എന്തൊരു മാറ്റമാണിപ്പോള്‍ മലയാള സിനിമയ്ക്ക്! ഇടക്കാലത്തെ ആലസ്യം വിട്ട് അതിങ്ങനെ ഞെട്ടിച്ചുകൊണ്ടേയിരിക്കുകയാണ്. പുതുമയാര്‍ന്ന പ്രമേയങ്ങള്‍. നടന്മാരുടെ ആശ്ചര്യപ്പെടുത്തുന്ന രൂപാന്തരങ്ങള്‍. എവിടെയും പുതു പ്രതിഭാസ്പര്‍ശം. അത്തരത്തില്‍ അദ്ഭുതപ്പെടുത്തുന്ന ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ എഴുതി സംവിധാനംചെയ്ത ചിത്രം പ്രമേയംകൊണ്ടും സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ മിന്നുന്ന പ്രകടനംകൊണ്ടും പ്രേക്ഷകര്‍ക്ക് വലിയൊരു ദൃശ്യവിരുന്നായിമാറുകയാണ്.
നാളുകള്‍ കുറച്ചായി സുരാജിന്റെ അഭിനയജീവിതത്തിലെ രണ്ടാംഘട്ടത്തിന്റെ ലക്ഷണം ആരംഭിച്ചിട്ട്. എബ്രിഡ് ഷൈന്‍ സംവിധാനംചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രമാണ് വഴിത്തിരിവായത്. രണ്ട് സീനുകളില്‍ വന്നുപോയ ആ കഥാപാത്രത്തെ പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നതരത്തില്‍ സുരാജ് ഗംഭീരമാക്കി. പിന്നെ തൊണ്ടിമുതലും ദൃക്സാക്ഷിയും, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഫൈനല്‍സ്, വികൃതി, ഒടുവിലിപ്പോള്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും.
നടനെന്നനിലയില്‍ സുരാജിന്റെ രണ്ടാംവേര്‍ഷനാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. എഴുപതുവയസ്സിനുമേല്‍ പ്രായമുള്ള ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രം തിയേറ്റര്‍ വിട്ടാലും പ്രേക്ഷകരെ തിരഞ്ഞുവരും. ഉറക്കത്തില്‍ വന്ന് തട്ടിവിളിക്കും. പ്രായമായ മാതാപിതാക്കളെ വിട്ടകന്ന് പാര്‍ക്കുന്ന മക്കളോട് അയാളിങ്ങനെ പലതും ചോദിച്ചുകൊണ്ടേയിരിക്കും. അത്ര സൂക്ഷ്മമായാണ് സുരാജ് പൊതുവാളായി മാറുന്നത്. ഇരിപ്പില്‍, നടപ്പില്‍, നോട്ടത്തില്‍, വെറുപ്പിക്കലില്‍, മുരടന്‍സ്വഭാവത്തില്‍ ഒന്നിലും നടനില്ല. പൊതുവാള്‍ മാത്രം. അനുകരണത്തിന്റെ അലോസരങ്ങളില്ല. അഭിനയത്തിന്റെ ഭാരവുമില്ല. ഒരപ്പൂപ്പന്‍താടിപോലെയാണ് പൊതുവാള്‍. തന്റെ അച്ഛന്റെ അവസാനനാളുകളിലെ ചലനങ്ങള്‍ കടമെടുത്താണ് കഥാപാത്രത്തിന് മിഴിവുപകര്‍ന്നതെന്ന് സുരാജ് പറയും. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ആറുമാസം മുന്‍പാണ് സുരാജിന്റെ അച്ഛന്‍ ഈ ലോകം വിട്ടുപോയതും.
ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ടാവാം സുരാജ് എന്ന് കേള്‍ക്കുമ്പോള്‍ മുന്‍പൊക്കെ ദശമൂലം ദാമുവിനെയാണ് ഓര്‍മവരുക. ഒരൗണ്‍സ് ദശമൂലമടിച്ച് അലമ്പുണ്ടാക്കുന്ന ദാമുവിനെയും ഭാസ്‌കരപൊതുവാളിനെയും തമ്മില്‍ താരതമ്യംചെയ്യേണ്ട കാര്യമില്ല. പക്ഷേ, അന്നത്തെ ദാമുവും ഇന്നത്തെ പൊതുവാളും ഒരേ നടന്റെ കരിയറിലെ രണ്ട് ധ്രുവങ്ങളായിമാറുന്നിടത്താണ് നേരത്തേ പറഞ്ഞ ഞെട്ടലിന്റെ ആക്കം കൂടുന്നത്.
റഷ്യയിലേക്കുള്ള സ്വന്തം മകന്റെ ക്ഷണം സ്വതഃസിദ്ധമായ പുച്ഛംകൊണ്ട് നിരസിക്കുന്നുണ്ട് പൊതുവാള്‍. മുന്‍കോപി, കട്ട കണിശക്കാരന്‍. ആകെയുള്ള മകനെ ചിറകിനടിയില്‍ ഒളിപ്പിക്കാന്‍ തിടുക്കംകൂട്ടുന്നയാള്‍. മകന്റെ രണ്ടാംവയസ്സില്‍ അയാളുടെ ഭാര്യ മരിച്ചു. പിന്നെ മകനുവേണ്ടി മാത്രമായി ജീവിതം. ഭാര്യ മരിച്ചശേഷമുള്ള പുരുഷന്മാരുടെ ജീവിതംതന്നെ വളരെ ഹൊറിബിളാണ് ബ്രോ. പിടിവാശികള്‍ സാധിച്ചുതരാന്‍ പിന്നെയാരും ബാക്കിയില്ലല്ലോ. ഇവിടെ വാശികളുടെ ഒരു വലിയ കലവറതന്നെയാണ് പൊതുവാള്‍.
ആകെ മുഷിഞ്ഞ വീട്ടില്‍ അതിനെക്കാള്‍ മുഷിഞ്ഞ മനസ്സുമായാണ് പൊതുവാളിന്റെ ജീവിതം. ഒരു ഠ വട്ടമേയുള്ളൂ അതിന്. അമ്പലനടയും കുളക്കടവും ഇടവഴികളും മാത്രമായി ഒതുങ്ങുന്ന ജീവിതം. ഒരു പ്ലേറ്റ് കഞ്ഞികൊണ്ട് അയാള്‍ തൃപ്തനാണ്. തൊടിയിലെ രണ്ട് മൂട് ചേനയിലോ ഒരു കായക്കുലയിലോ അയാളുടെ സ്വപ്നം പൂവണിയുന്നു. ഉള്ളിലെ സ്‌നേഹം മുഴുവന്‍ കുഴിച്ചുമൂടി അതിനുമുകളില്‍ ഗൗരവത്തിന്റെ ചാരുകസേര വലിച്ചിട്ടാണ് ഇരിപ്പ്. മകനോടുള്ള വാത്സല്യത്തില്‍പ്പോലും വല്ലാത്തൊരു പിശുക്കുണ്ട്.
ഭാസ്‌കരപൊതുവാള്‍ എന്ന കഥാപാത്രത്തിന്റെ മനോനിലകള്‍ അതിസൂക്ഷ്മമായി പ്രേക്ഷകമനസ്സിലെത്തിക്കുന്നുവെന്നതാണ് സുരാജ് സിനിമയില്‍ കാത്തുവയ്ക്കുന്ന സര്‍പ്രൈസ്. പ്രായം ദുര്‍ബലമാക്കുന്ന ഒരച്ഛന്റെ ആകുലതകള്‍, കൈത്താങ്ങിനായുള്ള ആഗ്രഹം... തിയേറ്റര്‍ വിട്ടാലും ഇതെല്ലാമായി പൊതുവാള്‍ കൂടെയിങ്ങ് പോരും.വെട്ടിത്തിളങ്ങുന്ന ഒരു പളുങ്കുപാത്രമായി പൊതുവാള്‍, സുരാജിന്റെ കൈകളില്‍ ഭദ്രം. തകര്‍ത്തു സുരാജ്. നിങ്ങള്‍ ഏത് കേസും ഏറ്റെടുക്കുന്ന വക്കീലായിമാറി. ദാമു മാസാണെങ്കില്‍ പൊതുവാള്‍ മരണമാസാണ്. തിമര്‍ത്ത് പെയ്യുന്ന മഴയില്‍ കൊതിയോടെ നിറഞ്ഞൊഴുകുന്ന പുഴപോലെയാണ് നിങ്ങളീ ചിത്രത്തില്‍. ഇരിക്കട്ടെ ഒരു കുതിരപ്പവന്‍...
Content Highlights: suraj venjaramoodu android kunjappan version 5.25, Dasamoolam Damu