ചില്ലറക്കാരല്ല ബാബു ആശാനും ദയാൽ സിങ്ങും. ഇരുപത് കൊല്ലം മുൻപ് ഇരുവരും ചേർന്ന് ഉണ്ടാക്കിയത് നിസാര സംഗതിയൊന്നുമല്ല. പൂമരം കൊണ്ടൊരു കപ്പലാണ്. ഈ കപ്പൽ കൊണ്ടൊരു പാട്ടാണ്. ഇരുപത് കൊല്ലത്തിനുശേഷം ഞാനും ഞാനുമെന്റാളും ആ നാൽപത് പേരും എന്ന ആ പൂമരപ്പാട്ട് പിന്നെയും മുഴങ്ങുമ്പോൾ അഭിമാനവും അത്ഭുതവും തിരയടിക്കുകയാണ് ഇരുവരുടെയും ഉള്ളിൽ. ഒറ്റപ്പാട്ട് കൊണ്ട് നാട്ടിലെ താരങ്ങളായിരിക്കുകയാണ്. മഹാരാജാസിന്റെ മരച്ചോട്ടിൽ നിന്ന് പാട്ട് കണ്ടെടുത്തപോലെ തൃശൂരിൽ നിന്ന് പാട്ടിന്റെ ശിൽപികളെയും തപ്പിപ്പിടിച്ചത് കാളിദാസ് ജയറാം നായകനായ പൂമരത്തിന്റെ സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ്. ഒടുവിൽ പാട്ടിന്റെ ശിൽപികളെല്ലാവരും കൂടി ഒരുദിനം ശബ്ദം കൊണ്ട് ഒത്തുചേർന്നു. ക്ലബ് എഫ്.എമ്മിലൂടെ. ഗാനരചയിതാക്കളായ ബാബു ആശാനും ദയാൽ സിങ്ങും ഈണമിട്ട ഫൈസൽ റാസിയും രംഗത്ത് ജീവൻ പകർന്ന കാളിദാസ് ജയറാമും.
കാളിദാസിന്റെ ശബ്ദം കേട്ടപ്പോള്‍ ബാബു ആശാന് ഏറെ സന്തോഷമായി. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്റെ വീട് അപ്പൂന്റെയും എന്നീ ചിത്രങ്ങളിലൂടെ പ്രക്ഷകരെ വിസ്മയിപ്പിച്ച കുട്ടിയാണോ ഇതെന്ന അത്ഭുതമായിരുന്നു ആശാന്. 'ഞാനും ഞാനുമെന്റാളും' ടിവിയില്‍ കേട്ടപ്പോള്‍ സുഹൃത്തുക്കള്‍ ബാബു ആശാനെ വിളിച്ചു. നിന്റെ പഴയ പാട്ടിതാ ടിവിയില്‍ എന്നും പറഞ്ഞു. സംഭവം സത്യമാണെന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്ന് ബാബു ആശാന്‍ പറയുന്നു.
എന്നാല്‍ പാട്ടില്‍ അഭിനയിച്ചിരിക്കുന്നത് ജയറാമിന്റെ മകന്‍ കാളിദാസ് ആണെന്ന് ആശാന്‍ അറിഞ്ഞത് ഒരുപാട് വൈകിയാണ്.
ചിത്രീകരിക്കുമ്പോള്‍ ഈ പാട്ട് ഇത്ര വലിയ ഹിറ്റാകുമെന്ന് താന്‍ കരുതിയില്ലെന്ന് കാളിദാസ് പറഞ്ഞു. എന്നാല്‍ എന്തോ വല്ലാത്ത ഒരു പ്രത്യേകതയുണ്ടെന്ന് അന്നേ തോന്നിയിരുന്നു.
സിനിമാ സെറ്റില്‍ ജോലി ചെയ്യാന്‍ ഒരു ബംഗാളി ചേട്ടനുണ്ടായിരുന്നു. പാട്ടിന്റെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ആ ചേട്ടന്‍ അത് മൂളി നടക്കുന്നത് ഞാന്‍ കേട്ടു. മലയാളം അറിയാത്ത ഒരാള്‍ക്ക് പോലും പാട്ട് അത്രയ്ക്ക് ഇഷ്ടമായി എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി- കാളിദാസ് പറയുന്നു.
കാളിദാസിനും ഫൈസലിനും ഒരു സ്വീകരണം തരാന്‍ ആഗ്രഹമുണ്ടെന്ന് ആശാന്‍ പറഞ്ഞു. ആശാനും ദയാല്‍ സിങും ആ പാട്ട് എഴുതിയുണ്ടാക്കിയത് ഒരു പഴയ വീട്ടില്‍ വച്ചായിരുന്നു. ആ വീട് ഇപ്പോഴില്ലെങ്കിലും അവിടെയെല്ലാം കൊണ്ടു കാണിക്കണമെന്നാണ് ആശാന്റെ ആഗ്രഹം.
നാട്ടില്‍ വരുന്ന ദിവസം ആശാനെ നേരിട്ടു കാണുന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് കാളിദാസ് പറഞ്ഞു.
ഫൈസലും വലിയ സന്തോഷത്തിലാണ്. സിനിമയിൽ എല്ലാവരും കൂടി തകർത്തഭിനയിച്ചിരിക്കുകയാണെന്ന് ഫൈസൽ പറഞ്ഞു. എല്ലാവരും കൂടി ഇങ്ങനെ അഭിനയിച്ചാൽ എന്റെ പണി പോകുമോ എന്നാണ് പേടി-ഫൈസൽ പറഞ്ഞു.