എവിടെ നോക്കിയാലും മരണം. വാഹനമിടിച്ചും ബോംബുപൊട്ടിയും... എന്തിന് കൊതുകു കടിച്ചുപോലും മരണം. ഒടുവില്‍ ഈ മരണങ്ങള് കണ്ട് ഗത്യന്തരമില്ലാതെ സൂപ്പര്‍താരം മോഹന്‍ലാല്‍ ദൈവത്തിന് കത്തെഴുതി. എഴുതാതിരിക്കാനാവില്ല എന്നതുകൊണ്ടാണ് ഈ കത്തെഴുതുന്നതെന്ന് പറഞ്ഞു തുടങ്ങുന്ന കത്തില്‍ മരണത്തെക്കുറിച്ചും മരണത്തിന്റെ മനോഹാരിതയെക്കുറിച്ചും ലാല്‍ പറയുന്നുണ്ട്.
പക്ഷേ ആയുസ്സൊടുങ്ങാതെ മതത്തിന്റെ പേരില്‍, ദൈവത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നതിനോട് ലാല്‍ ദൈവത്തോട് പരിഭവിക്കുന്നുണ്ട്.. ആടി തകര്‍ത്തതിനുശേഷം പതുക്കെ പതുക്കെ നിശബ്ദമായി ഇരുളിലേക്ക് പിന്‍വലിഞ്ഞ് അപ്രത്യക്ഷമാകുന്ന അതി മനോഹര കല' എന്നാണ് ലാല്‍ മരണത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്.
മരണത്തെ അറിയണമെങ്കില്‍ ജീവിതത്തെ അറിയണമെന്നു പറയുന്ന ലാല്‍ ദൈവം ജീവിക്കാന്‍ ഭൂമിയിലേക്കയച്ച മനുഷ്യന് എത്രയും വേഗം തിരിച്ചുവരുന്നത് കണ്ട് അമ്പരക്കുന്നുണ്ടാകാം എന്നും കത്തില്‍ പറയുന്നു. ഇതിനൊരു പ്രതിവിധിയെന്താണെന്നു തനിക്കു അറിയില്ലെന്നും മോഹന്‍ലാല്‍ ദൈവത്തോട് പറയുന്നുണ്ട്. അകാലത്തില്‍ മരിക്കുന്നത് മനസിലാക്കാം എന്നാല്‍ അകാലത്തില്‍ കൊലചെയ്യപ്പെടുന്നത് മനസിലാക്കാനാകുന്നില്ലെന്നും ദൈവത്തിനും വേണ്ടിയും, മതങ്ങള്‍ക്ക് വേണ്ടിയും, വിശ്വാസങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും വേണ്ടിയും കലഹിച്ച് കൊന്നൊടുക്കുക എന്നതാകുമോ മനുഷ്യവംശത്തിന്റെ ആത്യന്തിക വിധിയെന്നും ലാല്‍ കത്തില്‍ ആശങ്ക പങ്കുവെക്കുന്നുണ്ട്.
കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗിലാണ് മോഹന്‍ലാല്‍ ദൈവത്തിനുള്ള കത്തെഴുതിയിരിക്കന്നത്. മരണം എന്ന കലയെന്നാണ് കത്തിന് പേരിട്ടിരിക്കുന്നത്.