സിനിമയെ വിഴുങ്ങുമോ വെബ്‌സീരീസുകള്‍ ?


അനുരഞ്ജ് മനോഹർ

7 min read
Read later
Print
Share

കരിക്ക്, പൊന്മുട്ട, സേക്രഡ് ഗെയിംസ്, മിര്‍സാപുര്‍... മലയാളികളുടെ സിനിമാകമ്പത്തിന്റെ ചെറിയൊരു ഭാഗം കവര്‍ന്നെടുക്കുകയാണ് വെബ്‌സിരീസുകള്‍. 2019 അവസാനിക്കുമ്പോള്‍ വെബ്‌സിരീസുകള്‍ ഇന്ത്യയിലുണ്ടാക്കിയ തരംഗം ചെറുതല്ല. ഒരുപക്ഷേ സിനിമാ മേഖലയെവരെ പിടിച്ചുലയ്ക്കാൻ വെബ്സിരീസുകൾക്ക് സാധിച്ചേക്കാം. 2019 ലെ മികച്ച വെബ്സിരീസുകളെ പരിചയപ്പെടാം

തീയേറ്ററുകളിലോടി തഴമ്പിച്ച സിനിമകള്‍ ടി.വിയില്‍ എത്തുന്നതിനായി കാത്തിരുന്നൊരു ജനതയുണ്ടായിരുന്നു കുറച്ചുകാലം മുന്‍പ് വരെ കേരളത്തില്‍. ആ കാലത്തില്‍ നിന്നും പുതിയ ലോകത്തിലേക്കുള്ള ടെക്‌നോളജിയുടെ മാറ്റം അമ്പരപ്പിക്കുന്നതായിരുന്നു. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം സിനിമകള്‍ സ്വീകരണമുറികളില്‍ എത്തിത്തുടങ്ങി. അതിനെ വിഴുങ്ങിക്കൊണ്ട് പ്രേക്ഷകരുടെ പ്രീതി മുഴുവന്‍ പിടിച്ചുപറ്റി ഹിന്ദി മൊഴിമാറ്റ സീരിയലുകള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. അതിനിടയിലാണ് മാറ്റത്തിന്റെ ചൂളം മുഴക്കി മലയാളികളുടെ ഇടയിലേക്ക് വെബ്‌സിരീസുകള്‍ എത്തിത്തുടങ്ങിയത്. മാസം ഒരു ജിബി ഡാറ്റ മാത്രം ഉപയോഗിച്ചിരുന്നവരുടെ കൈയിലേയ്ക്ക്‌ ദിവസം ഒന്നരയും രണ്ടും ജിബി മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റ വന്നതോടെ വെബ്‌സീരീസുകളുടെ സ്വീകാര്യത വര്‍ധിച്ചു. ടി.വി സീരിയലുകള്‍ക്ക് പകരം സിനിമയോട് കിടപിടിക്കുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയ വെബ്‌സിരീസുകള്‍ സാധാരണക്കാരിലേക്ക് എത്തി.

ഇന്റര്‍നെറ്റിന്റെ വളര്‍ച്ച തന്നെയാണ് വെബ്‌സിരീസിനെ ജനപ്രിയമാക്കിയത്. ഒരുതരത്തില്‍ വെബ്‌സിരീസും ചെറിയ ടെലിവിഷന്‍ സീരിയലുകളാണ്. എന്നാല്‍ അവ കാച്ചിക്കുറുക്കി പ്രേക്ഷകനെ ആകര്‍ഷിക്കുന്ന രീതിയില്‍ പത്തോ പതിനഞ്ചോ എപ്പിസോഡുകളാക്കി മാറ്റി ഇന്റര്‍നെറ്റ് വഴി ജനങ്ങളിലേക്കെത്തിക്കുന്നു. നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും ഹോട്ട്‌സ്റ്റാറും സീ ഫൈവ് ഒറിജിനല്‍സുമെല്ലാമാണ് ഇന്ത്യയില്‍ വെബ്‌സീരീസുകളെ ജനകീയമാക്കിയത്. 200 രൂപയില്‍ താഴെ മാത്രം വരുന്ന സബ്‌സ്‌ക്രിപ്ഷന്‍ നടത്തിയാല്‍ ഒരു മാസം അണ്‍ലിമിറ്റഡായി വെബ്‌സിരീസുകള്‍ കാണാം.

യൂട്യൂബ് വഴി സൗജന്യമായി കാണാവുന്ന വെബ്‌സീരീസുകളുമുണ്ട്. അതില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് കരിക്ക്. കരിക്കിന്റെ വെബ്‌സീരീസുകള്‍ 2019-ല്‍ വലിയ തരംഗമാണുണ്ടാക്കിയത്. കരിക്ക് ഫ്‌ലിക്ക് എന്ന പുതിയൊരു പ്ലാറ്റ്‌ഫോമും അവര്‍ പുതുതായി കൊണ്ടുവന്നു. കരിക്കിന്റെ വെബ്‌സിരീസില്‍ അഭിനേതാക്കള്‍ പറയുന്ന ഓരോ വാചകങ്ങള്‍ വരെ ഇന്ന് സമൂഹത്തില്‍ വൈറലാണ്. 'ഇതൊക്കെ നിസ്സാര'മായി തോന്നിയേക്കാമെങ്കിലും കരിക്ക് വലിയൊരു ഹോംവര്‍ക്ക് തന്നെ സീരീസുകള്‍ക്ക് പുറത്തിറക്കുന്നതിനുമുന്‍പ് നടത്തുന്നുണ്ട്. ബാബു നമ്പൂടിടിയും ലോലനുമെല്ലാം ഇത്രയധികം കൈയടി നേടിയതിനുള്ള കാരണവും ഇതുതന്നെ.

പൊന്മുട്ട എന്ന മലയാളം വെബ്‌സിരീസിനും ഇന്ന് ഏറെ ആരാധകരുണ്ട്. കരിക്കിന്റെയും പൊന്മുട്ടയുടെയും പാത പിന്തുടര്‍ന്ന് നിരവധി വെബ്‌സിരീസുകളാണ് യുട്യൂബില്‍ തലപൊക്കിത്തുടങ്ങുന്നത്.

ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു സ്മാര്‍ട്ട് ഡിവൈസുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വെബ്‌സിരീസ് കാണാം എന്ന പ്രത്യേകത പ്രേക്ഷകരെ കുറച്ചൊന്നുമല്ല ഈ പ്ലാറ്റ്‌ഫോമിലേക്ക് അടുപ്പിക്കുന്നത്. അതുപോലെ സ്മാര്‍ട് ടിവികളിലൂടെ വീടുകളിലും വെബ്‌സിരീസ് സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ഒരു സിനിമയ്‌ക്കെടുക്കുന്ന ടിക്കറ്റിന്റെ കാശുണ്ടെങ്കില്‍ ഒരു മാസം മുഴുവന്‍ 24 മണിക്കൂറും ഇഷ്ടമുള്ള വെബ്‌സിരീസുകള്‍ കാണാം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് പൂര്‍ണ അനുമതി ലഭിക്കുന്നതും സെന്‍സറിങ്ങിന് വിധേയമാകേണ്ട എന്നുള്ളതും വ്യത്യസ്തമായ വെബ്‌സീരീസുകള്‍ ഉയര്‍ന്നുവരുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. അത് സിനിമാമേഖലയെ ചെറുതായെങ്കിലും ബാധിച്ചിട്ടുണ്ട്. അത് ശരിവെച്ച് സിനിമകളെ വെല്ലുന്ന തരത്തില്‍ ഇന്ത്യന്‍ സിനിമാപ്രേമികളെ ഞെട്ടിച്ച വെബ്‌സീരീസുകള്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ഇങ്ങനെ തുടര്‍ന്നാല്‍ സിനിമാമേഖലയ്ക്ക് വലിയ എതിരാളിയായി വളരാൻ വരെ വെബ്‌സീരീസുകള്‍ക്ക് സാധിച്ചേക്കും.

ഇന്ത്യന്‍ വെബ് സീരീസുകളെ ജനങ്ങളുടെ ഇടയിലേക്ക് എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച സീരീസാണ് സേക്രഡ് ഗെയിംസ്. ഇന്ത്യന്‍ പ്ലാറ്റ്‌ഫോമിലും അതിശക്തമായ വെബ് സീരീസുകള്‍ നിര്‍മിക്കാം എന്ന് കാണിച്ചുതന്ന സേക്രഡ് ഗെയിംസ് ഇതിനോടകം കോടികള്‍ നേട്ടമായി കൊയ്തുകഴിഞ്ഞു. 2006-ല്‍ പുറത്തിറങ്ങിയ വിക്രം ചന്ദ്രയുടെ സേക്രഡ് ഗെയിംസ് എന്ന കൃതിയില്‍ നിന്നുമാണ് വെബ്‌സീരീസ് ഉടലെടുക്കുന്നത്. ഫാന്റം ഫിലിംസിന്റെ ബാനറില്‍ അനുരാഗ് കശ്യപ് നിര്‍മിച്ച സേക്രഡ് ഗെയിംസ് വിക്രമാദിത്യ മോട്‌വാനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സെയ്ഫ് അലി ഖാന്‍, നവാസുദ്ധീന്‍ സിദ്ധിഖി, രാധിക ആപ്‌തേ, ഗിരീഷ്‌ കുല്‍കര്‍ണി, നീരജ് കാബി, രീജശ്രീ ദേശ് പാണ്ഡേ തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന ചിത്രം നെറ്റ്ഫഌക്‌സിലൂടെ 2018-ല്‍ പുറത്തിറങ്ങി. ഇന്നും നെറ്റ്ഫ്‌ലിക്‌സില്‍ ഏറ്റവുമധികം കാണുന്ന വെബ് സീരീസാണിത്. സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിലാണ് പുറത്തിറങ്ങിയത്.

സര്‍ത്താജ് സിങ് എന്ന പൊലീസ് ഓഫീസറും ഗണേഷ് ഗൈത്തൊണ്ടേ എന്ന ഗ്യാങ്സ്റ്ററും തമ്മിലുള്ള പോരാട്ടമാണ് സേഗ്രഡ് ഗെയിംസ് പറയുന്നത്. പോലീസ് ഓഫീസറായി സെയ്ഫ് അലി ഖാനും ഗ്യാങ്സ്റ്ററായി നവാസുദ്ധീന്‍ സിദ്ധിഖിയും മത്സരിച്ചഭിനയിച്ചിരിക്കുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെ 191 രാജ്യങ്ങളില്‍ 20 പരിഭാഷകളോടെ സേക്രഡ് ഗെയിംസ് സീരീസുകള്‍ ഇന്നും കാഴ്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്നു.

സേക്രഡ് ഗെയിംസിന്റെ ചുവടുപിടിച്ച് പിന്നീട് പല വെബ്‌സിരീസുകളും ഇന്ത്യയില്‍ തരംഗമായിട്ടുണ്ട്. അതില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില വെബ്‌സീരീസുകളെ പരിചയപ്പെടാം. 2019 അവസാനിക്കുമ്പോഴും ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്ന സീരീസുകളാണിത്.

മിര്‍സാപുര്‍ (ആമസോണ്‍ പ്രൈം)

സേക്രഡ് ഗെയിംസിനോട് കിട പിടിക്കുന്ന ത്രില്ലര്‍ വെബ്‌സിരീസാണ് മിര്‍സാപുര്‍. ആമസോണ്‍ പ്രൈം വഴിയാണ് ഈ സീരിസ് പുറത്തിറങ്ങിയത്. കരണ്‍ അന്‍ഷുമാന്‍, ഗുര്‍മീത് സിങ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന മിര്‍സാപുര്‍ ഒരു പക്കാ ക്രൈം ത്രില്ലറാണ്. എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മാണം. മിര്‍സാപുറിന്റെ ആദ്യ സീസണില്‍ 9 എപ്പിസോഡുകളാണുള്ളത്. പങ്കജ് ത്രിപതി, അലി ഫസല്‍, വിക്രാന്ത് മാസ്സെയ്, ദിവ്യേന്ദു ശര്‍മ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ സീരിസിന്റെ ആദ്യ സീസണ്‍ വലിയ വിജയമായിരുന്നു. രണ്ടാം സീസണിന്റെ ട്രെയ്‌ലര്‍ ആമസോണ്‍ പ്രൈം വഴി പുറത്തിറങ്ങിയെങ്കിലും റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ 16 ന് പുറത്തിറങ്ങുമെന്നുള്ള സൂചനകള്‍ എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ് പോസ്റ്റര്‍ വഴി തന്നിട്ടുണ്ട്.

മെയ്ഡ് ഇന്‍ ഹെവന്‍ (ആമസോണ്‍ പ്രൈം)

2019-ന്റെ തുടക്കത്തില്‍ പുറത്തിറങ്ങി ഇപ്പോഴും ഏറെ കാഴ്ചക്കാരുള്ള വെബ് സിരീസാണ് മെയ്ഡ് ഇന്‍ ഹെവന്‍. സോയ അക്തറും റീമ കഗ്തിയും ചേര്‍ന്നാണ് ഈ സീരിസ് തുടങ്ങിയത്. നിത്യ മെഹ്‌റയും പ്രശാന്ത് നായറും ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്തത്. വളരെ സിമ്പിളായ മേക്കിങ്ങാണ് ഈ വെബ് സീരിസിനെ വ്യത്യസ്തമാക്കുന്നത്. ആമസോണ്‍ പ്രൈം വഴിയാണ് മെയ്ഡ് ഇന്‍ ഹെവന്‍ റിലീസ് ചെയ്തത്. അര്‍ജുന്‍ മധൂര്‍, ശോഭിത ദുല്ലിപാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. രണ്ട് വെഡ്ഡിങ് പ്ലാനേഴ്‌സും അവരുടെ ഏജന്‍സിയായ മെയ്ഡ് ഇന്‍ ഹെവനുമാണ് വെബ്‌സീരിസിലെ പ്രധാന കഥാപാത്രങ്ങള്‍. 9 എപ്പിസോഡുകളാണ് ഇതിലുള്ളത്. ഇപ്പോഴും ആമസോണ്‍ പ്രൈം വീഡിയോസില്‍ ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട് മെയ്ഡ് ഇന്‍ ഹെവന്‍

ഓട്ടോ ശങ്കര്‍ (സീ 5 ഒറിജിനല്‍)

മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാനുള്ള അവസരമാണ് ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസ് ഒരുക്കുന്നത്. ഒരു കാലത്ത് തമിഴകത്തെ വിറപ്പിച്ച ഓട്ടോ ശങ്കര്‍ എന്ന സീരിയല്‍ കില്ലറുടെ കഥയാണ് വെബ് സീരീസ് പറയുന്നത്. പ്രധാന കഥാപാത്രമായ ഓട്ടോ ശങ്കറെ അവതരിപ്പിക്കുന്നത് മലയാളിനടനായ അപ്പാനി ശരത്താണ്. ശരത്തിന്റെ മാസ്മരിക പെര്‍ഫോര്‍മന്‍സില്‍ ഓട്ടോ ശങ്കര്‍ ഓണ്‍ലൈനില്‍ കുതിപ്പ് തുടരുന്നു. സീ 5 ഒറിജിനല്‍ വഴിയാണ് ഓട്ടോ ശങ്കര്‍ പുറത്തിറങ്ങിയത്. സീ 5 ന് പൊതുവേ റേറ്റിങ് കുറവാണെങ്കിലുംം ഓട്ടോ ശങ്കര്‍ വഴി അവര്‍ക്ക് ഏറെ സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിച്ചു. അര മണിക്കൂറോളം ദൈര്‍ഘ്യമുള്ള 10 എപ്പിസോഡുകള്‍ സിരീസിലുണ്ട്. തമിഴിലാണ് ചിത്രമെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് പരിഭാഷയുമുണ്ട്. രംഗയാണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ മികവ് എടുത്തുപറയേണ്ട ഒന്നാണ്. സ്വയം സിദ്ധ, പ്രവീണ്‍, രാജേഷ് ദേവ്, അര്‍ജുന്‍ ചിദംബരം തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ക്രിമിനല്‍ ജസ്റ്റിസ് (ഹോട്ട്‌സ്റ്റാര്‍ സ്‌പെഷ്യല്‍സ്)

ഹോട്ട്‌സ്റ്റാര്‍ സ്‌പെഷ്യല്‍സ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ഇന്ന് ഏറ്റവുമധികം ആസ്വാദകര്‍ കാണുന്ന വെബ് സീരീസാണ് ക്രിമിനല്‍ ജസ്റ്റിസ്. ഇംഗ്ലീഷ് എഴുത്തുകാരനായ പീറ്റര്‍ മൊഫാറ്റിന്റെ ക്രിമിനല്‍ ജസ്റ്റിസ് എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് വെബ്‌സിരീസ് ഒരുക്കിയിരിക്കുന്നത്. തിഗ്മന്‍ശു ധുല്ലിയ സംവിധാനം ചെയ്യുന്ന സീരിസില്‍ പങ്കജ് ത്രിപതി, വിക്രാന്ത് മാസ്സേയ്, ജാക്കി ഷ്‌റോഫ്, അനുപ്രിയ ഗോയങ്ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏഴു ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ആദ്യ സീസണില്‍ 10 എപ്പിസോഡുകളാണുള്ളത്. ഒരു കാബ് ഡ്രൈവര്‍ അവിചാരിതമായി ഒരു കൊലപാതക്കേസിന്റെ കുരുക്കിലകപ്പെടുകയും അതില്‍ നിന്നും അയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമാണ് വെബ് സീരീസ് പറയുന്നത്.

ബാര്‍ഡ് ഓഫ് ബ്ലഡ് (നെറ്റ്ഫ്‌ലിക്‌സ്)

2019-ല്‍ പുറത്തിറങ്ങിയ വെബ് സീരിസുകളില്‍ ഏറ്റവും കൂടുതല്‍ കൈയടികളും അതുപോലെ വിമര്‍ശനങ്ങളും ഏറ്റവുവാങ്ങിയ ചിത്രമാണ് ബാര്‍ഡ് ഓഫ് ബ്ലഡ്. റിഭു ദാസ് ഗുപ്ത സംവിധാനം ചെയ്ത ഈ വെബ്‌സിരീസ് നെറ്റ്ഫ്‌ളിക്‌സ് വഴി 2019 സെപ്റ്റംബര്‍ 27 നാണ് പുറത്തിറങ്ങിയത്. ഇമ്രാന്‍ ഹാഷ്മി പ്രധാന വേഷത്തിലഭിനയിക്കുന്ന സീരീസ്‌ ഒരു ഫിക്ഷണല്‍ സ്‌പൈ ത്രില്ലറാണ്. വിനീത് കുമാര്‍ സിങ്, ശോഭിത ധുല്ലിപാല, ഡാനിഷ് ഹുസ്സൈന്‍, അജയ് മഹേന്ദ്രു എന്നിവര്‍ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഷാരൂഖ് ഖാനാണ് ഈ വെബ് സീരിസ് നിര്‍മിക്കുന്നത്. ഏഴ് എപ്പിസോഡുകളാണ് ആദ്യ സീരീസിലുളളത്. റോയില്‍ നിന്നും വിരമിച്ച ഒരു ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. ബിലാല്‍ സിദ്ധിഖിയുടെ ദ ബാര്‍ഡ് ഓഫ് ബ്ലഡ് എന്ന കൃതിയെ ആധാരമാക്കിയാണ് വെബ്‌സീരീസ്‌ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നിലുണ്ട് ബാര്‍ഡ് ഓഫ് ബ്ലഡ്.

കോട്ട ഫാക്റ്ററി (ടി.വി.എഫ്)

പൂര്‍ണമായും ഹിന്ദി ഭാഷയില്‍ നിര്‍മിച്ച വെബ്‌സീരീസാണ് കോട്ട ഫാക്റ്ററി. രാഘവ് സുബ്ബു സംവിധാനം ചെയ്ത സീരീസ് ടി.വി.എഫ് പ്ലാറ്റ്‌ഫോം വഴിയും ദ വൈറല്‍ ഫീവര്‍ എന്ന യൂട്യൂബ് ചാനല്‍ വഴിയുമാണ് പുറത്തിറങ്ങിയത്. ഇന്ത്യയില്‍ വെബ്‌സീരീസുകള്‍ക്ക് തുടക്കം കുറിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച പ്ലാറ്റ്‌ഫോമാണ് ദ വൈറല്‍ ഫീവര്‍. 2019-ല്‍ പുറത്തിറങ്ങിയ കോട്ട ഫാക്ടറി ഇന്ത്യയിലെ ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് വെബ് സീരീസാണ്. കോട്ടയില്‍ നിന്നും എന്‍ട്രന്‍സ് കോച്ചിങ്ങിനായി ഇതര്‍സിയിലെത്തുന്ന 17 കാരനായ എന്‍ജിനിയറിങ് സ്റ്റുഡന്റ് വൈഭവിന്റെ കഥയാണ് കോട്ട ഫാക്ടറി പറയുന്നത്. മയൂര്‍ മോറെ, രഞ്ജന്‍ രാജ്, ആലം ഖാന്‍, ജിതേന്ദ്ര കുമാര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോമഡി ഡ്രാമയാണ് കോട്ട ഫാക്ടറി. ആദ്യ സീരീസില്‍ അഞ്ച് എപ്പിസോഡുകളാണുള്ളത്.

ഡല്‍ഹി ക്രൈം (നെറ്റ്ഫ്‌ളിക്‌സ്)

2012 ലെ ഡല്‍ഹി കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതിവൃത്തമാക്കിയുള്ള വെബ്‌സീരിസാണ് ഡല്‍ഹി ക്രൈം. കൂട്ടബലാത്സംഗത്തിന് കാരണക്കാരായ പ്രതികളെ കണ്ടുപിടിക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഡി.സി.പി വര്‍ത്തിക ചതുര്‍വേദിയുടെ കഥയാണ് വെബ് സീരീസ് പറയുന്നത്. റിച്ചി മെഹ്ത സംവിധാനം ചെയ്ത ഈ വെബ് സീരീസ് നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് പുറത്തിറങ്ങിയത്. ആദ്യ സീസണില്‍ 7 എപ്പിസോഡുകളാണുള്ളത്. ഷെഫാലി ഷാ, രസുക ദുംഗല്‍, ആദില്‍ ഹുസൈന്‍, ഡെന്‍സില്‍ സ്മിത്ത് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് സീരീസ് ചിത്രീകരിച്ചിരിക്കുന്നത്. ഈ വെബ്‌സീരീസിന്റെ ആദ്യ രണ്ട് എപ്പിസോഡുകള്‍ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ദ ഫാമിലി മാന്‍ (ആമസോണ്‍ പ്രൈം)

മലയാള നടന്‍ നീരജ് മാധവ് വില്ലനായി വേഷമിടുന്ന ഇന്ത്യന്‍ വെബ്‌സീരീസാണ് ദ ഫാമിലി മാന്‍. രാജ് നിദിമൊരു, കൃഷ്ണ ഡി.കെ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സീരീസ് ആമസോണ്‍ പ്രൈം വഴിയാണ് പുറത്തിറങ്ങിയത്. മനോജ് ബാജ്‌പേയാണ് നായകനായി വേഷമിടുന്നത്. മറ്റൊരു മലയാളിതാരമായ പ്രിയാമണിയും സുപ്രധാന വേഷത്തില്‍ സീരീസിലുണ്ട്. ശ്രീകാന്ത് തിവാരി എന്ന കഥാപാത്രത്തെയാണ് മനോജ് ബാജ്‌പേയ് അവതരിപ്പിക്കുന്നത്. മിഡില്‍ക്ലാസ് ഗൃഹനാഥനായ ശ്രീകാന്ത് അതേസമയം എന്‍.ഐ.എയുടെ സ്‌പെഷ്യല്‍ സെല്ലിനുവേണ്ടിയും ജോലി ചെയ്യുന്നു. ജോലിസംബന്ധമായി രാജ്യത്തെയും തന്റെ കുടുംബത്തെയും സംരക്ഷിക്കേണ്ടിവരുന്ന ശ്രീകാന്തിന്റെ കഥയാണ് ഫാമിലിമാന്‍ പറയുന്നത്. മൂസ റഹ്മാന്‍ എന്ന കഥാപാത്രത്തെയാണ് നീരജ് മാധവ് അവതരിപ്പിക്കുന്നത്. സുചിത തിവാരിയായി പ്രിയാമണിയും വേഷമിടുന്നു. ഷരീബ് ഹഷ്മി, കിഷോര്‍, വേദാന്ത് സിന്‍ഹ, പവന്‍ ചോപ്ര, ശ്രേയ ധന്വന്തരി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദ്യത്തെ സീസണില്‍ 10 എപ്പിസോഡുകളാണുള്ളത്. എല്ലാ എപ്പിസോഡുകളും ഒരു ദിവസം തന്നെയാണ് റിലീസ് ചെയ്തത്.

സെലക്ഷന്‍ ഡേ (നെറ്റ്ഫ്‌ളിക്‌സ്)

അരവിന്ദ് അഡികയുടെ സെലക്ഷന്‍ ഡേ എന്ന പുസ്തകത്തെ ആധാരമാക്കി ഉദയന്‍ പ്രസാദ്, കരണ്‍ ബൂലാനി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത വെബ്‌സീരീസാണ് സെലക്ഷന്‍ ഡേ. ക്രിക്കറ്റ് പ്രധാന വിഷയമാക്കിയുള്ള സീരിസില്‍ മൊഹമ്മദ് സമദ്, യാഷ് ധോലിയേ, കരണ്‍വീര്‍ മല്‍ഹോത്ര, മഹേഷ് മഞ്ജരേക്കര്‍, ശിവ് പണ്ഡിറ്റ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ ഇപ്പോഴും ഏറെ ആരാധകരുള്ള വെബ് സിരീസാണിത്. ക്രിക്കറ്റ് താരങ്ങളാകാന്‍ കൊതിക്കുന്ന രണ്ട് സഹോദരന്മാരുടെ കഥയാണിത്. ആദ്യ സീസണില്‍ 12 എപ്പിസോഡുകളാണുള്ളത്. അനില്‍ കപൂറാണ് സിരീസ് നിര്‍മിച്ചിരിക്കുന്നത്. സീരിന്റെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറങ്ങും. ഹിന്ദിയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഹോസ്‌റ്റേജസ് (ഹോട്ട്‌സ്റ്റാര്‍ സ്‌പെഷ്യല്‍സ്)

ഹോട്ട്‌സ്റ്റാര്‍ പ്ലാറ്റ് ഫോമിലൂടെ ഇന്നേറ്റവുമധികം ആളുകള്‍ കാണുന്ന വെബ് സീരീസാണ് ഹോസ്‌റ്റേജസ്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിരീസില്‍ റോണിത് റോയ്‌യും ടിസ്‌ക ചോപ്രയുമാണ് പ്രധാന വേഷത്തിലഭിനയിക്കുന്നത്. ഇതേ പേരിലുള്ള ഇസ്രേലി വെബ്‌സീരീസിന്റെ പുനരാവിഷ്‌കാരമാണ് ഹോസ്‌റ്റേജസ്. ടിസ്‌ക ചോപ്ര അവതരിപ്പിക്കുന്ന ഡോ മീര ആനന്ദ് എന്ന കഥാപാത്രം മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ ഡോക്ടറാണ്. മുഖ്യമന്ത്രിയെ കൊല്ലാനായി തീവ്രവാദികള്‍ മീരയെ നിര്‍ബന്ധിക്കുകയും അവളുടെ കുടുംബത്തെ അവര്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. മുഖ്യമന്ത്രിയെ കൊല്ലാനാണ് തീവ്രവാദികള്‍ മീരയെ നിര്‍ബന്ധിക്കുന്നത്. തുടര്‍ന്ന് മീരയ്ക്കുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളാണ് വെബ് സിരീസ് പറയുന്നത്. പര്‍വീണ്‍ ദബാസ്, ആഷിം ഗുലാട്ടി, മോഹന്‍ കപൂര്‍, ശരത് ജോഷി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആകെ 10 എപ്പിസോഡുകളാണ് സീരീസിലുള്ളത്.

കാഫിര്‍ (സീ ഫൈവ് ഒറിജിനല്‍)

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി സോനം നായര്‍ ഒരുക്കിയ വെബ് സീരീസാണ് കാഫിര്‍. പാക്കിസ്താനി യുവതിയായ കൈനാസ് അക്തര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തുന്നു. അവിടെവെച്ച് പട്ടാളം പിടികൂടുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നു. ഗര്‍ഭിണിയായിരുന്ന കൈനാസ് ജയിലില്‍ വെച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിരീസ് ചര്‍ച്ച ചെയ്യുന്നത്. അമ്മയ്ക്കും മകള്‍ക്കും നീതിലഭിക്കുന്നതിനായി പോരാടുന്ന ഒരു ജേണലിസ്റ്റും ഈ കഥയില്‍ നിര്‍ണായക കഥാപാത്രമാകുന്നുണ്ട്. സി ഫൈവ് ഒറിജിനല്‍ വഴിയാണ് സിരീസ് പുറത്തിറക്കിയിരിക്കുന്നത്. ദിയ മിര്‍സ, മോഹിത് റെയ്‌ന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആകെ എട്ട് എപ്പിസോഡുകളാണ് സിരീസിലുള്ളത്.

Content Highlights : Best web series of 2019, Indian web series

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram