വര്‍ഷങ്ങള്‍ക്കുമുമ്പ് നാടകനടനായ സുധാകരന്റെ കൂടെ അഭിനയിക്കാനിറങ്ങിയതാണ് സുധീഷ്. ക്ളാസ്സില്‍ എത്തും മുമ്പുതന്നെ അധ്യാപകന്‍ ഹാജര്‍ വിളിക്കുന്നതുകേട്ട് പ്രസന്റ് സാര്‍ എന്നുപറഞ്ഞ് ഓടിയെത്തുന്ന അജയകുമാര്‍. ക്ളാസ്സിലെ മണ്ടന്മാര്‍ക്കും മണ്ടിമാര്‍ക്കും ഇടയില്‍ സമര്‍ഥമായ ഉത്തരങ്ങള്‍കൊണ്ട് അധ്യാപകന്റെ മനസ്സില്‍ ഇരിപ്പിടം ഉറപ്പിച്ച കഥാപാത്രം. അവിടെനിന്നിങ്ങോട്ട് മലയാളസിനിമയില്‍ ഒരു പ്രസന്‍സായി സുധീഷ് ഉണ്ട്.
ഇപ്പോഴിതാ സുധീഷിന്റെ കൈപിടിച്ച് മകന്‍ രുദ്രാക്ഷും മലയാളസിനിമയില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നു. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയിലെ അയ്യപ്പദാസായി. കൂടെ കുഞ്ഞനിയന്‍ മാധവും ഉണ്ട്. മൊത്തത്തില്‍ സുധീഷിനിത് ഒരു കുടുംബസിനിമയാണ്. ഒപ്പം സൗഹൃദത്തിന്റെ സിനിമയുമാണത്. ആ സിനിമയിലേക്കെത്തിയ സൗഹൃദത്തിന്റെ വഴികളിലൂടെ സുധീഷും രുദ്രാക്ഷും കോഴിക്കോട്ടെ ബിലാത്തിക്കുളത്തെ വീട്ടില്‍വെച്ച് ചിത്രഭൂമിയോടൊപ്പം...
സിനിമയില്‍ എനിക്ക് എല്ലാവരെയും അറിയാം, എന്നെയും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എന്നും വിളിക്കുന്ന എപ്പോഴും വിശേഷങ്ങള്‍ പങ്കുവെക്കുന്ന സൗഹൃദങ്ങള്‍ കുറവാണ്. സിനിമയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി വിളിക്കും, സംസാരിക്കും അത്രതന്നെ. എന്നാല്‍ സിദ്ധാര്‍ഥ് ശിവയും ഞാനും അങ്ങിനെയായിരുന്നില്ല. സിദ്ധുവും ഞാനും ഒന്നിച്ചഭിനയിച്ച കാലംമുതല്‍ തുടങ്ങിയ സൗഹൃദം വളരെ ദൃഢമായിരുന്നു. എന്റെ കുടുംബത്തേയും അവന് നന്നായി അറിയാം. അങ്ങിനെയിരിക്കെ ഒരിക്കല്‍ കൊച്ചൗവ്വ പൗലോയുടെ കഥ അവന്‍ പറഞ്ഞു. അതിലെ അയ്യപ്പദാസിനെ ഞാന്‍ രുദ്രാക്ഷില്‍ കാണുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ തയ്യാറായി ഇരുന്നോളാനും. പിന്നെ സിനിമയുടെ കാര്യമാണ് ഒന്നും നമ്മള്‍ വിചാരിക്കുംപോലെ നടന്നോളണമെന്നില്ലെന്നും മുന്‍കൂര്‍ ജാമ്യവും എടുത്തു.
ഈ കഥയിലെ കൊച്ചൗവ്വപൗലോ ആവാന്‍ കുഞ്ചാക്കോയാണ് പറ്റിയ ആളെന്നും സിദ്ധു പറഞ്ഞു. കുഞ്ചാക്കോയും ഞാനും അനിയത്തിപ്രാവില്‍ ഒന്നിച്ചഭിനയിച്ച കാലം തൊട്ട് തുടങ്ങിയ സൗഹൃദമാണ്. അതും സിനമയ്ക്കപ്പുറത്തുള്ള ഒരു ബന്ധമാണ്. അങ്ങിനെ ചാക്കോച്ചനോട് ഈ കഥ പറഞ്ഞപ്പോള്‍ ചാക്കോച്ചന്‍ ഡേറ്റ് തരാമെന്നും സമ്മതിച്ചു. പക്ഷേ, അതങ്ങനെ നീണ്ടുനീണ്ടുപോയി.
പിന്നെ ഞങ്ങളെയെല്ലാം ഞെട്ടിപ്പിച്ചുകൊണ്ട് ചാക്കോച്ചന്‍ ഒരു പ്രഖ്യാപനം നടത്തി ''ഉദയായുടെ ബാനറില്‍ ഈ പടം ഞാന്‍ നിര്‍മിക്കാന്‍ പോവുകയാണ് '' ഉദയായുടെ തിരിച്ചുവരവ് എന്തെങ്കിലും നന്മയുള്ള സമൂഹത്തിന് ഉപകാരപ്രദമാവുന്ന സന്ദേശമുള്ള ഒരു ചിത്രമായിരിക്കുമെന്ന് പണ്ടേ ചാക്കോച്ചന്‍ പറയാറുണ്ടായിരുന്നു. അത്തരമൊരു നന്മ ഈ കഥയില്‍ ചാക്കോച്ചന് തോന്നിക്കാണണം. അതായിരിക്കും ഈ ചിത്രത്തിന്റെ പിറവിക്ക് കാരണമായതും-സുധീഷ് പറഞ്ഞു.
ആദ്യ ഷോട്ടില്‍ എങ്ങനെയുണ്ടായിരുന്നു? -ചോദ്യം രുദ്രാക്ഷിനോടായിരുന്നു.
ആദ്യം കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ക്യാമറയുടെ ആങ്കിള്‍ നില്‍ക്കുന്ന സ്ഥലം തുടങ്ങി സാങ്കേതികമായ കാര്യങ്ങളില്‍ പിശകുകള്‍ വന്നു. സംവിധായകന്‍ ക്ഷമയോടെ എല്ലാം പറഞ്ഞുതന്നതോടെ ഓകെയായി.
അവന് സഭാകമ്പമൊന്നും ഒട്ടും ഉണ്ടായിരുന്നില്ല. അഭിനയിക്കാനുള്ള താത്പര്യവും ആഗ്രഹവുമെല്ലാം ഉണ്ടായിരുന്നു-സുധീഷ് കൂട്ടിച്ചേര്‍ത്തു.
അച്ഛനെന്ന നിലയില്‍ ആദ്യമേ തന്നെ ഗൃഹപാഠങ്ങള്‍ കൊടുത്തിരുന്നോ?
ഇല്ല. അത് ബോധപൂര്‍വം വേണ്ടെന്നു വെച്ചതാണ്. കാരണം ഞാന്‍ പറഞ്ഞുകൊടുക്കുന്നതില്‍ വ്യത്യസ്തമായാണ് സംവിധായകന്‍ പറയുന്നതും ഉദ്ദേശിക്കുന്നതുമെങ്കില്‍ അവന്‍ കണ്‍ഫ്യൂഷന്‍ ആവേണ്ടെന്നു കരുതി. പിന്നെ സെറ്റില്‍ ചെന്നപ്പോള്‍ സംവിധായകന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഞാനും ചെറുതായി സഹായിച്ചിട്ടുണ്ടെന്നു മാത്രം.
സുധീഷും ചിത്രത്തില്‍ ഉണ്ടല്ലോ?
ഞാനിവന്റെ ചിറ്റപ്പനായാണ് അഭിനയിക്കുന്നത്. ഇവന്റെ അച്ഛനായെത്തുന്നത് ഇര്‍ഷാദാണ്. ചാക്കോച്ചനും ഇവനും തന്നെയാണ് പ്രധാനവേഷത്തില്‍. കൊച്ചൗവ്വയായി ചാക്കോച്ചനും അയ്യപ്പദാസായി ഇവനും. ചാക്കോച്ചന്റെ സുഹൃത്തിന്റെ വേഷത്തിലാണ് ഞാന്‍.
രുദ്രാക്ഷിന്റെ അനിയനേയും ക്യാമറയ്ക്കു മുന്നിലെത്തിച്ചല്ലേ?
അത് തികച്ചും യാദൃച്ഛികമായാണ്. സെറ്റില്‍ ചെന്നപ്പോള്‍ ഒരു കൗതുകത്തിന് ഇവന്റെ കുട്ടിക്കാലം വരുന്ന ചെറിയൊരു ഷോട്ടില്‍ അവനെയും അഭിനയിപ്പിച്ചു. അവനിപ്പോള്‍ ഒരു വയസ്സുകഴിഞ്ഞതേയുള്ളൂ. അഭിനയിച്ച കാര്യമൊന്നും അവന്‍ അറിഞ്ഞിട്ടില്ല. ഇര്‍ഷാദ് എടുത്ത് ഓടുന്ന ഒരു ഷോട്ടേയുള്ളൂ. അവന്‍ കരഞ്ഞ് വിളിക്കുകയും ചെയ്തു. കുട്ടിയായതുകൊണ്ട് അത് പ്രശ്നവുമായില്ല. അങ്ങനെ അറിയാതെ മാധവും (പേരിട്ടിട്ടില്ലാതെ ഈ വിളിപ്പേര്) അഭിനയിച്ചെന്ന് പറയാം.
സിനിമ റിലീസാവുമ്പോഴുള്ള സന്തോഷം, വികാരം?
ഉദയായ്ക്കു വേണ്ടിയല്ലെങ്കിലും ഉദയാ സ്റ്റുഡിയോയില്‍ ഞാനും അച്ഛനും പണ്ട് അഭിനയിച്ചുണ്ട്. ഇപ്പോള്‍ ഉദയാപോലൊരു മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ ഒരു ബാനറിന്റെ തിരിച്ചുവരവില്‍ ഭാഗഭാക്കായതിന്റെ ആഹ്ലാദമുണ്ട്. ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയോടൊപ്പം ചാക്കോച്ചനോടൊപ്പം അങ്ങനെ പലപല സന്തോഷങ്ങള്‍ ഉണ്ട്. പക്ഷേ, ഇതുകാണാന്‍ അച്ഛന്‍ ഇല്ലാതെ പോയതിന്റെ സങ്കടവും ഉണ്ട്. ഈ ചാന്‍സ് വന്നപ്പോ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അച്ഛനായിരുന്നു. മാത്രമല്ല ഏതു പടവും നാടകവും വന്നാല്‍ മുന്‍നിരയിലിരുന്നു കാണുന്നയാളാണ് അച്ഛന്‍. കൊച്ചൗവ്വകാണാന്‍ അച്ഛനില്ലാതെ പോയതിന്റെ സങ്കടം ഉണ്ട്...