കൈയിലൊരു പുസ്തകവുമായിട്ടേ പ്രണവിനെ കണ്ടിട്ടുള്ളൂ. അത് ഒരിക്കലും ഏതെങ്കിലും നേരംകൊല്ലി രചനയാവില്ല. കൂടുതലും യാത്രാവിവരണങ്ങളോ തത്ത്വചിന്തയോ ആവും. ഒരിക്കല്‍ ഒരു ആയുര്‍വേദ ചികിത്സാലയത്തില്‍വെച്ച് കണ്ടപ്പോള്‍ ലോകപ്രശസ്ത ദാര്‍ശനികനായ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ പുസ്തകങ്ങളുമായി മല്ലിടുകയായിരുന്നു അയാള്‍. കൃഷ്ണമൂര്‍ത്തിയുടെ പ്രധാനപ്പെട്ട രചനകളെല്ലാം ഇതിനിടെ പ്രണവ് വായിച്ചുതീര്‍ത്തിരിക്കുന്നു. മറ്റൊരിക്കല്‍ കണ്ടപ്പോള്‍ പോള്‍ ബ്രണ്ടന്റെ ഇന്ത്യന്‍ യാത്രാവിവരണം, വേറൊരിക്കല്‍ ശ്മശാന താപസരായ അഘോരി സന്ന്യാസിമാരെക്കുറിച്ചുള്ള രചന, ഏറ്റവുമവസാനം കണ്ടപ്പോള്‍ കൈലാസത്തിലേക്കുള്ള യാത്രയുടെ പുസ്തകം. എപ്പോഴും പുസ്തകങ്ങള്‍ പ്രണവിന് കൂട്ടാവുന്നു.അതയാളെ തനിച്ചിരിക്കാന്‍ മടിയില്ലാത്തവനാക്കുന്നു.
കഴിഞ്ഞ ജനവരിയില്‍ ജയ്പുരില്‍ നടന്ന ജയ്പുര്‍ സാഹിത്യോത്സവത്തില്‍ ഒന്നിച്ച് പങ്കെടുത്തപ്പോഴാണ് പ്രണവുമായി കൂടുതല്‍ സംസാരിക്കാനും ഒന്നിച്ച് പാര്‍ക്കാനും സാധിച്ചത്. പുസ്തകങ്ങളോടും സാഹിത്യത്തോടുമുള്ള താത്പര്യം തന്നെയായിരുന്നു പ്രണവിനെ ജയ്പുരിലേക്ക് വരാന്‍ പ്രേരിപ്പിച്ചത്. ഒരാഴ്ച നീളുന്ന യാത്രയായിരുന്നു അത്. മുംബൈ വിമാനത്താവളത്തില്‍ കാത്തുനിന്ന എന്റെയും സുഹൃത്ത് മാതൃഭൂമി ബുക്‌സിലെ സിദ്ധാര്‍ത്ഥന്റെയും മുന്നില്‍, പുറത്ത് തൂക്കിയിടാവുന്ന ഒരു ചെറിയ ബാഗുമായാണ് പ്രണവ് വന്നിറങ്ങിയത്. പര്‍വതാരോഹണത്തിന് പോവുന്ന ഒരാളുടെ ഭാവമായിരുന്നു മുഖത്ത്. ഒരുമനുഷ്യന് ഒരാഴ്ചയ്ക്ക് അത്യാവശ്യമായ എല്ലാ സാധനങ്ങളും ആ ബാഗിലുണ്ടായിരുന്നു. വലിയ പെട്ടിയും ചുമന്നുവന്ന എനിക്ക് അതു കണ്ടപ്പോള്‍ ലജ്ജ തോന്നി. ഈ ദിവസങ്ങള്‍ക്ക് ഇത്രയേ വേണ്ടൂ എന്ന് എന്നെക്കാള്‍ എത്രയോ ഇളപ്പമുള്ള ആ യുവാവ് പറയാതെ പറയുന്നതുപോലെ.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രി എത്ര വൈകിക്കിടന്നാലും അതിരാവിലെ ഉണരുക പ്രണവായിരുന്നു. എട്ട് മണിയാവുമ്പോഴേക്കും കുളികഴിഞ്ഞ് തയ്യാറാവുന്ന അയാള്‍ സാഹിത്യോത്സവത്തിലെ ഏറ്റവും ഗഹനമായ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് പങ്കെടുത്തത് മുഴുവനും. അതിരാവിലെ സംഗീതം കേള്‍ക്കണം എന്നത് അയാള്‍ക്ക് നിര്‍ബന്ധമായിരുന്നു. ആവശ്യമുള്ള കാര്യങ്ങള്‍ കൈയില്‍ കരുതിയിരുന്ന നോട്ടുബുക്കില്‍ കുറിച്ചിടുകയും ചെയ്യും. കുറച്ച് മലയാളികള്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവരോട് താനാരാണ് എന്ന് വെളിപ്പടുത്തരുത് എന്ന് പ്രണവ് പറഞ്ഞിരുന്നു. ശശി തരൂര്‍ മോഹന്‍ലാലിന്റെ മകനെ കാണണം എന്ന് പറഞ്ഞിട്ടും പ്രണവ് ലജ്ജാപൂര്‍വം ഒഴിഞ്ഞുമാറി. ആള്‍ക്കൂട്ടത്തില്‍ അജ്ഞാതനായി നടക്കാനും മാറിനിന്ന് എല്ലാം കാണാനും കൂടുതല്‍ സമയവും തന്റേതായ ലോകത്ത് കഴിയാനുമായിരുന്നു അയാള്‍ക്ക് താത്പര്യം.
ഭക്ഷണം കഴിക്കാന്‍ വലിയ ഹോട്ടല്‍ തേടിപ്പോയ എന്നെ നിരുത്സാഹപ്പെടുത്തിയത് പ്രണവാണ്. ജയ്പുരിലെ തനത് ഭക്ഷണം കിട്ടുന്ന തട്ടുകടയിലേക്ക് അയാള്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. പിന്നെ എല്ലാ ദിവസവും അവിടെയായി ഭക്ഷണം. രാത്രി 12 മണിയോടെ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോള്‍ പ്രണവിന്റെ കൈയില്‍ ഒരു പാര്‍സല്‍ ഉണ്ടാവും. അയാള്‍ ഇരുട്ടിലൂടെ നടന്നുചെന്ന് കടയുടെ പരിസരത്ത് റോഡില്‍ ജീവിക്കുന്ന ഏതെങ്കിലും മനുഷ്യന്റെ അടുത്ത് അത് വെച്ചുപോരും, അല്ലെങ്കില്‍ വിശപ്പോടെ കടയുടെ മുന്നില്‍ ചുറ്റിത്തിരിയുന്നവര്‍ക്ക് കൊടുക്കും. ഒരുദിവസംപോലും ഇതിന് മുടക്കം വന്നിട്ടില്ല.
സാഹിത്യ സമ്മേളനത്തിന്റെ അവസാനദിവസം സമ്മേളന നഗരിയില്‍വച്ച് പ്രണവ് പുറത്തുവന്നത് കൈയും വീശിയായിരുന്നു. അത്രയും ദിവസം ശരീരത്തില്‍ കങ്കാരുക്കുഞ്ഞിനെപ്പോലെ തൂങ്ങിക്കിടന്നിരുന്ന ബാഗ് കാണാനില്ല. കാര്യം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:
''അതാരോ അടിച്ചുമാറ്റി''
അതിലായിരുന്നു അതുവരെ എഴുതിയുണ്ടാക്കിയ നോട്ടുബുക്കും വാങ്ങിയ പുസ്തകങ്ങളുമെല്ലാം കരുതിയിരുന്നത്.
''ഇനിയെന്തു ചെയ്യും?''- ഞാന്‍ ചോദിച്ചു.
''ഇനി ബാഗില്ലാതെ ജീവിക്കാം.'' വളരെ നിസ്സാരമായിട്ടായിരുന്നു മറുപടി. ആ ജനവരി മാസത്തില്‍ ജയ്പുരില്‍നിന്നും ഡല്‍ഹിയിലേക്കുള്ള ട്രെയിനില്‍, സാധാരണ സ്ലീപ്പര്‍ ക്ലാസില്‍ തണുത്തുവിറച്ചിരിക്കുമ്പോള്‍ പ്രണവിന്റെ കൈയില്‍ ഒരു പുതപ്പുപോലുമില്ലായിരുന്നു. ഊട്ടിയിലെ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞുള്ള ഇടവേളയില്‍ ഹിമാലയത്തിലും കാഠ്മണ്ഡുവിലും യാത്രചെയ്തുള്ള പരിചയം സാഹചര്യങ്ങളെ നേരിടാന്‍ പ്രണവിനെ പ്രാപ്തനാക്കിയിരിക്കണം.
ഒന്നിച്ചുള്ള യാത്രകളിലും സംസാരങ്ങളിലും സിനിമയെക്കുറിച്ച് ഏറ്റവും കുറച്ചുമാത്രമേ പ്രണവ് സംസാരിച്ചിരുന്നുള്ളൂ, അച്ഛനെപ്പോലെതന്നെ.എന്നാല്‍ അയാള്‍ ലോകസിനിമകള്‍ കൃത്യമായി കാണുകയും മനസ്സില്‍ തന്റേതായ ഒരു സിനിമാസങ്കല്പം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. പല തിരക്കഥകളും താന്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്തു എങ്കിലും 'താന്‍ ഇത് ചെയ്യണം' എന്ന് തോന്നിക്കുന്ന ഒരു രചന മുന്നില്‍ വന്നില്ല എന്ന് എപ്പോഴും പറയുമായിരുന്നു. ഭാവിജീവിതത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഏറ്റവും നിസ്സാരമായി പ്രണവ് പറയും: ''നാളെ എന്ത് ചെയ്യണം എന്ന കാര്യം ഞാന്‍ തീരുമാനിച്ചിട്ടില്ല, പിന്നെയല്ലേ ഭാവി.''
പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് പ്രവേശിക്കുമ്പോള്‍ അഭിനയത്തിന്റെ വലിയ ആട്ടവിളക്കില്‍നിന്ന് തിരികൊളുത്തിയെടുത്ത് പുതിയ ഒരു തലമുറ തന്റെ യാത്ര തുടങ്ങുക എന്നത് മാത്രമല്ല സംഭവിക്കുന്നത്. ഏത് കലാരൂപത്തെയായാലും അതിന്റെ ആഴത്തില്‍ മനസ്സിലാക്കുകയും തനിക്കെന്തെങ്കിലും ചെയ്യാനുണ്ടെന്ന് സ്വയം ബോധ്യപ്പെട്ടാല്‍ മാത്രം ഏത് കാര്യത്തിലും ഇടപെടുകയും ചെയ്യുന്ന വ്യത്യസ്തനായ ഒരു യുവാവാണ് അഭിനയരംഗത്തേക്ക് വരുന്നത്. തീര്‍ച്ചയായും താരസിംഹാസനം കൊതിക്കാത്ത, അതിനുവേണ്ടി ദാഹിക്കാത്ത ഒരു നടനായിരിക്കും പ്രണവ് മോഹന്‍ലാല്‍. കാരണം, ഈ യുവാവിന് തിരിച്ചുപോവാന്‍ ലോകമാകെ ചിതറിക്കിടക്കുന്ന യാത്രാപഥങ്ങളുണ്ട്, വായിക്കാന്‍ പുസ്തകങ്ങളുണ്ട്, പകര്‍ത്താന്‍ ദൃശ്യങ്ങളുണ്ട്, സ്വകാര്യമായി എഴുതാന്‍ കവിതകളുണ്ട്...മാത്രമല്ല, അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അജ്ഞാതനാവാന്‍ ഒരു മടിയുമില്ല.