'കനകസ്വപ്നശതങ്ങള്‍ വിരിയും...' എന്ന പാട്ട് ഒറ്റനോട്ടത്തില്‍ മോഹനരാഗമാണല്ലോ. ആദ്യവരിയില്‍തന്നെ ഒരിടത്ത് പ്രതിമധ്യമം വരുമ്പോള്‍ കല്യാണിരാഗമാണെന്നു തോന്നും. പിന്നെ ഒരിടത്തും വരുന്നില്ല. നിഷാദവും വരുന്നില്ല. പിന്നെ ഈ രണ്ടുരാഗങ്ങളുമായി ഒത്തുപോകാത്ത അന്തരഗാന്ധാരം കീഴ് സ്ഥായിലും മേല്‍സ്ഥായിയിലും വരുന്നുണ്ട്. ഞങ്ങള്‍ ശാസ്ത്രീയക്കാര്‍ക്ക് ദഹിക്കാത്ത പ്രയോഗമാണത്. പക്ഷേ, അവിടെ നല്ല ഭംഗിയുണ്ട്. നന്നായി ബ്ളെന്‍ഡ് ചെയ്യുന്നുണ്ട്. ആ രാഗത്തിന്റെ പേരെന്താണ്?'
പ്രതാപ് സിങ് ഞെട്ടി. ഭഗവാനേ ഈ ഭാഗവതര്‍ എന്നെ നക്ഷത്രമെണ്ണിക്കാന്‍ വന്നതാണോ. പ്രതാപ്, സുഗുണന്‍ ഭാഗവതരെ മെല്ലെ ദൂരെക്ക് വിളിച്ചുകൊണ്ടുപോയി, സത്യം പറഞ്ഞു. ഞാന്‍ സംഗീതം പഠിച്ചിട്ടില്ല. കുറേശ്ശെ ഹാര്‍മോണിയം വായിക്കും. പാട്ടെന്നു പറഞ്ഞാല്‍ എനിക്ക് കറുത്ത കട്ടകളും വെള്ളക്കട്ടകളുമാണ്. വിരലുകള്‍ അവയിലൂടെ താഴ്ന്നും ഉയര്‍ന്നും പറക്കുമ്പോള്‍ പിറന്നുവീഴുന്നതാണ് എന്റെ ട്യൂണുകള്‍. അല്ലാതെ നിഷാദന്‍, ഗന്ധര്‍വന്‍, ഗാന്ധാരി, സൈരന്ധ്രി, ഷഡ്പദം എന്നിവയ്ക്കൊക്കെ പാട്ടുമായിട്ടുള്ള ബന്ധം അറിയില്ല. ഇനി കുറച്ചൊക്കെ മനസ്സിലാക്കണമെന്നുണ്ട്. എന്നോടൊന്നും തോന്നരുത്, പ്ലീസ്.
ഈ മറുപടിയിലെ സത്യസന്ധതയെ പക്ഷേ, സുഗുണന്‍ മാസ്റ്റര്‍ ആദരിച്ചു. ഈ ചെറിയൊരനുഭവത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട് പ്രതാപ് സിങ് എന്ന പാട്ടുകാരന്‍. സംഗീതസംവിധായകന്‍. പേരുകേള്‍ക്കുമ്പോള്‍ ഏതോ ഉത്തരേന്ത്യക്കാരനാണെന്നു തെറ്റിദ്ധരിക്കുമെങ്കിലും തനി ഇരിങ്ങാലക്കുടക്കാരനാണീ ചെറായിക്കാരന്‍.സംഗീതം പഠിച്ചിട്ടില്ലെങ്കിലെന്താ, ചെയ്ത ഈണങ്ങള്‍ നമ്മള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്നവയാണ്. നിങ്ങളാവശ്യപ്പെടുന്ന ചലച്ചിത്രഗാനങ്ങളില്‍ ആവര്‍ത്തിച്ചു പ്രക്ഷേപണം ചെയ്യപ്പെടുന്നവയാണ്.
വിമൂകശോക സ് മൃതികളുണര്‍ത്തി
വീണ്ടും പൗര്‍ണമി വന്നൂ
വിഷാദവീചികള്‍ മാത്രം വിരിയും
വിപഞ്ചികേ നീ പാടൂ...
എന്‍.എന്‍. പിഷാരടി സംവിധാനം ചെയ്ത 'മുത്ത് ' എന്ന ചിത്രത്തിലെ ഈ ഗാനം നിത്യഹരിതമാണ്.
പ്രശസ്ത പാട്ടെഴുത്തുകാരനായ രവിമേനോന്റെ ഒരനുഭവം കൂടി പറയട്ടെ. എസ്. ജാനകിയുമായുള്ള മുഖാമുഖത്തിനിടയ്ക്ക് ഏകാന്തയാമങ്ങളില്‍ ചുണ്ടിലെത്തുന്ന സ്വന്തം പാട്ടേതാണെന്ന് അദ്ദേഹം ചോദിച്ചു. മറുപടി ഒരു പാട്ടായിയിരുന്നു.
കുളികഴിഞ്ഞ് കോടി മാറ്റിയ
ശിശിരകാല ചന്ദ്രികേ...
ആരാണീ പാട്ടൊരുക്കിയതെന്ന് ഓര്‍മയുണ്ടോ എന്നു ചോദിച്ചപ്പോള്‍ ജാനകിയമ്മയ്ക്ക് പേര് ഓര്‍മ വന്നില്ല. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പാട്ടൊരുക്കി പാടിപ്പിച്ചു. പിറ്റേദിവസം വണ്ടി കയറിയതാണ് പ്രതാപ് സിങ്. പിന്നെ മദ്രാസില്‍ തന്നെ ചുറ്റിപ്പറ്റി നിന്നിരുന്നെങ്കില്‍ ഒരു പക്ഷേ, ജീവിതം മാറിമറിഞ്ഞേനേ. പടം ഹിറ്റായില്ല, പാട്ട് ഹിറ്റായി. പടം ഹിറ്റായില്ലെങ്കില്‍ സംഗീതസംവിധായകനെ അന്വേഷിച്ചാരും ചെല്ലാറില്ലല്ലോ. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം എന്‍.എന്‍. പിഷാരടിതന്നെയാണ് പ്രതാപ് സിങ്ങിന് അടുത്ത പാട്ടും നല്‍കിയത്. അതായിരുന്നു മുത്ത് എന്ന ചിത്രം. വിമൂകശോകത്തിന് അങ്ങനെയിപ്പോള്‍ നാല്‍പ്പതാവുകയാണ്. കുളികഴിഞ്ഞും വിമൂകശോകവും മതി മലയാള സിനിമാഗാനചരിത്രത്തില്‍ പ്രതാപ് സിങ്ങിന് എന്നെന്നും നിലനില്‍ക്കാന്‍.സംഗീതം ശാസ്ത്രീയമായി പഠിക്കാതെ സിങ് എങ്ങനെ ഒരു സംഗീതസംവിധായകനായി എന്നല്ലേ?-അമ്മ സരസ്വതി ടീച്ചര്‍ സംഗീതാധ്യാപികയായിരുന്നു. നാട്ടുകാരെ സംഗീതം പഠിപ്പിച്ചെങ്കിലും മക്കളാരും അമ്മയുടെ ക്ലാസ്സില്‍ ഇരുന്നില്ല. കീര്‍ത്തനങ്ങളും സരിഗമയും ഉയരുമ്പോ അവരെല്ലാം വീട് വിടും. പക്ഷേ, തൊട്ടടുത്തെ വിക്ടറി ടാക്കീസില്‍ ഓടുന്ന ഹിന്ദി ചിത്രങ്ങളില്‍ നിന്നുയരുന്ന റഫിയുടെയും സൈഗാളിന്റെയും കിഷോര്‍കുമാറിന്റെയുമെല്ലാം ഗാനങ്ങള്‍ക്കായി പ്രതാപ് കാതോര്‍ത്തു. ഒരു സിനിമ തന്നെ പലവവട്ടം കണ്ടും ടാക്കീസിന് പുറത്തിരുന്ന് ഗാനങ്ങള്‍ കേട്ടും അവ ഹൃദിസ്ഥമാക്കി. സംഗീതം കൂടപ്പിറപ്പായുണ്ടായതുകൊണ്ടാവാം. അവ മധുരമായി പാടാന്‍ കഴിഞ്ഞതോടെ സ്‌കൂളിലും സുഹൃദ്‌സംഘങ്ങളിലും പ്രതാപ് ഒരു ഗായകനായി.
അമച്വര്‍ നാടകങ്ങള്‍ക്കും പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും സംഗീതം പകര്‍ന്നുകൊണ്ടായിരുന്നു സംഗീതസംവിധാനത്തിലേക്ക് കടക്കുന്നത്. നാട്ടിന്‍പുറങ്ങളിലെ നാടകങ്ങളില്‍ അങ്ങനെ പ്രതാപ് സിങ്ങിന്റെ നാടകഗാനങ്ങള്‍ ഹിറ്റായി. 'അങ്ങനെയിരിക്കുമ്പോഴാണ് എന്‍.എന്‍. പിഷാരടിയുടെ ആദ്യസിനിമ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ നിര്‍മിച്ച കരുണാകരന്‍ പിള്ളയുടെ മകന്‍ തമ്പി എന്റെ കൂടെ ഗാനമേളയില്‍ പാടാനെത്തുന്നത്. എന്‍.എന്‍. പിഷാരടിയുടെ ചിത്രത്തില്‍ സംഗീതസംവിധായകനാവാമോ എന്ന് തമ്പിയാണ് എന്നോട് ചോദിക്കുന്നത്. ഒരു കൈ നോക്കാനുറച്ച് ഞാന്‍ ചെന്നൈയ്ക്ക് വണ്ടി കയറി. അവിടെ ചെന്നപ്പോ സംവിധായകനും തിരക്കഥാകൃത്തും എല്ലാം റെഡിയാണ്. ഗാനരചയിതാവ് പി. ഭാസ്‌കരന്‍ മാഷ് എത്തിയിട്ടില്ല. ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോ എന്തു ചെയ്യണമെന്ന് സംവിധായകനോട് ചോദിച്ചു. ഒരു കാര്യം ചെയ്യ് ഹിന്ദിയിലെല്ലാം സംഗീതം ചെയ്ത ശേഷമാണ് പാട്ടെഴുതുന്നത്. അതുപോലെ നിങ്ങള്‍ ഈണം റെഡിയാക്കിക്കോ. മാഷ് വന്നിട്ട് അതിനനുസരിച്ച് പാട്ടെഴുതിക്കാം എന്നു പറയുന്നത്. സലില്‍ ചൗധരി ബംഗാളി ഈണങ്ങള്‍ക്കൊത്ത് പാട്ടെഴുതിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇങ്ങനെയൊരു രീതി ആരും പരീക്ഷിച്ചിരുന്നില്ല. എന്തായാലും വെറുതെയിരിക്കുകയല്ലേ. ഞാന്‍ ഈണമൊരുക്കി. ഭാസ്‌കരന്‍ മാഷ് എതിര് പറയുമോ എന്നൊരു ശങ്കയുണ്ടായിരുന്നു. പക്ഷേ, മാഷ് വന്നപ്പോ, ഞാന്‍ പലരോടും പറഞ്ഞ് നോക്കിയതാണീ രീതി. ആരും കേട്ടില്ല. ഏതായാലും നമുക്കെഴുതാം. നിമിഷങ്ങള്‍കൊണ്ട് തന്നെ മാഷ് കുളികഴിഞ്ഞ് കോടി മാറ്റിയ ശിശിരകാല ചന്ദ്രിക എഴുതി.'
പടം ഹിറ്റായില്ലെങ്കിലും കുളി കഴിഞ്ഞ് കോടിമാറ്റിയ സൂപ്പര്‍ഹിറ്റായി. ബാബുരാജ് ഗാനങ്ങളുടെ പ്രത്യേക ഗാനമേളയില്‍ ഈ പാട്ട് അവതരിപ്പിച്ചപ്പോ എനിക്ക് സന്തോഷം തോന്നി. കാരണം അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ആരാധകനാണ് ഞാന്‍. തെറ്റിദ്ധരിച്ചിട്ടാണെങ്കിലും ആ ഗാനത്തോടൊപ്പം നില്‍ക്കുന്ന ഒരു പാട്ട് ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷം.പാട്ടും കഴിഞ്ഞ് ആലുവയില്‍ തിരിച്ചെത്തിയ ഞാന്‍ പിന്നെയും എന്റെ ജോലിയില്‍ മുഴുകി. രാത്രി എട്ടുമണിയായാലും അന്നന്നത്തെ ജോലി തീര്‍ക്കുക എന്നതായിരുന്നു എന്റെ ശീലം. അവസരങ്ങള്‍ വരാതിരിക്കാനും അതും ഒരു കാരണമായിരിക്കാം. പക്ഷേ, എനിക്കതില്‍ സങ്കടമോ വേദനയോ ഇല്ല.പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ജാനകിയമ്മ തൃശ്ശൂരില്‍ വന്നപ്പോ ആ വേദിയില്‍ ഞാനുമുണ്ടായിരുന്നു. ജാനകിയമ്മയ്ക്ക് മകനെപോലെയായിരുന്ന ഫിലിപ്പിന്റെ ഓര്‍മകളുടെ വേദിയായിരുന്നു അത്. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം തിരിച്ചുവരുമ്പോള്‍ ജാനകിയമ്മയുടെ ചെവിയില്‍ ഞാനീ പാട്ട് മൂളി. ഐ ആം ദി മ്യൂസിക് ഡയറക്ടര്‍ എന്നു മെല്ലെ പറഞ്ഞു. പോകാന്‍ നോക്കിയ എന്നെ പിടിച്ചുവെച്ച് പോകരുതെന്നു പറഞ്ഞു. ഫോട്ടോയെടുപ്പും, സന്തോഷം പങ്കുവെക്കലുമായി. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം എന്‍.എന്‍. പിഷാരടി തന്നെയാണ് എന്നെ അടുത്ത പടത്തിലേക്കും ക്ഷണിക്കുന്നത്. അതും ചരിത്രത്തിന്റെ ഭാഗമായി മാറിയൊരു റെക്കോഡിങ്ങാണ്. അന്ന് ചെന്നൈ സ്റ്റുഡിയോകളിലാണ് ഗാനാലേഖനം നടക്കാറ്. നിര്‍മാതാക്കള്‍ കാശ് കുറയ്ക്കാന്‍ അത് കേരളത്തില്‍ തന്നെ ചെയ്താലോ എന്നു ചോദിച്ചു. അത് വലിയ റിസ്‌കാണ്. നല്ല സൗണ്ട് പ്രൂഫായ ഹാള്‍ വേണം. പശ്ചാത്തലസംഗീതം ഒരുക്കാന്‍ വലിയ ഒരുക്കങ്ങള്‍ വേണം. ചെന്നൈയിലാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. പക്ഷേ, നിര്‍മാതാക്കള്‍ക്ക് ഒറ്റപ്പിടി. ഞാന്‍ അവസാനം ജോണ്‍സണെ വിളിച്ചു.
ഇങ്ങനെയൊരു അവസരം വന്നിട്ടുണ്ട്. ജോണ്‍സണ്‍ കൂടെയുണ്ടാവുമെങ്കില്‍ ഞാനിത് ഏറ്റെടുക്കും ഇല്ലെങ്കില്‍ ഉപേക്ഷിക്കാം. പ്രതാപേട്ടന്‍ പേടിക്കണ്ട ഞാന്‍ വരാം. ജോണ്‍സണ്‍ ഉറപ്പു പറഞ്ഞപ്പോ ഞാനത് ഏറ്റെടുത്തു. തൃശ്ശൂരിലെ നടനനികേതന്‍ ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ റിഹേഴ്സലുകള്‍ക്കുശേഷമാണ് ഗാനം ആലേഖനം ചെയ്തത്. ചിത്രാഞ്ജലിയിലെ ദേവദാസാണ് റെക്കോഡ് ചെയ്തത്. ചീവീടുകളുടെയും മറ്റ് രാത്രിശബ്ദങ്ങളുമൊന്നും കടന്നുവരാതെയുള്ള റെക്കോഡിങ്ങ് ഒരു സംഭവംതന്നെയായിരുന്നു.
വിമൂകശോകസ്മൃതികളുയര്‍ത്തി... കെ.എസ്. നമ്പൂതിരിയാണ് രചിച്ചത്. അദ്ദേഹവും ഞാനും നാടകരംഗത്ത് ഒന്നിച്ചു പ്രവര്‍ത്തിച്ച പരിചയമാണ്. അന്ന് നാടകത്തിനുവേണ്ടി ഒരുക്കിയ ട്യൂണുമായിരുന്നു അത്. സംവിധായകന് ഈ ട്യൂണ്‍ തന്നെ വേണമെന്ന് നിര്‍ബന്ധം. അതിന്റെ വരികള്‍ മാറ്റി എഴുതി പുതിയ പാട്ടാക്കിയതാണ്. എനിക്കതിന്റെ ആദ്യത്തെ സാഹിത്യമായിരുന്നു കൂടുതല്‍ ഇഷ്ടം. വികാരപുഷ്പദലങ്ങള്‍ കൊഴിഞ്ഞു വീണ്ടും ഹൃദയമൊഴിഞ്ഞു എന്നായിരുന്നു അത്.ഈ പാട്ടിനൊന്നും എനിക്ക് പ്രതിഫലം കിട്ടിയിരുന്നില്ല. വിജയിക്കാത്ത പടമായതുകൊണ്ട് തന്നെ ചോദിക്കാനും പോയില്ല. അതു കഴിഞ്ഞ് ഞാന്‍ ഈണമിട്ട കുറേ ഗാനങ്ങള്‍ നാടകവും ലളിതഗാനവുമൊക്കെയായി ധാരാളം ഉണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം അവയെല്ലാം പുതിയ ഗായകരെക്കൊണ്ട് പാടിച്ച് റെക്കോഡ് ചെയ്തു. ഗാനരചയിതാക്കള്‍ക്ക് അര്‍ഹമായ പ്രതിഫലം കൊടുത്തുവരെ പാടിച്ചിട്ടുണ്ടായിരുന്നു. ഓര്‍ക്കസ്ട്ര ചെയ്യാന്‍ ഇപ്പോള്‍ മകന്‍ പ്രദീപ് സിങ് കൂടെയുണ്ട്. സര്‍ക്കാര്‍ സര്‍വീസിലായതിനാല്‍ അവന്റെ പേരാണ് ഞാന്‍ സംഗീതം ചെയ്തപ്പോള്‍ സ്വീകരിച്ചത്. കാനഡയില്‍ എഞ്ചിനിയറായ പ്രദീപ് ന്യൂ വെസ്റ്റ് മിനിസ്റ്റര്‍ സിംഫണി ഓര്‍ക്കസ്ട്രയില്‍ അംഗവുമാണ്. പുതുതലമുറയില്‍പെട്ട വേണുഗോപാല്‍, ഗായത്രി, മനീഷ തുടങ്ങിയവരെ കൊണ്ടാണ് പാടിപ്പിച്ചത്. കൂടെയുള്ളവര്‍ പറഞ്ഞപ്പോള്‍ അതെല്ലാം കാസറ്റിലാക്കി മാര്‍ക്കറ്റിങ് തുടങ്ങാന്‍ പ്ലാനും ചെയ്തു. എന്നാല്‍ അതുമൊരു പരാജയമായിരുന്നു എന്നു പറയുന്നതില്‍ പ്രതാപ് സിങ്ങിന് സങ്കടമില്ല. ഇപ്പോ എനിക്ക് മറ്റൊരു അസുഖമാണ്. എഴുത്ത്. ഓര്‍മകളും അനുഭവങ്ങളും കഥാരൂപത്തില്‍ എഴുതുക. എഴുതിയാല്‍ പിന്നെ അതാരെങ്കിലും വായിക്കണമെല്ലോ അങ്ങനെ പുസ്തകവുമാക്കി. ചുരുങ്ങിയ കാലം കൊണ്ട് ആറു പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്, അതില്‍ 'പാതിപാടിയ ഗസലില്‍' സംഗീതരംഗത്തെ ഇത്തരം അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.