനുമുന്നിലെ സെക്യൂരിറ്റി വന്ന് അന്വേഷിച്ചു. എന്താ മൂസാക്കായ്യേ തിരയുന്നത്. ഞാൻ പറഞ്ഞു: എന്റെ ബൈക്ക് ഞാൻ ഇവിടെ നിർത്തിയിരുന്നു. ഇപ്പോ കാണുന്നില്ല. ''അത് നിങ്ങടെ ബൈക്കായിരുന്നോ. പോലീസ് എടുത്തോണ്ട് പോയല്ലോ!''

ക്രെയിൻ പൊക്കിയ വണ്ടി

പോലീസോ എപ്പൊ? എന്തിന്? എന്റെ ചോദ്യങ്ങൾ. ദേ ഇപ്പം കൊണ്ടോയെയുള്ളൂ, റോഡ്‌ സൈഡിലല്ലേ വണ്ടി പാർക്ക് ചെയ്തത്- ഈ ബോർഡ് കണ്ടോ. ട്രാഫിക് പോലീസിന്റെ നോ പാർക്കിങ്‌ ബോർഡ്‌- ശ്ശൊ മരുന്നുവാങ്ങാൻ പോകുന്നതിനിടയിൽ ആ ബോർഡ് ശ്രദ്ധിച്ചില്ല. പണിപാളി എന്ന് മനസ്സ് പറഞ്ഞു. അല്ല എങ്ങനെയാ കൊണ്ടുപോയത്?

ക്രെയിനൊക്കെ ഉപയോഗിച്ച് പോലീസിന്റെ ലോറിയിൽ കയറ്റിയാ കൊണ്ടുപോയെന്ന് അയാൾ പറഞ്ഞു.

എന്റെ മനസ്സ് പിടച്ചു. പുതിയ ബൈക്കാണ്‌. ക്രെയിന് എടുക്കുമ്പം ബൈക്കിന് എന്തൊക്കെ പറ്റിയോ ആവോ. ആകെ ടെൻഷനായി. പിന്നെ ഒന്നും നോക്കീല ഒരു ഓട്ടോ പിടിച്ച് ട്രാഫിക് സ്റ്റേഷനിലേക്ക്. അവിടെ എത്തിയപ്പോൾ കാണുന്ന കാഴ്ച എന്റെ ബൈക്ക് ലോറിയിൽനിന്ന്‌ താഴെ ഇറക്കുന്നതാണ്. ഞാൻ ഓടിച്ചെന്ന് എസ്.ഐ.യോട് പറഞ്ഞു. ''സാറെ സൂക്ഷിച്ച് ഇറക്കണേ പുതിയ ബൈക്കാ. ''

''ഓഹോ തന്റെയാണോ ബൈക്ക് ഇത്രപ്പെട്ടെന്ന് താൻ ഇവിടെ എത്ത്യോ? ''

''അതെ സാർ, ഞാൻ വണ്ടി പാർക്ക് ചെയ്ത് മരുന്നുഷോപ്പീന്ന് ഗുളിക വാങ്ങി തിരിച്ച് വന്നപ്പോഴേക്കും വണ്ടി കാണുന്നില്ല. അത്ര സമയമേ ആയുള്ളൂ.''

നോ പാർക്കിങ് സ്ഥലത്ത് വണ്ടി പാർക്ക് ചെയ്താൽ വണ്ടി ഞങ്ങൾ പൊക്കും. അതിന് അധികം സമയമൊന്നും വേണ്ട എന്ന് എസ്.ഐ.

വളരെ താഴ്മയോടെ ഞാൻ ചോദിച്ചു. ''സാർ ഒന്ന് മാപ്പാക്കിക്കൂടെ- ഇനി ആവർത്തിക്കില്ല. ''

''ഇയാള് വല്ല്യ ഡയലോഗൊന്നും അടിക്കണ്ട- പോയി ഫൈൻ അടച്ച് വണ്ടി എടുത്ത് പോവാൻ നോക്ക്.'' എസ്.ഐ. സ്റ്റേഷന് അകത്തേക്ക് പോയി. ആ എസ്.ഐ. ടി.വി. പരിപാടികൾ ഒന്നും കാണാത്ത ആളാണെന്ന് എനിക്ക് മനസ്സിലായി. ഇതേസമയം അപ്പുറത്ത് നിന്നിരുന്ന എന്നെ അറിയുന്ന രണ്ട് പോലീസുകാർ വന്ന് ആശ്വസിപ്പിച്ചു. ''ആ എസ്.ഐ. ആള് കുറച്ച് സ്‌ട്രോങ് ആണ്. ഒന്നും നടക്കൂല ഫൈൻ അടയ്ക്കേണ്ടിവരും.''

''ശരി അടയ്ക്കാം എത്രയാവും ഫൈൻ?''

''അത്- ക്രെയിനിൽ പൊക്കിക്കൊണ്ടുവന്ന സ്ഥിതിക്ക് കുറച്ച് പൈസയാവും'' പോലീസുകാർ പറഞ്ഞു.

അപ്പോഴാണ് കൂടെ പഠിച്ച ഒരു പോലീസുകാരൻ സ്റ്റേഷനകത്തീന്ന് പുറത്തേക്ക് വന്നത്. എടാ വിനോദേ, എന്താ പറ്റ്യേന്ന് ചോദിച്ചു. അവനോട് കാര്യങ്ങൾ പറഞ്ഞു. ''ആ എസ്.ഐ. ആള് കുറച്ച് പെശകാടാ'' പിന്നെ എന്റെ തോളിൽ കൈയിട്ട് ഒരു ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയിട്ട് പറഞ്ഞു. ''നീയേ മുകളിൽ സി.ഐ. ഉണ്ട് ആള് നല്ല കലാഹൃദയനാ ഒന്നുപോയി സംസാരിച്ച് നോക്ക് അതേയിപ്പം വഴിയുള്ളൂ.'' മുകളിലെ റൂമിൽ സി.ഐ.യുടെ റൂമ് ലക്ഷ്യമാക്കി നടന്നു. റൂമിന്റെ ഹാഫ്‌ ഡോർ തുറന്നതും സി.ഐ. ഫോണിലൂടെ ആരോടൊ പരുഷമായി സംസാരിക്കുന്നതാണ് കണ്ടത്. അകത്തേക്ക് കയറണോ കയറണ്ടേ എന്ന ചിന്തയിൽ ഞാൻ നിൽക്കുമ്പോൾ അദ്ദേഹം വളരെ ദേഷ്യത്തോടെ ഫോൺ വെച്ചു. എന്റെ മുഖത്തേക്ക് ഷാർപ്പായി ഒന്ന് നോക്കി. ഞാൻ വിനീതനായി അകത്തേക്ക് വന്നോട്ടെ എന്ന് ചോദിച്ചു. പിന്നെയുള്ള സി.ഐ.യുടെ സംസാരം വിസ്മയത്തോടെയാണ് ഞാൻ കേട്ടുനിന്നത്. ''ഹലോ ആരായിത് മൂസക്കയോ വരൂവരൂ കയറി വരൂ. ശ്ശൊ ഇത് അദ്ഭുതമായല്ലോ ഇതെന്താ പോലീസ്‌സ്റ്റേഷനിൽ ഇരിക്കൂ...''

കാക്കിക്കുള്ളിലെ കലാഹൃദയം

അദ്ദേഹത്തിന്റെ സ്വാഗതം ചെയ്യലിൽ താഴെവെച്ച് കൂട്ടുകാരൻ പറഞ്ഞ കാര്യം ഉറപ്പാക്കി. ആള് ഒരു കലാഹൃദയൻ തന്നെ.

സാറ് സീറ്റിൽ പിന്നോട്ട് ചാഞ്ഞിരുന്ന് വീണ്ടും സംസാരം തുടങ്ങി. ''സത്യം പറയാലോ ഞാൻ ആകെ കാണുന്ന രണ്ട് പ്രോഗ്രാമുകളാണ് എം.80 മൂസയും മറിമായവും. ടെൻഷൻപിടിച്ച ഈ പോലീസ്ജോലിക്കിടയിൽ നിങ്ങളുടെ ഓരോ എപ്പിസോഡും ഒരു ആശ്വാസമാണ്. എന്ത് മനോഹരമായിട്ടാണ് നിങ്ങളൊക്കെ അഭിനയിക്കുന്നത്. അഭിനയിക്കുന്നതെന്ന് പറയരുത്, ജീവിക്കുന്നത്. എന്റെ ഭാര്യയും മക്കളുമൊക്കെ നിങ്ങളുടെ വലിയ ഫാനാട്ടോ. ഒറ്റ മിനിട്ടേ... ഞാൻ ഭാര്യയെ ഒന്ന് വിളിക്കട്ടെ. വല്യ സന്തോഷമാകും.'' അദ്ദേഹം മൊബൈൽ എടുത്ത് ഭാര്യയെ വിളിച്ചു.

''എടീ, എന്റെ മുന്നിൽ ഇരിക്കുന്നതാരെന്നറിയോ? നമ്മുടെ മൂസക്കായ്, മറിമായത്തിലെ മൊയ്തു. മക്കള് ട്യൂഷന് പോയോ. ശരി, ശരി വെച്ചോ. ങ്‌ഹേ എന്തിനാ വന്നേന്നോ. ങ്ഹാ അത് ഞാൻ ചോദിച്ചില്ല. ഫോൺ കട്ട് ചെയ്ത് ഇരിപ്പിടത്തിൽനിന്ന് ഒന്ന് മുന്നോട്ടാഞ്ഞ് എന്നോട് ചോദിച്ചു. ബൈ ദ ബൈ, എന്താ ഇവിടെ വന്നേ?''

അത്രയുംനേരം ഞാൻ മൗനമായിനിന്ന് രസികനായ, കലയെ നന്നായി ആസ്വദിക്കുന്ന ഒരു സി.ഐ.യെ കാണുകയായിരുന്നു.

നടന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു. കേട്ട ഉടനെ തലയ്ക്ക് കൈവെച്ചിട്ട്

''ശ്ശൊ, തെറ്റാണല്ലോ ചെയ്തത്. നോ പാർക്കിങ്ങിൽ പാർക്ക് ചെയ്തതുകൊണ്ടല്ലേ വണ്ടി പൊക്കിയത്. നിങ്ങളൊക്കെ നിയമം തെറ്റിക്കാൻ പാടുണ്ടോ വിനോദേ...?''

''തെറ്റാണ് ചെയ്തതെന്നറിയാം. ഫൈൻ ഒന്ന് കുറച്ചുതന്നാൽ മതി. ഇനി ഞാനിത് ആവർത്തിക്കില്ല.'' വളരെ വിനയത്തോടെ ഞാനത്രയും പറഞ്ഞു.

''നിങ്ങളെയൊക്കെ സഹായിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ ഞാനെന്ത് പോലീസുകാരനാ. ഏത് എസ്.ഐ. ആണ് വണ്ടി പൊക്കിയത്?''

ഞാൻ എസ്.ഐ.യുടെ പേര് പറഞ്ഞതും സാറ് വീണ്ടും തലയ്ക്ക് കൈവെച്ച് എന്നെ നോക്കിക്കൊണ്ടിരുന്നു. ''ആള് കൊറച്ച് കർക്കശക്കാരനാ. ന്നാലും ഞാനൊന്ന് വിളിച്ച് സംസാരിച്ചുനോക്കാം. '' ഫോണെടുത്ത് എസ്.ഐ.യോട് റൂമിലേക്ക് വരാൻ പറഞ്ഞു.

എസ്.ഐ. റൂമിലെത്തി. എന്റെ തൊട്ടുപുറകിൽനിന്ന് എസ്.ഐ., സി.ഐ.യെ സല്യൂട്ടടിച്ചു. സാർ എന്ന് വിളിച്ചു.

അദ്ദേഹത്തിന് എന്റെ മുഖം കാണാൻ കഴിയില്ല.

സി.ഐ. തുടർന്നു. ''സാറിന് ഈ ഇരിക്കുന്ന ആളെ അറിയോ?''

എസ്.ഐ. എന്നെ മുന്നോട്ടാഞ്ഞ് ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു. ''ഇയാളുടെ വണ്ടിയല്ലേ ഞാൻ പിടിച്ചോണ്ട് വന്നത്.''

അതെ എന്ന് ഞാനും സി.ഐ. സാറും ഒരുമിച്ച് പറഞ്ഞു.

സി.ഐ. വീണ്ടും. ''അതെ. ഇയാളുടെ വണ്ടിതന്നെ. ഞാൻ ചോദിച്ചത് ഇയാളെ അറിയോന്നാണ്?''

എസ്.ഐ. വീണ്ടും ഏന്തി. ഇത്തവണ ഒരു സ്റ്റെപ്പ്‌ മുന്നോട്ടുനിന്ന് എന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് തലയാട്ടി ഇല്ലെന്ന് മറുപടിപറഞ്ഞു.

സി.ഐ. ചോദിച്ചു.

''സാറ് മറിമായം കാണാറുണ്ടോ?''

''ഇല്ല.''

''M80 മൂസ കാണാറുണ്ടോ?''

''ഇല്ല. ടി.വി. പരിപാടിയൊന്നും കാണാൻ സമയം കിട്ടാറില്ല സാറെ. മാത്രവുമല്ല, മക്കൾക്ക് പരീക്ഷയായതുകൊണ്ട് കേബിൾ കട്ട് ചെയ്തിരിക്ക്യാ.''

സി.ഐ. എന്നെയും എസ്.ഐ.യെയും മാറിമാറി നോക്കിയിട്ട് ഇരുകൈകളും മലർത്തി പറഞ്ഞു. ''അപ്പൊ പറഞ്ഞിട്ട് കാര്യമില്ല.'' വീണ്ടും എസ്.ഐ.യുടെ പേര് വിളിച്ചുകൊണ്ട് സി.ഐ. തുടർന്നു. ''വിനോദ് കോവൂർ. ഇപ്പൊ മനസ്സിലായോ?'' എന്റെ ഈ പരിപാടിയൊന്നും കാണാത്തതിന്റെ ഒരു കുറ്റബോധം എസ്.ഐ.യുടെ മുഖത്ത് എനിക്ക് കാണാമായിരുന്നു.

നമ്മൾ ഈ ടെൻഷനുള്ള പണിയൊക്കെ ചെയ്ത് വീട്ടിലെത്തുമ്പോൾ ടി.വി.യിലൂടെ നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ആളാ ഇത്. ഇയാളോട് താങ്കൾക്കൊന്ന് ക്ഷമിച്ചൂടെ. ആ ഫൈൻതുക ഒന്ന് കുറച്ച് കൊടുത്തൂടേ. അതുകേട്ട ഉടനെ എസ്.ഐ. സൗമ്യമായി പറഞ്ഞു: എന്താ വേണ്ടത്? സാറ് പറഞ്ഞോളൂ. എന്നോട് നേരത്തേ കർക്കശമായി പറഞ്ഞ എസ്.ഐ., സി.ഐ.യുടെ മുന്നിൽ വളരെ സരസനായി നിൽക്കുന്നത് ഞാൻ കണ്ടു.

''എത്രയാണ് ഇപ്പോൾ ഫൈൻ ഇട്ടിരിക്കുന്നത്?''

എസ്.ഐ.യുടെ മറുപടി. ''സാർ, വണ്ടി നോ പാർക്കിങ്ങിൽ പാർക്ക് ചെയ്ത ഫൈൻ. പിന്നെ ക്രെയിൻ ഉപയോഗിച്ച് പൊക്കിക്കൊണ്ടുവന്നതിന്റെ ചാർജ്. ''മൊത്തത്തിൽ ഒരു തുക പറഞ്ഞു എസ്.ഐ. ഉടനെ വീണ്ടും വിനീതനായി സി.ഐ. തുടർന്നു. തൽക്കാലം ക്രെയിൻചാർജൊന്നും ഇയാളോട് വാങ്ങണ്ട. ഒരു നല്ല കലാകാരനല്ലേ. നമുക്ക് വണ്ടി നോ പാർക്കിങ്ങിൽ പാർക്ക് ചെയ്തു എന്നതിന് ഒരു ഫൈൻ ഈടാക്കാം. എന്തേയ്?''

എസ്.ഐ. : സാറിന്റെ തീരുമാനംപോലെ.

''അതെ. അതാണതിന്റെ ശരി. വിനോദേ, ഒരു നൂറ് രൂപ എടുത്ത് കൊടുത്തേ.''

ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു, നൂറോ?

''ങ്ഹാ. നൂറ് രൂപ.''

ഞാൻ പോക്കറ്റിൽനിന്ന് നൂറുരൂപയെടുത്ത് എസ്.ഐ.യ്ക്ക് കൊടുത്തു.

''വിനോദ് താഴേക്ക് വരുമ്പോൾ ആ റസീപ്റ്റ് കൊടുത്തേക്കൂ.'' ഒരിക്കൽക്കൂടി സല്യൂട്ടടിച്ച് എസ്.ഐ. തിരിച്ചുപോയി.

ഞാൻ മുന്നോട്ടാഞ്ഞ് സി.ഐ.സാറിന്റെ കൈകൾ ഒന്ന് പിടിച്ചു. നന്ദിയുണ്ട് സാർ. വളരെ ഉപകാരം.

വീണ്ടും സി.ഐ. സരസനായി. ''ഏയ്, നന്ദിയുടെ ആവശ്യമൊന്നും ഇല്ല. നിങ്ങളോടൊക്കെ ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനൊക്കെ എന്ത് പോലീസുകാരനാടോ.'' അപ്പോ ശരി. സീറ്റിൽനിന്ന് എഴുന്നേറ്റ് സാറിന് ഒരു ഷേക്ക്ഹാൻഡ് കൊടുത്ത് ഞാൻ പുറംതിരിഞ്ഞ് നടന്നു. വാതിൽക്കൽ എത്തിയപ്പോൾ സി.ഐ.സാറിന്റെ ഒരു വിളി. ഞാൻ തിരിഞ്ഞു. ''അതേ, ഈ സംഭവം ഇനി പരിപാടിയിലൊന്നും കാണിച്ചേക്കരുതേ.'' സീറ്റിൽ ചാഞ്ഞിരുന്ന് സാറും വാതിൽക്കൽനിന്ന് ഞാനും ചിരിച്ചു.

ഇതാണിതിന്റെ ക്ലൈമാക്‌സ്. ഇനി ഈ നർമകഥയ്ക്ക് ഒരു ആന്റിക്ലൈമാക്‌സ് കൂടിയുണ്ട്. ഈ സംഭവം കഴിഞ്ഞ് ഏകദേശം ഒരുമാസമായിക്കാണും. അതിനിടെ ഞാൻ ഈ സംഭവം എന്റെ കൂട്ടുകാരോടും വീട്ടുകാരോടും ഒക്കെ പറഞ്ഞിരുന്നു. ഒരു ദിവസം വൈകീട്ട് കോഴിക്കോട് ടൗണിലേക്ക് കാറോടിച്ച് വരികയാണ് ഞാൻ. ഒപ്പം എന്റെ വക്കീൽചേട്ടനും ഉണ്ട്. ടൗണിൽ നല്ല ബ്ലോക്ക്. പോലീസുകാർ വാഹനങ്ങളെ നിയന്ത്രിക്കുകയാണ്. വണ്ടി ബ്ലോക്കിൽപെട്ട് നിൽക്കുമ്പോൾ എന്നെ അന്ന് രക്ഷിച്ച ആ രസികൻ സി.ഐ.യെ ഞാൻ കണ്ടു. ഊർജസ്വലനായി അദ്ദേഹം വാഹനങ്ങളെ നിയന്ത്രിക്കുകയാണ്. കാറ് മെല്ലെമെല്ലെ മുന്നോട്ട് നീങ്ങി. സി.ഐ.സാറ് നിൽക്കുന്നതിന് അടുത്തെത്തി. ഞാൻ ഡോറിന്റെ ഗ്ലാസ് താഴ്ത്തി സാറിനെ വിളിച്ചു. വിളികേട്ട സാർ എന്റെ കാറിനരികിലേക്ക് വന്ന് എനിക്ക്

കൈ തന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു.

ചേട്ടനെ കാണിച്ച് റെയിൽവേസ്റ്റേഷനിൽ വിടാനാണെന്ന് പറഞ്ഞു.

ചിരിച്ചുകൊണ്ട് സാർ ഓകെ, ഓകെ. ശരി വിനോദ് കാണാം. ങ്ഹാ, പിന്നെ ഇന്നലത്തെ പ്രോഗ്രാമും കണ്ടൂട്ടോ. നല്ല ബോധവത്കരണമായിരുന്നു.

താങ്ക്യൂ സാർ എന്നുപറഞ്ഞ് ഞാൻ ഗ്ലാസ് കയറ്റി. കാറ് മുന്നോട്ട് എടുത്തു. സാറ് വീണ്ടും ഓടിവന്ന് എന്റെ ഗ്ലാസിൽ തട്ടി. ഞാൻ ഗ്ലാസ് താഴ്ത്തി.

എന്താ സാർ?

നിങ്ങൾ വീണ്ടും നിയമം തെറ്റിച്ചിരിക്കുന്നു.

എന്താണെന്നറിയാതെ ഞാൻ സാറിന്റെ കണ്ണിലേക്ക് നോക്കി.

വിനോദ് സീറ്റ്‌ബെൽറ്റ് ഇട്ടിട്ടില്ല. വേഗം ഇട്ടോളൂ.

ഓകെ ബൈ എന്നുപറഞ്ഞ് സാറ് വീണ്ടും വാഹനങ്ങൾ നിയന്ത്രിക്കാൻ തിരക്കിലേക്ക് മാഞ്ഞു. സീറ്റ്‌ബെൽറ്റ് ഇട്ട് ഞാൻ യാത്ര തുടർന്നു.

Content Highlights: Vinod Kovoor M80 Moosa Marimayam Trafic Rules

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

മീശപിരിച്ച് വീണ്ടും ഇന്ദുചൂഡന്‍; ഇളകി മറിഞ്ഞ് തിയ്യറ്ററുകള്‍

Jan 28, 2016


mathrubhumi

3 min

'അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികള്‍ നേടി'

Sep 24, 2020