നടന് കമല്‍ഹാസന്‍ സിനിമകളില്‍ മാത്രമല്ല, വിവാദങ്ങളിലും എന്നും നായകനാണ്. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും വളച്ചൊടിക്കപ്പെടുകയും വിമര്‍ശനങ്ങളിലേക്കും വന്‍പ്രതിഷേധങ്ങളിലേക്കും കടന്നു ചെല്ലുന്നു. ഇപ്പോള്‍ കമലിനെച്ചൊല്ലി തമിഴകത്ത് വിവാദങ്ങള്‍ വീണ്ടും പുകയുകയാണ്. സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ കമല്‍ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ തമിഴ്ഭാഷയെയും സംസ്‌ക്കാരത്തെയും അപകീര്‍ത്തിപ്പെടുത്തിയതായി തുടങ്ങിയ വിവാദം ഇപ്പോള്‍ ഭരണകൂടത്തിലേക്കു കടന്നു ചെന്നു. ആദം ഹിന്ദു മക്കള്‍ കക്ഷിയാണ് രംഗത്തെത്തിയത്. ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരും കമലിനെതിരെ തിരിഞ്ഞു.
ഭരണ സമ്പ്രദായത്തില്‍ അപാകമുണ്ടെന്നും അഴമതി തുടച്ചുനീക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വരണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ തെളിവില്ലാതെ എങ്ങനെ കമല്‍ തമിഴ്‌നാട്ടിലെ ജനപ്രതിനിധികള്‍ക്കു നേരെ ആരോപണമുന്നയിച്ചു എന്ന മറുചോദ്യങ്ങളാണ് മന്ത്രിമാരും എം.എല്‍.എമാരും ചോദിച്ചു കൊണ്ടിരിക്കുന്നത്. നിയമസഭ യോഗത്തില്‍ ദിനവും കമലിനെതിരെയുളള പരാമര്‍ശങ്ങളാണ് ഉണ്ടാവുന്നത്. കമല്‍ഹാസന്‍ നടനേ അല്ലെന്നും തോന്നിയതു വിളിച്ചു പറഞ്ഞ് ജശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ചില മന്ത്രിമാര്‍ ആരോപിച്ചു. സിനിമയില്‍ കമല്‍ വിശുദ്ധനല്ലെന്നാണ് മറ്റൊരു കൂട്ടം ആക്ഷേപിക്കുന്നത്. കമല്‍ഹാസനെതിരെ നികുതി പരിശോധന നടത്തുമെന്നും നിയമനടപടി എടുക്കുമെന്നും സര്‍ക്കാര്‍ ഭീഷണി മുഴക്കി.
സംസ്ഥാനത്തെ എല്ലാ വകുപ്പുകളും അഴിമതിയുടെ പിടിയിലാണെന്ന് നേരത്തെയും കമല്‍ ആരോപിച്ചിരുന്നു. ഏതാനും മാസം മുമ്പ് മഹാഭാരതത്തെ ആക്ഷേപിച്ചെന്നു ആരോപിച്ച് വിവാദമുയര്‍ന്നിരുന്നു. തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് കമല്‍ പാഞ്ചാലിയെക്കുറിച്ചു പരമാര്‍ശിച്ചത്. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമം പുരാണ ഇതിഹാസങ്ങളില്‍ വരെ പ്രതിപാദ്യവിഷയമാണെന്നും പഞ്ചാലിയെ സാക്ഷിയാക്കി ചൂതുകളിച്ചത് ഇതിനു ഉദാഹരണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മതവികാരങ്ങള്‍ മുറിവേല്‍പ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകള്‍ രംഗത്തെത്തി.
കമല്‍ഹാസന്റെ ഓരോ ചിത്രങ്ങളും പുറത്തിറങ്ങുന്നത് വിവാദങ്ങളുടെ അകമ്പടിയോടെയാണ്. തേവര്‍ മകന്‍ പുറത്തിറങ്ങിയപ്പോള്‍ തേവര്‍ സമുദായക്കാരും സംഘടനകളും രംഗത്തെത്തി. ഹേറാം എന്ന ചിത്രത്തിന്റെ പ്രമേയം ഗാന്ധിജിയുടെ വധമായിരുന്നു. ഇതിലൂടെ രാഷ്ട്രപിതാവിന്റെ പ്രതിഛായക്കു മങ്ങലേല്‍പ്പിച്ചു എന്നാരോപിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. വിരുമാണ്ടി എന്ന ചിത്രത്തിന് തുടക്കം മുതല്‍ കഷ്ടകാലമായിരുന്നു. സണ്ടിയാര്‍ എന്നാണ് ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. പുതിയ തമിഴകം നേതാവ് ഡോ. കൃഷ്ണസ്വാമി ചിത്രത്തിന്റെ പേര് അവഹേളനമാണെന്ന പരാതിയുമായി രംഗത്തിറങ്ങിയതോടെ വിരുമാണ്ടി എന്ന് പേരു മാറ്റേണ്ടി വന്നു. അതേസമയം 2014 ല്‍ ചോഴദേവന്‍ എന്ന സംവിധായകന്‍ സണ്ടിയാര്‍ എന്ന പേരില്‍ മറ്റൊരു ചിത്രം പുറത്തിറക്കിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് യാതൊരു എതിര്‍പ്പും തലപൊക്കിയില്ല.
മന്‍മഥന്‍ അമ്പ് എന്ന ചിത്രത്തില്‍ കമല്‍ രചിച്ച ഗാനമായിരുന്നു പ്രശ്‌നം സൃഷ്ടിച്ചത്. ഒടുവില്‍ ഈ ഗാനം നീക്കി സിനിമ പുറത്തിറക്കേണ്ടി വന്നു. വസൂല്‍ രാജ എന്ന ചിത്രത്തിനെതിരെ പ്രശ്‌നമുണ്ടാക്കിയത് ഒരു സംഘം ഡോക്ടര്‍മാരായിരുന്നു. ഡോക്ടര്‍മാരെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് തമിഴ്‌നാട് മെഡിക്കല്‍ കൗണ്‍സില്‍ ഒടുവില്‍ കോടതിയെ സമിപിച്ചു. വിശ്വരൂപം പുറത്തിറക്കാനും ചില്ലറ ത്യാഗങ്ങളല്ല കമലിന് സഹിക്കേണ്ടി വന്നത്. ഹിന്ദു സംഘടനകളും മുസ്‌ലിം സംഘടനകളും ഒരുമിച്ച് ചിത്രത്തിനെതിരെ രംഗത്തെത്തി. പ്രതിഷേധം താങ്ങാന്‍ പറ്റാതെ വന്നപ്പോള്‍ ഇവിടെ ജിവിക്കാന്‍ സാധ്യമല്ലെന്നും രാജ്യം വിടുകയാണെന്നും വരെ കമലിന് പ്രതികരിക്കേണ്ടി വന്നു.
2015 ല്‍ ഉത്തമവില്ലന്‍ പുറത്തിറങ്ങിയപ്പോഴും വിവാദം അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ടായി. ചിത്രത്തില്‍ മഹാവിഷ്ണുവിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന ആക്ഷേപമാണുണ്ടായത്. കമലിനെ നായകനാക്കി മലയാളിയായ രാജീവ്കുമാര്‍ സംവിധാനം ചെയ്യാനിരുന്ന സബാഷ് നായിഡു എന്ന ചിത്രം ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ല. രാജീവ്കുമാറിന് അസുഖമായതിനാല്‍ കമല്‍ഹാസന്‍ തന്നെയാണ് സംവിധാനം നിര്‍വഹിക്കുന്നത്. അടുത്തിടെ വീടിന്റെ കോവണിപ്പടിയില്‍ നിന്ന് വീണ് കാലിന് പരിക്കേറ്റു ഏറെ നാള്‍ കമല്‍ഹാസന്‍ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെറിയ തീപ്പിടിത്തമുണ്ടായി. വ്യക്തിപരമായ പ്രശനങ്ങള്‍ വേറെ പലതും.