മലയാള സിനിമയില്‍ മാറ്റത്തിന്റെ പാതയില്‍ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് ഈ പതിറ്റാണ്ട് അവസനിക്കുന്നത്. ബോക്സോഫീസിലെ കോടികളുടെ കിലുക്കം കൊണ്ട് ശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്കൊപ്പം കഥാമൂല്യമുള്ള നിരവധി ചിത്രങ്ങളും സിനിമാപ്രേമികളെ തേടിയെത്തി. വിഷയത്തിലെ മികവ് കൊണ്ട് നവാഗത സംവിധായകരടക്കമുള്ള യുവ സംവിധായകര്‍ മലയാള സിനിമയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുതിര്‍ന്ന സംവിധായകരില്‍ പലര്‍ക്കും വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. എന്നാല്‍ സത്യന്‍ അന്തിക്കാട്, ജോഷി, രഞ്ജിത്ത് തുടങ്ങിയവരുടെ ചിത്രങ്ങള്‍ വിജയം നേടിയതും ഇതോടൊപ്പം ചേര്‍ക്കുന്നു. അഭിനയത്തിനപ്പുറമുള്ള സിനിമയിലെ മറ്റു മേഖലകളില്‍ സ്ത്രീകളുടെ സാന്നിധ്യം ഊട്ടിയുറപ്പിച്ചതും ഇതേ കാലയളവിലാണ്, പ്രത്യേകിച്ച് സംവിധാന രംഗത്ത്. സാമ്പത്തികമായി നേട്ടമുണ്ടാക്കിയ കലാമൂല്യമുള്ള ചിത്രങ്ങളാണ് അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയ സംവിധായകര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച സിനിമകള്‍ നിര്‍മിക്കുന്നതില്‍ ലിംഗഭേദമില്ലാതെ സംവിധായകര്‍ മുന്നോട്ട് വന്നതും ആശാവഹമായ മാറ്റമായിരുന്നു.
പൊതു ഇടങ്ങളില്‍ ആളുകള്‍ തുറന്ന് ചര്‍ച്ച ചെയ്യാന്‍ പോലും മടിക്കുന്ന വിഷയങ്ങള്‍ വെള്ളിത്തിര സംസാരിച്ചപ്പോള്‍ അത് സമൂഹത്തില്‍ എന്തെങ്കിലും ചലനം സൃഷ്ടിച്ചുവെങ്കില്‍ അത് തന്നെയാണ് ഈ പതിറ്റാണ്ടിന്റെ ഏറ്റവും വലിയ നേട്ടം. ജാതി വിവേചനം, ആള്‍ക്കൂട്ട ആക്രമണം, മാരിറ്റല്‍ റേപ്പ്, പുരുഷാധിപത്യം, ബോഡി ഷെയ്മിങ്, ലൈംഗിക ദാരിദ്ര്യം, കപട സദാചാരം, സാമ്പത്തിക അസമത്വം തുടങ്ങി സമൂഹം ഇന്ന് നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങളെയും മലയാള സിനിമ അഭിസംബോധന ചെയ്തുവെന്നത് വളരെ പ്രത്യാശ നല്‍കുന്ന കാര്യമാണ്. ഷട്ടര്‍, കമ്മട്ടിപ്പാടം, കിസ്മത്, സുസുധി വാത്മീകം, മായാനദി, തമാശ, കുമ്പളങ്ങി നൈറ്റ്സ്, ഉയരെ, സുഡാനി ഫ്രം നൈജീരിയ, കെട്ടിയോളാണ് എന്റെ മാലാഖ, ഒറ്റമുറി വെളിച്ചം, ഉയരെ, ജല്ലിക്കട്ട്, ഇഷ്‌ക് എന്നിങ്ങനെ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളാണ് കാലിക പ്രസക്തിയുള്ള വിഷയങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലെത്തിയത്.
താരപ്പകിട്ടിനും ബജറ്റിനുമപ്പുറം തിരക്കഥയും അതിനൊത്ത അവതരണശൈലിയുമാണ് സിനിമയുടെ ശക്തി എന്ന ബോധ്യത്തിലേക്ക് പ്രേക്ഷകരെ മടക്കിക്കൊണ്ടുവന്നത് 2010 ന്റെ തുടക്കത്തിലാണ്. പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ വിലകുറച്ചു കണ്ടുകൊണ്ടിരുന്ന ഒരു പ്രവണതയില്‍ നിന്നുള്ള ഒരു മോചനമായിരുന്നു അത്. പത്മരാജന്‍, ഭരതന്‍, കെ.ജി ജോര്‍ജ് തുടങ്ങിയ മഹാരഥന്‍മാര്‍ നേതൃത്വം നല്‍കിയ ഒരു മുന്നേറ്റത്തിന്റെ തുടര്‍ച്ച 1990 കളുടെ അവസാനത്തില്‍ എപ്പോഴോ നിന്നുപോയിരുന്നു. ഈ മുന്നേറ്റത്തിന് വീണ്ടും ജീവന്‍വച്ചത് ഈ പതിറ്റാണ്ടിലായിരുന്നു. പരീക്ഷണ ചിത്രങ്ങള്‍ക്ക് പിന്തുണയുമായി ഒരു വലിയ വിഭാഗം പ്രേക്ഷകര്‍ മുന്നോട്ടുവരികയും വാണിജ്യ വിജയം നേടാനാകുമെന്ന് സിനിമാ പ്രവര്‍ത്തകര്‍ക്ക് ബോധ്യമാവുകയും ചെയ്തതോടെ മലയാള സിനിമ അന്താരാഷ്ട്രതലത്തിലും വലിയ മുന്നേറ്റങ്ങളുണ്ടാക്കി.
സാങ്കേതികവിദ്യയിലുണ്ടായ വിപ്ലവകരമായ കുതിപ്പും ഈ മാറ്റത്തിന് ഉള്‍പ്രേരകമായി എന്നത് വിട്ടുകളയാനാവാത്ത വസ്തുതയാണ്. സിനിമ എന്ന മാധ്യമം കൈയെത്തിപ്പിടിക്കാനാകാത്ത മാനത്തെ അമ്പിളിമാമന്‍ അല്ലെന്ന് തെളിയിച്ച് കൂടുതല്‍ ജനകീയമാക്കി നവാഗതര്‍ക്ക് ആത്മവിശ്വാസവും കരുത്തും നല്‍കിയത് സാങ്കേതിക വിദ്യയിലുണ്ടായ മാറ്റങ്ങളാണ്.
ഫഹദും സുരാജും
ഈ പതിറ്റാണ്ട് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് താരങ്ങളേക്കാളേറെ മികച്ച അഭിനേതാക്കളെയായിരുന്നു. അതില്‍ എടുത്തു പറയേണ്ടത് രണ്ടു പേരുകളാണ്, ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും. കയ്യെത്തും ദൂരത്ത് എന്ന ആദ്യ ചിത്രത്തിന് ശേഷം പ്രേക്ഷകര്‍ എഴുതിത്തള്ളിയ നടനായിരുന്നു ഫഹദ്. വര്‍ഷങ്ങള്‍ക്ക് ശേഷം 2009 ല്‍ തിരിച്ചെത്തിയ ഫഹദ് വലിയ ബഹളങ്ങളൊന്നുമില്ലാതെ സിനിമയുടെ അവിഭാജ്യ ഘടകമായി. തനിക്ക് ലഭിക്കുന്ന കഥാപാത്രം അത് നായകനോ പ്രതിനായകനോ സഹനായകനോ ആകട്ടെ, സ്വാഭാവികമായ ശൈലിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ സാധിച്ചതായിരുന്നു ഫഹദിന്റെ വിജയം. മലയാള സിനിമയിലെ മുന്‍നിര നായകനായപ്പോഴും ഫാന്‍ അസോസിയേഷന്‍ പോലുള്ള സാമ്പ്രദായിക രീതികളോട് നോ പറഞ്ഞ നടന്‍. അതെല്ലാം ഫഹദിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.
ഒരാളെ കരയിപ്പിക്കാന്‍ എളുപ്പമാണ്, എന്നാല്‍ ചിരിപ്പിക്കാന്‍ എളുപ്പമല്ലെന്ന് പൊതുവേ പറയും. പ്രേക്ഷകരെ ചിരിപ്പിക്കാനായി മാത്രം അഭിനയിച്ചിരുന്ന ഒരു നടനായിരുന്നു സുരാജ്. എന്നാല്‍ തുടര്‍ച്ചയായി ഹാസ്യ കഥാപാത്രങ്ങള്‍ മാത്രം കൈകാര്യം ചെയ്തതോടെ ടൈപ്പ് വേഷങ്ങളില്‍ നിന്ന് സുരാജിന് മോചനം ഉണ്ടായിരുന്നില്ല. സുരാജ് എന്ന നടന്‍ ആ ചട്ടക്കൂട് പൊളിച്ച് പുറത്തിറങ്ങിയപ്പോള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ്. പേരറിയാത്തവന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ അവസരത്തിലാണ് സുരാജിന്റെ പ്രതിഭയെ പ്രേക്ഷകര്‍ സസൂക്ഷമം നോക്കി കാണാന്‍ ആരംഭിച്ചത്. പിന്നീട് വളരെ ചെറുതാണെങ്കില്‍ പോലും ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ സുരാജ് അവതരിപ്പിച്ച വേഷം തിയേറ്ററുകളില്‍ കയ്യടിനേടി. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഇതാ ഒടുവില്‍ ഡ്രൈവിങ് ലൈസന്‍സ് വരെ എത്തി നില്‍ക്കുന്നു സുരാജിന്റെ ജൈത്രയാത്ര.
മഞ്ജുവും പാര്‍വതിയും
അഭിനേത്രികളുടെ കാര്യം പറയുകയാണെങ്കില്‍ തിരിച്ചുവന്ന മഞ്ജുവാര്യരും ചെറുത്തുനിന്ന പാര്‍വതിയുമാണ് ഈ പതിറ്റാണ്ടിലെ താരങ്ങള്‍. മലയാള സിനിമയിലെ മികച്ച അഭിനേത്രിയായി പേരെടുത്ത് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് സിനിമയോട് വിടപറഞ്ഞ് മഞ്ജു വാര്യര്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. വെറും നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് മഞ്ജു ഇതെല്ലാം നേടിയത് എന്ന വസ്തുതയാണ് ഇതില്‍ ഏറ്റവും അത്ഭുതകരം. സിനിമയോട് വിട പറഞ്ഞ മഞ്ജു പിന്നീട് 2014 ല്‍ അപ്രതീക്ഷിതമായി മടങ്ങിയെത്തി. മഞ്ജുവിന്റെ തിരിച്ചു വരവ് വെറുതെയായിരുന്നില്ല, ഇന്ന് പോസ്റ്ററില്‍ മഞ്ജുവിന്റെ ചിത്രം മാത്രം കണ്ട് പ്രേക്ഷകര്‍ ധൈര്യമായി ടിക്കറ്റെടുക്കും. മലയാള സിനിമയിലെ അഭിനേത്രികളില്‍ ഷീല തുടങ്ങി വച്ച ഈ ട്രെന്‍ഡ് ഇന്ന് എത്തി നില്‍ക്കുന്നത് മഞ്ജുവിലാണ്.
മലയാള സിനിമയില്‍ പാര്‍വതി നേരിട്ട വെല്ലുവിളി മറ്റൊരു അഭിനേത്രിയും നേരിട്ടു കാണില്ല. അപ്രിയ സത്യങ്ങള്‍ തുറന്ന് പറഞ്ഞ് സിനിമയ്ക്ക് അകത്തും പുറത്തും പാര്‍വതി സൃഷിച്ച വിപ്ലവം സമാനതകളില്ലാത്തതായിരുന്നു. ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ പാര്‍വതിയെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഒരു കൂട്ടമാളുകള്‍ രംഗത്തുവരികയും പല നിര്‍മാതാക്കളും കൈവെടിയുകയും ചെയ്തുവെങ്കിലും ഈ നടി മുട്ടു മടക്കിയില്ല. ഉയരെ എന്ന ചിത്രത്തിലൂടെ ആസിഡ് അതിക്രമത്തെ അതിജീവിച്ച പല്ലവിയുടെ കഥയുമായി വന്ന പാര്‍വതി വിമര്‍ശകരുടെ വായടപ്പിച്ചു. ഉയരെ പല്ലവിയുടെ മാത്രമല്ല മലയാള സിനിമയിലെ പാര്‍വതിയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ്.
പുതിയ സമവാക്യങ്ങളുമായി ലിജോ ജോസ് പെല്ലിശ്ശേരി
പ്രേക്ഷകരുടെ ആസ്വാദനത്തിനും അഭിരുചിയ്ക്കുമനുസരിച്ച് മാറാതെ, തന്റെ ശൈലിയിലൂടെ പ്രേക്ഷകരെ നടത്തിയ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ പതിറ്റാണ്ടിലെ മലയാള സിനിമയുടെ സംവിധായകന്‍. ''ഹോളിവുഡ് ശൈലിയില്‍ സിനിമയെടുത്താലല്ലേ മലയാള സിനിമ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടൂ'' എന്ന ചോദ്യത്തിന്, ''അങ്ങനെ സിനിമയെടുക്കാന്‍ ഹോളിവുഡില്‍ ആള്‍ക്കാരില്ലേ, നമ്മള്‍ സിനിമയെടുക്കേണ്ടത് നമ്മുടെ കഥയല്ലേ'' എന്ന് ചോദിച്ച സംവിധായകനാണ് അദ്ദേഹം.
ഓരോ സിനിമ ചെയ്യുമ്പോഴും അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. ചില സിനിമകള്‍ സാമ്പത്തിക വിജയം നേടിയില്ലെങ്കില്‍ തന്റെ ശൈലി മാറ്റാന്‍ അദ്ദേഹം തയ്യാറായില്ല. പകരം ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ സിനിമ വരുമ്പോള്‍ തിയ്യറ്ററിലേക്ക് ഓടുന്ന ഒരു വിഭാഗം പ്രേക്ഷകരെ അദ്ദേഹം സൃഷ്ടിച്ചു. ആമേന്‍, അങ്കമാലി ഡയറീസ്, ഈ മ യൗ തുടങ്ങി ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയം വളരെ ഭാന്ത്രമായി പ്രേക്ഷകരിലെത്തിച്ച ജല്ലിക്കെട്ട് വരെ എത്തി നില്‍ക്കുന്നു ലിജോയുടെ യാത്ര. ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ തുടര്‍ച്ചയായി രണ്ടുവട്ടം രജതമയൂര പുരസ്‌കാരം നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സ്ഥാനം ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമാണ്.
സിംഹാസനം ഇളകാതെ മമ്മൂട്ടിയും മോഹന്‍ലാലും
കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാളിയോടൊപ്പമുള്ള രണ്ടു പേരുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മികച്ച നടന്മാരെന്ന നിലയിലും സൂപ്പര്‍താരങ്ങളെന്ന നിലയിലും മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങളിലൂടെ തങ്ങളുടേതായ ഇടംനേടിയ വ്യക്ത്വിത്വങ്ങള്‍. ആ സിംഹാസങ്ങള്‍ക്ക് ഈ പതിറ്റാണ്ടിലും യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല. ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ മുന്നേറി. ദൃശ്യവും പുലിമുരുകനും ലൂസിഫറുമെല്ലാം അതിനുദാഹരണങ്ങളാണ്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, പത്തേമാരി ഇപ്പോഴിതാ മാമാങ്കം വരെ എത്തി നില്‍ക്കുന്നു മമ്മൂട്ടിയുടെ ജൈത്രയാത്ര. മറ്റു ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം മികച്ച അഭിനേതാക്കള്‍ കൂടിയാണെന്ന് ഒരിക്കല്‍ നടന്‍ സിദ്ദീഖ് പറഞ്ഞിട്ടുണ്ട്. അഭിനയിക്കാന്‍ അറിയാത്തവരെ മലയാളികള്‍ അധികകാലം വച്ചു പൊറുപ്പിക്കുകയില്ല എന്നത് സത്യമാണ്. ഏത് ന്യൂജനറേഷന്‍ തരംഗത്തിലും മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നുണ്ടെങ്കില്‍ മലയാള സിനിമയില്‍ അവരുടെ പ്രതിഭയ്ക്ക് പകരംവയ്ക്കാന്‍ നാളിതുവരെ മറ്റൊരാളും ജനിച്ചിട്ടില്ല എന്നത് കൊണ്ടു തന്നെയാണ്. ഈ സത്യം അംഗീകരിച്ചേ മതിയാകൂ..
സിനിമയിലെ സ്ത്രീകള്‍ ചോദിക്കുന്നു...
മലയാള സിനിമയിലെ അല്ലെങ്കില്‍ ലോക സിനിമയിലെ തന്നെ പുരുഷമേധാവിത്തത്തോട് യുദ്ധം പ്രഖ്യാപിച്ചാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചത്. മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ തുടര്‍ന്നായിരുന്നു തുടക്കം. സിനിമയിലെ സ്ത്രീകള്‍ ഇന്നേവരെ ഉന്നയിച്ചിട്ടില്ലാത്ത അല്ലെങ്കില്‍ പൊതു സമൂഹം ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളാണ് ഡബ്ല്യൂ.സി.സി മുന്നോട്ട് വച്ചത്. അതില്‍ സിനിമാ സെറ്റിലെ ശുചിമുറി മുതല്‍ തുല്യവേതനം വരെ ഉണ്ടായിരുന്നു. മീ ടൂ മൂവ്മെന്റിന്റെ ഭാഗമായി ഡബ്ല്യൂ.സി.സി നടത്തിയ വാര്‍ത്താസമ്മേളനവും വെളിപ്പെടുത്തലുമെല്ലാം കോളിളക്കം സൃഷ്ടിച്ചു. വനിതാ കൂട്ടായ്മ ചോദ്യങ്ങളില്‍ ചിലത് പുരുഷ കേന്ദ്രീകൃതമായ സമൂഹത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. അതിന് തെളിവായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ സംഘടനയും സംഘടനയിലെ അംഗങ്ങളും നേരിട്ട ആള്‍ക്കൂട്ട ആക്രമണം.
സ്ത്രീവിരുദ്ധത, ബോഡി ഷെയ്മിങ്
സ്ത്രീ വിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്ന സംഭാഷണങ്ങളും രംഗങ്ങളും ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങിയത് ഈ പതിറ്റാണ്ടിലുണ്ടായ വിപ്ലവകരമായ മാറ്റമാണ്. സാമൂഹിക മാധ്യമങ്ങളുടെ വരവോടെ പൊതു സമൂഹവും അത് ഏറ്റെടുത്തതോടെ സിനിമാപ്രവര്‍ത്തകരില്‍ ചിലരെങ്കിലും ആത്മപരിശോധനയ്ക്കായി തയ്യാറായത് ഏറെ പ്രത്യാശ നല്‍കുന്ന ഒന്നാണ്. നായകന്‍ എന്തു പറഞ്ഞാലും അത് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരില്‍ നിന്ന് അതിനെ വിമര്‍ശിക്കുന്ന ഒരു വിഭാഗം രംഗത്ത് വരികയും ചെയ്തതോടെ സ്ത്രീവിരുദ്ധതയ്ക്ക് സിനിമയില്‍ മാര്‍ക്കറ്റ് ഇടിഞ്ഞ് തുടങ്ങി. അതുപോലെ തന്നെയായിരുന്നു ബോഡി ഷെയ്മിങ്ങ് എന്ന വിഷയവും. കരിഭൂതം, കൊടക്കമ്പി, തടിയന്‍, തടിച്ചി തുടങ്ങിയ വാക്കുകള്‍ പരിഹസിക്കാനായി ഉപയോഗിക്കുന്നത് അത്രയും മാനുഷിക വിരുദ്ധമാണെന്ന തിരിച്ചറിവുണ്ടായതും ഈ പതിറ്റാണ്ടിലാണ്.
നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, യൂട്യൂബ്
സാങ്കേതികവിദ്യയിലുണ്ടായ വിപ്ലവകരമായ കുതിപ്പ് പ്രേക്ഷകരുടെ ആസ്വാദന രീതിയിലും ഈ കാലയളവില്‍ വന്‍ സ്വാധീനമാണ് ചെലുത്തിയത്. സിനിമയ്ക്കുള്ള സ്വീകാര്യത വെബ് സീരീസുകള്‍ക്കും ലഭിച്ചത് അതിനുള്ള തെളിവാണ്.
ആഗോള തലത്തിലുണ്ടായ മാറ്റങ്ങള്‍ മലയാള സിനിമയിലും പ്രതിഫലിച്ചു. പണ്ടു കാലത്ത് ഗോഡ് ഫാദറും ചിത്രവുമെല്ലാം ഒരു വര്‍ഷത്തിലേറെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചരിത്രം മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഇന്ന് അത് സാധ്യമല്ല. പൈറസി സിനിമയ്ക്ക് വലിയ ഭീഷണിയായ സാഹചര്യത്തില്‍ തിയേറ്ററില്‍ സിനിമയുടെ ആയുസ്സ് വളരെ പെട്ടന്ന് തന്നെ അവസാനിക്കുകയും ഇത് പണം മുടക്കിയവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നിവയുടെ കടന്നുവരവ്. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ തന്നെ ഇന്നത്തെ കാലത്ത് ഇത്തരം വീഡിയോ പ്ലാറ്റ്ഫോമുകളില്‍ സിനിമകള്‍ ലഭ്യമാണ്. നിശ്ചിത തുക സബ്സ്‌ക്രിപ്ഷന്‍ ഫീയായി നല്‍കിയാല്‍ ഉപഭോക്താവിന് അത് അവരുടെ സ്വന്തം ഫോണില്‍ കാണാനുള്ള അവസരം ലഭിക്കും.
സ്മാര്‍ട്ട് ഫോണുകളുടെ കടന്നുവരവ് അമച്വര്‍ സിനിമകള്‍ക്ക് കരുത്തു പകര്‍ന്നു. യൂട്യൂബ് കൂടുതല്‍ ജനകീയമായത് ഷോര്‍ട്ട് ഫിലിം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു. ഇന്ന് ഏതൊരാള്‍ക്കും സിനിമ എടുക്കാം, അത് നല്ലതോ ചീത്തയോ ആകട്ടെ. വലിയ മുടക്കുമുതലില്ലാത്ത നമുക്കത് നാലാളില്‍ എത്തിക്കാം.
സോഷ്യല്‍ മീഡിയ
സിനിമയുടെ ഭാവി തീരുമാനിക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് നിര്‍ണായകമായത് ഈ പത്തുവര്‍ഷത്തിനിടെയാണ്. ഇത് മലയാള സിനിമയ്ക്ക് മാത്രം ബാധകമായ കാര്യമല്ല, ലോകമെമ്പാടുമുള്ള സിനിമാ ഇന്‍ഡസ്ട്രികളില്‍ സോഷ്യല്‍ മീഡിയ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇന്ന് ഒരോ പ്രേക്ഷകനും നിരൂപകരാണ്. ഈ വിധിയെഴുത്ത് സിനിമയുടെ വിജയത്തെയും പരാജയത്തെയും ഒരു പരിധിവരെ നിര്‍ണയിക്കുന്നു. സോഷ്യല്‍ മീഡിയയുടെ ഇടപെടലിന് ധാരാളം ഗുണങ്ങളുണ്ടെങ്കിലും അതുപോലെ തന്നെ ദൂഷ്യവശങ്ങളുമുണ്ട്. തരംതാഴ്ന്ന ഫാന്‍ഫൈറ്റിനും ഡീഗ്രേഡിങ്ങിനും പൈറസിക്കും സോഷ്യല്‍ മീഡിയ ആയുധമാകുമ്പോള്‍ അത് സിനിമയെ പ്രതികൂലമായി ബാധിക്കുന്നു.
തിയേറ്ററുകളിലേക്കുള്ള തിരിച്ചുവരവ്
2000 ന് ശേഷം കടുത്ത പ്രതിസന്ധി അനുഭവിച്ചു കൊണ്ടിരുന്ന തിയേറ്റര്‍ വ്യവസായം ഉയര്‍ത്തെഴുന്നേറ്റത് ഈ പതിറ്റാണ്ടിലാണ്. സിനിമയിലുണ്ടായ വിപ്ലവകരമായ ഈ പരീക്ഷണങ്ങള്‍ തിയേറ്ററുകളിലേക്ക് ആളുകളെ മടക്കി കൊണ്ടുവന്നു. ജീര്‍ണിച്ച് തുടങ്ങിയ സിനിമാ തിയേറ്ററുകള്‍ പുതുക്കി പണിയാന്‍ ഉടമകള്‍ക്ക് അത് പ്രചോദനായി. സിംഗിള്‍ സ്‌ക്രീനില്‍ നിന്ന് മള്‍ട്ടിപ്ലക്സുകളിലേക്ക് കൂടുമാറി.
Content Highlights: Malayalam Cinema revolutionary changes in a decade, 2010-2020, Fahadh Fasil, Suraj, Parvathy, Manju Warrier, Lijo Jose Pellissery, Anjali menon, Netflix, Amazon Prime, Mammootty, Mohanlal