ആകാംക്ഷകള്‍ക്ക് ആക്കം കൂട്ടും മാമാങ്കത്തിന്റെ അണിയറ വിശേഷങ്ങള്‍, ചിത്രങ്ങള്‍..


സൂരജ് സുകുമാരന്‍

റംസാന്‍മാസത്തിലും നോമ്പിന്റെ ആയാസങ്ങള്‍ വകവെക്കാതെയാണ് മമ്മൂട്ടി അവസാനവട്ട ഷൂട്ടിങ്ങില്‍ സജീവമായതെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു. യുദ്ധരംഗങ്ങളിലടക്കം അസാമാന്യ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്.

കാശംമുട്ടെ തലയുയര്‍ത്തി നില്‍ക്കുന്ന നാല്പതടിയിലേറെ ഉയരത്തിലുള്ള കവാടം സ്വാഗതമോതും മാമാങ്കഭൂമിയിലേക്ക്. കാവല്‍ഭടന്മാരുടെ അനുവാദത്തോടെ ഉള്ളിലേക്ക് കടന്നാല്‍ അവിടെ ആയുധശാലകളും വാണിഭകേന്ദ്രങ്ങളും. വാളും പടക്കോപ്പുകളും തോക്കുമെല്ലാം ഓരോ ആലയിലും നിരന്നിരിക്കുന്നു. കച്ചവടത്തിനെത്തിയ അറബി, യവന, ചീന, ആഫ്രിക്കന്‍ വ്യാപാരികള്‍ക്കായുള്ളവയാണ് മറ്റ് ശാലകള്‍. എല്ലാത്തിലും നിറയെ കച്ചവടസാധനങ്ങളാണ്. മാമാങ്കച്ചന്ത കടന്നാല്‍ നിലപാടുതറയുടെ വിശാലതയിലേക്ക്, പടനിലത്തിലേക്ക് പ്രവേശിക്കാം. ഇവിടെയാണ് പോരാട്ടഭൂമി. ഇതുവരെ കണ്ട എല്ലാ കാഴ്ചകള്‍ക്കുമപ്പുറത്ത് നില്‍ക്കുന്ന അദ്ഭുതങ്ങളുമായി മമ്മൂട്ടിച്ചിത്രം മാമാങ്കം അണിയറയില്‍ ഒരുങ്ങുകയാണ്.

മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും കൂറ്റന്‍ സെറ്റാണ് മാമാങ്കത്തിന്റെ അവസാനവട്ട ചിത്രീകരണത്തിന് എറണാകുളം മരടിലും നെട്ടൂരിലുമായി ഒരുക്കിയത്. മാമാങ്കംകഥകളില്‍ നമ്മെ ത്രസിപ്പിച്ച ഓരോ സ്ഥലവും ഇവിടെ പുനര്‍നിര്‍മിച്ചു. എം. പത്മകുമാര്‍ സംവിധാനംചെയ്യുന്ന ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വ്യവസായി വേണു കുന്നപ്പിള്ളിയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലൊരുക്കിയ ആറ് സെറ്റുകളില്‍ മാസങ്ങള്‍നീണ്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ മാമാങ്കത്തിന്റെ അണിയറ വിശേഷങ്ങളിലൂടെ...

ചരിത്രം

ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ മകരം, കുംഭം (മാഘമാസം) മാസങ്ങളിലായി നടന്നിരുന്ന കാര്‍ഷികവ്യവസായ ഉത്സവമായിരുന്നു മാമാങ്കം. ഇതോടൊപ്പം കായികാഭ്യാസവേദികളും കലാസംഗീതവിരുന്നുകളും ഒരുക്കിയിരുന്നു. മാമാങ്കമഹോത്സവത്തിന്റെ അധ്യക്ഷപദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. എന്നാല്‍, സാമൂതിരി വള്ളുവക്കോനാതിരിയെ അധികാരഭൃഷ്ടനാക്കി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം തട്ടിയെടുത്തതോടെ അത് ചോരചിന്തിയ ചാവേറുകളുടെ ചരിത്രമായി പരിണമിച്ചു. പിന്നീട് ഓരോ മാമാങ്കത്തിനും സാമൂതിരിവധം ലക്ഷ്യമിട്ട് വള്ളുവക്കോനാതിരി ചാവേറുകളെ മാമാങ്കഭൂമിയിലേക്ക് അയച്ചു. സാധാരണയായി 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഉത്സവം 28 ദിവസം നീണ്ടുനില്‍ക്കും. സാമൂതിരി രാജാവ് ഇരിക്കുന്ന ഭാഗം നിലപാടുതറ എന്നറിയപ്പെടുന്നു. ഇതിനുചുറ്റും വന്‍സുരക്ഷാവ്യൂഹമുണ്ടാകും. കൊല്ലപ്പെടുന്ന ചാവേറുകളുടെ ജഡം ആനകളെ ഉപയോഗിച്ച് തള്ളിയിരുന്ന കിണറാണ് മണിക്കിണര്‍. 1755-ലാണ് അവസാനത്തെ മാമാങ്കം നടന്നതെന്ന് ചരിത്രം.

അണിയറയിലെ അദ്ഭുതങ്ങള്‍

കണ്ണൂരിലെ കണ്ണവം വനം, അതിരപ്പിള്ളി, വാഗമണ്‍, ഒറ്റപ്പാലം വരിക്കാശ്ശേരിമന എന്നിവിടങ്ങളിലാണ് മാമാങ്കത്തിന്റെ ആദ്യഘട്ട ചിത്രീകരണം നടന്നത്. ശേഷമുള്ള അവസാനവട്ടചിത്രീകരണം എറണാകുളത്തെ കളമശ്ശേരി, മരട്, നെട്ടൂര്‍ എന്നിവിടങ്ങളിലായി 40 ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്. ചിത്രീകരണത്തിനായി മരടില്‍ എട്ടേക്കര്‍ സ്ഥലത്ത് നിര്‍മിച്ച ഭീമാകാരമായ മാളിക വര്‍ണനാതീതമാണ്. സിനിമയിലെ സുപ്രധാന ഗാനരംഗവും മറ്റുചില രംഗങ്ങളും ചിത്രീകരിച്ചത് ഇവിടെവെച്ചാണ്. അഞ്ചുകോടിയിലധികം മുതല്‍മുടക്കി നാലുമാസത്തോളം സമയമെടുത്താണ് മാളിക പണിതത്. ആയിരത്തോളം തൊഴിലാളികള്‍ ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചു.

നെട്ടൂരിലെ പടനിലമടങ്ങിയ കൂറ്റന്‍ സെറ്റിന്റെ നിര്‍മാണച്ചെലവ് പത്തുകോടിയിലധികമാണ്. മൂന്നുമാസം രണ്ടായിരത്തിലധികം തൊഴിലാളികള്‍ അധ്വാനിച്ചാണ് ഈ സെറ്റ് യാഥാര്‍ഥ്യമാക്കിയത്. മാമാങ്കച്ചന്തയും നിലപാടുതറയും പടനിലവും ക്ഷേത്രവും മണിക്കിണറുമെല്ലാം ഷൂട്ടിങ്ങിനായി കലാസംവിധായകന്‍ മോഹന്‍ദാസ് ഇവിടെ അതേ പ്രൗഢിയോടെ നിര്‍മിച്ചു. നെട്ടൂരിലെ 20 ഏക്കര്‍ സെറ്റിലാണ് മാമാങ്കത്തിലെ പ്രധാന യുദ്ധരംഗങ്ങളെല്ലാം ചിത്രീകരിച്ചത്. സെറ്റിന്റെ നിര്‍മാണത്തിനായി പത്തുടണ്‍ സ്റ്റീലും രണ്ടായിരം ക്യുബിക് മീറ്റര്‍ തടിയും ഉപയോഗിച്ചു. മൂന്നുനൂറ്റാണ്ട് മുമ്പുള്ള കാലഘട്ടം ഇവിടെ അതേപടി പുനര്‍നിര്‍മിച്ചിരിക്കുന്നു. മുള, പനയോല, പുല്ല്, കയര്‍, കവുങ്ങ് തുടങ്ങിയവയാണ് നിര്‍മാണത്തിനായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. യുദ്ധരംഗങ്ങള്‍ക്കാവശ്യമായ, 16-ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പ്രത്യേക ടീമിനെവെച്ച് നിര്‍മിക്കുകയായിരുന്നു.

രാത്രിയില്‍ സ്വാഭാവികവിളക്കുകളുടെ വെളിച്ചത്തെ പരമാവധി ഉപയോഗപ്പെടുത്തിയാണ് നെട്ടൂരിലെ സെറ്റില്‍ അവസാനഘട്ട ചിത്രീകരണം പൂര്‍ത്തീകരിച്ചത്. കല്‍വിളക്കുകള്‍ക്ക് സമാനമായ ഓരോ തൂണിലും ഇതിനായി പ്രത്യേക വിളക്കുകള്‍ തയ്യാറാക്കിവെച്ചു. വിളക്കിലേക്ക് വേണ്ട പ്രത്യേക പന്തങ്ങള്‍ ഓരോദിവസവും പകല്‍സമയത്ത് പ്രത്യേകടീം നിര്‍മിക്കുകയായിരുന്നു. പ്രതിദിനം 2000 ലിറ്റര്‍ എണ്ണയാണ് വിളക്കുകളില്‍ ഉപയോഗിച്ചത്. ബലൂണ്‍ ലൈറ്റുകളുടെ സഹായവും ഷൂട്ടിങ്ങിന് പ്രയോജനപ്പെടുത്തി. ഓരോ ദിവസവും വൈകുന്നേരം ആറുമണിക്ക് ആരംഭിക്കുന്ന ഷൂട്ടിങ് പുലര്‍ച്ചെ ആറോടെയാണ് പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, അജയ് രത്തിനം തുടങ്ങി സുപ്രധാന താരങ്ങളെല്ലാം അവസാനഘട്ട ചിത്രീകരണത്തിന്റെ ഭാഗമായി.

അവസാനദിവസങ്ങളില്‍ മഴ വഴിമുടക്കാനെത്തിയെങ്കിലും അധികസമയം ഷൂട്ടുചെയ്ത് ആ വെല്ലുവിളിയെ മറികടന്നു. സെറ്റ് കാണാന്‍ ആളുകള്‍ എത്തിയാല്‍ അത് ഷൂട്ടിങ്ങിനെ ബാധിക്കുമെന്നതിനാല്‍ അതിരഹസ്യമായാണ് ചിത്രീകരണം നടന്നത്. 3000 ആളുകള്‍വരെ പങ്കെടുക്കുന്ന രംഗങ്ങള്‍ നെട്ടൂരിലെ സെറ്റില്‍വച്ച് ചിത്രീകരിച്ചു. ചിത്രത്തിനായി ഒട്ടേറെ കുതിരകളെയും ആനകളെയും സെറ്റില്‍ എത്തിച്ചിരുന്നു. ഇവയ്ക്കാവശ്യമായ സൗകര്യങ്ങളും സെറ്റില്‍ത്തന്നെ ഒരുക്കി. ഓരോ ദിവസവും ആയിരത്തിലധികം പേരാണ് ഷൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ക്കായി സെറ്റിലുണ്ടായിരുന്നത്. ലൈറ്റ് വിഭാഗത്തിലും ആര്‍ട്ട് വിഭാഗത്തിലും നൂറ്റമ്പതോളം പേരാണ് നിത്യേന പ്രവര്‍ത്തിച്ചത്. കേരളത്തില്‍നിന്നുതന്നെ മുഴുവന്‍ ഭാഗങ്ങളും ചിത്രീകരിച്ച ചിത്രം കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സംഘട്ടനം തീപാറും

റംസാന്‍മാസത്തിലും നോമ്പിന്റെ ആയാസങ്ങള്‍ വകവെക്കാതെയാണ് മമ്മൂട്ടി അവസാനവട്ട ഷൂട്ടിങ്ങില്‍ സജീവമായതെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു. യുദ്ധരംഗങ്ങളിലടക്കം അസാമാന്യ പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. സാമൂതിരിയെ കൊല്ലാനെത്തുന്ന ചാവേറിന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. ഒരു വടക്കന്‍ വീരഗാഥ, കേരളവര്‍മ പഴശ്ശിരാജ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടി ചരിത്രകഥാപാത്രമാകുന്നു എന്ന പ്രത്യേകതകൂടി മാമാങ്കത്തിനുണ്ട്. സ്‌ത്രൈണഭാവമടക്കം വിവിധ ഗെറ്റപ്പുകളില്‍ മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. പ്രേക്ഷകര്‍ക്കായി ചില കൗതുകങ്ങളും ചിത്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ട്.

ഒരേസമയം മൂന്ന് ക്യാമറകള്‍വെച്ചാണ് മാമാങ്കത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രീകരണത്തിനാവശ്യമായ പ്രത്യേക ജിബ്ബുകള്‍ ഹൈദരാബാദില്‍നിന്നാണ് എത്തിച്ചത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. ദംഗല്‍, ബജ് രാവേ മസ്താനി, ധൂം 3 തുടങ്ങി വന്‍ ബോളിവുഡ് ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ശ്യാം കൗശലാണ് മാമാങ്കത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് മാമാങ്കം. മലയാളം ഇന്നുവരെ കാണാത്തതരത്തിലുള്ള വാര്‍മൂവിയായിരിക്കുമിതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ചിത്രത്തിന്റെ സംഗീതം എം. ജയചന്ദ്രനും പശ്ചാത്തലസംഗീതം സഞ്ജിത് ബല്‍ഹാരയും നിര്‍വഹിക്കുന്നു. പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

വലിയ തയ്യാറെടുപ്പുകളോടെചെയ്ത ചിത്രമാണ് മാമാങ്കം. ഇന്ത്യന്‍ സിനിമയ്ക്ക് മലയാളസിനിമ നല്‍കുന്ന വലിയ സമ്മാനമായിരിക്കും ഇത്. - വേണു കുന്നപ്പിള്ളി (നിര്‍മാതാവ്)
ഏറ്റവും മികച്ച രീതിയില്‍ ഒരുക്കുന്ന ചിത്രമാണിത്. ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്നീഷ്യന്മാരാണ് മാമാങ്കത്തിന്റെ അണിയറയിലുള്ളത്. - എം. പത്മകുമാര്‍ (സംവിധായകന്‍)

Content Highlights : Mamankam movie, Mammooty, Unni MUkundan, M Padmakumar, Mamankam movie stills

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram