വരുന്ന ഡിസംബറില്‍ റിലീസിന് തയ്യാറാവുന്ന സഞ്ജയ് ദത്ത് ചിത്രം ബോളിവൂഡ് ചിത്രം 'പാനീപത്',നാം പാഠപുസ്തകങ്ങളില്‍ പഠിക്കാത്ത ഒരു പാനിപ്പട്ട് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ്.
കാലാകാലങ്ങളില്‍ ദേശീയവികാരം ജ്വലിപ്പിക്കുന്ന സിനിമകളിറക്കി ബോക്സോഫീസിനെ പിടിച്ചുകുലുക്കുന്നതില്‍ ബോളിവുഡ് എന്നും മുന്നിലായിരുന്നു. ബിജെപി ഭരണത്തില്‍ വന്ന ശേഷം ഇത്തരം സിനിമകളുടെ നിര്‍മ്മാണത്തിന് അധികശക്തി കൈവന്നിട്ടുണ്ട്. നിരവധി ദേശഭക്തി സിനിമകള്‍ പുറത്തുവന്നുകഴിഞ്ഞു, അണിയറയില്‍ തയ്യാറെടുക്കുന്നവ വേറെയും.
സമീപകാലത്ത് പുറത്തിറങ്ങിയ ദേശഭക്തിസിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായത് ഉറി, ദ സര്‍ജിക്കല്‍ സ്ട്രൈക്ക് ആയിരുന്നു. ആദിത്യ ധര്‍ എഴുതി സംവിധാനം ചെയ്ത സിനിമ 2016-ല്‍ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ വിജയകരമായ സര്‍ജിക്കല്‍ സ്ട്രൈക്കിനെ ആസ്പദമാക്കിയായിരുന്നു. സൂപ്പര്‍ താരങ്ങളില്ലാതിരുന്നിട്ടും അസൂയാവഹമായ വിജയം കൈവരിക്കാന്‍ ചിത്രത്തിനായി. ചൊവ്വാദൗത്യത്തെ കുറിച്ചുള്ള അക്ഷയ് കുമാര്‍ ചിത്രം മിഷന്‍ മംഗലും അദ്ദേഹം തന്നെ നായകനായ കേസരിയും ജാന്‍സി റാണിയെക്കുറിച്ചുള്ള കങ്കണ റണോട്ട് ചിത്രം മണികര്‍ണികയും ബോക്സോഫീസില്‍ പണം വാരിയതും ഈ വര്‍ഷം തന്നെ.
വരുന്ന ഡിസംബറില്‍ റിലീസിന് തയ്യാറാവുന്ന 'പാനീപത്' (നമ്മള്‍ 'പാനിപ്പട്ട്' എന്നു പറഞ്ഞു പഠിച്ച അതേ സാധനം തന്നെ) ഒരുപക്ഷേ, നാം പാഠപുസ്തകങ്ങളില്‍ കാണാതിരുന്ന ഒരു പാനീപത് യുദ്ധത്തെ അടിസ്ഥാനമാക്കിയാണ്. ആദ്യത്തെ രണ്ട് പാനീപത് യുദ്ധങ്ങളെക്കുറിച്ച് നമ്മള്‍ കാണാതെ പഠിച്ചിട്ടുണ്ട്. ആദ്യത്തേത് 1526 ഏപ്രില്‍ 21-നായിരുന്നു, ബാബറുടെ മുഗള്‍ സേനയും ദല്‍ഹി സുല്‍ത്താന്‍ ഇബ്രാഹിം ലോധിയുടെ പട്ടാളവും തമ്മില്‍. വെടിമരുന്ന് ഉപയോഗിക്കുന്ന തോക്കും പീരങ്കികളും ആദ്യമായി ഉപഭൂഖണ്ഡത്തില്‍ പരീക്ഷിച്ച അധിനിവേശ സൈന്യത്തിനു മുന്നില്‍ ലോധിപ്പട്ടാളം മൂക്കുകുത്തി. സുല്‍ത്താനും 20,000 സൈനികരും പോരാടി മരിച്ചു. ഇന്ത്യയില്‍ മുഗള്‍ഭരണത്തിന് സമാരംഭമായി.
രണ്ടാം പാനീപത് യുദ്ധം നടന്നത് മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷമാണ്, 1556 നവംബര്‍ 5-ന്. ആ യുദ്ധത്തിലെ എതിരാളികള്‍ മുഗള്‍ സേനകളും ഉത്തരേന്ത്യയിലെ ഹിന്ദു ചക്രവര്‍ത്തി ഹേമുചന്ദ്ര വിക്രമാദിത്യയുടെ പടയും തമ്മിലായിരുന്നു. ആദില്‍ഷാ സൂരി സുല്‍ത്താന്റെ പ്രധാനമന്ത്രിയും സൈനികമേധാവിയുമായിരുന്ന ഹേമു ഹുമയൂണ്‍ ചക്രവര്‍ത്തി 1556-ല്‍ മരിക്കുമ്പോള്‍ ബംഗാളിലായിരുന്നു. മരണമറിഞ്ഞയുടന്‍ ദല്‍ഹി പിടിക്കാനിറങ്ങിയ ഹേമു നിരവധി യുദ്ധങ്ങള്‍ക്കു ശേഷം 1556 ഒക്ടോബര്‍ 7-ന് ദല്‍ഹി പിടിച്ചു. പിന്നീട് പാനീപതില്‍ നടന്ന യുദ്ധത്തില്‍ 13-കാരനായ അക്ബര്‍ ചക്രവര്‍ത്തിയെ ഭാഗ്യം തുണച്ചു. ഹേമു വിജയത്തിലേക്ക് മുന്നേറുന്ന സമയത്ത് വഴിതെറ്റിയെത്തിയ ഒരമ്പ് അദ്ദേഹത്തിന്റെ കണ്ണില്‍ തറച്ചു. അദ്ദേഹം ആനപ്പുറത്തുനിന്നും വീഴുന്നത് കണ്ട് അദ്ദേഹത്തിന്റെ സൈന്യം ചിതറിയോടി.
ഇനി മൂന്നാം പാനീപതിലേക്ക്. അത് അത്രതന്നെ അറിയപ്പെടുന്ന കഥയല്ല. ഈ യുദ്ധം നടന്നത് 1761 ജനുവരി 14-നാണ്- മറാത്താ സാമ്രാജ്യവും അഫ്ഗാന്‍ രാജാവ് അഹമ്മദ് ഷാ അബ്ദാലി നയിച്ച അധിനിവേശ സേനകളും തമ്മില്‍. ഈ മഹായുദ്ധത്തിലേക്ക് നയിച്ച കാരണങ്ങള്‍ അതിസങ്കീര്‍ണമാണ്. ബോളിവുഡില്‍ ആ യുദ്ധമാണ് പുനര്‍ജനിക്കാന്‍ പോകുന്നത്. അതുണ്ടാക്കുന്ന അലയൊലികള്‍ ചെറുതായിരിക്കില്ല എന്ന സൂചനകളും പുറത്തു വന്നു കഴിഞ്ഞു.
27 വര്‍ഷം നീണ്ട യുദ്ധത്തില്‍ മറാഠാ സാമ്രാജ്യത്തിന് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ ഔറംഗസേബ് ചക്രവര്‍ത്തി 1707-ല്‍ മരിക്കുന്നതോടെ മുഗള്‍ സാമ്രാജ്യത്തില്‍ അധികാരത്തിനുവേണ്ടി സഹോദരങ്ങള്‍ തമ്മിലുള്ള കിടമത്സരം തുടങ്ങി. ഇതു മുതലെടുത്ത മറാഠകള്‍ പേഷ്വാ ബാജി റാവുവിന്റെ കീഴില്‍ അതിവേഗം നഷ്ടപ്പെട്ട ഭൂഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ തുടങ്ങി. 1737-ല്‍ ദില്ലി നഗരപ്രാന്തത്തില്‍ നടന്ന യുദ്ധത്തില്‍ മുഗള്‍പടയെ കീഴടക്കിയതോടെ ആഗ്രക്കു തെക്കുള്ള മുഗള്‍ പ്രദേശങ്ങളെല്ലാം മറാഠാ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. 1758-ല്‍ ബാജിറാവുവിന്റെ മകന്‍ ബാലാജി ബാജിറാവു പഞ്ചാബ് കീഴടക്കി. രഘുനാഥറാവുവായിരുന്നു പടത്തലവന്‍. അവിടെ ഭരിച്ചിരുന്ന തിമൂര്‍ ഷാ ദുറാനി (അഹമ്മദ് ഷാ അബ്ദാലിയുടെ മകനും അഫ്ഗാന്‍ വൈസ്റോയിയും) ജീവനും കൊണ്ടോടിയതോടെ യുദ്ധത്തിനു കളമൊരുങ്ങി.
അബ്ദാലി പഷ്തൂണ്‍, ബലോച്ച് ഗോത്രവര്‍ഗക്കാരുടെ സൈന്യമുണ്ടാക്കി, ഗംഗാതടത്തിലെ രോഹില്ലാ അഫ്ഗാനുകളുമായി സഖ്യമുണ്ടാക്കി. മറാഠകളുടെ സഖ്യവാഗ്ദാനത്തിനു വഴങ്ങാതിരുന്ന അവധ് നവാബ് ഷൂജ ഉദ്ദൗലയും ഒപ്പമെത്തിയതോടെ അബ്ദാലിക്ക് കരുത്തേറി. ഇന്ത്യയില്‍ ദീര്‍ഘകാലം താമസിച്ച് പൊരുതാന്‍ അഫ്ഗാനികള്‍ക്ക് സാമ്പത്തികപിന്‍ബലം നല്‍കിയത് ഷൂജയാണ്. (പണ്ട് രോഹില്ലകളെ പരാജയപ്പെടുത്താന്‍ ഷൂജയുടെ പിതാവ് സഫ്ദര്‍ജംഗിനെ സഹായിച്ചത് മറാഠകളായിരുന്നു.) ദില്ലി ഒഴികെയുള്ള ഭാരതം ഏതാണ്ടു മുഴുവനും-- സിന്ധു നദി മുതല്‍ വടക്കന്‍ കേരളം വരെ-- മറാഠകളുടെ ഭരണത്തിന്‍ കീഴിലായി. മുഗള്‍ ദില്ലിയിലെ മുസ്ലീം ബുദ്ധിജീവികളും പുരോഹിതരും മറാഠാ സാമ്രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഭയചകിതരായി. മറാഠകളെ തടയാന്‍ അവര്‍ അബ്ദാലിയോടഭ്യര്‍ത്ഥിച്ചു.
പേഷ്വയുടെ മകനും പടത്തലവന്‍ സദാശിവ് റാവു ഭാവുവിന്റെ അനന്തരവനുമായ വിശ്വാസ് റാവുവിനെ ദില്ലിയില്‍ വാഴിക്കാനായിരുന്നു മറാഠാ പദ്ധതി. ലാഹോര്‍ കീഴടക്കിയ പടത്തലവന്‍ രഘുനാഥറാവു, അബ്ദാലിയെ നേരിടാന്‍ കൂടുതല്‍ സൈന്യങ്ങളും പണവും വേണമെന്നാവശ്യപ്പെട്ടത് നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ദിവാനായിരുന്ന സദാശിവ് സൈന്യാധിപനായത്. 1759 ഡിസംബറില്‍ അവര്‍ ദില്ലി പിടിച്ചെടുത്തു. പക്ഷേ, വിജയപരമ്പര അധികമാസങ്ങള്‍ നീണ്ടില്ല.
മൂന്നാം പാനീപതില്‍ ഒറ്റദിവസം കൊണ്ട് യുദ്ധക്കളത്തില്‍ പൊലിഞ്ഞത് എഴുപതിനായിരത്തോളം ജീവനുകളാണ്. 30,000 മറാഠാ യോദ്ധാക്കള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു, പലായനം ചെയ്ത 10,000 പേര്‍ പുറമേയും. ഇരുപതിനായിരത്തിനും മുപ്പതിനായിരത്തിനും ഇടയ്ക്ക് അഫ്ഗാനികളും വെടിയുണ്ടകള്‍ക്കും വാളിനും ഇരയായി. ഭാവുവും വിശ്വാസ് റാവുവും പൊരുതിമരിച്ചു. പതിനെട്ടാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ച ഏറ്റവും രക്തരൂക്ഷിതമായ യുദ്ധങ്ങളിലൊന്നായിരുന്നു ഇത്. യുദ്ധശേഷം പാനീപതില്‍ നടന്നത് മനസാക്ഷി മരവിച്ചുപോവുന്ന കൂട്ടക്കൊലകളായിരുന്നു. 14 വയസ്സിനു മുകളിലുള്ള ആണ്‍കുട്ടികളെല്ലാവരും അമ്മമാരുടെയും സഹോദരിമാരുടെയും മുന്നില്‍ വെച്ച് കൊല ചെയ്യപ്പെട്ടു. യുദ്ധത്തിന്റെ പിറ്റേന്ന് 40,000 മറാഠാ തടവുകാരെ അബ്ദാലിയുടെ പട്ടാളം കൂട്ടക്കൊല ചെയ്തു.
സദാശിവ് റാവു ഭാവുവിന് ഉത്തരേന്ത്യന്‍ സഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്നത് നിര്‍ണായകമായി. അബ്ദാലിയുടെ സൈന്യത്തിനുണ്ടായിരുന്നത് വന്‍മേധാവിത്വമാണ്. ജാട്ടുകളും രാജ്പൂത്തുകളും അടക്കമുള്ള ശക്തികളുമായി ധാരണയുണ്ടാക്കാന്‍ അബ്ദാലിയുടെ നയതന്ത്രമികവിനായപ്പോള്‍ മറാഠാ പടനായകര്‍ തമ്മിലടിക്കുന്ന തിരക്കിലായിരുന്നു.
യുദ്ധത്തില്‍ ജയിച്ചെങ്കിലും അബ്ദാലിക്ക് കനത്ത നഷ്ടമായിരുന്നു മൂന്നാം പാനീപത്. ജയിച്ച്് ഒരുമാസത്തിനുശേഷം അദ്ദേഹം പേഷ്വക്കെഴുതിയ കത്ത് അത് വെളിവാക്കുന്നതാണ്. പേഷ്വയുടെ മകന്‍ വിശ്വാസ് റാവുവും സഹോദരന്‍ ഭാവുവും മരിച്ചതില്‍ ദുഖമുണ്ടെന്നും യുദ്ധം തുടങ്ങിവെച്ചത് താനല്ല, ഭാവുവാണെന്നും അവകാശപ്പെടുന്ന അബ്ദാലി, ദില്ലിയുടെ സംരക്ഷണച്ചുമതല മറാഠകള്‍ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വ്യക്തമാക്കി. പഞ്ചാബ് തുടര്‍ന്നും കൈവശം വെക്കാനനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുഗള്‍ ചക്രവര്‍ത്തി ഷാ ആലം രണ്ടാമനെ അംഗീകരിച്ചുകൊണ്ട് കല്‍പ്പനയിറക്കിയ ശേഷം അബ്ദാലി അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുപോയി. പിന്നൊരിക്കലും പഴയ കരുത്ത് വീണ്ടെടുക്കാന്‍ അദ്ദേഹത്തിനായില്ല.
ആശുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്യുന്ന പാനീപതില്‍ സഞ്ജയ് ദത്താണ് അബ്ദാലിയെ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ കപൂര്‍ ഭാവുവിന്റെ വേഷത്തിലെത്തുന്നു. ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ അഫ്ഗാനിസ്ഥാനില്‍ ഉല്‍ക്കണ്ഠകളുയരുന്നുണ്ട്. രക്തക്കൊതിയനായ ഭീകരനാണ് ദത്തിന്റെ അബ്ദാലിയെന്ന് തോന്നും. ആധുനിക അഫ്ഗാനിസ്ഥാന്റെ സ്ഥാപകനായ അദ്ദേഹത്തെ അങ്ങനെ ചിത്രീകരിക്കാമോ? ഇന്ത്യയിലെ മുന്‍ അഫ്ഗാന്‍ അംബാസഡര്‍ ഡോ. ശൈദാ അബ്ദാലി സഞ്ജയ് ദത്തിന് ട്വീറ്റ് ചെയ്തതിങ്ങനെ--'പ്രിയ സഞ്ജയ് ദത്ത്, ഇന്തോ-അഫ്ഗാന്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സിനിമകള്‍ ചരിത്രപരമായി വലിയ പങ്കാണ് നിറവേറ്റിയിട്ടുള്ളത്. പങ്കുവെക്കപ്പെട്ട ചരിത്രത്തിലെ ഈ പ്രധാനഭാഗം കൈകാര്യം ചെയ്യുമ്പോള്‍ ഇക്കാര്യം മനസ്സില്‍ വെക്കുമെന്ന് കരുതുന്നു!' എന്തായാലും സിനിമക്ക് വിവാദങ്ങള്‍ അകമ്പടി സേവിച്ചേക്കും.