പിച്ചക്കാരനാണെന്ന് കരുതി ഒരു സ്ത്രീ എനിക്ക് പത്ത് രൂപ നല്‍കി, ഞാനത് വാങ്ങി- രജനികാന്ത്‌


ജി.ജ്യോതിലാല്‍

3 min read
Read later
Print
Share

ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിതജീവിതം. രജനിയുടെ മറുചോദ്യം

നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മേലെയായി രജനികാന്ത് സിനിമയിലെത്തിയിട്ട്. കൃത്യമായി പറഞ്ഞാല്‍ 1975-ല്‍ കെ. ബാലചന്ദറിന്റെ അപൂര്‍വരാഗങ്ങളിലൂടെ അരങ്ങേറ്റം. ഇന്നിപ്പോള്‍ 400 കോടി മുടക്കി ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും ചെലവേറിയ ചിത്രമായ 2.O യില്‍ നായകനായി.

ഒരുപക്ഷേ, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദുബായില്‍ നടന്നപ്പോള്‍ രജനി മനസ്സ് തുറന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സീ ടി.വി.ക്ക് നല്‍കിയ അഭിമുഖത്തിലും പുതിയ ചിത്രത്തെക്കുറിച്ചും ജീവിതത്തിലെ ചില രസകരമായ ഓര്‍മകളിലേക്കും രജനി തിരിഞ്ഞുനോക്കി.

ദുബായില്‍ ആദ്യം

ഞാന്‍ ദുബായില്‍ ഇതാദ്യമായാണ് വരുന്നത്. ഇതുവഴി പോയിട്ടുണ്ട്. വിമാനത്താവളത്തില്‍ ഇറങ്ങി, വേറെ വിമാനം കയറിപ്പോയിട്ടുണ്ട്. പക്ഷേ, ആദ്യമായാണ് വിമാനത്താവളത്തിന് വെളിയില്‍ വരുന്നത്.

എനിക്കും ഇസ്ലാമിക സഹോദരങ്ങള്‍ക്കും തമ്മില്‍

എനിക്കും ഇസ്ലാമിക സഹോദരങ്ങള്‍ക്കും തമ്മില്‍ എന്തോ ചില ബന്ധമുണ്ട്. ജീവിതത്തില്‍ അതിങ്ങനെ തുടരുന്നുമുണ്ട്. ഞാന്‍ ആദ്യം കണ്ടക്ടറായിരുന്ന കാലത്ത് എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഏറെയും മുസ്ലിം സഹോദരങ്ങളായിരുന്നു. ഞാന്‍ ചെന്നൈയില്‍ അഭിനയം പഠിക്കാന്‍ വന്നപ്പോ താമസിച്ചിരുന്ന വീട്, ഞാന്‍ ആദ്യമായി വാങ്ങിയ വീട്. പോയസ് ഗാര്‍ഡനില്‍ ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന വീട്, എന്റെ രാഘവേന്ദ്ര കല്യാണമണ്ഡപം നില്‍ക്കുന്ന സ്ഥലം ഇതെല്ലാം മുസ്ലിം സഹോദരങ്ങളുടെതായിരുന്നു. എന്റെ ആത്മീയഗുരു രാഘവേന്ദ്രയുടെ ആശ്രമം നിന്നിരുന്ന സ്ഥലവും ഒരു നവാബാണ് അദ്ദേഹത്തിന് നല്‍കിയത്. പിന്നെ എന്റെ എല്ലാ ചിത്രങ്ങള്‍ക്കിടയിലും ഇപ്പോഴും പേര് കേട്ടാല്‍ ആവേശം തുളുമ്പുന്ന ചിത്രം ബാഷയാണ്.

യന്തിരനും യന്തിരന്‍ 2-ഉം തമ്മില്‍

ആദ്യമിറങ്ങിയ യന്തിരനും ഇപ്പോഴിറങ്ങാന്‍ പോവുന്ന യന്തിരനും തമ്മില്‍ കഥയില്‍ യാതൊരു തുടര്‍ച്ചയുമില്ല. ആദ്യചിത്രത്തില്‍ ചിട്ടി, വശീഗരന്‍ എന്നീ കഥാപാത്രങ്ങള്‍ ഈ സിനിമയിലും ഉണ്ടെന്നല്ലാതെ യാതൊരു ബന്ധവുമില്ല.

സന്ദേശം

യന്തിരന്‍ 2 സമകാലികലോകത്തിന് നല്ലൊരു സന്ദേശം നല്‍കുന്നുണ്ട്. ഈ മൊബൈല്‍യുഗം അറിഞ്ഞിരിക്കേണ്ട ചില വസ്തുകള്‍. അതാണീ ചിത്രത്തിന്റെ പ്രസക്തി.

ഗാനങ്ങള്‍

ആദ്യം യന്തിരനില്‍ ഗാനങ്ങളേ വേണ്ട എന്ന നിലപാടിലായിരുന്നു ഷങ്കര്‍. പിന്നെ ഒരു ടൈറ്റില്‍ സോങ് ഉള്‍പ്പെടുത്താമെന്ന് വിചാരിച്ചു. പിന്നെ ഒരു ബാക്ഗ്രൗണ്ട് ഗാനം കൂടി ഉള്‍പ്പെടുത്തി. പിന്നെ കഥയുടെ പിരിമുറുക്കം വല്ലാതെ കൊടുമ്പിരിക്കൊള്ളുന്നിടത്ത് ഒന്ന് റിലാക്സ് ചെയ്യാന്‍ ഒരു ഗാനം കൂടി പെടുത്തി. ചുരുക്കിപ്പറഞ്ഞാല്‍ മൊത്തം നാല് ഗാനമായി. പിന്നെ വിഷ്വല്‍ ബ്യൂട്ടിയെ ഉയര്‍ത്തിക്കാട്ടുന്ന പശ്ചാത്തലസംഗീതം എടുത്തുപറയേണ്ടതാണ്. എ.ആര്‍. റഹ്മാന്റെ സംഭാവന എത്ര പുകഴ്ത്തിയാലും മതിയാവില്ല.

പോനാല്‍ പോകട്ടും പോടാ

ഗാനങ്ങള്‍ താങ്കള്‍ക്ക് വലിയ ഇഷ്ടമാണല്ലോ. എല്ലാ ചിത്രങ്ങളിലും പാട്ടിന് വലിയ പ്രാധാന്യവും നല്‍കാറുണ്ട്. താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടേതാണ് സീ ടി.വി. അവതാരക ചോദിച്ചപ്പോള്‍ പെട്ടെന്നാണ് ഉത്തരം. അതൊരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെയായിരുന്നു.

പോനാല്‍ പോകട്ടും പോടാ. തമിഴ് അറിയാത്ത കാലത്തുതന്നെ ഇഷ്ടപ്പെട്ട പാട്ടാണത്. പിന്നെ ഒരു തമിഴ് സുഹൃത്തിനോട് അര്‍ഥം ചോദിച്ച് മനസ്സിലാക്കിയപ്പോള്‍ ഇഷ്ടം കൂടി.

ഇതാണോ ലളിതജീവിതം

''താങ്കള്‍ വളരെ സിംപിളാണെന്ന് പലരും പറയാറുണ്ടല്ലോ. സൂപ്പര്‍സ്റ്റാര്‍ ആയിട്ടും എങ്ങനെയാണ് സിംപിളായി ജീവിക്കുന്നത്'' എന്ന് അവതാരക.

ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിതജീവിതം. രജനിയുടെ മറുചോദ്യം

വേഷംമാറി പുറത്തിറങ്ങിയപ്പോള്‍

പുറത്തിറങ്ങാന്‍ വിഷമമാണെന്നറിയാം. പ്രച്ഛന്നവേഷത്തില്‍ പോകാറുണ്ടെന്നു കേട്ടിട്ടുണ്ട്. അതിന്റെ രഹസ്യം പറയാമോ? അതെങ്കിലും ഒന്ന് രഹസ്യമായിത്തന്നെ ഇരിക്കട്ടെ. എന്നാലും അങ്ങനെ വേഷംമാറിപ്പോയപ്പോഴുള്ള ചില അനുഭവങ്ങള്‍ കേട്ടിട്ടുണ്ട് അതെങ്കിലും ഒന്നു പറയാമോ?

ബെംഗളൂരുവില്‍ ഒരു ക്ഷേത്രത്തില്‍ പോയിരുന്നു. മുഷിഞ്ഞ് ഒരു പിച്ചക്കാരനെപോലെ തോന്നുന്ന വേഷത്തിലായിരുന്നു. തൊഴുത് പ്രദക്ഷിണം ചെയ്യാനൊരുങ്ങുമ്പോള്‍ ഒരു സ്ത്രീ എനിക്ക് പത്തുരൂപ വെച്ചുനീട്ടി. ഞാനത് വാങ്ങി പോക്കറ്റിലിട്ടു. അവരെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചുറ്റിവന്ന ഞാന്‍ ഇരുനൂറ് രൂപയെടുത്ത് ഭണ്ഡാരത്തില്‍ ഇട്ടു. അതുകണ്ട അവര്‍ ഞെട്ടി. പിന്നെ പുറത്തിറങ്ങിയപ്പോള്‍ എന്റെ കാറ് വന്നു. അതിലേക്ക് കയറുന്നത് കണ്ടപ്പോ അവരിങ്ങനെ വാ പൊളിച്ച് നിന്നു പോയി.

മറ്റൊരിക്കല്‍ ഒരു തിയേറ്റര്‍ സമുച്ചയത്തില്‍ സൂപ്പര്‍ഹിറ്റായ പടത്തിന്റെ സമയത്ത് കാണാന്‍ പോയതായിരുന്നു. വന്‍ ജനക്കൂട്ടം. അതിലൂടെ വേഷപ്രച്ഛന്നനായി നില്‍ക്കുമ്പോള്‍ എവിടെ നിന്നോ ഒരു വിളി തലൈവാ... ഞാന്‍ ഞെട്ടി. എന്റെ കൈയും കാലുമെല്ലാം വിറയ്ക്കാന്‍ തുടങ്ങി. എങ്ങനെ രക്ഷപ്പെടും. കാറാണെങ്കില്‍ കുറേ ദൂരെ കിടക്കുന്നു. ഞാന്‍ ജനക്കൂട്ടത്തെ വകഞ്ഞ് ഒരു വിധം രക്ഷപ്പെട്ട് പുറത്തെത്തി. ഭാഗ്യം രണ്ടാമതൊരു വിളി ഉണ്ടായില്ല. അയാള്‍ മറ്റാരേയോ ആയിരുന്നു വിളിച്ചത്.

Content Highlights: rajanikanth, enthiran, 2.0, shankar, movies, life achievements, rajinikanth interview, goals

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram