മലയാള സിനിമയുടെ ഗന്ധര്വന് പത്മരാജന് വിടപറഞ്ഞ് 30 വര്‍ഷങ്ങള്‍
ഈ നഗരംതന്ന സൗഭാഗ്യങ്ങളെക്കുറിച്ചാണ് കഴിഞ്ഞദിവസങ്ങളില്‍ ഞാന്‍ ഓര്‍ത്തതും എഴുതിയതും. എന്നാല്‍ ഇന്ന് എഴുതുന്നത് കോഴിക്കോട് എന്നെ കരയിച്ചതിനെക്കുറിച്ചാണ്, ഉലച്ചുകളഞ്ഞതിനെക്കുറിച്ചാണ്. ഈ രണ്ടോര്മകളും എന്റെ ശ്വാസം നിലയ്ക്കുമ്പോള്മാത്രമേ എന്നില്‍നിന്നും ഇല്ലാതാവൂ. സംഭവിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവയെന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു, തനിച്ചാവുമ്പോള്‍ അസ്വസ്ഥപ്പെടുത്തുന്നു.
ആദ്യത്തേത് സംഭവിച്ചത് 1991 ജനവരിയിലെ ഒരു തണുത്ത വെളുപ്പാന്‍കാലത്താണ്. അന്നുഞാന്‍ 'ഭരതം' എന്ന സിനിമയുടെ ചിത്രീകരണവുമായി കോഴിക്കോട്ടുണ്ട്. ഒരുദിവസം അതിരാവിലെ നിര്‍മാതാവ് ഗാന്ധിമതി ബാലന് വിളിക്കുന്നു. ഒറ്റ വാചകമേ പറഞ്ഞുള്ളൂ: ''പപ്പേട്ടന് പോയി''. ഞങ്ങള്‍ക്കിടയില്‍ ഒരു പപ്പേട്ടനേ ഉണ്ടായിരുന്നുള്ളൂ: പത്മരാജന്. ഇളം തണുപ്പുണ്ടായിരുന്നിട്ടും, അതിരാവിലെയായിരുന്നിട്ടും, ഞാന്‍ നിന്നുവിയര്‍ത്തു. കണ്ണില്‍നിറയെ ഇരുട്ട്. കാതില്‍ പപ്പേട്ടന്റെ മുഴങ്ങുന്ന ശബ്ദം. കേട്ടവാര്‍ത്ത ശരിയാവരുതേ എന്ന് വിതുമ്പലോടെ ഉള്ളില്‍ പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ അദ്ദേഹം പാര്‍ത്തിരുന്ന ഹോട്ടലിലേക്കു പാഞ്ഞു. മുറിയില്‍ച്ചെന്നപ്പോള്‍, നിലത്തുവിരിച്ച കാര്‍പ്പെറ്റില്‍ കമിഴ്ന്നുകിടക്കുന്നു എന്റെ പപ്പേട്ടന്, മലയാളത്തിന്റെ പത്മരാജന്. കാര്‍പ്പെറ്റിന്റെ ഒരുഭാഗം ഉള്ളം കൈകൊണ്ട് ചുരുട്ടിപ്പിടിച്ചിട്ടുണ്ട്. ആ കിടപ്പുകണ്ട് എനിക്കുസഹിച്ചില്ല. മുഖംപൊത്തി ആ മുറിയില്നില്ക്കുമ്പോള് ഞങ്ങളൊന്നിച്ചുള്ള എത്രയോ നല്ലനിമിഷങ്ങള്‍ ഒരു ദീര്‍ഘമായ സിനിമപോലെ എന്റെയുള്ളിലൂടെ കടന്നുപോയി. എത്രയെത്ര സിനിമകള്‍! ഒന്നിച്ചിരുന്ന്, ഒന്നിച്ചു ഭക്ഷണംകഴിച്ച്, ഒന്നിച്ചുറങ്ങിയ പകലുകള്‍, രാത്രികള്‍. ഒറ്റയടിക്ക് അതെല്ലാം അസ്തമിച്ചിരിക്കുന്നു, ഒരു പ്രഭാതത്തില്‍. എന്റെയുള്ളില്നിറഞ്ഞ ആ ചിത്രങ്ങളിലേക്ക് കരച്ചില് മഴപോലെ വീണുകൊണ്ടിരുന്നു. ആരൊക്കെയോ ചുറ്റിലുംനില്ക്കുന്നു, എന്തൊക്കെയോ അടക്കംപറയുന്നു. അതിന്റെ നടുവില്‍ ഉണരാതെ എന്റെ പപ്പേട്ടന് കമിഴ്ന്നുകിടക്കുന്നു.
മൃതദേഹത്തെ അനുഗമിച്ച് ഞാനും അദ്ദേഹത്തിന്റെ നാടായ മുതുകുളത്തേക്കുപോയി. ഗാന്ധിമതി ബാലന്, ജയറാം, സെവന് ആര്‍ട്സ് വിജയകുമാര്‍, നിധീഷ് ഭരദ്വാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒരു പൂമരംപോലെ തെളിഞ്ഞുനിന്നിരുന്ന പപ്പേട്ടന് ഒരുപിടിച്ചാരമാവുന്നത് കണ്ടുനിന്നു. തിരിച്ച് കോഴിക്കോട്ടെത്തിയപ്പോള്‍ പെട്ടെന്ന് അനാഥനായിപ്പോയതുപോലെ എനിക്കുതോന്നി. ഇപ്പോഴും ഈ നഗരത്തിലൂടെ കടന്നുപോകുമ്പോള്‍ പപ്പേട്ടന് വേദനയായി എന്നെ പിന്തുടരുന്നതുപോലെ. ഇതെഴുതാന്‍ ആലോചിച്ച ഇന്നലെയും ഒരു മിന്നല്‍പോലെ എപ്പോഴൊക്കെയോ പപ്പേട്ടന് മനസ്സില്വന്നുപോയി.
ഒരുവര്‍ഷംകഴിഞ്ഞ് വീണ്ടും ഞാന്‍ ഈ നഗരത്തിലെത്തി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ 'അദ്വൈതം'എന്ന സിനിമയില്‍ അഭിനയിക്കാന്‍. പ്രിയദര്‍ശനായിരുന്നു സംവിധായകന്. ചിത്രീകരണം പുരോഗമിക്കുന്നു. ഒരുദിവസം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു ചിത്രീകരണം. ആലുംമൂടന്‍ ചേട്ടനും ഞാനുമായിരുന്നു സീനില്‍. പയറ്റിത്തെളിഞ്ഞ ഒരു രാഷ്ട്രീയക്കാരന്റെ റോളായിരുന്നു അദ്ദേഹത്തിന്. ഞാന്‍ ഒരു സ്വാമിയും. രാഷ്ട്രീയക്കരുനീക്കത്തിന്റെ ഭാഗമായി സ്വാമിയുടെ അനുഗ്രഹംവാങ്ങാന് എത്തിയതായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രം.
ഷോട്ടിനുമുമ്പേതന്നെ ചേട്ടന് വിയര്‍ത്തത് ഞാന്‍ കണ്ടു. സൂചിപ്പിച്ചപ്പോള്‍ ആര്‍ക്കും സംശയമൊന്നും തോന്നിയില്ല. ''സ്വാമീ എന്നെ രക്ഷിക്കണേ'' എന്നുപറഞ്ഞ് എന്റെ കാലില്വീഴുന്നതാണ് രംഗം. പ്രിയന് ആക്ഷന്‍ പറഞ്ഞു. ആലുംമൂടന്ചേട്ടന് കുനിഞ്ഞ് എന്റെ കാല്‍തൊട്ടു. ''സ്വാമീ എന്നെ രക്ഷിക്കണേ...'' എന്നുപറഞ്ഞ് ഉയര്‍ന്നതും ഇരിക്കുകയായിരുന്ന ഞാന്‍ കണ്ടത് മറയുന്ന രണ്ടുകണ്ണുകളായിരുന്നു. ''അമ്മേ...'' എന്നൊരുവിളിയോടെ അദ്ദേഹം എന്റെ മടിയിലേക്കുവീണു. ഒറ്റ നിമിഷത്തിന് എല്ലാം തീര്‍ന്നു. ആലുംമൂടന്‍ ചേട്ടന് പോയി. ഒന്നുകരയാന്‍പോലും സാധിക്കാതെ മുഴുവന്‍ മേക്കപ്പോടെയും ഞാന്‍ തരിച്ചിരുന്നു.
എന്റെ ആദ്യസിനിമയായ 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' മുതല്‍ തുടങ്ങിയ ബന്ധമാണ്. തങ്കമണി എന്നായിരുന്നു ഞാന്‍ അദ്ദേഹത്തെ വിളിക്കുക. വലിയ സ്നേഹമായിരുന്നു. അവസാനതുള്ളി സ്നേഹവും എന്റെ മടിയിലേക്കു ചൊരിഞ്ഞാണ് അദ്ദേഹം മടങ്ങിപ്പോയത്. അന്ന് മുറിയിലെത്തിയ ഞാന്‍ പൊട്ടിക്കരഞ്ഞു. അതിനുമുമ്പും ശേഷവും ഞാന്‍ അങ്ങനെ കരഞ്ഞിട്ടില്ല. എന്റെ എല്ലാ സങ്കടവും ഉള്ളിന്റെപിടച്ചിലും കരഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആ കരച്ചില് ഇന്നും തോര്‍ന്നിട്ടില്ല. കോഴിക്കോടിനെക്കുറിച്ചോര്ക്കുമ്പോള്, അതുതന്ന എല്ലാവിധ സന്തോഷങ്ങളെയും സൗഭാഗ്യങ്ങളെയും മുക്കിക്കളഞ്ഞുകൊണ്ട് രണ്ടു മരണങ്ങളുടെ കരച്ചില് ഇപ്പോഴും എന്നെവന്നു മൂടുന്നു...
(നേരത്തേ പ്രസിദ്ധീകരിച്ചത്)
Content Highlights: mohanlal shares his memories about director padmarajan, death anniversary, movies