വെള്ളിത്തിരയിലേക്ക് വീരനായകർ


സൂരജ് സുകുമാരൻ

3 min read
Read later
Print
Share

ബാഹുബലിയും കായംകുളം കൊച്ചുണ്ണിയും നേടിയ പ്രദർശനവിജയങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ട് ചരിത്രത്തെയും ഐതിഹ്യങ്ങളെയും പശ്ചാത്തലമാക്കി ആറിലധികം ബിഗ്ബജറ്റ് സിനിമകളാണ് 2019-ൽ മലയാളത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത്.

2018-ന്റെ കൂട്ടലുകൾക്കും കിഴിക്കലുകൾക്കും ശേഷം പ്രതീക്ഷയുടെ വെളിച്ചവുമായി മലയാള സിനിമ പുതുവർഷത്തിലേക്ക് ചുവടുവെച്ചുകഴിഞ്ഞു. പോയ വർഷങ്ങളിലൊന്നും മലയാളം കാണാത്ത വിധത്തിൽ ചരിത്രത്തെയും ഐതിഹ്യങ്ങളെയും പശ്ചാത്തലമാക്കി ആറിലധികം ബിഗ്ബജറ്റ് സിനിമകളാണ് 2019-ൽ അണിയറയിൽ ഒരുങ്ങുന്നത്. അതിൽ കുഞ്ഞാലിമരക്കാറായി മോഹൻലാലും മമ്മൂട്ടിയും വരുന്ന രണ്ടു സിനിമകൾ എന്ന അപൂർവതയും ഉണ്ട്. മാമാങ്കം, കുഞ്ഞാലിമരക്കാർ നാല് എന്നീ സിനിമകളിലൂടെ ചരിത്ര സിനിമകളുടെ ഇഷ്ടനായകനായ മമ്മൂട്ടിയാണ് കൂട്ടത്തിൽ മുൻപന്തിയിൽ. മധുപാൽ- ശ്രീകുമാർ- മമ്മൂട്ടി ടീമിന്റെ കർണനും ചർച്ചകളിൽ സജീവം. അയ്യപ്പൻ, കാളിയൻ എന്നീ സിനിമകളിലൂടെ യുവതാരം പൃഥ്വിരാജ് ഉറുമിക്ക് പിന്നാലെ വീണ്ടും ചരിത്രനായകനാകുകയാണ്. കുഞ്ഞാലിമരക്കാർ- അറബിക്കടലിന്റെ സിംഹത്തിലൂടെ മോഹൻലാൽ സൃഷ്ടിക്കാനൊരുങ്ങുന്നതും പുതുചരിത്രം തന്നെ. മോഹൻലാൽ- എം.ടി. -ശ്രീകുമാർ മേനോൻ ചിത്രം രണ്ടാമൂഴം നിയമക്കുരുക്കിൽ എത്തിയതിനാൽ 2019-ൽ യാഥാർഥ്യമാവാനുള്ള സാധ്യത വിരളമാണ്. വിക്രമിനെ നായകനാക്കി ആർ.എസ്. വിമലൊരുക്കുന്ന ‘മഹാവീർ കർണ’ന്റെയും ലൊക്കേഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. തെലുഗ് ചിത്രം ബാഹുബലിയുടെ ഇരുഭാഗങ്ങളും മലയാളത്തിലടക്കം ഇതരഭാഷകളിൽ നേടിയ വൻവിജയമാണ് വീണ്ടും ബിഗ്ബജറ്റ് സിനിമകളൊരുക്കാൻ മലയാള സംവിധായകർക്കും നിർമാതാക്കൾക്കും ധൈര്യം നൽകുന്നത്. 2018-ൽ പുറത്തിറങ്ങിയ ചരിത്ര സിനിമ കായംകുളം കൊച്ചുണ്ണി ബോക്‌സോഫീസിൽ വിജയംകൊയ്തിരുന്നു.

മരക്കാർ: അറബിക്കടലിന്റെ സിംഹം
ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ-പ്രിയദർശൻ ടീം ‘ഒപ്പ’ത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം. ബിഗ്ബജറ്റിലൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദ് റാമോജി റാവു ഫിലിംസിറ്റിയിൽ ആരംഭിച്ചു. സാമൂതിരിമാരുടെ കടൽകാവൽക്കാരനായ കുഞ്ഞാലിമരക്കാറിന്റെ കഥയാണ് ചിത്രം പറയുന്നത്. മരക്കാറായുള്ള മോഹൻലാലിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ഇതിനകംതന്നെ പുറത്തുവരുകയും ചർച്ചയാവുകയും ചെയ്തുകഴിഞ്ഞു. ആന്റണി പെരുമ്പാവൂർ, സി.ജെ. റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. തമിഴ്‌നടൻ അർജുൻ, ബോളിവുഡ് താരം സുനിൽഷെട്ടി, മഞ്ജുവാരിയർ, കീർത്തിസുരേഷ്, മധു, സിദ്ദിഖ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളാകുന്നത്. ബാഹുബലി അടക്കമുള്ള സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ച മലയാളി സാബുസിറിളാണ് മരക്കാറിന്റെ പശ്ചാത്തലവും ഒരുക്കുന്നത്. തിരു ആണ് ഛായാഗ്രഹണം.
മാമാങ്കം
ചാവേറുകളുടെ നിണത്താൽ ചുവക്കുന്ന നിളയുടെ തീരത്തെ പോരാട്ടങ്ങളുടെ ചരിത്രമാണ് മാമാങ്കം. 17- ാം നൂറ്റാണ്ടിൽ സാമൂതിരിഭരണകാലത്ത് നടന്ന ഈ നദീതീര ഉത്സവത്തെ അടിസ്ഥാനമാക്കി സജീവ് പിള്ള ഒരുക്കുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തിൽ നായകനാകുന്ന മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുക. ഇതിൽ സ്ത്രൈണഭാവമുള്ള കഥാപാത്രമായും മമ്മൂട്ടി എത്തുന്നുണ്ടെന്നാണ് സൂചന. വൻബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം കർണാടകയിൽ പൂർത്തിയായി. ചിത്രത്തിൽ സാമൂതിരിക്കെതിരേ പടനയിക്കുന്ന ചാവേർസംഘത്തിലെ പോരാളിയായാണ് മമ്മൂട്ടി വേഷമിടുന്നത്. താരനിർണയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായതിനാൽ നീണ്ടുപോയ രണ്ടാംഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. നീരജ് മാധവ്, പ്രാച്ചി ടെഹ് ലാൻ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ.
കാളിയൻ
നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് കാളിയൻ. കുഞ്ചിറക്കോട്ട് കാളിയെന്ന കാളിയനായി എത്തുന്നത് പൃഥ്വിരാജാണ്. തെക്കൻ കഥാഗാനങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് സിനിമ ഒരുക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ വേണാടിന്റെ ചരിത്രത്തിലെ ധീരോദാത്തമായ ഒരു പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിനാസ്പദം. മാജിക്മൂൺ പ്രൊഡക്ഷൻസിനു വേണ്ടി രാജീവ് നായരാണ് ചിത്രം നിർമിക്കുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രഗല്‌ഭരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുക. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന കാളിയന്റെ രചയിതാവ് ബി.ടി. അനിൽകുമാറാണ്. വിഖ്യാത സംഗീതത്രയങ്ങളായ ശങ്കർ-എഹ്‌സാൻ-ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നൽകുന്നു എന്ന പ്രത്യേകതയും കാളിയനുണ്ട്. ബോളിവുഡിലെ പ്രമുഖ സൗണ്ട് ഡിസൈനർ ഷജിത് കൊയേരിയാണ് ശബ്ദസംവിധായകൻ. തമിഴ് നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രമാകും. കഴിഞ്ഞ വർഷം പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.
അയ്യപ്പൻ
പൃഥ്വിരാജിനെ നായകനാക്കി ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന ചിത്രമാണ് അയ്യപ്പൻ. സ്വാമി അയ്യപ്പന്റെ യഥാർഥ ജീവിതകഥയാണ് സിനിമയാക്കുന്നത്. Raw Real Rebel എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്ന സമയത്ത് വരുന്ന സിനിമയായതിനാൽ അതിന് ഏറെ പ്രാധാന്യവുമുണ്ട്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനായിരിക്കും നിർമാണം. അന്യഭാഷകളിൽനിന്ന് അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാകുമെന്നും ബഹുഭാഷകളിലാണ് ചിത്രമൊരുക്കുകയെന്നും അണിയറപ്രവർത്തകർ പറഞ്ഞു. ഏപ്രിൽ മാസത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
മഹാവീർ കർണ
എന്ന് നിന്റെ മൊയ്തീൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീർ കർണ. ചിയാൻ വിക്രം നായകനാകുന്ന ചിത്രം മഹാഭാരത കഥയെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തിലെ നായകനായി ആദ്യം പൃഥ്വിരാജിനെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ചിത്രത്തിലെ കർണന്റെ രഥത്തിൽ കെട്ടാനുള്ള മണിയുടെ പൂജ അടുത്തിടെയാണ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത്. രാമോജി റാവു ഫിലിം സിറ്റിയിലാണ് പ്രധാനമായും ചിത്രീകരണം നടക്കുക. ബഹുഭാഷകളിലൊരുങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് ഏകദേശം 200 കോടിയാണ്. വിദേശരാജ്യങ്ങളിൽനിന്നുള്ള സാങ്കേതിക പ്രവർത്തകരെയാണ് ചിത്രത്തിനായി എത്തിക്കുന്നത്.
കുഞ്ഞാലിമരക്കാർ നാലാമൻ

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞാലി മരക്കാർ നാല്. സാമൂതിരിയുടെ കടൽകാവൽക്കാരനായ കുഞ്ഞാലി മരക്കാർ നാലാമന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തീയതിയോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ മരക്കാർ പൂർത്തിയായശേഷം മമ്മൂട്ടിയുടെ മരക്കാർ തുടങ്ങാനാണ് പദ്ധതിയെന്നാണ് സൂചന. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
Content Highlights: Maamaankam marakkar arabikadalinte simham kaliyan prithviraj ayyapan mammootty mohanlal historical films

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram