മലയാളസിനിമ: പ്രതിഷേധത്തിന്റെയും പ്രതീക്ഷയുടെയും 2018


3 min read
Read later
Print
Share

സിനിമാതൊഴിൽരംഗത്ത് ഇന്ന് നിലനിൽക്കുന്ന ലിംഗസമവാക്യങ്ങളെ ഈ തുറന്നുപറച്ചിൽ മാറ്റും എന്നത് നിശ്ചയമാണ്.

ഴിഞ്ഞവർഷത്തെ മലയാളസിനിമയെ വിമൻ ഇൻ സിനിമാ കളക്‌ടീവിന്റെ വർഷം എന്ന്‌ വിശേഷിപ്പിക്കുന്നതാകും ശരി. എത്രയോ കാലമായി സിനിമാവ്യവസായത്തിലും ആഖ്യാനങ്ങളിലും വേരുറപ്പിച്ചുവാഴുന്ന ആൺകോയ്മകൾക്കെതിരേയുള്ള കലാപമായിരുന്നു അത്. നീതിന്യായവ്യവസ്ഥയുടെ പതിഞ്ഞ മട്ടും സിനിമയ്ക്കകത്തെ മൂലധനവ്യവസ്ഥയുടെയും പുരുഷതാരനിരയുടെയും എതിർപ്പും ഒന്നും ഈ സ്ത്രീകളുടെ മുന്നേറ്റത്തിന് തടസ്സമായില്ല. മുൻപ്‌ സംഭവിച്ചുപോയ കാര്യങ്ങൾ ഒരുപക്ഷേ, തിരുത്താനാവില്ല എങ്കിലും സിനിമാതൊഴിൽരംഗത്ത് ഇന്ന് നിലനിൽക്കുന്ന ലിംഗസമവാക്യങ്ങളെ ഈ തുറന്നുപറച്ചിൽ മാറ്റും എന്നത് നിശ്ചയമാണ്.
ജനപ്രീതി ചെറുസിനിമകൾക്ക്‌
ഈ വർഷവും കഴിഞ്ഞ കുറച്ചുവർഷങ്ങളെപ്പോലെ നിർമാണത്തോതിന്റെ കാര്യത്തിൽ 150-160 ചിത്രങ്ങൾ സെൻസർചെയ്യപ്പെട്ടു. ഇവയിൽ പത്തുശതമാനംപോലും തിയേറ്റർവരവിൽനിന്ന് അവയുടെ മുതൽമുടക്ക് തിരിച്ചെടുക്കുന്നില്ല എന്നതാണ് വാസ്തവം. ഭൂരിഭാഗം ചിത്രങ്ങളുടെയും ഏക അഭയം ടെലിവിഷനാണ്; മറ്റ്‌ ഡിജിറ്റൽ/ ഇന്റർനെറ്റ് ചാനലുകളും വേദികളും ശക്തമാവുന്നതുവരെ ഈ നില തുടരുകതന്നെ ചെയ്യും. ഇത്‌ നമ്മുടെ സിനിമാവ്യവസായത്തിന്റെ പരിമിതികളെയാണ് സൂചിപ്പിക്കുന്നത്. മുൻപ്‌ സിനിമകൾ തിയേറ്ററിന്റെ അരങ്ങിൽ വിജയം തെളിയിക്കുകയും ആഘോഷിക്കുകയും ചെയ്യുകയായിരുന്നു രീതി. എന്നാൽ ഈ രീതി വിട്ട് ഇന്ന് സിനിമ പുറത്തിറങ്ങുന്നതിന്‌ മുൻപുതന്നെ ‘ലാഭകര’മായിക്കഴിഞ്ഞുവെന്നും മറ്റുമുള്ള വിചിത്ര അവകാശവാദങ്ങൾ ഉയർത്തപ്പെടുന്നതും അത് വിപണനായുധമാകുന്നതും വ്യവസായത്തിന്റെ പരിമിതികൾകൊണ്ടുതന്നെയാകാം. റിലീസ്ചെയ്യുന്നതിനുമുൻപ്‌ ലാഭം കൊയ്തുകഴിഞ്ഞ ഒരു ചിത്രത്തിന് പ്രേക്ഷകരെ ആവശ്യമില്ലല്ലോ?
വൻ സിനിമകൾ ഇത്തരം വിപണനതന്ത്രങ്ങളുപയോഗിച്ചപ്പോൾ, ‘ചെറിയ' സിനിമകൾ തിയേറ്ററിൽതന്നെ അവയുടെ ശക്തിയും ജനപ്രീതിയും ഈ വർഷം തെളിയിക്കുകയുണ്ടായി. സുഡാനി ഫ്രം നൈജീരിയ, ഈ മ യൗ, ജോസഫ് തുടങ്ങിയ സിനിമകൾ താരങ്ങളുടെ അപ്രസക്തിയെയും ആഖ്യാനത്തിന്റെ ശക്തിയെയും കുറിച്ചുള്ള സൂചനകൾകൂടിയാണ്.
യൂത്തിന്റെ സിനിമ
ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, ടൊവിനോ തോമസ്, ചെമ്പൻ വിനോദ്, നിമിഷ സജയൻ, ജോജു ജോർജ് തുടങ്ങിയ യുവ അഭിനേതാക്കൾ സ്വന്തം വ്യക്തിത്വവും സർഗശേഷിയും തെളിയിച്ച വർഷംകൂടിയാണിത്. സാധാരണവും മാനുഷികവുമായ തോതിലുള്ള ആഖ്യാനങ്ങൾക്ക് ജനപ്രീതി നേടാനാവും എന്ന് യുവസംവിധായകർ തെളിയിച്ചു. ഒരേസമയം തികച്ചും പ്രാദേശികമായിരിക്കുമ്പോൾതന്നെ വളരെ സാർവലൗകികവും വൈവിധ്യപൂർണവുമായ പ്രമേയങ്ങൾ ഈവർഷത്തെ സിനിമകളിൽ സമന്വയിക്കുന്നത്‌ കാണാം. ആമി ഇന്ത്യയിലെ എക്കാലത്തെയും വലിയ കവിയായ കമലാദാസിന്റെ ജീവിതത്തിലേക്കും അനുഭവങ്ങളിലേക്കുമുള്ള തിരിഞ്ഞുനോട്ടമാണെങ്കിൽ കാർബൺ ഗതാനുഗതികമായ ജീവിതത്തിന്റെ മടുപ്പിക്കുന്നതും പരിമിതവുമായ വൃത്തത്തിൽനിന്ന് മായികമായ ഒരു ലോകത്തിലേക്കെത്തിപ്പെടുന്ന ഒരു ഉദാസീനനെക്കുറിച്ചാണ്. സുഡാനി ഫ്രം നൈജീരിയ ഒരേസമയം മലപ്പുറത്തെ സെവൻസ് ഫുട്ബാൾ ജ്വരത്തെക്കുറിച്ചായിരിക്കുമ്പോൾതന്നെ ലോകത്തെവിടെയുമുള്ള ദാരിദ്ര്യത്തെയും അഭയാർഥിത്വത്തെയും കുറിച്ച്‌ കൂടിയാണ്. ഈ മ യൗ അച്ഛന്റെ അവസാന ആഗ്രഹം സാക്ഷാത്കരിക്കാൻ ഒരു മകൻ നടത്തുന്ന വിഫലശ്രമങ്ങളെ നാടകീയവത്‌കരിക്കുമ്പോൾതന്നെ ഒരു പാർശ്വവത്‌കൃതസമൂഹത്തിന്റെ ആത്മീയശോഷണംകൂടി ആ വ്യക്തിദുരന്തത്തിന്റെ പിന്നിലുണ്ട്. വരത്തൻ കേരളസമൂഹത്തിൽ സ്ത്രീകളനുഭവിക്കുന്ന ഒറ്റപ്പെടലും ഭീതിയുമാണെങ്കിൽ, കൂടെ എന്ന ചിത്രം മരണത്തിനെ അതിവർത്തിക്കാൻശ്രമിക്കുന്ന ഒരു പ്രണയകഥയാണ്; പക്ഷേ, രണ്ട്‌ ചിത്രങ്ങളുടെയും കേന്ദ്രത്തിൽ ഗൾഫിൽനിന്ന്‌ മടങ്ങിവന്നവരാണ് എന്നത് യാദൃച്ഛികമല്ല; ഗൾഫ് എന്ന സാമ്പത്തികസ്രോതസ്സ് വറ്റുന്നതിനെക്കുറിച്ചുള്ള അബോധഭീതിയും അവർ തിരിച്ചെത്തുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഭയാശങ്കകളും ഇവിടെ അന്തർധാരയായി വർത്തിക്കുന്നുണ്ട്. തീവണ്ടി പുകവലിയിൽനിന്ന് രക്ഷപ്പെടുവാൻ ഒരു ചെറുപ്പക്കാരൻ നടത്തുന്ന ശ്രമങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ്‌. ഒരു കുപ്രസിദ്ധ പയ്യൻ കൊലക്കുറ്റം ആരോപിക്കപ്പെടുന്ന നിരപരാധിയായ ഒരു മനുഷ്യനെയും അയാളെ ചൂഴ്ന്നുനിൽക്കുന്ന അധികാരഘടനയെയും കുറിച്ചുള്ളതാണ്. ഈ രീതിയിൽ പ്രമേയപരവും ആഖ്യാനപരവുമായ വൈവിധ്യമുള്ള ചിത്രങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ഈ വർഷം. ഈ മ യൗ, സുഡാനി ഫ്രം നൈജീരിയ, ബിലാത്തിക്കുഴൽ തുടങ്ങിയ ചിത്രങ്ങൾക്ക് നമ്മുടെ അന്തർദേശീയ ചലച്ചിത്രമേളയിൽ ലഭിച്ച പുരസ്കാരങ്ങൾ മലയാളസിനിമയിലെ നവതലമുറയ്ക്കുള്ള അംഗീകാരംകൂടിയാണ്.
തിയേറ്റർ നിറയണം
നമ്മുടെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങൾക്ക് വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. എങ്കിലും മലയാളത്തിലെ ഗൗരവമുള്ള ചിത്രങ്ങൾ തിയേറ്ററിലെത്തുമ്പോൾ നമ്മുടെ പ്രേക്ഷകസമൂഹം പുലർത്തുന്ന പരാങ്മുഖത്വം രൂക്ഷമായിത്തന്നെ തുടരുന്നു. നീണ്ട നിയമയുദ്ധത്തിനുശേഷം തിയേറ്ററിലെത്തിയ എസ് ദുർഗ, കാ ബോഡിസ്‌കേപ്‌സ്, നിരവധി പുരസ്കാരങ്ങൾ ലഭിച്ച ഭയാനകം, സമകാലിക ഇന്ത്യൻ സമൂഹം നേരിടുന്ന രൂക്ഷമായ രാഷ്ട്രീയപ്രശ്നങ്ങൾ അവതരിപ്പിച്ച പാതിരാക്കാലം, മലയാളിമനസ്സിന്റെ സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ അവസ്ഥയെ പരിഹസിക്കുന്ന ആഭാസം എന്ന റോഡ് മൂവി, ഇതരലൈംഗികതയെ വിഷയമാക്കിയ ആളൊരുക്കം തുടങ്ങിയ ചിത്രങ്ങൾക്കൊന്നുംതന്നെ അവയർഹിക്കുന്ന ശ്രദ്ധയും താത്‌പര്യവും പ്രേക്ഷകരിൽനിന്ന് ലഭിച്ചില്ല. ഇത്‌ നമ്മുടെ സിനിമാകമ്പത്തെക്കുറിച്ച് പുനരാലോചനചെയ്യാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. പാർശ്വങ്ങളോടും വ്യത്യസ്തതയോടും മാറിസഞ്ചരിക്കുന്നതിനോടുമുള്ള ഒരു സമൂഹത്തിന്റെ നിലപാട് ഒരർഥത്തിൽ ആ സമൂഹത്തിന്റെ മാനസികനിലയെക്കൂടി സൂചിപ്പിക്കുന്നുണ്ട്
മേളയിൽ നിറഞ്ഞ മലയാളം
ഈ വർഷം കച്ചവടസിനിമപോലെത്തന്നെ ‘ആർട്ട്‌’ സിനിമാരംഗവും സജീവമായിരുന്നു. ഇത്തവണത്തെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രമായിരുന്ന ഷാജി എൻ. കരുണിന്റെ ഓള്, കേരളത്തിന്റെ അന്താരാഷ്ട്രമേളയിൽ തിരഞ്ഞെടുക്കപ്പെട്ട വിപിൻ വിജയുടെ പ്രതിഭാസം, ഗൗതം സൂര്യ, സുദീപ് ഇളമൺ എന്നിവരുടെ സ്ലീപ് ലെസ്‌ലി യുവേഴ്‌സ്, മേളയിൽ പുരസ്കാരം ലഭിച്ച വിനു കോളിച്ചാലിന്റെ ബിലാത്തിക്കുഴൽ, നിരവധി അന്താരാഷ്ട്ര മേളകളിൽ തിരഞ്ഞെടുക്കപ്പെട്ട പാമ്പള്ളിയുടെ സിഞ്ചാർ തുടങ്ങി നിരവധി ചിത്രങ്ങൾ ഈവർഷം നിർമിക്കപ്പെടുകയുണ്ടായി. ഇവയ്ക്ക് തിയേറ്റർപ്രദർശനം ലഭിക്കുമോ എന്നതും അവയർഹിക്കുന്ന ശ്രദ്ധ പ്രേക്ഷകർ അവയ്ക്ക് നൽകുമോ എന്നതും നമുക്ക് ഇപ്പോൾ പ്രവചിക്കാനാവില്ല. എങ്കിലും വിമൻ ഇൻ സിനിമാ കളക്ടീവ് കൊണ്ടുവന്ന കലാപോർജവും യുവസംവിധായകരുടെ പ്രതിഭാശേഷിയും ഒത്തുചേരുകയാണെങ്കിൽ മലയാളസിനിമ വരുംവർഷങ്ങളിൽ കുറച്ചുകൂടി സ്വതന്ത്രവും സർഗാത്മകവുമായ ഒരിടമായി മാറിയേക്കാം.
Content Highlights : Malayalam films Year ender 2018,

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram