നാല്‍പത് വര്‍ഷങ്ങള്‍ക്ക് മേലെയായി ശിവാജി റാവു എന്ന രജനികാന്ത് ഇന്ത്യന്‍ സിനിമയുടെ സ്റ്റൈല്‍ മന്നനായി തിളങ്ങാന്‍ തുടങ്ങിയിട്ട്. 1975-ല്‍ കെ. ബാലചന്ദറിന്റെ അപൂര്‍വ രാഗങ്ങളിലൂടെയായിരുന്നു രജനീകാന്തിന്റെ സിനിമാ അരങ്ങേറ്റം. ഇന്നിപ്പോള്‍ 400 കോടി മുടക്കി ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും ചെലവേറിയ ചിത്രമായ 2.O യില്‍ നായകനായി നില്‍ക്കുന്നു അതും 67-ാം വയസ്സില്‍.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 2.o യുടെ ഓഡിയോ ലോഞ്ച് ദുബായില്‍ നടന്നിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സീ ടി.വി.ക്ക് നല്‍കിയ അഭിമുഖത്തില്‍ പുതിയ ചിത്രത്തെക്കുറിച്ചും ജീവിതത്തിലെ ചില രസകരമായ ഓര്‍മകളെക്കുറിച്ചും രജനി മനസ് തുറന്നു.
മറക്കാത്ത അഭിനന്ദനം
ഹം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതില്‍ ചില മാറ്റങ്ങളെല്ലാം വരുത്തിയാല്‍ സൂപ്പറാവും എന്നെനിക്ക് തോന്നി. അതിന്റെ അവകാശം വാങ്ങി ബാഷയാക്കി. ചിത്രം കണ്ട് അമിതാഭ് ബച്ചന്‍ നേരിട്ട് വീട്ടില്‍ വന്ന് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ഹമ്മില്‍ ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചഭിനയിച്ചതാണ്. ആ അഭിനന്ദനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല.
ആ അപൂര്‍വ ഗേറ്റ്
കെ. ബാലചന്ദറിന്റെ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തില്‍ ഒരു ഗേറ്റ് തള്ളിത്തുറന്നാണ് ആദ്യം സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. അതൊരു ലക്കി ഗേറ്റാണല്ലോ. ആ ഗേറ്റ് പിന്നീട് കണ്ടിട്ടുണ്ടോ?
'നാലഞ്ച് പ്രാവശ്യം പോയി കണ്ടിട്ടുണ്ട്. അത് വാങ്ങണമെന്നു കരുതി പോയപ്പോഴേക്കും മറ്റാരോ വാങ്ങിപ്പോയിരുന്നു. ഇപ്പോഴത് അതേപടി ഉണ്ടോ എന്നറിയില്ല.'
ഒന്നുമില്ല, എല്ലാം നേരം
താനൊരു പ്രത്യേക സൃഷ്ടിയാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
''350 രൂപ ശമ്പളത്തില്‍ അഭിനയം തുടങ്ങി അല്പം കഴിയുമ്പോഴേക്കും മൂന്നും നാലും ലക്ഷം കിട്ടാന്‍ തുടങ്ങിയപ്പോ ഒന്നു തോന്നി. ഞാനൊരു തനിപ്പിറവിയാണോ? ദൈവത്തിന്റെ പ്രത്യേകസൃഷ്ടി. പക്ഷേ, ഒന്നുമില്ല. എല്ലാം സമയമാണ്.
സിനിമ എന്നൊരു മീഡിയം ഇവിടെയുണ്ടായി. അതില്‍ അറുപതുകളിലാണ് ഞാന്‍ വന്നിരുന്നതെങ്കില്‍ എം.ജി.ആറിന്റെയും ശിവാജിയുടെയും പിന്നില്‍ എവിടെയെങ്കിലും ഒതുങ്ങി ഇരുന്നു പോയേനേ. അവര്‍ക്കു പിന്നാലെ വരാന്‍ പറ്റിയത് എന്റെ ഭാഗ്യം, നേരം. അത്രയേ ഉള്ളൂ.
മാജിക്കല്‍ മൂവ്‌മെന്റ്
എന്റെ ചിത്രങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ബാഷയുടെതാണ്. അതുപോലെ തന്നെ പടിപടിയായി നമ്മെ കഥയിലേക്ക് തള്ളിക്കൊണ്ടുപോവുന്ന തിരക്കഥയാണ് 2.0-യുടെതും. മാജിക്കല്‍ മൂവ്‌മെന്റ് ധാരാളം ഉണ്ട്.
ഷങ്കര്‍ അഭിനയിക്കാത്തത് ഞങ്ങളുടെ ഭാഗ്യം
യന്തിരന്‍ രണ്ടില്‍ ഒന്നിലെപോലെ എനിക്ക് അത്ര കഷ്ടപ്പാട് ഇല്ലായിരുന്നു. യന്തിരനില്‍ ഹ്യൂമന്‍ എലമെന്റ് കൂടെ കൊണ്ടുവരിക എന്നൊരു ടാസ്‌ക് ഉണ്ടായിരുന്നു. ആ സ്റ്റൈല്‍ എങ്ങനെയാണ് രൂപപ്പെടുത്തിയത് എന്നു ചോദിച്ചപ്പോ രജനി പറഞ്ഞത് അതിന്റെ ഫുള്‍ ക്രെഡിറ്റും ഷങ്കറിനാണ് എന്നായിരുന്നു. ഷങ്കര്‍ അഭിനയിച്ച് കാണിക്കുന്നത് കണ്ടാല്‍ ഞാനൊന്നുമല്ല. അദ്ദേഹം അഭിനയിക്കാനിറങ്ങാത്തത് ഞങ്ങളുടെ ഭാഗ്യം.
സ്റ്റൈലു സ്റ്റൈല്‍ താന്‍
ഹാസ്യസിനിമകള്‍ ഓര്‍ക്കുമ്പോള്‍ ചാര്‍ളി ചാപ്ലിന്‍, ആക്ഷന്‍ സിനിമയോര്‍ക്കുമ്പോള്‍ ജാക്കിച്ചാന്‍ എന്നതുപോലെ സ്റ്റൈല്‍ജോണറിലൊരു സിനിമാതാരം താങ്കളാണ്. അതെങ്ങനെ സംഭവിച്ചു.
''ഞാനിത് സ്റ്റൈലാണെന്നു കരുതി ചെയ്തതൊന്നുമല്ല. കെ. ബാലചന്ദര്‍സാറാണ് എന്നോട് പറഞ്ഞത്. നിങ്ങളുടെ പ്രത്യേകത ഡയലോഗ് ഡെലിവറിയിലെ സ്പീഡും ആക്ഷനിലെ ചടുലതയുമെല്ലാമാണ്. ചിലപ്പോള്‍ മറ്റ് സംവിധായകര്‍ അത് മാറ്റി സാധാരണപോലെ അഭിനയിക്കാന്‍ പറഞ്ഞേക്കാം. അത് കേള്‍ക്കരുത്. ഇത് തുടരണം. എന്നദ്ദേഹം പറഞ്ഞു. ഞാന്‍ അനുസരിച്ചു. പ്രേക്ഷകര്‍ അത് സ്വീകരിച്ചു.
Content Highlights : rajanikanth on enthiran 2.0 shankar movies life achievements rajinikanth interview movies life goals